'ദ വെയ്സ്റ്റ് ലാന്റും' വിവര്‍ത്തനവും; സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലായി ഒരു പുസ്തകം

ടി.എസ്. എലിയറ്റ് രചിച്ച 'ദ വെയ്സ്റ്റ് ലാന്റ് ' (The Waste Land) എന്ന കൃതിക്ക് അയ്യപ്പപ്പണിക്കര്‍ തയ്യാറാക്കിയ മലയാള പരിഭാഷ 'തരിശുഭൂമി' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പുസ്തകത്തെക്കുറിച്ച് ബിജു സി.പി. എഴുതിയ കുറിപ്പ് വായിക്കാം...
ലോക കവിതയെ രണ്ടായി തിരിക്കാം, 'ദ വെയ്സ്റ്റ് ലാന്റി'നു മുമ്പും ശേഷവും എന്ന്. ലോകകവിതയുടെ ചരിത്രത്തില്‍ ഇത്രയധികം സ്വാധീനമുണ്ടാക്കിയ മറ്റ് രചനകള്‍ അധികമുണ്ടെന്നു തോന്നുന്നില്ല. കവിതയെക്കുറിച്ചുള്ള മനുഷ്യവംശത്തിന്റെ സങ്കല്‍പനങ്ങളെത്തന്നെ മാറ്റി മറിച്ചിട്ടുണ്ട് ടി.എസ്. എലിയറ്റിന്റെ ഇംഗ്ലീഷ് കവിത 'ദ വെയ്സ്റ്റ് ലാന്റ്.' അക്ഷരലോകം 'ദ വെയ്സ്റ്റ് ലാന്റി'ന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ ഉജ്വലമായൊരു സ്മരണികയാണ് 'തരിശുഭൂമി' എന്ന പുസ്തകം.
എലിയറ്റിന്റെ കൃതി, അയ്യപ്പപ്പണിക്കരുടെ പരിഭാഷ, വിവര്‍ത്തകനെഴുതിയ ആമുഖക്കുറിപ്പ് എന്നിവക്കൊപ്പം വിവര്‍ത്തനാനുഭവത്തെക്കുറിച്ച് ഇംഗ്ലീഷില്‍ അയ്യപ്പപ്പണിക്കരുടെ സൂക്ഷ്മസുന്ദരമായ കുറിപ്പുമുണ്ട്. 'ദ വെയ്സ്റ്റ് ലാന്റ്' എന്ന കവിതയെക്കുറിച്ച് ഡോ. എം.എം. ബഷീര്‍, ഇ.പി. രാജഗോപാലന്‍, പ്രിയദാസ് ജി. മംഗലത്ത്, ഡോ. ജാന്‍സി ജെയിംസ് എന്നിവരുടെ വിശദ പഠനങ്ങള്‍ കാവ്യത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളാനും അതിന്റെ സാഹിത്യ ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യങ്ങള്‍ മനസ്സിലാക്കാനും സഹായിക്കുന്നു. ജെ. ആല്‍ഫ്രഡ് പ്രൂഫോക്കിന്റെ ഗാനം എന്ന എലിയറ്റിന്റെ കവിത അയ്യപ്പപ്പണിക്കര്‍ തന്നെ വിവര്‍ത്തനം ചെയ്തത് അനുബന്ധമായും ചേര്‍ത്തിരിക്കുന്നു. ലോക കവിതയുടെ ചരിത്രത്തെ തന്നെ വഴിതിരിച്ചുവിട്ട രചനയുടെ എല്ലാ ക്ലാസ്സിക്ക് ഗരിമയും ഉള്‍ക്കൊള്ളുന്നു ഈ നൂറ്റാണ്ടുപുസ്തകം.
അന്നോളം കേട്ടതും പറഞ്ഞതുമായ എല്ലാ കാവ്യസമ്പ്രദായങ്ങളെയും മാറ്റിമറിച്ച ഒരൊറ്റ രചന എന്ന നിലയില്‍ 'ദ വെയ്സ്റ്റ് ലാന്റി'നൊപ്പം നില്‍ക്കുന്ന മറ്റൊരു കൃതിയുണ്ടെന്ന് തോന്നുന്നില്ല. ഉത്കടവികാരങ്ങളുടെ അനര്‍ഗള പ്രവാഹമായും കാവ്യാത്മക ഭാഷയില്‍ ആവിഷ്‌കരിച്ച വികാരമായും ഒക്കെ മുമ്പ്, ഏതാണ്ടെല്ലാ നിര്‍വചനങ്ങളിലും കവിത വൈകാരികതയോടും താളാത്മക ഭാഷയോടും ഭാവബന്ധുരതയോടുമൊക്കെ ചേര്‍ന്നാണല്ലോ നിന്നിരുന്നത്. സംസ്‌കൃതത്തിലെ അതി വിപുലമായ കാവ്യ ചര്‍ച്ചകളിലും കവിത-കാവ്യം എന്നതിന്റെ നിര്‍വചനം ഏതാണ്ടൊരേ ആശയമണ്ഡലം തന്നെയാണല്ലോ പങ്കുവെക്കുന്നത്, സൂക്ഷ്മങ്ങളില്‍ ഭിന്നതയുണ്ടെങ്കിലും. 'വാക്യം രസാത്മകം കാവ്യം' എന്ന് വിശ്വനാഥനും 'ഗണവദലംകൃതം ച വാക്യമേവ കാവ്യം' എന്ന് രാജശേഖരനും 'ശബ്ദാര്‍ഥൗ നിര്‍ദോഷൗ സ ഗുണൗ പ്രായസാലങ്കാരൗ ച കാവ്യം' എന്ന് വാഗ്ഭടനും പറയുന്നു. 'Poetry is a kind of Ingenious nonsense' എന്നും ഒരു നിര്‍വചനമുണ്ട്. ഐസക് ന്യൂട്ടന്റേതാണ് ഈ നിര്‍വചനം.
കവിതയില്‍ തത്ത്വചിന്തയും രാഷ്ട്രീയ നിരീക്ഷണങ്ങളും ഗവേഷണാത്മകമായ നിഗമനങ്ങളും ഭാഷയിലെ സൂത്രപ്പണികളും തികഞ്ഞ സന്ദിഗ്ധതകളും ഒക്കെ സാന്ദ്രമായി നിറഞ്ഞിരിക്കുന്ന ഒരവസ്ഥ 'ദ വെയ്സ്റ്റ് ലാന്റി'നു മുമ്പ് ഉണ്ടായിരുന്നതേയില്ല. ഇങ്ങനെയുമാകാം കവിത എന്ന് മനുഷ്യരാശിയെ ആകെ ഒരു ബോധാഘാതത്തിലേക്ക് ഉണര്‍ത്തുകയായിരുന്നു 'ദ വെയ്സ്റ്റ് ലാന്റ്'. ലോക കവിതയുടെ മേശപ്പുറത്ത് ഇത്രയും ശബ്ദത്തിലുള്ള ഒരടി 'ദ വെയ്സ്റ്റ് ലാന്റി'നു മുമ്പ് ഉണ്ടായിട്ടില്ല. 'വെയ്സ്റ്റ് ലാന്റ്' ഉണര്‍ത്തിയ പ്രകമ്പനം സ്മൃതിയിലുള്ളതിനാല്‍, പിന്നീടുണ്ടായ ഭൂകമ്പങ്ങള്‍ക്കൊന്നും അത്രയും പ്രകമ്പനം അനുഭവിപ്പിക്കാനുമായില്ല. പിന്നെ വന്നതെല്ലാം ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ മാത്രം!
1948-ല്‍ കാവ്യരചനയെ പ്രതിയാണ് എലിയറ്റിന് നോബല്‍ സമ്മാനം ലഭിച്ചതെങ്കിലും ക്രമേണ അദ്ദേഹം സാഹിത്യവിമര്‍ശനത്തിലേക്കും സിദ്ധാന്തരൂപീകരണങ്ങളിലേക്കുമാണ് തിരിഞ്ഞത്.
മനുഷ്യവംശത്തിന്റെ ചിന്താധാരകളെ ആകെത്തന്നെ കുലുക്കിയുണര്‍ത്തിയ 'ആധുനികതാ' സങ്കല്‍പനങ്ങളുടെ, ദൃഢപ്രഖ്യാപനമായിരുന്നു 'ദ വെയ്സ്റ്റ് ലാന്റ്'. കവിത വായിച്ച് ആസ്വദിക്കാനും കാവ്യാനുഭൂതി ഉള്‍ക്കൊള്ളാനുമുള്ളതാണ്-അതിനുമാത്രമുള്ളതാണ് എന്നൊരു ധാരണ ഇപ്പോള്‍ പോലും പ്രബലമാണല്ലോ. അതിനപ്പുറം കവിത മനസ്സിലാക്കാന്‍ കൂടിയുള്ളതാണ് എന്ന് പ്രഖ്യാപിച്ചു 'ദ വെയ്സ്റ്റ് ലാന്റ്'. കവിത മനസ്സിലാക്കുക എന്നത് കാവ്യബോധമില്ലാത്തവരുടെ പരിഹാസ്യമായ ആവശ്യമാണ് എന്ന് ഘോഷിക്കുന്ന കവികള്‍ ഇപ്പോഴും സുലഭം. അവിടെയാണ് നിരവധി അടിക്കുറിപ്പുകളും, ഇന്ത്യയിലെ ഉപനിഷത്തുകള്‍ മുതല്‍ പ്രാചീന റോമിലെ കാവ്യങ്ങള്‍ വരെ അതിവിപുലമായ ഒരു വൈജ്ഞാനിക മേഖലകളില്‍ നിന്നുള്ള റഫറന്‍സുകളും ഒട്ടേറെ സാഹിത്യ രചനകളിലേക്കുള്ള കൊളുത്തുകളും ഒക്കെയായി വിപുലമായൊരു പ്രബന്ധം പോലെ 'ദ വെയ്സ്റ്റ് ലാന്റ്' നിലകൊള്ളുന്നു, ലോകകവിതയില്‍ ഇന്നുമൊരു വിസ്മയമായി.
പില്‍ക്കാലത്ത് സാഹിത്യസിദ്ധാന്തങ്ങളുടെയും വിമര്‍ശനത്തിന്റെയും ലോകത്തേക്ക് എലിയറ്റിന്റെ പ്രതിഭ ചുവട് മാറ്റിയപ്പോഴും ദാര്‍ശനികവും വൈജ്ഞാനികവുമായ ആഴവേരുകളില്‍ത്തന്നെയാണ് അദ്ദേഹം ഉറച്ചുനിന്നത്. സാഹിത്യം വികാരത്തെ ഉണര്‍ത്തുന്നത് വസ്തുനിഷ്ഠ പാരസ്പര്യത്തില്‍ (Objective Corelative) ആയിരിക്കണമെന്നാണ് എലിയറ്റിന്റെ സിദ്ധാന്തം. ഒരു വിഭാഗം വസ്തുക്കളോ സംഭവശൃംഖലയോ ഒരു പ്രത്യേക സന്ദര്‍ഭമോ ആണ് വികാരത്തിന്റെ സൂത്രവാക്യമായിരിക്കുക എന്ന് അദ്ദേഹം പറയുന്നു. ഇന്ദ്രിയാനുഭവമായി മാറേണ്ടത് ഈ ബാഹ്യവസ്തുതകളാണ്. സാഹിത്യത്തില്‍ അവ ആവിഷ്‌കരിച്ചാല്‍ മതി സാഹിതീയ വൈകാരികത ഉണരും. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഏറെ പ്രാധാന്യത്തോടെ സാഹിത്യ വിദ്യാര്‍ഥികള്‍ പഠിച്ച് തുടങ്ങിയതാണ് എലിയറ്റിന്റെ സാഹിത്യ സിദ്ധാന്തങ്ങള്‍.
തന്റെ കാവ്യരചനാ സമ്പ്രദായങ്ങളില്‍ നിന്നുതന്നെയാണ് എലിയറ്റ് സാഹിത്യ സിദ്ധാന്തങ്ങളിലേക്ക് കടന്നത് എന്നാണ് എലിയറ്റ് വിദഗ്ധരുടെ അഭിപ്രായം. ടി.എസ്. എലിയറ്റ് എഴുതി അദ്ദേഹത്തിന്റെ ആജീവനാന്ത സുഹൃത്തായിരുന്ന വിശ്രുത സാഹിത്യകാരന്‍ എസ്രാ പൗണ്ട് എഡിറ്റ് ചെയ്ത് പകുതിയോളമാക്കി കുറച്ചാണ് 'ദ വെയ്സ്റ്റ് ലാന്റ്' പ്രസിദ്ധീകരിച്ചത്. കവിത എഡിറ്റു ചെയ്യുക, ആഴ്ചകളോളമെടുത്ത് വീണ്ടും വീണ്ടും തിരുത്തുക തുടങ്ങിയവയൊക്കെ 'ദ വെയ്സ്റ്റ് ലാന്റി'നു മുമ്പും ശേഷവും ഒരു വിചിത്രകാര്യം തന്നെയായാണ് പൊതുവേ കരുതപ്പെടുന്നത്. കവിതയുടെ രൂപഭാവങ്ങളിലെന്ന പോലെ കവിതാരചനയെക്കുറിച്ചുള്ള ധാരണകളുടെ കാര്യത്തിലും 'ദ വെയ്സ്റ്റ് ലാന്റി'ന്റെ നില ഒന്ന് വേറിട്ടുതന്നെ. കാവ്യത്തിന്റെ രചയിതാവ് എലിയറ്റാണെങ്കിലും പ്രസവമെടുത്തത് താനാണ്, അതാണെങ്കിലോ കീറിമുറിച്ചുള്ള ഒരു പിറവിയും എന്നാണ് എസ്രാപൗണ്ട് പറഞ്ഞത്.
കവിതയുടെ ആദ്യ രൂപം, എസ്രാ പൗണ്ട് വരുത്തിയ മാറ്റങ്ങള്‍, ഓരോ വരിയുടെയും അര്‍ഥം, ഓരോ വരിയിലും പരാമര്‍ശിക്കപ്പെടുന്ന മറ്റു സംഗതികള്‍ തുടങ്ങി അത്രമേല്‍ സൂക്ഷ്മമായി പഠിക്കുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്ത മറ്റൊരു കാവ്യകൃതി ഉണ്ടായിട്ടില്ല. ഒന്നാം ലോകമഹായുദ്ധം മനുഷ്യര്‍ക്കിടയില്‍- പ്രത്യേകിച്ച് യൂറോപ്പില്‍ ഉണര്‍ത്തിവിട്ട സന്ത്രാസങ്ങളാണ് എലിയറ്റിന്റെ കവിതയെ അത്രമേല്‍ തനിമയുറ്റ ഭാഷാശില്‍പമാക്കിയത്. എലിയറ്റ് 'ദ വെയ്സ്റ്റ് ലാന്റ്' രചിച്ച് 50 വര്‍ഷങ്ങള്‍ക്കുശേഷം 1972-ലാണ് അയ്യപ്പപ്പണിക്കര്‍ അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. 1922-ല്‍ രചയിതാവിന്റെ തന്നെ പത്രാധിപത്യത്തിലുള്ള 'ദ ക്രൈറ്റീരിയനി'ലാണ് 'ദ വെയ്സ്റ്റ് ലാന്റ്' ആദ്യം പ്രസിദ്ധീകരിച്ചത്. അര നൂറ്റാണ്ടിനുശേഷം വിവര്‍ത്തകന്റെ തന്നെ പത്രാധിപത്യത്തിലുള്ള കേരള കവിതയില്‍(ജൂലായ്-സെപ്റ്റംബര്‍ 1972) അതിന്റെ വിവര്‍ത്തനവും. പദാനു പദമോ പാദാനുപാദമോ ആയിട്ടല്ല വിവര്‍ത്തനമെങ്കിലും മൂലകൃതിയിലുള്ളതു പോലെ തന്നെ 433 വരികളാണ് വിവര്‍ത്തനത്തിലുമുള്ളത്.
സാഹിത്യമീംമാസയില്‍ വിചക്ഷണനായ തത്ത്വചിന്തകനാണ് കവിത രചിച്ചതെങ്കില്‍ മലയാള കവിതയില്‍ സമാനമായ തലപ്പൊക്കത്തിലേക്ക് വളര്‍ന്ന ആധുനികകവികളില്‍ എന്തുകൊണ്ടും ഒന്നാമതുള്ളയാളാണ് വിവര്‍ത്തകന്‍. ഇങ്ങനെ രസകരമായ ഒട്ടേറെ സമാനതകള്‍, മൂലവും വിവര്‍ത്തനവും തമ്മില്‍ പറയാനുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതാസ്വാദകര്‍ക്കും പഠിതാക്കള്‍ക്കും സാഹിത്യ ചരിത്രതത്പരര്‍ക്കും വിവര്‍ത്തന പഠന രംഗത്തുള്ളവര്‍ക്കും ഒക്കെ ഒഴിച്ചുകൂടാനാവാത്ത രചനയാണ് 'തരിശുഭൂമി'.
Content Highlights: The Waste Land book by T.S. Eliot translation Tharisubhoomi by Dr. Ayyappa Paniker