മിത്തോളജി-സയന്‍സ്: ആന്തരബന്ധങ്ങളുടെ അര്‍ത്ഥവത്തായ അന്വേഷണം- ഡോ. ആര്‍സു

സി.വി ആനന്ദബോസ്, പുസ്തകത്തിൻെറ കവർ
സി.വി ആനന്ദബോസ്, പുസ്തകത്തിൻെറ കവർ

ഡോ. സി.വി ആനന്ദബോസിന്റെ മിത്തും സയന്‍സും ഒരു പുനര്‍വായന എന്ന പുസ്തകത്തിന് ഡോ.ആര്‍സുവിന്റെ നിരൂപണം. 

 പുറമേനിന്ന് നോക്കുമ്പോള്‍ ചില വിഷയങ്ങള്‍ തീരെ പൊരുത്തപ്പെടാത്തവയാണെന്ന ധാരണ മുമ്പ് സമൂഹത്തില്‍ പ്രബലമായിരുന്നു. ശാസ്ത്രവും മതവും തമ്മില്‍ ധ്രുവങ്ങളുടെ വ്യത്യാസമുണ്ടെന്നായിരുന്നു മുമ്പത്തെ സങ്കല്പം. മിത്തും ശാസ്ത്രവും ഒരിടത്തും ഇണങ്ങാതെനില്‍ക്കുന്ന വിഷയങ്ങളാണെന്ന് ധാരണ പഴയകാലത്തുമുണ്ടായിരുന്നു. പിന്നീട് കാലം മാറി. കാഴ്ചപ്പാടുകള്‍ മാറി. വിശകലന രീതികള്‍ മാറി. വിഷയങ്ങള്‍ interdisciplinary ആയി പരിണമിച്ചു. ഡോ.സി.വി. ആനന്ദബോസ് ഇംഗ്ലീഷില്‍ രചിച്ച് മാതൃഭൂമി ബുക്‌സിനുവേണ്ടി ഡോ.അനിത എം.പി. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മിത്തും സയന്‍സും ഒരു പുനര്‍വായന ഉള്ളടക്കത്തിലും ഉള്‍ക്കാഴ്ചയിലും പുതുമ പുലര്‍ത്തുന്ന ഒരു പുസ്തകമാണ്. ആമുഖക്കുറിപ്പില്‍ ലേഖകന്‍ തന്റെ പ്രേരണാതലങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ബാല്യത്തില്‍ മുത്തശ്ശി പറഞ്ഞുകേള്‍പ്പിച്ച കഥകള്‍, രാജഗോപാലാചാരി കുട്ടികളെ ഉദ്ദേശിച്ച എഴുതിയ രാമായണം, മഹാഭാരതം പുനരാഖ്യാനങ്ങള്‍ ഇവയാണ് ബാലമനസ്സില്‍ പ്രകാശം ചൊരിഞ്ഞത്. പിന്നീട് ഗ്രീക്ക് പുരാണകഥകള്‍, ബൈബിള്‍ കഥകള്‍, പാശ്ചാത്യഭാഷകളിലെ മിത്തോളജികൃതികള്‍ എന്നിവ മനോവികാസമേകി. ഗഹനവായന എഴുത്തിനുള്ള വെള്ളവും വെളിച്ചവും കാറ്റും വളവുമേകി. അതിന്റെ വിപുലനമാണ് ഈ പുതിയ പുസ്തകം.

 ഞാന്‍ ഒറ്റയ്ക്കാണോ എന്നതാണ് ഇതിലെ പ്രഥമലേഖനം. ഞാന്‍ ഒറ്റയ്ക്കാണോ ഞാന്‍ ആരാണ് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ ഉദ്ദാലക മഹര്‍ഷി, നീചേ, കബീര്‍ദാസ്, സോളമന്‍ എന്നിവരുടെ ചിന്താകിരണങ്ങള്‍ ലേഖനത്തില്‍ ഉള്‍ച്ചേരുന്നുണ്ട്. 

സംഗീതം നിശ്ശബ്ദതയുടെ ശബ്ദം എന്ന അടുത്ത ലേഖനം പഴയകാലത്തും പുതിയകാലത്തും സംഗീതത്തിന് ലഭിച്ച മഹത്വം പ്രതിപാദിക്കുന്നുണ്ട്. സംഗീതത്തിന്റെ ഉത്കൃഷ്ടത ആദ്യം മനസ്സിലാക്കിയ ഭാരതീയന്‍ നാരദമുനിയാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. താന്‍സന്റെ സിദ്ധികളിലേക്കും ചില സൂചനകള്‍ നല്‍കുന്നു. ഭരതമുനി, വ്യാസന്‍, വാല്‍മീകി എന്നീ മനീഷികളുടെ സാംസ്‌കാരികസംഭാവനകളെ കുറിച്ചുള്ള സൂചനകള്‍ ഇവിടെ ലഭിക്കുന്നു കര്‍ണ്ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം ഇവയുടെ പഴമയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഈ ശാഖയിലെ അനശ്വര സംഗീതജ്ഞരെ ലേഖകന്‍ പരിചയപ്പെടുത്തുന്നുണ്ട്. വിഷാദഭരിതമായ മനസ്സുകള്‍ക്ക് സമാശ്വാസം നല്‍കുന്ന മ്യൂസിക് തെറാപ്പിയെ കുറിച്ച് ലേഖകന്‍ വിശദീകരിക്കുന്നുണ്ട്.

 നിറങ്ങള്‍ക്കുള്ള പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതാണ് അടുത്ത ലേഖനം. ഇന്ത്യന്‍ പുരാണത്തില്‍ ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ നിറം ഉണ്ടെന്ന് സൂചിപ്പിച്ച്, പിന്നെ അത് വിസ്തരിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് മാത്രമല്ല ഇതു ബാധകമാകുന്നത്‌. ഗാരിബാള്‍ഡിയും ഹിറ്റ്ലറും ഓരോ നിറം ഇഷ്ടപ്പെട്ടവരായിരുന്നു. പ്രകൃതിക്ക് അസാധ്യമായി ഒന്നുമില്ലെന്ന വാദമുഖം അവതരിപ്പിക്കുന്നതാണ് അടുത്ത ലേഖനം. മനുഷ്യരും പ്രകൃതിശക്തികളുമായുള്ള പാരസ്പര്യം ഇവിടെ വിശദമാക്കുന്നുണ്ട്. പാര്‍വ്വതി, പരമേശ്വരന്‍, ഉദ്ദാലകന്‍, ശ്വേതകേതു, ബലരാമന്‍, അര്‍ജ്ജുനന്‍ എന്നിവരെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ ഇവിടെ കാണാം. ലക്ഷ്മി- വിഷ്ണു, രാധ-കൃഷ്ണന്‍, രാമന്‍- സീത എന്നിവരുടെ അടുപ്പം അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തിന് നിദര്‍ശനമാണെന്ന് ഇവിടെ പറഞ്ഞുവെക്കുന്നു.

 നാം ജീവിക്കുന്ന ഇന്നത്തെ കാലത്തെ സത്യാനന്തരകാലം എന്ന് വിശേഷിപ്പിക്കുന്ന ചില കപടബുദ്ധിജീവികള്‍ ഉണ്ട്. ഇത് പൊള്ളയായ വാദമാണ്. 'സത്യത്തിന് സമംസത്യം മാത്രം' എന്ന ലേഖനം ചിന്തോദീപകമാണ്‌. ഹരിശ്ചന്ദ്രന്‍ സത്യത്തിനുവേണ്ടി നിലകൊണ്ടു. ഗാന്ധിജിക്കും സത്യം വഴികാട്ടിയായി. ഷോപ്പന്‍ ഹോവര്‍, മാര്‍ക്ട്വയിന്‍, ജൊനാതന്‍ സ്വിഫ്റ്റ് എന്നിവര്‍ സത്യത്തിന്റെ മഹത്ത്വത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിച്ച കാര്യങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ സത്യം ദേശകാലാതീതമാണെന്ന് ബോധ്യമാകും. ഋഗ്വേദം, ബൃഹദാരണ്യകോപനിഷത്ത്, ബൈബിള്‍, ഖുറാന്‍ എന്നീ പാവനഗ്രന്ഥങ്ങളിലെല്ലാം ജലത്തിന്റെ മഹത്ത്വം വിവരിക്കുന്നുണ്ട്. അഭാരതീയരായ കവികളും ചിന്തകരും ആ വഴിയില്‍ ചിന്തിച്ചവരാണ്. അതെല്ലാം 'ജലം: ജീവിതമോ മരണമോ?' എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ മിത്തോളജിയിലെ വരുണഭഗവാനെ ഇവിടെ വിസ്മരിച്ചുപോയിട്ടുണ്ട്. നദികളെ ചുറ്റിപ്പറ്റിയുള്ള മിത്തോളജിയുടെ കുറെ ഇഴകള്‍ ഈ ലേഖനത്തില്‍ ഉണ്ട്. പല ലോകരാഷ്ട്രങ്ങളിലും ആഘോഷിച്ചുവരുന്ന കുറേ ഉത്സവങ്ങള്‍ ഉണ്ട്. ഓരോ ഉത്സവവും ഒന്നോ അതിലധികമോ മിത്തുകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉത്സവങ്ങള്‍ സമ്മാനിക്കുന്നത് ആഘോഷമാണ്.  സക്കോത്ത് ജൂതന്മാരുടെ ഉത്സവമാണ്. ഐസ് ആന്‍ഡ് സ്നോ ഫെസ്റ്റിവല്‍ ചൈനക്കാരുടെ ആഘോഷമാണ്. ദി മങ്കി ബുഫേ(തായ്ലന്‍ഡ്), ചുയാങ്ചാവുബണ്‍ (ഹോങ്കോങ്) അണ്ടര്‍വാട്ടര്‍ ഫെസ്റ്റിവല്‍ (യു.എസ്.എ.) ഒക്ടോബര്‍ ഫെസ്റ്റ് (ജര്‍മ്മനി) ലാ ടൊമാറ്റിനാ (സ്പെയിന്‍) ദിയ ഡി ലോഡ് മ്യൂര്‍ ടോഡ് (മെക്സിക്കോ) ഇവയെക്കുറിച്ച് എല്ലാം കുറേ സൂചനകള്‍ ലഭിക്കുന്നതാണ് ഈ ലേഖനം. ഹോളി, സത്യനാരായണ വ്രതം ഇവയെക്കുറിച്ച് മാത്രമാണ് ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ പ്രതിപാദിക്കുന്നത്. ദുര്‍ഗ്ഗാപൂജ, ശിവരാത്രി, പൊങ്കല്‍, ഉഗാദി, ബിഹു, ഓണം,വിഷു, ബൈശാഖി, ഗണഗൗര്‍മേള അങ്ങനെ നിരവധി ഉത്സവങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നടക്കുന്നു. പലതും കാര്‍ഷികോത്സവങ്ങളും വര്‍ഷാരംഭങ്ങളുമാണ്. ഐതിഹ്യ ഇഴകള്‍ എല്ലാറ്റിനും അടിയിലുണ്ട്. അവയെക്കുറിച്ചു ഈ പ്രകരണത്തില്‍ പര്യാപ്ത പരാമര്‍ശങ്ങള്‍ ഇല്ല. ആഘോഷങ്ങള്‍ മതപരമായ ചടങ്ങുകള്‍ മാത്രമല്ല. സ്വയം അറിയുന്നതിനു വേണ്ടിക്കൂടിയുള്ളതാണ്. അവ മനുഷ്യമനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നു. ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ ആളുകളുടെ മനസ്സിന്റെ പിരിമുറുക്കം കുറയുന്നു. ഈ നിരീക്ഷണങ്ങള്‍ക്ക് ഇന്നു വളരെ പ്രസക്തിയുണ്ട്. മിത്തോളജിയുടെ സമ്പത്തില്ലാത്ത രാജ്യങ്ങള്‍ ഉണ്ടാകില്ല. ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കും എന്നു മാത്രം. ഇത് പ്രയോജനപ്പെടുത്തി സാഹിത്യത്തെ സമ്പുഷ്ടമാക്കിയ ഭാഷകളുമുണ്ട്.

 'ഇന്ത്യന്‍ മിത്തോളജി ഒരു എത്തിനോട്ടം' എന്ന ലേഖനത്തില്‍ കുറെ വിഭാഗങ്ങളുണ്ട്. അശ്വത്ഥാമാവ്, ഹയഗ്രീവന്‍, ഭീമന്‍, അയ്യപ്പസ്വാമി, ശിവന്‍, ഭീഷ്മര്‍, ശകുനി, വ്യാസ മഹര്‍ഷി, കര്‍ണ്ണന്‍, കുന്തി, സീത, താര, അഹല്യ എന്നിവരെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ ഇവിടെ കാണാം. ചിലര്‍ തിന്മയെ പ്രതിനിധാനം ചെയ്യുന്നവരാണ്, ചിലര്‍ നന്മയെയും. പാശ്ചാത്യ പണ്ഡിതന്മാരെ കുറിച്ചും ഇടയില്‍ പറഞ്ഞു പോകുന്നുണ്ട്. പീറ്റര്‍ ബ്രൂക്ക് ഒക്ടോവിയാ പാസ്, സുയോഷി നാര എന്നിവര്‍ ഇന്ത്യന്‍ മിത്തോളജിയില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട വിദേശ എഴുത്തുകാരാണ്.  അവരെക്കുറിച്ചുകൂടി പരാമര്‍ശിച്ചിരുന്നുവെങ്കിലെന്ന്  ഈ പ്രകരണം വായിച്ചപ്പോള്‍ തോന്നി.

 ശാസ്ത്രം മിത്തോളജിയുമായി കൈകോര്‍ക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ ലേഖകന്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. ധര്‍മ്മം,അധര്‍മ്മം ഇവയെ തിരിച്ചറിയാന്‍ മനോധര്‍മ്മത്തെ ആശ്രയിക്കേണ്ടിവരും എന്ന് ലേഖകന്‍ പറയുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ഗുഹാചിത്രങ്ങള്‍, അഗ്‌നി, സൗന്ദര്യം, നദികള്‍, മാതൃത്വം, സ്ത്രീസ്വാതന്ത്ര്യം, ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള ബന്ധം, വെള്ളപ്പൊക്കം എന്നീ വിഷയങ്ങള്‍ കടന്നുവരുന്നു. എല്ലാറ്റിനെയും മിത്തോളജിയുമായി ബന്ധപ്പെടുത്തുന്നു. പ്രകൃതിദുരന്തം വരാതിരിക്കാന്‍ വേണ്ടി മുന്‍കരുതലുകള്‍ ഏതുവിധത്തില്‍ ആകണം എന്ന ചിന്ത അവസാന അധ്യായത്തില്‍ പങ്കുവെക്കുന്നുണ്ട്. ഉദ്ധരണികളുടെ കൂമ്പാരം പല ലേഖനങ്ങളിലും കാണുന്നുണ്ട്. അന്തിമ അദ്ധ്യായം ഉപസംഹരിക്കുമ്പോള്‍ വയനാടിനെ ജില്ലയെക്കുറിച്ച് പ്രത്യകം ഓര്‍മ്മപ്പെടുത്തിയത് ശ്രദ്ധേയമായി. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നുണ്ട്. ഇത് ഭരണാധികാരികള്‍ ഗൗനിക്കുമോ എന്നതാണ് പ്രശ്നം. മുത്തശ്ശിമാരുടെ ഒരു ഉപദേശം ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.' ഇതെല്ലാം പതിക്കുന്നത് ബധിരകര്‍ണങ്ങളില്‍ ആകാതിരിക്കട്ടെ.

 ഇതൊരു വിവര്‍ത്തന കൃതിയാണ്. വായനയില്‍ തട്ടും തടവുമില്ലാത്ത രീതിയിലാണ് അനിത വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വിവര്‍ത്തനത്തിന് മാത്രം പോരാ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയത്തിലും നല്ല അവഗാഹം വേണം. മിത്തോളജിയുടെ ചെപ്പുതുറക്കുന്ന പുസ്തകം വിവര്‍ത്തനംചെയ്യുമ്പോള്‍ 
ആ വിഷയത്തില്‍ നല്ല ഉള്‍ക്കാഴ്ച കൂടി അനിവാര്യമാണ്. സര്‍ഗാത്മക സാഹിത്യ വിവര്‍ത്തനം വൈജ്ഞാനിക സാഹിത്യവിവര്‍ത്തനം ഇവ രണ്ടിന്റെയും രീതിശാസ്ത്രം വ്യത്യസ്തമായിരിക്കും. അറിവിന്റെ പുതിയ മേഖലയില്‍ നടത്തുന്ന ഉദ്ഖനനം എന്ന സവിശേഷത ഈ കൃതിക്കുണ്ട്. ആശയത്തിന് ക്ഷതമേല്‍ക്കാത്ത വിധത്തില്‍ ഇത്തരം കൃതികള്‍ വിവര്‍ത്തനം ചെയ്യുക ഒരു വെല്ലുവിളിയാണ്. അത് ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചതായി അനുഭവപ്പെട്ടു. ആശയത്തിലെ സുതാര്യത ഭാഷയിലെ സുതാര്യതയായി പരിണമിച്ചിട്ടുണ്ട്. വിവര്‍ത്തനം  ചെയ്തിരിക്കുന്നത് ദുര്‍മേദസ്സില്ലാത്ത ഭാഷയിലാണ്. മൂലഗ്രന്ഥകാരനെയും വിവര്‍ത്തകയെയും അനുമോദിക്കുന്നു.

                                   

Content Highlights: dr arsu book review cv anandabose myth and science mathrubhumi books