‘SOMEഭാഷണങ്ങൾ’ തുറക്കുന്നത് പുതിയ സാഹിത്യസരണി- സുഭാഷ് ചന്ദ്രൻ

കൊച്ചി: നിലവിലുള്ള സാഹിത്യപദ്ധതികളിലൊന്നും ചേരാത്തൊരു പുതിയ സരണി വെട്ടിത്തുറക്കുന്ന പുസ്തകമാണ് ജെ.കെ.യുടെ SOMEഭാഷണങ്ങളെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ജെ.കെ. (ജയകൃഷ്ണൻ) രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘SOMEഭാഷണങ്ങൾ: കുറേ ആത്മ’ഗത’കഥകൾ’ എന്ന പുസ്തകം ജിയോസ്റ്റാർ മലയാളം എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കിഷൻ കുമാറിന് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടന്നുതേഞ്ഞ, മറ്റുള്ളവർ വെട്ടിയിട്ട വഴികളിലൂടെ നടക്കാൻ എളുപ്പമാണ്. സ്വന്തമായി വഴി കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിയ വഴി വെട്ടിത്തുറന്ന് വരുന്നൊരു എഴുത്തുകാരനാണ് ജെ.കെ. ആത്മഭാഷണങ്ങളും ആത്മഗതങ്ങളുമാണ് പുസ്തകത്തിലുള്ളത്. ആത്മഗതകഥകളെന്നാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. അടരുകളായി, പലമട്ടിലുള്ള, വളരെ വ്യത്യസ്തമായ സർഗാത്മകത പുലർത്തുന്ന പുസ്തകമാണിത്.
ജീവിതമെന്ന വിഭാഗത്തിൽ പെടുത്താവുന്നതാണ് ജെ.കെ.യുടെ SOMEഭാഷണങ്ങളെന്ന പുസ്തകമെന്ന് കിഷൻകുമാർ പറഞ്ഞു.
എല്ലാവർക്കും നല്ലൊരു വായനാനുഭവം സമ്മാനിക്കാൻ ജെ.കെ.യുടെ പുസ്തകത്തിന് കഴിയുമെന്ന് ചടങ്ങിൽ പങ്കെടുത്ത മാതൃഭൂമി ഡയറക്ടർ-ഡിജിറ്റൽ ബിസിനസ് മയൂര എം.എസ്. പറഞ്ഞു.
കുടുംബത്തിലെ വായനയുടെ അന്തരീക്ഷമാണ് എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടതെന്ന് മറുപടി പ്രസംഗത്തിൽ ജയകൃഷ്ണൻ പറഞ്ഞു. ഇടക്കാലത്തെവിടെയോ നഷ്ടമായ എഴുത്ത് തിരിച്ചെടുക്കാൻ സാധിച്ചത് മാതൃഭൂമിയിൽ നിന്ന് കിട്ടിയ പിന്തുണയിലൂടെയാണെന്നും ക്ലബ് എഫ്.എം. ജനറൽ മാനേജരായ ജയകൃഷ്ണൻ പറഞ്ഞു.
കലൂർ-കടവന്ത്ര റോഡിലെ മാതൃഭൂമി ബുക്‌സിൽ നടന്ന ചടങ്ങിൽ മാതൃഭൂമി സോഷ്യൽമീഡിയ ക്രിയേറ്റീവ് ഹെഡ് ജി. പ്രിയരാജ് പുസ്തകം പരിചയപ്പെടുത്തി. ക്ലബ് എഫ്.എം. ക്രിയേറ്റീവ് ഹെഡ് റാഫിയായിരുന്നു അവതാരകൻ.
Content Highlights: Official launch of the book 'SOMEbashanangal: Kure Aathmagatha Kathakal' by JK., Author Subhash Chandran highlights the unique literary style of the work., The book is categorized under life-narratives and creative storytelling., Published by Mathrubhumi Books with support from the digital wing.