വായനക്കാരനെ കുറ്റാന്വേഷകനായി വളര്‍ത്തുന്ന നോവല്‍

ഒരു കൊലപാതകം അല്ലെങ്കില്‍ ഒരു തിരോധാനം നടക്കുമ്പോള്‍ പോലീസ് കയ്യൊഴിയുന്ന നിര്‍ണായക ഘട്ടത്തില്‍ അനിതരസാധാരണ ബുദ്ധിവൈഭവത്താല്‍, നീരീക്ഷണ പാടവത്താല്‍ ഒരുകുറ്റാന്വേഷകന്‍ രംഗപ്രവേശം നടത്തുകയും കുറ്റം തെളിയിക്കുകയും ചെയ്യുന്ന ക്രൈം ത്രില്ലറുകള്‍ നാം ഇതിനു മുമ്പും വായിച്ചിട്ടുണ്ട്. ഇത്തരം ഒരു ഡിറ്റക്ടറ്റീവ് ഓഫീസറുടെ അഭാവമാണ് പ്രവീണ്‍ ചന്ദ്രന്റെ ഛായാ മരണം എന്ന കുറ്റാന്വേഷണ നോവലിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഉദ്വേഗഭരിതമായ ട്വിസ്റ്റുകള്‍ വസ്തുതകളുടെയും സംഭവങ്ങളുടെയും വിശ്വാസ്യമായ അടുക്കി നിരത്തല്‍ ഉചിതമായ കഥാപാത്ര വിന്യാസം, കഥയിലുടനീളം ഭീതിദവും സംഘര്‍ഷഭരിതവുമായ അന്തരീക്ഷം നിലനിര്‍ത്തല്‍ എന്നിവയിലെല്ലാം പരമ്പരാഗത രീതിയോട് സമരസപ്പെടുന്നുമുണ്ട് ഈ നോവല്‍.
കുറ്റം, കുറ്റവാളി എന്നിവയ്ക്ക് പുതിയ നിര്‍വചനമാണ് ഈ നോവല്‍ നല്‍കുന്നത്. ഒരാള്‍ കുറ്റവാളിയാകണമെങ്കില്‍ അയാള്‍ കുറ്റകൃത്യം ചെയ്യണമെന്നില്ല. കുറ്റം നടന്ന സമയത്തോ അതിനു ശേഷമോ അയാളുടെ സാന്നിധ്യം ആ പരിസരത്തുണ്ടായിരുന്നാലും അയാള്‍ കുറ്റവാളിയാകാം. പ്രൊഫസര്‍ സിദ്ധാര്‍ഥന്‍. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ കാമുകിയായ സിസിലിയെ കാത്തിരിക്കുന്നത് മുതല്‍ ദൂരൂഹമായ സംഭവപരമ്പരകള്‍ അരങ്ങേറുകയാണ്. വെള്ളച്ചാട്ടത്തിനടുത്തുവച്ച് മരണപ്പെട്ട പെണ്‍കുട്ടി, സൈബര്‍ പാര്‍ക്ക് ജീവനക്കാരന്‍ ആദിത്യന്‍ കുഴഞ്ഞു വീണ് മരിക്കുന്നു, നോവലെഴുത്തിന്റെ ഭാഗമായി അതിനെ ഒരു കൊലപാതമായി ചിത്രീകരിച്ച് സംഭവസ്ഥലം സന്ദര്‍ശിക്കുന്ന സിസിലിയും പ്രൊഫസറും. തണുത്തുറഞ്ഞ സൈബര്‍ പാര്‍ക്കിന്റെ ഉള്ളറകള്‍ ഇരുട്ടും ഭീതിയും ചേര്‍ന്ന അദൃശ്യമായ വിനിമയങ്ങള്‍ നടക്കുന്ന ഇടമായി നമുക്കനുഭവപ്പെടും, യഥാര്‍ഥ്യ ലോകത്തിലും നമ്മുടെ വ്യക്തിത്വത്തിന്റെ സിംഹഭാഗവും മിഥ്യയാണ് എന്ന് അപൂര്‍ണതയുടെ പുസ്തകത്തില്‍ രാമനാഥന്‍ ശരിവയ്ക്കുന്നതുപോലെയുള്ള ഒരനുഭവം.
ആദിത്യന്റെ സഹപ്രവര്‍ത്തകരായ വെങ്കി, മീര. ദീപക് എന്ന മൂന്ന് ബിന്ദുക്കളില്‍ കൊലപാതകശ്രമം ഉറപ്പിക്കാന്‍ ഒട്ടേറെ സമയം നാം ചാഞ്ചാടി കൊണ്ടിരിക്കും. അദ്യശ്യനായ ഹാക്കറെയും കൊലപാതകിയെയും കണ്ടെത്തേണ്ട ദൗത്യം പ്രൊഫസര്‍ സ്വയം ഏറ്റെടുക്കുന്നു. David Baldacci യുടെ Redemption എന്ന നോവലിലെ FBl കണ്‍സള്‍ട്ടന്റ് ആയ AmoS Decker നെ നാം ഇവിടെ ഓര്‍മിക്കും. കുറ്റാന്വേഷി എന്ന നിലയില്‍ മുന്നേറുമ്പോള്‍ തന്നെ മറ്റൊരു കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്ന ആളാണ് പ്രൊഫസര്‍, ദാമ്പത്യ ബാഹ്യമായ സ്‌നേഹ ബന്ധം പുലര്‍ത്തുന്ന ആള്‍ എന്ന നിലയില്‍ സമൂഹത്തിന്റെയും കുടുംബാംഗങ്ങള്‍ക്കു മുന്നിലും അയാള്‍ കുറ്റവാളിയായിത്തീരുന്നു. ഹോംസിന് വാട്‌സനെന്ന പോലെ എല്ലാ അന്വേഷണങ്ങള്‍ക്കും രഘുരാമനില്‍ നിന്നും പ്രൊഫസര്‍ക്ക് മാനസിക പിന്തുണ ലഭിക്കുന്നുണ്ട്. ആധുനികതയുടെ പൊങ്ങച്ചങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും ബദലാണ് രഘുരാമന്‍ എന്ന കഥാപാത്രം. സ്‌നേഹിക്കാനാവാത്ത അവസ്ഥയാണോ വെറുപ്പ് എന്ന തത്വം ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നു. നിഷേധിക്കപ്പെട്ട സ്‌നേഹം ഒരു വ്യക്തിയില്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന മനശ്ശാസ്ത്ര വിശകലനം കൂടിയാണീ നോവല്‍. അമാനുഷിക ബുദ്ധിയും സാങ്കേതികത്തികവുമുണ്ടായിട്ടും ആധുനിക മനുഷ്യന്‍ മാനസികമായി എത്ര ദുര്‍ബലനാണ് എന്നീ നോവല്‍ തെളിയിക്കുന്നു.
വലിയ വലിയ സെര്‍വറുകള്‍ ഹാക്ക് ചെയ്യുന്ന രാക്ഷസീയ ബുദ്ധി വൈകാരിക ബുദ്ധിയുടെ അഭാവത്താല്‍ നില തെറ്റുന്നതു കാണാം. അപൂര്‍ണതയുടെ പുസ്തകം എന്ന ആദ്യ നോവലില്‍ പ്രതിപാദിച്ച സൈബര്‍ഹാക്കിംഗ് ഈ നോവലിലും നിര്‍ണായകമാണ്. ബുദ്ധി കൊണ്ട് സൃഷ്ടിക്കാന്‍ ശ്രമിച്ച മിഥ്യാ ലോകത്തെ (ഛായാ മരണം) തകര്‍ക്കാന്‍ പ്രൊഫസറുടെ ഗണിത ബുദ്ധി തന്നെ ശസ്ത്രമാവുന്നു. ഇതിലെ ഗതിവിഗതികള്‍ നിര്‍ണയിച്ചതാകട്ടെ നക്ഷത്ര ആമയും. ആദ്യന്തം വായനക്കാരനെ കുറ്റാന്വേഷകനായി വളര്‍ത്തുക. അവസാന നിമിഷം വരെ സസ്പന്‍സ് നിലനിര്‍ത്തുക എന്നതിലും ഈ നോവല്‍ വിജയിച്ചിരിക്കുന്നു. ഒരു സൈക്കോളജിക്കല്‍ സൈബര്‍ ക്രൈം ത്രില്ലര്‍ എന്ന വിശേഷണം എല്ലാ അര്‍ഥത്തിലും ഛായാ മരണം അര്‍ഹിക്കുന്നു.
പ്രവീണ്‍ ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highights: praveen chandran malayalam investigative novel Book Review
Content Highlights: