'പുസ്തകശാലയിലേക്ക് വരുന്ന ഒരാൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ശ്രദ്ധിച്ചാൽ അയാളെ മനസ്സിലാക്കാൻ അധികനേരം വേണ്ടതില്ല'

പുസ്തകപ്രസാധകൻ, വിൽപ്പനക്കാരൻ എന്നീ നിലകളിൽ ജോലി ചെയ്ത ഒരാൾ എന്ന നിലയ്ക്ക് സിദ്ധാർത്ഥൻ എന്ന പുസ്തകവിൽപ്പനയിലെ മാസ്റ്റർമൈൻഡിനെ എങ്ങനെ പരിചയപ്പെടുത്തണമെന്നും അയാൾ എഴുതിയ പുസ്തകം എങ്ങനെ അടയാളപ്പെടുത്തണമെന്നും അറിയാതെ കുഴങ്ങുകയാണ് ഞാൻ.
അതുമല്ല, ഞാനും എന്റെ പുസ്തകക്കസർത്തുകളും സിദ്ധാർത്ഥന്റെ ബുക്മാർക്കിലൂടെ കടന്നുവരുന്നുമുണ്ട്.
ഒരാളുമായുള്ള ദീർഘകാലബന്ധം വഷളാവാൻ അയാളുടെ പുസ്തകത്തിന് ആമുഖം എഴുതിക്കൊടുക്കുകയാണ് എളുപ്പവിദ്യ. എന്നാൽ, അതൊന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം.
ഒട്ടേറെ പുസ്തകശാലകളെയും അതിലെ പുസ്തകവിൽപ്പനക്കാരിൽ പലരെയും എനിക്ക് അടുത്തറിയാം. അവരിലധികവും നല്ല വായനക്കാരും പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും നല്ല ധാരണയുള്ളവരുമാണ്. എന്നാൽ, പുസ്തകവിൽപ്പനക്കാരനായി ജോലി ചെയ്ത് എഴുത്തുകാരനായി മാറിയ ഒരാളെ അപൂർവ്വമായേ കണ്ടിട്ടുള്ളൂ. സിനിമാശാലയിൽ ടിക്കറ്റ് മുറിക്കുന്നയാൾതൊട്ട് പ്രോജക്ടർ പ്രവർത്തിപ്പിക്കുന്നയാൾവരെ സിനിമാക്കാരനാകാൻ ഉത്സാഹിച്ചിട്ടും അവരുടെ സ്വപ്നം പലപ്പോഴും പൂവണിയാറില്ല. എഴുത്തുകാരനാകുവാൻ ശ്രമിച്ചുനോക്കി പരാജയപ്പെട്ടവരുടെ കഥയും വ്യത്യസ്തമല്ല. അത്തരത്തിലൊരു സാഹിത്യപരിശ്രമിയെ 'രാജന്റെ ഒറ്റമൂലികയും ജ്ഞാനപീഠപ്രസംഗങ്ങളും' എന്ന ലേഖനത്തിലൂടെ സിദ്ധാർത്ഥൻതന്നെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.
ചാറ്റ് ജിപിടിയും എഐയുമെല്ലാം വൈജ്ഞാനികരംഗങ്ങൾ കീഴടക്കുന്ന ഇന്ന് ഒന്നാഞ്ഞുപിടിച്ചാൽ ആർക്കും ഒപ്പിച്ചെടുക്കാവുന്ന ഒന്നാണ് ഒരു കവിതാസമാഹാരം അല്ലെങ്കിൽ നോവൽ ബുക്ക്, അതുമല്ലെങ്കിൽ ഒരാത്മകഥ! എന്നാൽ, അജ്ജാതി ഉഡായിപ്പിലൂടെ ഒരു എഴുത്തുകാരൻ ആവുകയല്ല സിദ്ധാർത്ഥന്റെ ലൈൻ. മികച്ച രചനകൾ വായിച്ചും വായിച്ച പുസ്തകത്തിന്റെ പിന്നിലെ ചരിത്രം ചികഞ്ഞും അതിന്റെ സ്രഷ്ടാവിനെ അറിഞ്ഞും തന്റേതായ നിഗമനങ്ങളിലേക്ക്, നിരീക്ഷണങ്ങളിലേക്ക്, ഭാഷയുടെ തെളിച്ചമാർന്ന വഴികളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ് പുസ്തകശാലയിലെ ഈ ധ്യാനബുദ്ധൻ.
'ഭാഷയുടെ തെളിച്ചമാർന്ന വഴി' എന്ന് പ്രത്യേകം പറയുവാനുള്ള കാരണം, ഒരെഴുത്തുകാരന്റെ പണിയായുധം അയാൾ സ്വരൂപിച്ചെടുത്ത ഭാഷയാണ്; ആ ഭാഷയിൽ അയാൾ പ്രകടിപ്പിക്കുന്ന മൗലികതയും ആത്മാർത്ഥതയുമാണ്. എഴുത്ത് ആത്മാർത്ഥമാവുമ്പോൾ ഭാഷയിൽ കിന്നരിവെച്ച സാഹിത്യം അപ്രത്യക്ഷമാവുകയും സത്യസന്ധത യഥാർത്ഥ സാഹിത്യമായി മാറുകയും ചെയ്യും. വാക്കുകളിലൂടെയല്ലാതെ, അതിന്റെ വിനിമയസാദ്ധ്യതയിലൂടെയല്ലാതെ എങ്ങനെയാണ് ഒരെഴുത്തുകാരന് സ്വന്തം സത്യസന്ധത വെളിപ്പെടുത്താനാവുക?
ഈ പുസ്തകംതന്നെ അതിന് ധാരാളം ഉദാഹരണങ്ങൾ നിരത്തുന്നു. 'പൗഷാലിയിലെ ജയേന്ദ്രൻ മാഷ്' എന്ന ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്ന'പറയണത് കേട്ടാൽത്തോന്നും, മരംമുറി കാണാനായിട്ട് മാഷിന് വേണ്ടി ആ മരം വീട്ടുമ്മലേക്ക് ചാഞ്ഞുകൊടുത്തതാന്ന്' എന്ന ശൈലി കോഴിക്കോടിന്റേതാവുമ്പോൾ, 'അനന്തപുരത്തിലെ പ്രേതകഥ' പറയുമ്പോൾ സിദ്ധാർത്ഥന്റെ ഭാഷയിൽ ഭീതിയുടെ സ്ഫടികനിദ്രകൾ പിറക്കുന്നതും നമുക്കു വായിക്കാം.
'ജരാനരകൾ ബാധിച്ച തേക്കിൻതടിയിൽ തീർത്ത വൈദ്യുതിത്തൂണുകൾക്കു മുകളിൽ ഊന്നുവടിപോലെ വളഞ്ഞ കമ്പിയിൽ ഉറപ്പിച്ച വെള്ളപ്പിഞ്ഞാണപ്പാത്രം. അതിൽനിന്നും ഇറ്റുവീഴാൻ തുടങ്ങുന്ന വെള്ളത്തുള്ളിപോലെ ചില്ലുബൾബ്. കത്തുന്ന ബൾബിന്റെ പ്രകാശം വോൾട്ടേജ് ക്ഷാമം കാരണം താഴെ ഇടവഴിയിലെ പൂഴിമണ്ണിൽ ചോരവാർന്ന മുഖംപോലെ വിളർത്തുനിൽക്കും.'
എന്നാൽ, പുസ്തകം മോഷ്ടിക്കുമ്പോൾ പിടിയിലായ ഹതാശരായ മനുഷ്യരിലേക്ക് വരുമ്പോൾ കഥനം ബുദ്ധകാരുണ്യത്തിലേക്ക് മാറുന്നു. 'വിഖ്യാതനായ ഏതോ കഥാകാരന്റെ നിരാലംബനായ ഒരു കഥാപാത്രത്തെപ്പോലെ നടന്നകലുമ്പോൾ അയാളുടെ ഷർട്ടിന്റെ പിറകുവശം അലസമായി പാറിക്കളിക്കുകയും കൊലുന്നനേയുള്ള മെലിഞ്ഞ ശരീരത്തിലേക്ക് പറ്റിപ്പിടിക്കുകയും ചെയ്തുകൊണ്ടിരുന്നു. കടയിലേക്ക് വരുമ്പോൾ എന്റെ മനസ്സ് എന്തെന്നില്ലാതെ ശാന്തമായിരുന്നു' ('എനിക്ക് വായന അത്രയ്ക്കിഷ്ടമാണ് സാർ').
ലോണെടുത്ത് ബെർതോൾട് ബ്രെഹ്റ്റിന്റെ മുഴുവൻ വോള്യങ്ങളും വാങ്ങിച്ചു വീടുനിറയെ പുസ്തകങ്ങളുമായി ജീവിച്ചു മരിച്ച വേണുവേട്ടന്റെ സൊണാറ്റ എന്ന വീട്ടിലേക്കുള്ള യാത്രയിൽ സിദ്ധാർത്ഥൻ കാണുന്ന കാഴ്ചയുടെ ഭാഷയും വ്യത്യസ്തം. അതിങ്ങനെ:
'ഗേറ്റ് അടഞ്ഞിരിക്കുകയായിരുന്നു. പഴയകാല സിനിമാറീൽ ചലിക്കുംപോലെ ദ്രുതഗതിയിൽ ചുവപ്പും തവിട്ടും നിറമാർന്ന വണ്ടി ജീവിതാഭിനേതാക്കളെയും നിറച്ചുകൊണ്ട് ഓടിപ്പോയി. തൂക്കുമരത്തിന്റെ ലിവർ തിരിച്ച് ഒരേസമയം രണ്ടു ഗേറ്റുകളെ തൂക്കിലേറ്റി കാവൽക്കാരൻ പടിയിറങ്ങി.'
ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ഭാഷാപ്രയോഗത്തെ സംബന്ധിച്ച് ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കാനാകും. ഈ പുസ്തകത്തിലെ സവിശേഷമായ ആകർഷണം അതിൽ നിർഭരമായിരിക്കുന്ന എഴുത്തുഭാഷതന്നെ.
'കടലാസും മഷിയും എന്ന രണ്ടേരണ്ടു വസ്തുക്കളെക്കൊണ്ടുമാത്രം നിർമ്മിക്കപ്പെട്ട, ഉള്ളടക്കത്താൽ തികച്ചും വ്യത്യസ്തമായ അനേകായിരം ഉത്പന്നങ്ങളായി മാറുന്ന അദ്ഭുതപ്രതിഭാസമാണ് പുസ്തകങ്ങൾ. ആയതിനാൽ മറ്റൊരു വിൽപ്പനയ്ക്കും കൈവരിക്കാനാവാത്ത ഒരു സവിശേഷമാനം പുസ്തകവിൽപ്പനയ്ക്കു ലഭിക്കുന്നു. ലോകത്ത് മറ്റൊരുത്പന്നവും ഇങ്ങനെ ഉണ്ടാവില്ല. വിൽപ്പനയുടെ രീതിശാസ്ത്രമനുസരിച്ച് പുസ്തകവിൽപ്പനക്കാരൻ എന്നും ഒരു വിദ്യാർത്ഥിയാണ്. മുന്നിൽ വരുന്ന ഏതൊരു പുസ്തകവും കസ്റ്റമറും ഗുരുക്കന്മാർക്കു തുല്യരാണ്. എന്തെങ്കിലും പുതിയത് ഓരോ ആളിൽനിന്നും ഓരോ പുസ്തകത്തിൽനിന്നും പഠിക്കാനുണ്ടാകും.'
'ഒരാളെ അറിയണമെങ്കിൽ അയാളുടെ വായനാഭിരുചി മനസ്സിലാക്കിയാൽ മതി. ഒരു വീട്ടിലേക്ക് നിങ്ങൾ ചെന്നുകയറിയാൽ കാണുന്ന പത്രമാസികകളിൽനിന്ന് ആ ഭവനത്തിലെ മനുഷ്യരുടെ അഭിരുചികൾ മനസ്സിലാക്കാം. പുസ്തകശാലയിലേക്ക് വരുന്ന ഒരാൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ശ്രദ്ധിച്ചാൽ അയാളെ മനസ്സിലാക്കാൻ അധികനേരം വേണ്ടതില്ല.' അങ്ങനെ തന്റെ പുസ്തകശാലയിൽ വന്നുംപോയുമിരുന്ന നിരവധിയായ മനുഷ്യരെ അടുത്തറിയുകയും അവരിൽനിന്നും സ്വാംശീകരിക്കാൻ കഴിഞ്ഞ മൂല്യബോധം തന്റെ ചിന്തകളെയും എഴുത്തിനെയും എങ്ങനെ തരളിതമാക്കുന്നുവെന്ന് ബുക്ക് മാർക്കിലൂടെ വായനക്കാരനു മുന്നിൽ വരഞ്ഞിടുകയും ചെയ്യുന്നു സിദ്ധാർത്ഥൻ.
വാസ്തുശിൽപ്പിയിൽനിന്നും ആത്മീയാന്വേഷണത്തിലേക്കു കൂടുമാറിയ സിന്റു മാഡം, പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങേണ്ടതിനു പകരം ബിഗ്ഷോപ്പറിൽ പുസ്തകങ്ങൾ നിറച്ച് വീട്ടിലേക്കു പോകുന്ന പ്രൊഫ. ഐ.ജി. ഭാസ്കരപ്പണിക്കർ, വായനയുടെ ഭ്രമണപഥത്തിൽ സ്വയം നഷ്ടപ്പെടാൻ ഉത്സാഹം കാണിച്ച് വിവാഹമേ വേണ്ടെന്നുവെച്ച പ്രൊഫ. നാഗേഷ്, അപൂർവ്വങ്ങളായ പുസ്തകങ്ങൾക്കുവേണ്ടി കിടപ്പറപോലും വേണ്ടെന്നുവെച്ച പൗഷാലിയിലെ ജയേന്ദ്രൻ മാഷ്, പെഡ്രോ പരാമോയിലെ ഹുവാൻ പ്രെസ്യാദോയെപ്പോലെ, മുണ്ടുടുത്ത ഹുവാൻ പ്രെസ്യാദോ എന്ന് സിദ്ധാർത്ഥൻ വിശേഷണം ചാർത്തിക്കൊടുത്ത നന്മണ്ടക്കാരൻ ജയകൃഷ്ണൻ, കുവൈത്തിലെ ആകർഷകമായ ജോലി രാജിവെച്ച് വായനയ്ക്കും പാട്ടുകൾക്കുമായി നാട്ടിലേക്ക് തിരിച്ചുവന്ന ഉണ്ണികൃഷ്ണൻ പാലക്കൽ, ധനാസക്തിക്കു പകരം പുസ്തകങ്ങളും ചെടികളുമായി ലാളിത്യമെന്ന സമ്പത്ത് സ്വന്തമായുള്ള ഡോക്ടർ ശ്രീധരനുണ്ണി എന്ന ഉണ്ണി സാർ, എം. മുകുന്ദന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകവഴി സൗഹൃദത്തിലായ, ടെക്സസ് യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ സ്റ്റഡീസിൽ പ്രൊഫസറായ ഡൊണാൾഡ് ആർ. ഡേവിഡ് ജൂനിയർ. കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ സൗത്ത് ഏഷ്യൻ മാനേജിങ് ഡയറക്ടർ ആയി ഏഷ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മലയാളം മീഡിയംകാരൻ ഗോവിന്ദൻ, ഹാരിപോട്ടർക്കു വേണ്ടി ഉറക്കമിളച്ച് കാത്തുനിന്ന ശാരദ എന്ന കൊച്ചുകുട്ടി, ലാറ്റിനമേരിക്കൻ സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയ ലിറ്റററി ഏജന്റ് കാർമെൻ ബാൽസെൽസ്, സിദ്ധാർത്ഥന്റെ മാർക്കറ്റിങ് ഗുരു അക്കാന്റി എന്ന സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന...
ഇങ്ങനെ ഗുരുക്കന്മാരും വഴികാട്ടികളുമായി മാറിയ മനുഷ്യർക്കിടയിൽ പുസ്തകമോഷ്ടാക്കളും നൂലുകൊണ്ടളന്നു പുസ്തകം വാങ്ങിക്കുന്ന കോടീശ്വരന്മാരുമെല്ലാം വന്നുംപോയുമിരിക്കുന്ന പുസ്തകശാലയിലെ രണ്ടു മോഷണങ്ങളെപ്പറ്റി പറയുമ്പോൾ അതിന്റെ തമാശകളിലോ കുറ്റകൃത്യത്തിന്റെ നീതിന്യായങ്ങളിലോ അല്ല, മറിച്ച് അത്തരം മനുഷ്യാവസ്ഥയുടെ ദാരുണതകളിലേക്കാണ് ഈ പുസ്തകവിൽപ്പനക്കാരൻ ബുദ്ധന്റെ കാരുണ്യക്കണ്ണുകൾ തുറക്കുന്നത്.
പുസ്തകശാലയിലെ അടച്ചിട്ട മുറിയിൽനിന്നും പുറലോകത്തേക്ക് കണ്ണും കാതും തുറന്നുവെച്ച ഈ ധ്യാനബുദ്ധൻ നമുക്കു മുന്നിൽ വരഞ്ഞിടുന്ന മനുഷ്യജീവിതങ്ങൾ വളരെ വ്യത്യസ്തമാണ്. മദിരാശിക്കാരൻ മുഹമ്മദും റോഡരികിലെ ഭിക്ഷക്കാരിയും കുത്തബ് മീനാറിലെ നായരേട്ടനും മറ്റും മറ്റും...
പുസ്തകലോകവുമായി നേരിട്ടു ബന്ധപ്പെടുന്ന കഥകളല്ലെങ്കിലും മികച്ച വായനാനുഭവം തരുന്ന ചില കുറിപ്പുകളും അതിലൂടെ അനാവൃതമാകുന്ന അപൂർവ്വം ചില മനുഷ്യരും ഈ പുസ്തകത്തിലുണ്ട്. ബൈക്ക് ആംബുലൻസ് ദാദാ എന്നറിയപ്പെടുന്ന ബംഗാളിലെ ജൽപായ് ഗുരി ജില്ലയിലെ കരീമുൽ ഹഖ് അവരിലൊരാളാണ്.
ഏതൊരു വിൽപ്പനക്കാരന്റെയും ജീവിതദുരന്തം വിൽപ്പനക്കാരനായി ജീവിച്ച് വിൽപ്പനക്കാരനായിത്തന്നെ ഒടുങ്ങുക എന്നതാണല്ലോ... ഈയൊരു ദുരന്തത്തെ മറികടക്കുന്നവർ സാധാരണയായി മറ്റൊരു സ്ഥാപനം തുടങ്ങി മറ്റൊരു പ്രസാധകനായി വളരുകയോ തളരുകയോ ചെയ്യുന്നതാണ് പുസ്തക പ്രസാധന/വിൽപ്പനലോകത്ത് കണ്ടുവരുന്ന ഒരു സാധാരണ പ്രതിഭാസം. എന്നാൽ, വിൽക്കാൻവെച്ച ഉത്പന്നങ്ങളിലൂടെ സ്വന്തമായി ഒരുത്പന്നം സൃഷ്ടിച്ചെടുക്കുക എന്നത് ഒരപൂർവ്വതയാണ്. അതുകൊണ്ടാണ് വിൽപ്പനയ്ക്കു വെച്ച പുസ്തകങ്ങളുടെ വെറുമൊരു സെയിൽസ്മാനാകാതെ പുസ്തകങ്ങളുടെ സ്രഷ്ടാക്കളെ ആദരിക്കുവാനും അതുവഴി സ്വയം കണ്ടെത്താനും പരിണമിക്കാനും സിദ്ധാർത്ഥനു കഴിഞ്ഞത്. അതിന്റെ ഉദാഹരണമാണ്, തനിക്ക് പ്രിയങ്കരനായ എഴുത്തുകാരൻ നൊബേൽ ജേതാവ് ഓർഹൻ പാമുക്കിനെ അടുത്തു കാണുകയും ആ വിരലുകൾ സ്പർശിക്കുകയും ചെയ്ത സന്ദർഭത്തെ സിദ്ധാർത്ഥൻ ഇങ്ങനെ ചിത്രീകരിച്ചത്:
'ആധുനിക തുർക്കിയുടെ ജീർണ്ണതകളും വിഹ്വലതകളും പൊയ്പോയ കാലത്തിന്റെ നിഷ്കളങ്കതയും രചനാവൈഭവംകൊണ്ട് അനശ്വരമാക്കിയ വിരലുകൾ...'
താൻ എത്തിപ്പെട്ട തൊഴിലിന്റെ മഹത്ത്വത്തെക്കാളേറെ തനിക്കുണ്ടായ തിക്താനുഭവങ്ങളാണല്ലോ കൂടുതലായും ഒരു തൊഴിലാളിക്ക് ഓർമ്മയിലുണ്ടാവുക. എന്നാൽ സിദ്ധാർത്ഥനെ സംബന്ധിച്ചിടത്തോളം വാസ്തവം മറിച്ചാണ്.
'ഇനിയൊരു ജന്മമുണ്ടെങ്കിൽ പുസ്തകവിൽപ്പനക്കാരനായാൽ മതി എന്ന എന്റെ ബോദ്ധ്യത്തെ നേരിൽ വന്നു സാക്ഷ്യപ്പെടുത്തിയപോലെ...' (പാമുക്ക്-ഒരായിരം നന്ദി) എന്നെഴുതിവെക്കുന്നതിലൂടെ അയാൾ തന്റെ തൊഴിലിടം നൽകിയ ആനന്ദം പ്രഖ്യാപിക്കുകയാണ്.
ഈ പുസ്തകത്തിൽ ഏറ്റവും ചേതോഹരമായിത്തോന്നിയതും വായനക്കാരെ ഉള്ളുലയ്ക്കാൻ പോന്നതുമായ ഒന്നാണ് വെയിൽ തിന്നുന്ന പക്ഷിയായ കവി എ. അയ്യപ്പനെക്കുറിച്ചുള്ള കിടിലൻ ഓർമ്മ.
ജീവിതത്തിൽ ഏറിയകൂറും പുസ്തകങ്ങൾക്കിടയിൽ ജീവിച്ച ഒരു സെയിൽസ്മാന്റെ ബുക്മാർക്ക് നിരീക്ഷണങ്ങൾ ആരെയും അതിശയപ്പെടുത്തും. നോക്കുക:
'മറ്റെന്തു സ്വത്തും അടുത്ത തലമുറയ്ക്ക് കലഹിക്കാനുള്ള വകയൊരുക്കിയേക്കാം. എന്നാൽ, പുസ്തകങ്ങളുടെ ഈ സ്വത്തിനു കലഹമുണ്ടാവില്ല. കാരണം, പുസ്തകങ്ങൾ ആഗ്രഹിക്കുന്നവന്റെ മനസ്സ് അതിനും ഒരുപടി മുകളിലായിരിക്കും.'
പുസ്തകശാലകളിലേക്ക് പ്രവേശിക്കുന്ന ഓരോ പുസ്തകപ്രേമിയും ശ്രദ്ധിക്കുക: ധ്യാനബുദ്ധന്മാർ ഓരോ പുസ്തകക്കൂമ്പാരത്തിനു പിറകിലും കണ്ണും കാതും തുറന്ന് കാത്തിരിക്കുന്നുണ്ട്. പുസ്തകമോഷ്ടക്കളെ പിടികൂടാനല്ല, പിന്നെയോ, പുസ്തകപ്രണയികളുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാൻ; പിന്നെ സ്വയം പ്രസരിപ്പിക്കാൻ. പുസ്തകശാലയിലെ ഈ ധ്യാനബുദ്ധന്റെ എഴുത്ത് എന്നെ ഓർമ്മിപ്പിക്കുന്നത് പുതുപുസ്തകങ്ങൾ തുറക്കുമ്പോൾ അതിൽനിന്നുമുയരുന്ന പുതുഗന്ധമാണ്, മണ്ണും മഴയും കൂടിക്കലർന്ന ഗന്ധം; മനുഷ്യഗന്ധം.