വായനശാലയ്ക്ക് പറയാനുണ്ട് വീര്‍പ്പുമുട്ടുന്ന കഥകള്‍...

മലപ്പുറം: വായനശാലകള്‍ നാടിന്റെ മസ്തിഷ്‌കമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വായനയ്ക്കപ്പുറം രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ ചര്‍ച്ചകള്‍ക്ക് വിളനിലങ്ങളായ കാലം. അങ്ങനെ നാലരപ്പതിറ്റാണ്ട് മലപ്പുറത്തിന്റെ സാംസ്‌കാരികകേന്ദ്രമായിരുന്നു ഇന്നത്തെ മലപ്പുറം പബ്ലിക് ലൈബ്രറി. എന്നാല്‍, ഇന്ന് വേണ്ടപ്പെട്ടവര്‍ തിരിഞ്ഞുനോക്കാതെ, 'വാര്‍ധക്യ'സഹജമായ പീഡകള്‍കൊണ്ട് വലയുകയാണ് ഈ ഗ്രന്ഥശാല.
തുടക്കക്കാരന്‍ കളക്ടര്‍ ചൗധരി
ജില്ലാ ആസ്ഥാനത്ത് ഒരു വായനശാലപോലുമില്ലാത്ത കാലത്താണ് സി.ആര്‍. ചൗധരി മലപ്പുറത്തിന്റെ കളക്ടറായി വരുന്നത്. അദ്ദേഹത്തിന്റെ കാര്യമായ ശ്രമത്തിലാണ് ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ (എല്‍.എല്‍.എ.) കീഴില്‍ 1976-ല്‍ ജില്ലാ സെന്‍ട്രല്‍ ലൈബ്രറി ഉണ്ടാകുന്നത്.
കോട്ടപ്പടി ഗവ. മോഡല്‍ ഹൈസ്‌കൂളിനു സമീപം വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യത്തെ ലൈബ്രേറിയന്‍മാരായത് ബാലന്‍ നായര്‍, അറമുഖന്‍ എന്നിവര്‍. അന്ന് കേന്ദ്രസര്‍ക്കാരിന്റെ പുസ്തകവിതരണ വിഭാഗമായ രാജാറാം മോഹന്റായ് ലൈബ്രറി ഫൗണ്ടേഷനില്‍നിന്ന് (ആര്‍.ആര്‍.എല്‍.എഫ്) നിരവധി ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങള്‍ കിട്ടി.
നാട്ടില്‍നിന്ന് മറ്റു പുസ്തകങ്ങള്‍ സംഘടിപ്പിച്ചു. പുസ്തകങ്ങളും വായനക്കാരും കൂടിയപ്പോള്‍ സ്ഥലപരിമിതി പ്രശ്നമായി. അങ്ങനെ കോട്ടപ്പടിയില്‍ത്തന്നെ നഗരസഭയുടെ മൂന്നുനിലക്കെട്ടിടത്തിലെ രണ്ടാംനിലയിലേക്ക് 1981-ല്‍ വാടകയ്ക്ക് മാറി. 1994-ല്‍ കേരള പബ്ലിക് ലൈബ്രറി നിയമം വന്നതോടെ എല്‍.എല്‍.എ. ലൈബ്രറികള്‍ മുഴുവന്‍ കേരള ഗ്രന്ഥശാലാസംഘത്തില്‍ ലയിച്ചു. 1998-ല്‍ ഈ ലൈബ്രറിയും സംഘത്തില്‍ ലയിച്ചു. അതോടെ ജനകീയസമിതിയുടെ നിയന്ത്രണത്തിലായി. ആദ്യത്തെ ജനറല്‍ബോഡി യോഗത്തില്‍ ലൈബ്രറിയുടെ പേര് മലപ്പുറം പബ്ലിക് ലൈബ്രറി എന്നാക്കി.
വാടക പ്രശ്നമാകുന്നു
ഇനിയാണ് പ്രശ്നം തുടങ്ങുന്നത്. ലൈബ്രറി കൗണ്‍സിലിന് കെട്ടിടവാടക നല്‍കാന്‍ നിയമമില്ല. അതിനു വേറെ വഴി കണ്ടെത്തണം. ധനസമാഹരണത്തിന് വരിസംഖ്യയല്ലാതെ മറ്റുവഴിയില്ല. അങ്ങനെ നഗരസഭയെ സമീപിച്ചു. നഗരസഭയുടെ ആദ്യത്തെ വനിതാ അധ്യക്ഷകൂടിയായ കെ. ബദറുന്നീസയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ലൈബ്രറിയെ വാടകയില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുംചെയ്തു. അതോടെ ലൈബ്രറി പ്രവര്‍ത്തനം സജീവമായി. ചര്‍ച്ചകള്‍, രചനാമത്സരങ്ങള്‍, പ്രശ്നോത്തരികള്‍, ഓര്‍മദിനാചരണങ്ങള്‍...അങ്ങനെയങ്ങനെ വായനശാല ജനങ്ങളിലേക്കിറങ്ങി..
(നാളെ- പുസ്തകങ്ങള്‍ മുപ്പതിനായിരത്തിലേറെ... പക്ഷേ...)
Content Highlights: malappuram public library, kottappadi, old library, news