ടെക്കികൾക്ക് ട്രേഡ്‌ യൂണിയൻ വഴങ്ങുമോ?

By: വിവേക് ആർ. ചന്ദ്രൻ
തൊഴിലാളിവിരുദ്ധ പ്രവണതകൾ ഐ.ടി. മേഖലയിലെ തൊഴിൽ അന്തരീക്ഷത്തെ ബാധിച്ചുകഴിഞ്ഞു. ഇതോടെ ബെംഗളൂരുവിലടക്കം പലസ്ഥലങ്ങളിലും ടെക്കികൾ ട്രേഡ് യൂണിയനുകളും രൂപവത്‌കരിച്ചു. ടെക്‌നോപാർക്ക് കേന്ദ്രീകരിച്ചും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ ഇതിനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
പക്ഷേ, ഐ.ടി. മേഖലയിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനം എങ്ങനെ നടത്തും എന്നതുസംബന്ധിച്ച് ഇതുവരെ വ്യക്തത ആർക്കുമില്ല. പരമ്പരാഗത ട്രേഡ് യൂണിയൻ ശൈലി ഐ.ടി.മേഖലയിൽ നടപ്പാവില്ല. മാത്രമല്ല പുറത്തുള്ള രാഷ്ട്രീയപ്രവർത്തകർക്കും നേതാക്കൾക്കുമൊന്നും സ്ഥിരംശൈലയിൽ ഇവിടെ ഇടപെടാനുമാവില്ല. സ്വതന്ത്രമായ യൂണിയൻ പ്രവർത്തനമാണ്‌ ഇവിടെ ആവശ്യം.
അമേരിക്കയും, ജർമനിയും അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും ഐ.ടി.മേഖലയിൽ നന്നായി പ്രവർത്തിക്കുന്ന യൂണിയനുകളുണ്ട്. ജിവനക്കാർക്ക് ഇവിടെ യൂണിയൻ നേതാക്കളെ തിരഞ്ഞെടുക്കാം. രണ്ടോ മൂന്നോ വർഷമാവും കാലാവധി. പക്ഷേ, ജീവനക്കാർക്കുമാത്രമേ മത്സരിക്കാനാവു. ചില സ്ഥലങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നതിൽ ഒന്നോ രണ്ടോ പേർക്ക് ഡയറക്ടർ ബോർഡിൽ ക്ഷണിതാവായും പങ്കെടുക്കാം.
ശമ്പള വർധനവ് നിഷേധിക്കുമ്പോഴും ജീവനക്കാരെ പിരിച്ചുവിടുമ്പോഴുമെല്ലാം ഇതിന്റെ കാരണങ്ങൾ ജീവനക്കാരുടെ പ്രതിനിധികളെ കമ്പനി ബോധ്യപ്പെടുത്താറുണ്ട്. മാത്രമല്ല പുറത്താക്കുന്നവർക്ക് വേണ്ടത്ര നഷ്ടപരിഹാരം വാങ്ങിനൽകാനും ശ്രദ്ധിക്കുന്നുണ്ട്. അമേരിക്കപോലെ ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നിടങ്ങളിൽ ഏത് മേഖലയിലും തൊഴിലാളികൾക്ക് ശരിയായ നഷ്ടപരിഹാരവും ലഭിക്കുന്നുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ, വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ, രാത്രിയും പകലും വ്യത്യാസമില്ലാത്ത പ്രവർത്തനസമയം, തുടങ്ങി മറ്റ് വ്യവസായങ്ങളിൽനിന്നു തികച്ചും വ്യത്യസ്ഥമാണ് ഐ.ടി. മേഖല. കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നത് ഇവിടത്തെ കുറഞ്ഞ ചെലവുകൂടി കണക്കാക്കിയാണ്. എന്നാൽ, തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നു എന്ന പേരിൽ കുത്തകകൾ നിയമങ്ങൾക്കതീതരാവരുത്.
വേണ്ടത്ര നഷ്ടപരിഹാരംപോലും നൽകാതെ നൂറുകണക്കിനുപേരെ പിരിച്ചുവിടുന്നത് അനീതി തന്നെയാണ്. അമിതസമയം പണിയെടുപ്പിക്കുക, അവധി ചോദിച്ചാൽ പിരിച്ചുവിടുക തുടങ്ങിയവയെല്ലാം ടെക്‌നോപാർക്കിലും നടക്കുന്നുണ്ടെന്നാണ്‌ ആരോപണം.
സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ ടെക്‌നോപാർക്കിൽ ട്രേഡ് യൂണിയനുണ്ടാക്കുന്നുണ്ടെന്ന ചർച്ചകൾ വന്നപ്പോൾ തന്നെ ചില കമ്പനിമേധാവികൾ ഇതിനെ പൊളിക്കാൻ കച്ചകെട്ടി രംഗത്തെത്തി. രഹസ്യയോഗംചേർന്ന് മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനും തീരുമാനിച്ചു. യൂണിനുണ്ടാക്കാൻ മുൻകൈയെടുക്കുന്നവരെ കണ്ടെത്താൻ രഹസ്യചാരന്മാരെ നിയോഗിച്ചു. ഇത്തരക്കാരെ പുറത്താക്കാൻ രഹസ്യതീരുമാനവുമെടുത്തു.
എല്ലാ കമ്പനികളും ഇങ്ങനെയാണെന്നല്ല. പക്ഷേ, ഇത്തരക്കാരും ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ ആരോഗ്യകരമായ യൂണിയൻ പ്രവർത്തനം ഇന്ത്യൻ ഐ.ടി. മേഖലയിലും ആവശ്യമാണെന്ന് തന്നെയാണ് സമീപകാലസംഭവങ്ങൾ തെളിയിക്കുന്നത്. ഐ.ടി. മേഖലയ്ക്കനുയോജ്യമായരീതിയിൽ തൊഴിലാളികളും, കമ്പനി അധികാരികളും, ടെക്‌നോപാർക്ക് അധികൃതരും, സർക്കാരും എല്ലാം ചേർന്ന് ആർക്കും ബുദ്ധിമുട്ടുണ്ടാവാത്തതരത്തിൽ ഇതുസംബന്ധിച്ച് തീരുമാനങ്ങൾ എടുക്കണം.
ഐ.ടി. മേഖല വളരുകയും കൂടുതൽപേർക്ക് തൊഴിൽ ലഭിക്കുകയും വേണം. അതിനൊപ്പം തൊഴിൽ ചൂഷണങ്ങളും അവസാനിപ്പിക്കണം. വിദേശരാജ്യങ്ങളിൽ നിയമങ്ങൾ പാലിച്ച് തൊഴിലാളി യൂണിയനുകളെ അംഗീകരിക്കുന്ന കമ്പനികൾക്ക് ഇന്ത്യയിലും അതുചെയ്യാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.


VIEW ON mathrubhumi.com