ഫെയ്‌സ്ബുക്ക് മുന്‍ സിഒഒയുടെ പുസ്തകത്തെപ്പറ്റിയുള്ള പോസ്റ്റുമായി ഡോ.അദീല അബ്ദുള്ള ഐഎഎസ്

#Career Desk
ഡോ. അദീല അബ്ദുള്ള ഐഎഎസ് | Photo: facebook.com/dradeelaabdulla
ഡോ. അദീല അബ്ദുള്ള ഐഎഎസ് | Photo: facebook.com/dradeelaabdulla

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കുറിപ്പുമായി ഡോ. അദീല അബ്ദുള്ള ഐഎഎസ്. ഫെയ്‌സ്ബുക്ക് മുന്‍ സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് എഴുതിയ ലീന്‍ ഇന്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് അദീല കുറിപ്പ് തുടങ്ങുന്നത്. സ്വന്തം കരിയറിലെ അനുഭവം കൂടി ഉള്‍പ്പെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ സ്വപ്‌നങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ഭാരമാണെന്ന്  അവർ പറയുന്നു. 

തൊഴിലിടത്തെ സ്ത്രീകളുടെ പ്രാതിനിധ്യം ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് ലീന്‍ ഇന്‍. ഉന്നത തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ അഭാവം എത്രയാണെന്നും അത് എന്തുകൊണ്ടാണെന്നും പുസ്തകം പറയുന്നുവെന്നും ആമുഖമായി അവര്‍ പറയുന്നുണ്ട്. പുസ്തകത്തില്‍ ഷെറില്‍ പറയുന്ന അനുഭവം വായിച്ചപ്പോള്‍ കേരളത്തിലേയും അമേരിക്കയിലേയും തൊഴിലെടുക്കുന്ന അമ്മമാര്‍ അനുഭവിക്കുന്ന പ്രശ്‌നം ഒന്നുതന്നെയാണെന്ന് മനസിലായെന്നും അദീല അബ്ദുള്ള പറഞ്ഞു.

'ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഫെയ്​സ്ബുക്കിന്റെ മീറ്റിങ്ങിന് മക്കളുമായി പോയ ഷെറില്‍ സാന്‍ഡ്ബര്‍ഗ്, തന്റെ തല ചൊറിയുന്ന മകളെ ഫ്‌ളൈറ്റില്‍ വച്ച് ശ്രദ്ധിക്കുന്നു. തിരികെ ലാന്‍ഡ് ചെയ്ത അവര്‍ കമ്പനി ഡിന്നറിന് പോകുന്നതിന് മുന്‍പ് ആ തല വൃത്തിയാക്കുന്നു. അതോടെ അവര്‍ പാര്‍ട്ടിയ്ക്ക് എത്താന്‍ ലേറ്റ് ആകുന്നു. അക്കാര്യം പുസ്തകത്തില്‍ എഴുതണമെങ്കില്‍ അത് ഒരു അമ്മയെന്ന നിലയില്‍ അവര്‍ക്ക് എത്ര വേദനാജനകമായിരുന്നു എന്ന് ഓര്‍ക്കണം.' -അദീല കുറിച്ചു.

സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും മൂന്നുവര്‍ഷം കളക്ടര്‍ ജോലി ചെയ്ത താന്‍, തന്റെ കുഞ്ഞ് തല ചൊറിഞ്ഞ ഇതേ കാഴ്ച കണ്ടാണ് കളക്ടര്‍ ജോലി താത്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അദീലാ അബ്ദുള്ള പറഞ്ഞു. പിന്നീട് നാല് മാസം ലീവെടുത്തശേഷമാണ് ജോലിക്ക് പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്‌നങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ഭാരമാണ്. അംബീഷ്യസായ പുരുഷന്‍ കരിയറിസ്റ്റാണെന്ന് പുകഴ്ത്തുന്ന നമ്മള്‍ സ്ത്രീകളുടെ അംബീഷനെ നെഗറ്റീവായാണ് കാണുന്നതെന്നും അദീല പറയുന്നു.

തൊഴിലിടങ്ങളിലെ സ്ത്രീ എന്നാല്‍ വലിയ വിഷയമാണെന്ന് പറഞ്ഞ അദീലാ അബ്ദുള്ള, ഉന്നത തൊഴിലും കുടുംബവും ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നയാളെന്ന നിലയില്‍ ചില 'ടിപ്പുകള്‍' കൂടി പങ്കുവെച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അദീല അബ്ദുള്ളയുടെ കുറിപ്പ്

ഫെയ്​സ്ബുക്ക് സിഒഒ ആയ ഷെറിൽ സാൻഡ്ബെർഗ് എഴുതിയ “ലീൻ ഇൻ" എന്നൊരു പുസ്തകമുണ്ട്. ജോലി സ്ഥലത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ചർച്ച ചെയ്യുന്ന പുസ്തകം. ഉന്നത തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ അഭാവം എത്രയെന്നും, അത് എന്തുകൊണ്ട് ഉണ്ടാവുന്നു എന്നും പറയുന്ന പുസ്തകം. എനിക്കതിലെ ഒരു ഉദാഹരണം നല്ല ഇഷ്ടമാണ്. ആ ഉദാഹരണത്തിലേക്കെത്തിയപ്പോളാണ് കേരളത്തിലെയും അമേരിക്കയിലെയും തൊഴിൽ എടുക്കുന്ന അമ്മമാർ അനുഭവിക്കുന്ന പ്രശ്നം ഒന്ന് തന്നെയെന്ന് എനിക്ക് മനസ്സിലായതും ആ പുസ്തകം ശ്രദ്ധയോടെ ഞാൻ വായിച്ചതും.

ഒരു ചാർട്ടേഡ് ഫ്ലൈറ്റിൽ ഫെയ്​സ്ബുക്കിന്റെ മീറ്റിങ്ങിന് മക്കളുമായി പോയ ഷെറിൽ സാൻഡ്ബർഗ്, തന്റെ തല ചൊറിയുന്ന മകളെ ഫ്ളൈറ്റിൽ വച്ച് ശ്രദ്ധിക്കുന്നു. തിരികെ ലാൻഡ് ചെയ്ത അവർ കമ്പനി ഡിന്നറിന് പോകുന്നതിന് മുൻപ് ആ തല വൃത്തിയാക്കുന്നു. അതോടെ അവർ പാർട്ടിയ്ക്ക് എത്താൻ ലേറ്റ് ആകുന്നു. അക്കാര്യം പുസ്തകത്തിൽ എഴുതണമെങ്കിൽ അത് ഒരു അമ്മയെന്ന നിലയിൽ അവർക്ക് എത്ര വേദനാജനകമായിരുന്നു എന്ന് ഓർക്കണം.

സമാനമായ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഏതാണ്ട് മൂന്ന് വർഷം കളക്ടർ ജോലി ചെയ്ത ഞാൻ എന്റെ കുഞ്ഞ് തല ചൊറിഞ്ഞ ഇതേ കാഴ്ച കണ്ടപ്പോളാണ്, ഇനിയൊന്ന് നിർത്തിയിട്ട്, കുറച്ച് കഴിഞ്ഞു ജോലി തുടരാം എന്ന് തീരുമാനിച്ചത്. കളക്ടർ ജോലിക്ക് ശേഷം ഞാൻ നാലുമാസം ലീവ് എടുത്താണ് പിന്നെ ജോലിക്ക് കയറിയത്.

മാസ്റ്റേഴ്സ് ഡിഗ്രി ഉള്ള പെൺകുട്ടികളാണ് അമേരിക്കയിൽ പോലും ആൺകുട്ടികളെക്കാൾ കൂടുതലെങ്കിലും, കഴിഞ്ഞ വർഷങ്ങളായി ഉന്നത സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം കൂടിയില്ലെന്നു വേണം പറയാൻ. ഇന്ത്യയിലെയും കണക്ക് അത് തന്നെ കാണിക്കുന്നു.

പോപ്പുലേഷന്റെ 54 ശതമാനം വരെയുള്ള സ്ത്രീകൾ പക്ഷേ 19 ശതമാനം മാത്രമേ ഹയർ ജോബിൽ എത്തുന്നുള്ളൂ; ഇന്ത്യയിലുമതെ. പൊതുവേ സ്ത്രീകളെ തൊഴിലിടങ്ങളിൽ നിർത്താൻ വേണ്ടുന്ന നല്ല നിയമങ്ങളും സൗകര്യങ്ങളും ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ. അത് കൊണ്ട് തന്നെ പുസ്തകത്തിൽ ഉടനീളം ഷെറിൽ കണക്കുകൾ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യ തന്നെയാണ്.

ചിലപ്പോൾ സ്വപ്നങ്ങൾ പോലും സ്ത്രീകൾക്ക് ഭാരമാകുന്ന എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അംബീഷ്യസ് ആയ പുരുഷൻ കരിയററിസ്റ്റാണ് എന്ന് പുകഴ്ത്തുന്ന നമ്മളൊക്കെ സ്ത്രീകൾ അംബീഷൻ കാണിക്കുമ്പോൾ അതിനെ കൊറച്ചൊക്കെ നെഗറ്റീവ് ആയാണ് കാണാറ്. ഇവിടെ മാത്രമല്ല, ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്.

ഒരു മോശം ഭാര്യയും അമ്മയും മകളും ആകുമോ താനെന്നുള്ള കുറ്റബോധത്തിലാണ് സ്ത്രീകൾ ജീവിക്കുന്നത്.

ഉന്നത തൊഴിലും കുടുംബവും ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന എനിക്കതിൽ ചില ടിപ്പുകൾ പറയാനുണ്ട്:

1. ജോലിചെയ്യുന്ന സ്ത്രീകൾ അതിസമർഥരാണ്. ഞാൻ ഗവൺമെന്റിൽ കണ്ട മികച്ച് മൂന്ന് വകുപ്പുകൾ സെക്രട്ടേറിയറ്റും, ഫിഷറീസും അസാപ്പും (ASAP) ആണ്. ഇതിൽ കൂടുതലും സ്ത്രീകൾ തന്നെയാണിരുന്നു. സോ, കഴിവിന്റെ കാര്യത്തിൽ സ്ത്രീകൾ മടിച്ചു നിൽക്കേണ്ട. സ്ത്രീകൾ മികച്ചതാണ്.

2. ഭാവിയിൽ വരാൻ പോകുന്ന ഒരു ആവശ്യത്തിനുവേണ്ടി ഇന്ന് തന്നെ തൊഴിൽ ഇടത്തിൽ നിന്ന് മാറിനിൽക്കേണ്ട. ജംഗിൾ ജിം ആവണമത്രേ സ്ത്രീകൾക്ക് തൊഴിലിടം. എന്തെന്ന് വച്ചാൽ, ഏണി പോലെ മേലെ പോകുന്നതല്ല . പരന്ന് കിടക്കണം. ഒരിടത്തു നിർത്തിയാൽ വേറിടത്ത് കുതിക്കാൻ കഴിയണം . പുതിയ മേഖലയും നോക്കാം. ഉദാഹരണം പിഎച്ഡി പഠിച്ചയാൾ ചിലപ്പോ സ്റ്റാർട്ടപ്പ് നടത്തും. ടെക്കി ചെലപ്പോ കരിയർ ബ്രേക്ക് കഴിയുമ്പോ ബിസിനസ് അനലൈസ്റ്റ് ആവും. അപ്സ്കിൽ ചെയ്യുക . അതിനു സമയം കണ്ടെത്തുക . ഞാൻ എംബിഎ പഠിക്കുന്നു. എന്തിലാണെന്നല്ലേ , 'ചേഞ്ച് മാനേജ്മെന്റി'ൽ. എന്തിനാണെന്നല്ലേ 'ഒരു ബലത്തിന് '

3. ചവറു പോലെ ജോലിക്കു അപ്ലൈ ചെയ്യണം. ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്യണം. എന്താന്നല്ലേ, വെറും അറുപത് ശതമാനം മാത്രം കഴിവുള്ളപ്പോൾ ഒരു പുരുഷൻ ജോലിക്ക് അപ്ലൈ ചെയ്യുമ്പോൾ, 100 ശതമാനം കഴിവ് തോന്നിയാലെ സ്ത്രീകൾ അപ്ലൈ ചെയ്യൂ. അത് ഒഴിവാക്കണം, ഒരു ആത്മവിശ്വാസത്തിലങ്ങനെ മുന്നേറിയേക്കണം. അത്രേ ഉള്ളൂ. ബാക്കി വരുന്നിടത്ത് വച്ച് കാണണം.

4. മീറ്റിംഗുകളിലൊക്കെ കൈ ഉയർത്തി അങ്ങ് കസറിയേക്കണം. ആരും ചോദിക്കാനൊന്നും പോകുന്നില്ല. മൂലക്ക് മിണ്ടാതിരുന്നാൽ, അങ്ങ് മിണ്ടാണ്ടായിപ്പോകും.നമ്മളെ ആരും കാണില്ല കേൾക്കില്ല. അത് മനസ്സിലാക്കി നമ്മളുടെ സാന്നിധ്യം നമ്മൾ അറിയിക്കണം.

5. കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഒന്നിന് വേണ്ടി മറ്റൊന്ന് ഒഴിവാക്കേണ്ടതില്ല ,പക്ഷേ സഹായിക്കാൻ ആളെ നോക്കുക. നമ്മൾ യുദ്ധക്കളത്തിലെ പടയാളി ഒന്നുമല്ല.ദിവസേന അങ്കംവെട്ടേണ്ട ആളൊന്നുമല്ല. അത് കൊണ്ട് സഹായം തേടുക. മാലാഖമാർ ഭർത്താവിന്റെ രൂപത്തിലോ അമ്മയുടെ രൂപത്തിലോ നല്ല സഹായിയുടെ രൂപത്തിലോ വരും, തീർച്ച. അന്വേഷിപ്പിൻ , നമ്മളെ തേടി സഹായഹസ്തങ്ങൾ വരും.

6. നമുക്കാരും ഒന്നും വന്നു കൊണ്ടുതരില്ല, ജോലിയായാലും, പ്രശംസ ആയാലും. നമ്മൾ ചെയ്യുന്ന ജോലി നമ്മൾ മികച്ചതായി ചെയ്തെന്ന് ആരും പറയില്ല. അതിനെയാണ് പാശ്ചാത്യർ ടിയാര സിൻഡ്രോം (TIARA syndrome) എന്ന് പറയുന്നത്. അതായത് നമ്മളുടെ നല്ല കഴിവ് കണ്ട് ആരെങ്കിലും നമുക്ക് കിരീടം വച്ച് തരുമെന്ന തോന്നൽ, അതങ്ങ് വിട്ടേക്ക്. അതുണ്ടാവാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം.

7. തൊഴിൽ സ്ഥലങ്ങളിൽ നല്ല മെന്ററെ തേടുക. അവരിൽ നിന്ന് നല്ല പാഠങ്ങളും, അവസരങ്ങളും മനസ്സിലാക്കാൻ കഴിയും.

വലിയ വിഷയമാണ് തൊഴിലിടങ്ങളിലെ സ്ത്രീ . അത് കൊണ്ട് ബാക്കി ഇനിയും എഴുതാം.

സ്ത്രീകൾ വോട്ട് ചെയ്യാൻ തുടന്നിട്ടു ചെറിയ കാലമേ ആയുള്ളൂ ലോകത്ത്. ഒരു നൂറ്റാണ്ട് പോലും ആയില്ല. ജോലി ചെയ്യാൻ തുടന്നിട്ടോ, അതിലും കുറവ്. അപ്പോ തൊഴിലിടം ഊരി തിരിഞ്ഞു വരുന്നതേ ഉള്ളു. പക്ഷേ തൊഴിലിടം മികച്ചതാവണമെങ്കിൽ സ്ത്രീകൾ അവിടെ ഉണ്ടാവണ്ടേ? അത് തന്നെയാണ് ഷെറിൽ സാൻഡ്ബർഗും പറയുന്നത്. ‘ലീൻ ഇൻ’ അവിടെ ഉണ്ടാവു. ബാക്കി കാലം തന്നെ തെളിയിച്ചോളും.

(ഇനിയും ടിപ്പുകൾ ഉണ്ട്. ലേഖനം വലുതാവണ്ട കരുതി. ഇനിയും എഴുതാം. പുസ്തകം അനുഭവത്തിൽ നിന്നുള്ള പ്രായോഗിക വശങ്ങൾ പറയുന്നു. നല്ലതാ. അപ്പൊ വായിച്ചോ)

Content Highlights: IAS Officer Adeela Abdulla Shares Emotional Note on Women's Career Guilt, Citing Personal Experience and Sheryl Sandberg's 'Lean In'