'കേരള സർക്കാരിനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട ഇന്ദിരയെ ഫിറോസ് ഗാന്ധി എതിർത്തു'

ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ എത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാൻ ഇന്ദിരാ ഗാന്ധി നടത്തിയ ശ്രമങ്ങളെ അവരുടെ ഭർത്താവ് ഫിറോസ് ഗാന്ധി എതിർത്തിരുന്നുവെന്നും ഇതിന്റെ പേരിൽ ഇന്ദിരയെ ഫിറോസ് ഗാന്ധി ഫാസിസ്റ്റ് എന്നു വിളിച്ചുവെന്നും സ്വീഡിഷ് എഴുത്തുകാരന്‍. ഇംഗ്ലീഷ് മാധ്യമമായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് എഴുത്തുകാരനായ ബെര്‍ട്ടില്‍ ഫോക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഫിറോസ് ഗാന്ധിയുടെ ജീവിതം പറയുന്ന 'ഫിറോസ് ഗാന്ധി: ദി ഫോര്‍ഗോട്ടന്‍ ഗാന്ധി' എന്ന പുസ്തകത്തിന്റെ എഴുത്തുകാരനാണ് ബെര്‍ട്ടില്‍.
'കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ മറിച്ചിടാനുള്ള തീരുമാനത്തെ ഫിറോസ് എതിര്‍ത്തിരുന്നു. നെഹ്‌റുവിനും ഇക്കാര്യത്തില്‍ നീരസമുണ്ടായിരുന്നുവെങ്കിലും തന്റെ തീരുമാനവുമായി ഇന്ദിര മുന്നോട്ട് പോയി. ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന വേളയില്‍ ഫിറോസ് ഇന്ദിരയെ ഫാസിസ്റ്റ് എന്നു വിളിച്ചു.' - ബെര്‍ട്ടില്‍ പറഞ്ഞു.
ഫിറോസും ഇന്ദിരയും തമ്മിലുള്ള ബന്ധം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ആ സങ്കീര്‍ണതകളെയെല്ലാം അവര്‍ മറികടന്നുകൊണ്ടേയിരുന്നു. ഇന്ദിരയ്ക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം ഫിറോസ് അടുത്തുണ്ടായിരുന്നു. അവര്‍ അത് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളിലും അവര്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നതെന്നും ബെര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
നെഹ്‌റു പ്രധാനമന്ത്രിയായപ്പോള്‍ കുട്ടികളെയും കൂട്ടി ഇന്ദിര തീന്‍ മൂര്‍ത്തി ഭവനിലേക്ക് താമസം മാറ്റി. കൂടെപ്പോകാന്‍ ഫിറോസ് തയ്യാറായില്ല. എന്നാല്‍ തന്റെ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഫാസിസ്റ്റ് എന്ന് വിളിച്ചതോടെ ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ശീലം അവസാനിച്ചെന്നും ബെര്‍ട്ടില്‍ പറയുന്നു.
ഫിറോസിന്റെ പാരമ്പര്യം നെഹ്‌റു കുടുംബം മറന്നു. ഇന്ദിരയും അദ്ദേഹത്തെ മാറ്റി നിര്‍ത്തി. അദ്ദേഹം മുഖ്യധാരയില്‍ എത്താതിരിക്കാന്‍ ഇന്ദിര എല്ലാക്കാലത്തും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.


VIEW ON mathrubhumi.com