കിരണ്‍ ദേശായിയും കരോളിനുമല്ല, ഓര്‍ഹാന്‍ പാമുക്കിന്റെ സഖി അസ്ലി അകിയവാസ് തന്നെ!

ഓര്‍ഹാന്‍ പാമുക്,അസ്ലി അകിയവാസ്
ഓര്‍ഹാന്‍ പാമുക്,അസ്ലി അകിയവാസ്

 വിഖ്യാത എഴുത്തുകാരനും തുര്‍ക്കിയുടെ ആദ്യ നോബേല്‍ ജേതാവുമായ ഓര്‍ഹാന്‍ പാമുക് വിവാഹിതനായി. ഇസ്താംബൂളില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പാമുക്കിന്റെ ഉറ്റസുഹൃത്തായ അസ്ലി അകിയവാസിനെയാണ് ഔദ്യോഗികമായി പാമുക് വിവാഹം കഴിച്ചിരിക്കുന്നത്. അറുപത്തിയൊമ്പതുകാരനായ പാമുക് നാല്‍പ്പത്തിയേഴുകാരിയായ അസ്ലിയെ തന്റെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

അറുപതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് പാമുക്കിന്റെ രചനകള്‍. ലോകത്തെല്ലായിടത്തുമായി മൂന്ന് മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഓര്‍ഹന്‍ പാമുക്കിന്റെ പുതിയ വിശേഷം ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തുര്‍ക്കി ഹെൽത്ത് ടൂറിസം മേഖലയ്ക്ക് നേതൃത്വം കൊടുക്കുന്ന അസ്ലി അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും സംഘാടകയുമാണ്. 

1982-ല്‍ പ്രമുഖ ചരിത്രകാരിയായ അയ്‌ലിന്‍ ടറേഗിനെ വിവാഹം ചെയ്ത പാമുക് തന്റെ പ്രശസ്ത നോവലുകളിലൊന്നായ 'ദ ബ്ലാക് ബുക്' എഴുതുന്നത് അയ്‌ലിന്റെ ഗവേഷണകാലത്താണ്. പാമുക്കിന്റെ ആദ്യകാല രചനകളില്‍ അയ്‌ലിന്റെ ശക്തമായ സ്വാധീനം കാണാമായിരുന്നു.  ആ  ബന്ധത്തില്‍ റുയ എന്നു പേരായ ഒരു മകളാണ് ഉള്ളത്. റുയ എന്നാല്‍ തുര്‍ക്കിയില്‍ സ്വപ്‌നം എന്നാണര്‍ഥം. പത്തൊമ്പത് വര്‍ഷത്തെ ദാമ്പത്യബന്ധം 2001-ല്‍ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. 

അയ്‌ലിനുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചതിനുശേഷം പ്രശസ്ത എഴുത്തുകാരി കിരണ്‍ ദേശായിയുമായി പ്രണയത്തിലായ പാമുക് ആ ബന്ധത്തെയും പരസ്യമായി അംഗീകരിച്ചിരുന്നു. തങ്ങള്‍ വൈകാതെ തന്നെ വിവാഹിതരാവുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതേ സമയം തന്നെയാണ് തുര്‍ക്കി-അര്‍മേനിയന്‍ ആര്‍ടിസ്റ്റായിരുന്ന കരോളിന്‍ ഫെസേക്കി പാമുക്കുമായുള്ള ബന്ധത്തെക്കുറിച്ച് പ്രസ്താവിച്ചത്. കിരണ്‍ ദേശായിയുമായി പ്രണയത്തിലായിരിക്കുമ്പോള്‍ തന്നെ സമാന്തരമായി കരോളിനുമായും ബന്ധം തുടര്‍ന്നുവെന്ന ആരോപണത്തെ പാമുക് നിഷേധിച്ചുവെങ്കിലും ദേശായി ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
 

Content Highlights: turkish novelist orhan pamuk married to Aslı Akyavaş ​