ജോയിന്റ് സിഎസ്‌ഐആർ-യുജിസി നെറ്റ്, ഇപ്പോൾ അപേക്ഷിക്കാം.

ശാസ്ത്രവിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹത, പിഎച്ച്ഡി പ്രവേശന അർഹത എന്നിവ നിർണയിക്കുന്നതിനായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി) എന്നിവ സംയുക്തമായി, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വഴി നടത്തുന്ന ജോയിന്റ് സിഎസ്‌ഐആർ-യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂൺ 2025 സെഷന് ഇപ്പോൾ അപേക്ഷിക്കാം.
പരീക്ഷാ വിഷയങ്ങൾ
അഞ്ച് വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
(i) കെമിക്കൽ സയൻസസ്
(ii) എർത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്
(iii) ലൈഫ് സയൻസസ്
(iv) മാത്തമാറ്റിക്കൽ സയൻസസ്
(v) ഫിസിക്കൽ സയൻസസ്
അവസരങ്ങൾ
- സർവകലാശാലാ വകുപ്പുകൾ, ദേശീയ ലബോറട്ടറികൾ, മറ്റ് അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയിലെ സയൻസ്, ഇന്റർ ഡിസിപ്ലിനറി മേഖലകൾ എന്നിവയിലെ വിവിധ വിഷയങ്ങളിലെ ഫെലോഷിപ്പോടെയുള്ള ഗവേഷണ അവസരം
- സർവകലാശാലകൾ, ഐഐടികൾ, പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജുകൾ, സിഎസ്‌ഐആർ ഉൾപ്പടെയുള്ള സർക്കാർ ഗവേഷണ സംവിധാനങ്ങൾ, അംഗീകൃത പബ്ലിക്/പ്രൈവറ്റ് സെക്ടർ ഇൻഡസ്ട്രിയൽ അണ്ടർടേക്കിങ്ങുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഗവേഷണ സംവിധാനങ്ങൾ എന്നിവയിലൊക്കെ ഫെലോഷിപ്പിന് സാധുതയുണ്ട്.
- സർവകലാശാലകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും ഈ യോഗ്യത പൊതുവേ ബാധകമാണ്.
ഫെലോഷിപ്പ്
ഈ പരീക്ഷ വഴി ജെആർഎഫ് യോഗ്യത നേടുന്ന ഗവേഷണത്തിന് പ്രവേശനം നേടുന്നവർക്ക് ഗവേഷണത്തിന്റെ ആദ്യ രണ്ടുവർഷം പ്രതിമാസ സ്‌റ്റൈപ്പൻഡ് ആയി 37,000 രൂപ അനുവദിക്കും. കണ്ടിൻജൻസി ഗ്രാന്റ് ആയി പ്രതിവർഷം 20,000 രൂപയും. രണ്ടുവർഷ ജെആർഎഫ് കഴിയുമ്പോൾ, ഫെലോ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്താൽ സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്ആർഎഫ്) - നെറ്റ് ആയി മാറ്റും. അസസ്‌മെന്റിനു വിധേയമായി, സ്റ്റെപ്പൻഡ് തുക പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കും.
വിദഗ്ധസമിതി എസ്ആർഎഫിന് ശുപാർശ ചെയ്യാതിരിക്കുകയോ ഫെലോ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്യാതിരിക്കുകയോ ചെയ്താൽ മൂന്നാംവർഷവും 37,000 രൂപ പ്രതിമാസ നിരക്കിൽ സ്റ്റൈപ്പൻഡ് അനുവദിക്കും. വിദഗ്ധസമിതി ഫെലോഷിപ്പ് നിർത്തലാക്കാൻ ശുപാർശ ചെയ്യുന്നപക്ഷം നിർത്തലാക്കും.
പരീക്ഷാഘടന, തീയതി
കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ജൂലായ് 26, 27, 28 തീയതികളിലായി നടത്തും. പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. അതിൽ മൂന്നുഭാഗങ്ങളിലായി (എ, ബി, സി), ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും.
ഭാഗം ‘എ’ എല്ലാ വിഷയക്കാർക്കും പൊതുവായ ഭാഗമാണ്. ലോജിക്കൽ റീസണിങ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസൺ, സീരീസ് ഫോർമേഷൻ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ജനറൽ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങൾ ഈ ഭാഗത്ത് പ്രതീക്ഷിക്കാം. ഭാഗം 'ബി' - യിൽ വിഷയാധിഷ്ഠിത ചോദ്യങ്ങളാകും ഉണ്ടാവുക.
സയന്റിഫിക് തത്ത്വങ്ങൾ, അവയുടെ പ്രായോഗികതലങ്ങൾ എന്നിവയുടെ അറിവ് വിലയിരുത്തുന്ന ഹയർ ഓർഡർ ചോദ്യങ്ങൾ, ഭാഗം ‘സി’ യിൽ പ്രതീക്ഷിക്കാം.
ഭാഗങ്ങൾ തമ്മിൽ ഇടവേളകൾ ഉണ്ടാകില്ല. വിഷയമനുസരിച്ച്, ചോദ്യങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. ചോയ്‌സും ഉണ്ടാകും. പരമാവധി മാർക്ക് 200. ഓരോ വിഷയത്തിനും ശരിയുത്തരത്തിനു ലഭിക്കുന്ന മാർക്ക്, ഉത്തരം തെറ്റിയാലുള്ള നെഗറ്റീവ് മാർക്ക് ഉൾപ്പടെയുള്ള വിശദമായ പരീക്ഷാഘടന csirnet.nta.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും. സിലബസ് www.csirhrdg.res.in ൽ ലഭിക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ
ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ.
അപേക്ഷിക്കുമ്പോൾ, നാല് പരീക്ഷാകേന്ദ്രങ്ങൾ (സ്ഥിരം മേൽവിലാസം/നിലവിലെ മേൽവിലാസം അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ കേന്ദ്രങ്ങളിൽനിന്ന്) തിരഞ്ഞെടുത്തു നൽകണം.
യോഗ്യത
കുറഞ്ഞത് 55 ശതമാനം മാർക്കോടെ, അംഗീകൃത സ്ഥാപനത്തിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
ഒബിസി- എൻസിഎൽ/പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ അപേക്ഷകർക്ക് യോഗ്യതാ പ്രോഗ്രാമിൽ 50 ശതമാനം മാർക്കുമതി. മാർക്ക് കണക്കാക്കുമ്പോൾ അത് ക്രമപ്പെടുത്താൻ പറ്റില്ല.
മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് പഠിക്കുന്നവർ, പരീക്ഷാഫലം കാത്തിരിക്കുന്നവർ, യോഗ്യതാപരീക്ഷ വൈകിയവർ തുടങ്ങിയവർക്കും പരീക്ഷയ്ക്ക് താത്‌കാലികമായി അപേക്ഷിക്കാം. പക്ഷേ, അവർ യോഗ്യത നേടുന്ന പക്ഷം നെറ്റ് ഫലം പ്രഖ്യാപിച്ച് രണ്ടുവർഷത്തിനകം മാസ്റ്റേഴ്‌സ് ബിരുദം നേടണം. പിഎച്ച്ഡി പ്രവേശന അർഹതമാത്രം ലഭിക്കുന്നവർ നെറ്റ് ഫലം പ്രഖ്യാപിച്ച് ഒരുവർഷത്തിനകം മാസ്റ്റേഴ്‌സ് ബിരുദം നേടണം.
നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്്‌ലർ ബിരുദം നേടിയവർ, പ്രസ്തുത പ്രോഗ്രാമിൽ അവസാനവർഷത്തിൽ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. അവർക്ക് യോഗ്യതാ ബിരുദ കോഴ്‌സിൽ മൊത്തത്തിൽ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഒബിസി- എൻസിഎൽ/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി/യുജിസി തീരുമാനപ്രകാരമുള്ള മറ്റു വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്കുമതി.
ഇപ്പോൾ നാലുവർഷ കോഴ്‌സ് പഠിക്കുന്നവർ ജെആർഎഫിന്/പിഎച്ച്ഡി പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, ജെആർഎഫ് എങ്കിൽ നെറ്റ് ഫലംവന്ന് രണ്ടുവർഷത്തിനകവും പിഎച്ച്ഡി പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യുജിസി റെഗുലേഷൻസ് പ്രകാരമുള്ള അർഹത/യോഗ്യത നേടേണ്ടതുണ്ട്.
അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നാലുവർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹതയുണ്ടാകില്ല. നാലുവർഷ ബിരുദക്കാർക്ക് പ്രസ്തുത ബിരുദം ലഭിച്ച വിഷയം പരിഗണിക്കാതെ, ഗവേഷണം നടത്താൻ താത്‌പര്യമുള്ള ഏതൊരു വിഷയത്തിലും നെറ്റ് അഭിമുഖീകരിക്കാം.
പ്രായപരിധി
ജെആർഎഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.7.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണവിഭാഗക്കാർക്കും വനിതകൾക്കും ഗവേഷണപരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനുംവേണ്ടി ജോയിന്റ് സിഎസ്‌ഐആർ - യുജിസി നെറ്റിന് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷ
അപേക്ഷ csirnet.nta.ac.in വഴി ജൂൺ 23-ന് രാത്രി 11.59 വരെ നൽകാം. അപേക്ഷാഫീസ് 1150 രൂപ (ഒബിസി/ഇഡബ്ല്യുഎസ് - 600 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ - 325 രൂപ). ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി ഫീസടയ്ക്കാം. അപേക്ഷാഫീസ് 24-ന് രാത്രി 11.59-നകം അടയ്ക്കണം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 25, 26 തീയതികളിൽ (രാത്രി 11.59 വരെ) അവസരം ഉണ്ടാകും.
പരീക്ഷാ സിറ്റി ഇന്റിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് ഡൗൺലോഡിങ്, റെക്കോർഡഡ് റെസ്‌പോൺസസ്/ആൻസർ കീ ഡിസ്‌പ്ലേ, ഫലപ്രഖ്യാപനം തുടങ്ങിയവ സംബന്ധിച്ച അറിയിപ്പുകൾ യഥാസമയം വെബ്‌സൈറ്റിൽ ലഭ്യമാക്കും.
ജൂൺപരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്ന് കാറ്റഗറികൾ
പരീക്ഷയിൽ, അപേക്ഷകരെ മൂന്നു കാറ്റഗറികളിലായി പരിഗണിക്കും.
(i) ജെആർഎഫ് അവാർഡിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും (കാറ്റഗറി 1)
(ii) അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും (കാറ്റഗറി 2)
(iii) പിഎച്ച്ഡി പ്രവേശനത്തിനുമാത്രം (കാറ്റഗറി 3)
• ഇതിൽ കാറ്റഗറി 1-ൽ അർഹത നേടുന്നവർക്ക് (ജെആർഎഫ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം), ഫെലോഷിപ്പോടെയുള്ള പിഎച്ച്ഡി പ്രവേശനത്തിന് അർഹത ഉണ്ടാകും. യുജിസി വ്യവസ്ഥകൾ/റെഗുലേഷൻസ് പ്രകാരമുള്ള ഒരു ഇന്റർവ്യൂ ഇവർ അഭിമുഖീകരിക്കേണ്ടി വരും.
• കാറ്റഗറി 2-ൽ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹത ഉണ്ടാകില്ല. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും അർഹതയുണ്ട്.
• കാറ്റഗറി 3-ൽ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹതയോ അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹതയോ ഉണ്ടാകില്ല. പിഎച്ച്ഡി പ്രവേശനത്തിനുമാത്രം അർഹത ലഭിക്കും.
• കാറ്റഗറി 2, 3 എന്നിവ പ്രകാരമുള്ള യുജിസി നെറ്റ് യോഗ്യത, പിഎച്ച്ഡി പ്രവേശനത്തിനായി സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്കു പകരമുള്ള ഒരു പ്രവേശന പരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളിൽ യോഗ്യത നേടുന്നവരുടെ കാര്യത്തിൽ, പിഎച്ച്ഡി പ്രവേശന പ്രക്രിയയിൽ, റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നെറ്റിൽ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്‌സിറ്റി/ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഇന്റർവ്യൂ/വൈവയ്ക്ക് 30-ഉം ശതമാനം വെയ്‌റ്റേജ് നൽകി, ഇവയുടെ സംയുക്ത മെരിറ്റ് കണക്കാക്കി റാങ്കിങ് നടത്തി പ്രവേശനത്തിനായി പരിഗണിക്കും.
• ഈ രണ്ടുവിഭാഗക്കാരുടെയും കാര്യത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റിൽ ലഭിക്കുന്ന മാർക്കിന്, നെറ്റ് ഫലപ്രഖ്യാപന തീയതിമുതൽ ഒരു വർഷത്തേക്ക് സാധുതയുണ്ടാകും.
• നെറ്റ് ഫലപ്രഖ്യാപനത്തിൽ അപേക്ഷകർക്ക് പരീക്ഷയിൽ ലഭിച്ച പെർസന്റൈൽ സ്കോർ, മാർക്ക്/ നോർമലൈസ്ഡ് മാർക്ക് (ഒന്നിൽ കൂടുതൽ സെഷനിൽ പരീക്ഷ നടത്തിയാൽ) എന്നിവ ലഭ്യമാക്കുന്നതാണ്.
• ജെആർഎഫ് - നെറ്റ്, അസിസ്റ്റന്റ് പ്രൊഫസർ, പിഎച്ച്ഡി പ്രവേശന യോഗ്യതമാത്രം എന്നീ വിഭാഗങ്ങളിൽ യോഗ്യത നേടിയതായി പരിഗണിക്കേണ്ടവരുടെ എണ്ണം, റിസൽട്ട് കമ്മിറ്റി തീരുമാനിക്കും.
• മറ്റു പിന്നാക്ക, പട്ടികജാതി, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള, നാഷണൽ ഫെലോഷിപ്പ്്/സ്‌കീം എന്നിവയിൽ താത്‌പര്യമുള്ളവരും സിഎസ്‌ഐആർ - യുജിസി നെറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ്, ബന്ധപ്പെട്ട നോഡൽ ഏജൻസി നടത്തും. വിശദാംശങ്ങൾ ബന്ധപ്പെട്ട വെബ്‌സൈറ്റിൽ ലഭ്യമാക്കും.
Content Highlights: CSIR-UGC NET June 2025: Apply Now