ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കഴിയില്ല- ജെ.കെ.യുടെ പുസ്തകം വായിച്ച് രവി മേനോൻ എഴുതുന്നു

പുസ്തകത്തിന്റെ കവര്‍ പേജ്, രചയിതാവ് ജയകൃഷ്ണൻ(ജെ.കെ.)
പുസ്തകത്തിന്റെ കവര്‍ പേജ്, രചയിതാവ് ജയകൃഷ്ണൻ(ജെ.കെ.)

ജെ.കെ.യുടെ ‘someഭാഷണങ്ങൾ കുറേ ആത്മ’ഗത’ കഥകൾ എന്ന പുസ്തകത്തെക്കുറിച്ച് രവി മേനോൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്….

വിരസമായ സായാഹ്നത്തിൽ മെലഡിയുടെ മധുരം നിറക്കുന്നു ജെ കെ എന്ന ജയകൃഷ്ണൻ. കുന്ദൻലാൽ സൈഗളിൽ തുടങ്ങി മുഹമ്മദ് റഫിയിലൂടെ, കിഷോറിലൂടെ, മുകേഷിലൂടെ യേശുദാസിലേക്ക് നീളുന്ന സംഗീത യാത്ര. സച്ചിൻ ദേവ് ബർമ്മനും മദൻമോഹനും ശങ്കർ ജയ്കിഷനും ബാബുരാജുമൊക്കെ മാറിമാറി വന്നുനിറയുന്നു ആ പ്രവാഹത്തിൽ.

ഗാനമാലികക്കൊടുവിൽ ഗൗരവം കലർത്തി ഒരു ചോദ്യം: "നോക്കിൻ, ഇങ്ങനെ പഴേ പാട്ട് പാടിത്തരാനും പഴേ പാട്ടുകാരെ പറ്റി ചർച്ച ചെയ്യാനും നിങ്ങക്ക് വേറെ ആരെയെങ്കിലും കിട്ടുമോ മനുഷ്യാ ഇക്കാലത്ത് ?"

മനസ്സിനെ തൊട്ടു ആ ചോദ്യം. തമാശയായാണ് പറഞ്ഞതെങ്കിലും സത്യമായിരുന്നു. ഇന്നലെകൾക്ക് പ്രസക്തി നഷ്ടപ്പെടുന്ന കാലത്ത് ആർക്കുണ്ട് ഇത്തരം വിഷയങ്ങളൊക്കെ ചർച്ച ചെയ്യാൻ സമയവും സാവകാശവും? ഇന്ന്, ഈ നിമിഷത്തിൽ ജീവിക്കുന്നവരാണ് മിടുക്കന്മാർ. ജീവിതവിജയവും അവർക്ക് തന്നെ. ഗുൽസാറിന്റെ വരികൾ ഓർമ്മയില്ലേ? : ആനേവാലാ പൽ ജാനേവാലാ ഹേ, ഹോ സകേ തോ ഇസ്മേ സിന്ദഗി ബിതാ ദോ....വന്നണഞ്ഞ നിമിഷം ഇതാ പോകയായി, കഴിയുമെങ്കിൽ ഈ നിമിഷത്തിൽ ജീവിക്കൂ...

അതിജീവനത്തിനുള്ള പന്തയത്തിനിടയിൽ നഷ്ടവസന്ത സ്മൃതികൾക്ക് എന്ത് പ്രസക്തി? ഈ നിമിഷവും നാളെ ഓർമ്മകളുടെ ഭാഗമാകാൻ പോകുകയാണെന്ന സത്യം ഉൾക്കൊള്ളാൻ ആർക്കുണ്ട് സമയം?

എന്നാൽ പഴമയിൽ മാത്രം അഭിരമിക്കുന്നയാളല്ല ജെ കെ. വീക്ഷണങ്ങളിൽ, കാഴ്ചപ്പാടുകളിൽ, നിലപാടുകളിൽ ശരിക്കും ജെൻസീ. ഇന്നലെകൾ മാത്രമല്ല ഇന്നും നാളേയും മറ്റന്നാളുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കുന്നയാൾ. റഫിയുടെ ഗാനങ്ങളിൽ മതിമറക്കുമ്പോഴും ഇന്നിന്റെയും നാളെയുടെയും ശബ്ദങ്ങളെ ആസ്വദിക്കാൻ കഴിയുന്ന ഒരാൾ.

ഒന്നരപ്പതിറ്റാണ്ട് നീണ്ട ക്ലബ് എഫ് എം ജീവിതം സംഗീത സുരഭിലവും നർമ്മമധുരവുമാക്കിയ ഘടകങ്ങളിലൊന്ന് ജെ കെയുമായുള്ള സൗഹൃദമാണ്. ശരിക്കും ഒരു ആൾറൗണ്ടറാണ് ഞാനറിയുന്ന ജെ കെ. അനുഗൃഹീത ഗായകൻ, അവതാരകൻ, ശബ്ദാനുകരണ കലാകാരൻ, പ്രസംഗകൻ, സംഘാടകൻ.... ഇതിനൊക്കെ പുറമെ ഒന്നാന്തരമൊരു സെയിൽസ് പ്രൊഫഷണലും. പ്രതിഭാശാലിയായ ഒരു എഴുത്തുകാരൻ കൂടിയുണ്ട് ജെ കെയിൽ എന്ന് പറഞ്ഞുതന്നത് "SOMEഭാഷണങ്ങൾ" എന്ന പുസ്തകമാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജെ കെയുടെ ആദ്യ രചന.

കഥയല്ല ഇതെന്ന് പറയുന്നു ഗ്രന്ഥകാരൻ. നോവലും ലേഖനസമാഹാരവുമല്ല, കുറെ ആത്മഗതങ്ങൾ മാത്രം. പക്ഷേ ആ ആത്മഗതങ്ങളിൽ ജീവിതമുണ്ട്, പ്രണയമുണ്ട്, പാട്ടുണ്ട്, ആശകളും നിരാശകളുമുണ്ട്, ആത്മഹത്യാചിന്ത വരെയുണ്ട്. നിറങ്ങൾക്ക് ഈ പുസ്തകത്തിൽ തെല്ലും പ്രസക്തിയില്ലെന്ന് സൂചിപ്പിക്കുമ്പോഴും വാക്കുകളിലൂടെ, വേറിട്ട ചിന്തകളിലൂടെ ജെ കെ വരച്ചിടുന്ന ശ്ലഥചിത്രങ്ങളിൽ ജീവിതത്തിന്റെ നിറവൈവിധ്യം പൂത്തുലയുന്നത് നാം വിസ്മയത്തോടെ കണ്ടറിയുന്നു. അടുക്കും ചിട്ടയുമില്ലാതെ കോറിയിട്ട ചിത്രങ്ങളാകാം. പക്ഷേ ജീവിതത്തെ സൂക്ഷ്‌മമായി നോക്കിക്കാണുന്ന ഒരാളുടെ കൗതുകമാർന്ന മനസ്സുണ്ട് അവയിൽ.

ആശംസകൾ പ്രിയപ്പെട്ട ജെ കെ. "SOMEഭാഷണങ്ങൾ" കൂടുതൽ വായിക്കപ്പെടട്ടെ.

Content Highlights: Renowned music journalist and writer Ravi Menon shares a glowing review on Facebook for author JK's book 'Somebhashanangal Kure Aathmagatha Kathakal', praising it as a brilliant, thought-provoking philosophical feast that reawakened his love for serious reading.