ഷോഷാങ്ക് റിഡംഷനെ ഓർമ്മിപ്പിക്കുന്ന മലയാളിയുടെ ജയിൽ ജീവിതം

ദ ഷോഷാങ്ക് റിഡംഷൻ ഒരു ഗംഭീര സിനിമയാണ്. ചെയ്യാത്ത തെറ്റിന് ജയിൽ ശിക്ഷയനുഭവിക്കേണ്ടി വരുന്ന ഒരാളാണ് നായകൻ. കാഴ്ചയിൽ മൃദുലനായ ഒരാൾ. ജയിലിലെ ഒന്നാം ദിനത്തിൽ മറ്റ് അന്തേവാസികൾ വാത് വായ്ക്കുന്നുണ്ട്, ജയിലനുഭവങ്ങളെ അതിജീവിക്കാൻ അയാൾക്കാക്കില്ലെന്ന്. എന്നാൽ ശാന്തവും നിശ്ബ്ദവുമായ ഒരു അന്തസ്സോടെ അയാൾ ജയിൽ ജീവിതത്തിന്റെ ഭാഗമാകുന്നു. മറ്റ് അന്തേവാസികളെ സഹജീവികളായി പരിഗണിച്ച് സൗഹൃദം ഉണ്ടാക്കുന്നു. താൻ നിരപരാധിയാണെന്ന് അയാൾ പറയുമ്പോൾ എല്ലാ കുറ്റവാളികളും അങ്ങനെയാണ് പറയാറുള്ളതെന്ന് കൂട്ടുകാർ കളിയാക്കുന്നു. അതിനുശേഷം അയാൾ അത് ആവർത്തിച്ചില്ല. അയാളുടെ കൊച്ചു കൊച്ച് വിനോദങ്ങളും ഇഷ്ടങ്ങളും മറ്റുള്ളവരിൽ കൗതുകം ഉണർത്തുന്നുണ്ട്. ആ കൗതുകങ്ങൾ മറയാക്കി ജയിൽ വിമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു അയാളെന്ന് രക്ഷപ്പെട്ട ശേഷം മാത്രമാണ് കൂട്ടുകാർ മനസ്സിലാക്കുന്നത്. മോചനം അസാധ്യമാണെന്ന് തോന്നിയ ഒരു ഇടത്തിൽ നിന്നുകൊണ്ട് നീണ്ട 19 വർഷം അയാൾ അതിനായി സ്വപ്നം കണ്ടു, അധ്വാനിച്ചു, വിജയിച്ചു.
'പെണ്ണുങ്ങളുടെ ജയിൽ - ഒരു തടവുകാരിയുടെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ വായിച്ച ലിസി റോസകുട്ടിയുടെ അനുഭവം ദ ഷോഷാങ്ക് റിഡംഷൻ സിനിമയെ ആണ് ഓർമ്മിപ്പിച്ചത്. നമ്മുടേതല്ലാത്ത ഒരു തെറ്റിന്, അല്ലെങ്കിൽ അറിയാതെ ചെയ്തു പോയ ഒരു തെറ്റിന് നീണ്ടൊരു കാലം ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ എങ്ങനെയുണ്ടാവും. നമുക്കു ചുറ്റും വരുന്ന കുറ്റവാസനയുള്ള മനുഷ്യർക്കിടയിലും നമ്മുടെ നിഷ്കളങ്കത മുറുകെ പിടിക്കുക, നിർമമതയെന്ന് പുറമേ തോന്നുമെങ്കിലും മോചനത്തിനായി ആഴത്തിൽ ആഗ്രഹിക്കുക, അങ്ങനെയൊരു മോചനം സാധ്യമാകുന്ന ഏതോ കാലത്തിനായി തന്നെത്തന്നെ ഒരുക്കി വയ്ക്കുക - ഇതൊന്നും എളുപ്പമല്ല മനുഷ്യർക്ക്. ആദ്യം കിട്ടുന്ന തിരിച്ചടിയിൽ തന്നെ തളർന്നു പോകുന്ന, തങ്ങൾ എത്തുന്ന ജീർണ്ണതകളിൽ സ്വയമറിയാതെ അതിൽ ലയിച്ചു ചേരുന്ന മനുഷ്യരാണ് കൂടുതൽ പേരും. വിദ്യാഭ്യാസത്തിന്റെയോ ലോകപരിചയത്തിന്റെയോ വിശിഷ്യ ബോധം ഇല്ലാതിരുന്നിട്ടും ലിസിച്ചേച്ചിക്ക് അത് ചെറുത്തു നിന്നു. പ്രത്യാശയുടെ വെളിച്ചം കെടാതെ ഉള്ളിൽ സൂക്ഷിച്ചു.
മേരി ടെയ്ലറുടെ മൈ യിയേഴ്സ് ഇൻ എൻ ഇന്ത്യൻ പ്രിസൺ കുറച്ച് വർഷങ്ങൾക്കു മുൻപ് വായിച്ചിരുന്നു. ഇന്ത്യാക്കാരനെ വിവാഹം കഴിച്ച് ഇവിടെ എത്തിയ മേരി ടെയ്ലർ ഭർത്താവിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ നക്സലൈറ്റ് എന്ന് ആരോപിക്കപ്പെട്ട് അഞ്ച് വർഷം ബീഹാറിലെ ഹസാരിബാഗ് ജയിലിൽ അടയ്ക്കപ്പെട്ടു. മറ്റൊരു ദേശത്ത് ജീവിച്ച് ശീലിച്ച ഒരാൾ ഒട്ടും മാനുഷിക പരിഗണനകളില്ലാത്ത ഇന്ത്യൻ ജയിലവസ്ഥകളോട് പൊരുത്തപ്പെടാൻ എത്ര ബുദ്ധിമുട്ടിയിരിക്കും! നീണ്ട ജയിൽ വാസത്തിനൊടുവിൽ അവർ സ്വദേശത്തേക്ക് മടക്കി അയയ്ക്കപ്പെടുന്നു. ഭർത്താവിനെ അവസാനമായി കാണാൻ പോലും കഴിയാത്ത അവരുടെ അനുഭവം ഉള്ളുലയ്ക്കുന്നതായിരുന്നു. അവരുടെ പിൽക്കാല ജീവിതം അറിയാനായി കുറച്ച് അന്വേഷണങ്ങൾ നടത്തിയെങ്കിലും ആ പുസ്തകത്തോടെ അവർ അപ്രത്യക്ഷയായതു പോലെയാണ് അനുഭവപ്പെട്ടത്.
ജയിൽ അനുഭവങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകം വായിച്ചത് ഹെൻട്രി ഷാരിയറുടെ 'പാപ്പിയോൺ' ആണ്. അനുഭവ കുറിപ്പ് എന്നാണ് പറയുന്നതെങ്കിലും അത് ഫിക്ഷൻ പോലെയാണ് അനുഭവപ്പെട്ടത്. 16 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ തടവുകാരിയായ മറീന എന്ന വിദ്യാർത്ഥിയുടെ നേരനുഭവം ആണ് 'ടെഹ്റാനിലെ തടവുകാരി' എന്ന പുസ്തകം. ഖൊമേനി വാഴ്ചക്കാലത്തെ പെണ്ണനുഭവങ്ങളുടെ ഉള്ളുലയ്ക്കുന്ന നേർക്കാഴ്ചയാണ് ആ പുസ്തകം.
ലിസി റോസക്കുട്ടിയുടെ ഒരു അഭിമുഖത്തിന്റെ അല്പഭാഗം ഏതോ ചാനലിൽ കണ്ടപ്പോൾ മേരി ടെയ്ലറുടെ അനുഭവങ്ങൾ ഓർത്തു. അനുഭവങ്ങളിലെ സമാനതകളല്ല, മറ്റൊരു സ്ത്രീക്ക് ജയിൽ അനുഭവങ്ങൾ എന്തായിരുന്നു എന്നറിയണമായിരുന്നു. അങ്ങനെയാണ് പെണ്ണുങ്ങളുടെ ജയിൽ - ഒരു തടവുകാരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിലേക്ക് എത്തുന്നത്.
വയനാട് സ്വദേശിയായ ലിസി റോസക്കുട്ടി 2010-ലാണ് ജയിലിലാകുന്നത്. പീഡനം നിറഞ്ഞ ഒരു ദാമ്പത്യത്തിനും ഭർത്താവിന്റെ മരണത്തിനുംശേഷം, കിട്ടുന്ന പണികളൊക്കെ ചെയ്ത് ജീവിതം കെട്ടിപ്പൊക്കാനുള്ള ശ്രമത്തിനിടയിൽ അവരറിയാതെ മയക്കുമരുന്ന് കാരിയർ ആകുകയാണ്. അറസ്റ്റ് ചെയ്ത ശേഷമാണ് താൻ ചെയ്ത തെറ്റ് അവർ തിരിച്ചറിയുന്നത്. വൈകാതെ ഇറങ്ങാൻ കഴിയും എന്ന ഒരു പ്രതീക്ഷ അവരിൽ ഉണ്ടായിരുന്നു. എന്നാൽ എൻ.ഡി.പി.എസ്. കേസിലെ സ്ഥിരം ശിക്ഷയായ 25 വർഷമാണ് അവർക്ക് കോടതി വിധിക്കുന്ന ശിക്ഷ. സ്വയം അറിയാതെ ചെയ്തുപോയ തെറ്റായതുകൊണ്ട് തന്നെ ഇത്ര വലിയ ശിക്ഷ അവർ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശിക്ഷ വിധിക്കപ്പെട്ടപ്പോൾ മോചനം അസാധ്യമായേക്കാം എന്ന് തളരുന്നില്ല അവർ.
ജീവിക്കുവാനായി അവർക്ക് വിധിക്കപ്പെട്ട ആ ഇടത്തിൽ സമരസപ്പെട്ട് ജീവിക്കുകയാണ് അവർ. വിശ്വാസിയായ അവർ ബൈബിൾ വായനയിലും പ്രാർത്ഥനയിലും അഭയം കണ്ടെത്തുന്നു. പശുപരിപാലനം, പുല്ലരിയൽ, തയ്യൽ എന്നു തുടങ്ങി കമ്പ്യൂട്ടർ വരെ പഠിക്കുന്നു. ജയിലിൽ കിടക്കേ തന്നെ വീട്ടുകാരെ സാമ്പത്തികമായി സഹായിക്കുന്നു. കൊറോണ സമയത്ത് മാസ്ക് നിർമ്മാണത്തിലടക്കം സജീവമാകുന്നു. വായിക്കുകയും എഴുതുകയും ചെയ്യുന്നു. ജയിലിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നു. ജയിലിൽ കിടക്കുമ്പോൾ തന്നെ അവരുടെ കഥകൾ പ്രസിദ്ധീകരിക്കുന്നു. ഹൈക്കോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചതിന്റെ ഭാഗമായി 12 വർഷത്തെ തടവിനു ശേഷം 2022-ൽ അവർ ജയിൽ വിമോചിതയായി.
അറിയാതെ ചെയ്തു പോയ തെറ്റിന് ജയിലിലാകുന്ന ഒരാളുടെ പുസ്തകം എന്ന് കേൾക്കുമ്പോൾ സ്വയം ന്യായീകരിക്കലും കടന്നുപോയ അവസ്ഥകളുടെ കണ്ണീർ വിവരണങ്ങളുമാണ് സാധാരണ പ്രതീക്ഷിക്കുക. എന്നാൽ 12 വർഷത്തെ ജയിൽ ജീവിതം അവസാനിച്ചതായി അറിയുന്ന മുഹൂർത്തത്തിൽ ഒഴികെ മറ്റൊരു ഇടത്തിലും വൈകാരികതയുടെ ആധിക്യം ഇല്ലാതെയാണ് ലിസിച്ചേച്ചി കഥ പറയുന്നത്. എന്നു കരുതി അവർ അനുഭവിച്ച നീറ്റൽ നമ്മെ തൊടാതെ പോകുന്നും ഇല്ല. ജയിലിൽ അവർ കണ്ട മനുഷ്യർ, ഉദ്യോഗസ്ഥർ, അവരുടെയൊക്കെ സമീപനങ്ങൾ, തൊഴിലന്തരീക്ഷം, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിങ്ങനെ എല്ലാ കാര്യവും അവർ പറഞ്ഞു പോകുന്നുണ്ട്. ജയിലിൽ കുറ്റവാളികളായി എത്തിയ ആളുകളുടെ കഥ അതിഭാവുകത്വം കലർത്തി അവതരിപ്പിക്കാനോ, അവരെ മുൻവിധിക്കാനോ തയ്യാറാകുന്നില്ല എന്നത് അവരിലെ നന്മയുടെ പ്രത്യക്ഷ തെളിവായി അനുഭവപ്പെട്ടു. പുറത്തെ ലോകത്തെന്നപോലെ സ്നേഹവും വെറുപ്പും പ്രണയവും പകയും ചതിയും എല്ലാം ചേർന്ന ഇടമാണ് ജയിലും. പേരുകൾ മാറ്റിയിട്ടുണ്ടെങ്കിലും ലിസിച്ചേച്ചി സൂചിപ്പിക്കുന്ന പല കഥാപാത്രങ്ങളേയും നമുക്ക് പത്ര വാർത്തകൾ വഴി അറിയാവുന്നതാണ്. ഏറ്റവും മിതമായ ഭാഷയിലാണ് ലിസി ചേച്ചി അവരെക്കുറിച്ചൊക്കെ പറയുന്നത്. തന്നെ ദ്രോഹിച്ചവരോട് പോലും ശത്രുത തീണ്ടാത്ത ഭാഷയാണ് അവരുടേത്. പഴയൊരു ഡി.ജി.പി പേരെടുക്കാനായി ജയിൽ അന്തേവാസികളുടെ കഥ 'ഭാവനാത്മകമായി' വാരികയിൽ എഴുതിയത് വിവാദമായതാണ്. പക്ഷേ ലിസിച്ചേച്ചി ആ മനുഷ്യരെ കുറിച്ച് എഴുതുന്നത് തനിക്ക് പ്രശസ്തയാകാനല്ല, മറിച്ച് വ്യത്യസ്ത മനുഷ്യരെ കാണിച്ചു തരിക എന്ന ഉദ്ദേശത്തോടെയാണ്. തനിക്ക് വ്യക്തിപരമായി അറിയാത്ത ഒരാളെ കുറിച്ചും അവർ പുസ്തകത്തിൽ പറയുന്നും ഇല്ല.
'നമ്മുടെ ചിന്തകളെ വേട്ടയാടാൻ ഭൂതകാലത്തെ അനുവദിക്കാതിരുന്നാലും നാളെയെന്തെന്ന് ചിന്തിക്കാതിരുന്നാലും മാത്രമാണ് ജയിൽ പോലെയുള്ള ഇടങ്ങളിൽ അതിജീവിക്കാൻ കഴിയുക' എന്ന് പുസ്തത്തിൽ പറയുന്നുണ്ടെങ്കിലും ജയിലിൽ ജീവിച്ച കാലം മുഴുവൻ, അബോധമായെങ്കിലും, ജയിലിനു പുറത്തെ ജീവിതത്തിനു വേണ്ടിത്തന്നെയാണ് ലിസിച്ചേച്ചി തയ്യാറെടുത്തു കൊണ്ടിരുന്നത്. ഇവിടെയാണ് ലിസിച്ചേച്ചിയെ ദ ഷോഷാങ്ക് റിഡംഷനിലെ നായകനുമായി താരതമ്യം ചെയ്തു പോകുന്നത്. 25 വർഷത്തെ തടവെന്ന വിധി നേരിടുമ്പോഴും കുറ്റവാളി എന്ന് സ്വയം വിളിക്കാതെ വായനയിലൂടെ, എഴുത്തിലൂടെ, പുതിയ തൊഴിൽ പഠനത്തിലൂടെ പുതിയ ജീവിതത്തിന് അവർ അവരെ പരുവപ്പെടുത്തി എന്നത് അത്ഭുതകരമായ കാര്യമാണ്. ജയിലിൽ കഴിയുമ്പോൾ തന്നെ സഹോദരിയുടെ മകന്റെ മകളെ ലിസി ചേച്ചി ഏറ്റെടുക്കുന്നുണ്ട്. പ്രായമായ അമ്മയുടെ കാര്യം നോക്കുന്നുണ്ട്. അതൊക്കെ അവർ പോലും അറിയാതെ അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന പ്രത്യാശയുടെ ലക്ഷണങ്ങളാണ്.
ജയിൽ ജീവിതത്തിന് തന്നെ പാകപ്പെടുത്തുകയും താങ്ങായും തണലായും നിൽക്കുകയും ചെയ്ത മനുഷ്യരെയെല്ലാം ലിസിച്ചേച്ചി പുസ്തകത്തിൽ ഓർത്തെഴുതുന്നു. പൊതുസമൂഹത്തിന് കുറ്റവാളികളായ ആ മനുഷ്യർക്ക് ഈ പുസ്തകം മറ്റൊരു വ്യക്തിത്വം നൽകുന്നു. തന്നെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരേയും അവർ നന്ദിയോടെ സ്മരിക്കുന്നുണ്ട്. തന്നെ ദ്രോഹിച്ച മനുഷ്യരെ കുറിച്ചും പറയുന്നുണ്ടെങ്കിലും വൈരാഗ്യ ലേശമെന്യേ ആണ് സൂചിപ്പിക്കുന്നത്. ജയിൽ മോചിതയായ ലിസിച്ചേച്ചി നൈറ്റികൾ തുന്നി കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. അമ്മയെ നോക്കാനും മകളെ വളർത്താനും ഈ വരുമാനം മാത്രമേ അവർക്കുള്ളൂ. അതിനൊപ്പം ലഹരിക്കെതിരെയുള്ള പ്രചരണവും നടത്തുന്നുണ്ട്.
2020-ലാണ് അരുൺ ടി. വിജയൻ ലിസി റോസക്കുട്ടിയോട് സംസാരിക്കുന്നത്. അറിയാതെ ചെയ്തുപോയ ഒരു തെറ്റിന് ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ ജീവിതം എന്ന രീതിയിലായിരുന്നു അന്ന് അത് വാർത്തയായത്. അപ്പോൾ അവരുടെ കഥ ഒരു സാധാരണ റിപ്പോർട്ട് മാത്രമായിരുന്നു. പിന്നീട്, കുറ്റവാളിയെന്ന് മുദ്ര കുത്തി ജയിലിൽ അടയ്ക്കപ്പെട്ട ഒരു സ്ത്രീയുടെ അനുഭവങ്ങൾ സമൂഹത്തോട് പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയിട്ടാണ് ഈ പുസ്തകത്തിലേയ്ക്ക് എത്തുന്നത്. പുസ്തകത്തിന്റെ കവറിൽ എഴുത്ത് അരുൺ ടി. വിജയൻ എന്ന് വായനക്കാർ കാണുന്നു. കഥ കേട്ടും എഴുതിയും മുന്നേറിയപ്പോൾ എഴുത്തുകാരന്റെ വാക്കുകളും പുസ്തകത്തിൽ വന്നിട്ടുണ്ടാകാം. അങ്ങനെ അനുഭവപ്പെടുത്തുന്നില്ല എന്നത് ഈ പുസ്തകത്തിന്റെ മേന്മയായാണ്. വായനക്കാരെ സംബന്ധിച്ചിടത്തോളം പുസ്തകം ലിസി റോസക്കുട്ടിയുടെ കഥയാണ്, അത് അവരാണ് പറയുന്നത്.
Content Highlights: The book 'Pennungade Jail - Oru Thadavukaariyude Ormakkurippukal', penned by Arun T. Vijayan based on Lissy Rosakutty's life, details her resilient 12-year survival and ultimate release from a wrongful 25-year sentence in a drug trafficking case, drawing powerful parallels to the cinematic masterpiece The Shawshank Redemption.