'വിമത വനിതകള്‍' കഥ പറയുമ്പോള്‍

By: ദീപ ആന്റണി
ഉറങ്ങാന്‍കിടക്കുന്ന കുട്ടികളെ കഥപറഞ്ഞുറക്കുന്ന ശീലത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പുരാണങ്ങളിലെ കഥ പറഞ്ഞു കൊടുക്കുന്ന കീഴ്വഴക്കം നമ്മുടെയൊക്കെ ബാല്യകാല സ്മൃതികളുടെ ഭാഗമാണ്. പിന്നീടുള്ള കാലങ്ങളില്‍ അത് സിന്‍ഡ്രലയുടെയും സ്‌നോ വൈറ്റിന്റെയും കഥകളായി മാറി. ഫെയറി ടെയ്ല്‍ എന്ന വിഭാഗത്തില്‍പ്പെട്ട ഈ കഥകള്‍ക്കെല്ലാം പക്ഷേ ഒരു സവിശേഷതയുണ്ട്. ഈ കഥകളിലൊക്കെയും വ്യസനിക്കുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഒരു രാജകുമാരന്‍ വരും. രാജകുമാരന്‍ വന്ന് ദുഷ്ടശക്തികളെ നിഗ്രഹിച്ച് അവളെ വിവാഹം കഴിക്കുന്നതോടെ കഥയില്‍ മംഗല്യവുമാവും.
അറിഞ്ഞോ അറിയാതെയോ കാലങ്ങളായി ഈ കഥകളിലൂടെ രാജകുമാരനെ കാത്തിരിക്കാന്‍ പഠിക്കുന്ന രാജകുമാരിമാരെയും രാജകുമാരിക്ക് വേണ്ടി വാളെടുക്കാന്‍ ബാധ്യസ്ഥനായ രാജകുമാരന്മാരേയും നമ്മള്‍ വാര്‍ത്തെടുക്കുന്നു. പ്രതിസന്ധികളുണ്ടാവുമ്പോള്‍ സ്വയം നേരിടാനുള്ള ചങ്കുറപ്പും ധൈര്യവും ഉണ്ടാവാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ കുട്ടികള്‍ക്ക് എന്തേ നമ്മള്‍ പറഞ്ഞുകൊടുക്കുന്നില്ല? സ്വന്തം ആഗ്രഹങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സധൈര്യം പോരാടാന്‍ എന്തുകൊണ്ട് നമ്മള്‍ കുട്ടികളെ സ്വയം പ്രാപ്തരാക്കുന്നില്ല?
ഈ ചിന്തയില്‍ നിന്നാണ് 'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ്' ജനിക്കുന്നത്. ജേര്‍ണലിസ്റ്റും മാധ്യമ സംരംഭകയുമായ എലീന ഫാവില്ലിയും എഴുത്തുകാരിയും സംവിധായികയുമായ ഫ്രാന്‍സിസ്‌ക കാവല്ലോയും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പുസ്തകം യാഥാര്‍ഥ്യമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ കിക്സ്റ്റാര്‍ട്ടര്‍ ഡോട്ട് കോമിലൂടെ ആറു കോടിരൂപയിലേറെയാണ് ഇവര്‍ ഈ പുസ്തകത്തിന്റെ നിര്‍മാണത്തിനായി സ്വരൂപിച്ചത്. ഈ പുത്തന്‍ ആശയത്തിന് ലഭിച്ച സ്വീകാര്യതയുടെ ഏറ്റവും വലിയ പ്രമാണമായിരുന്നു അത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച, ആദ്യത്തെ കംപ്യൂട്ടര്‍ പ്രോഗ്രാം എഴുതിയ, ഗണിതശാസ്ത്ര വിദഗ്ദ്ധയായി ചരിത്രം കുറിച്ച അഡ്ലാവ്ലീസിന്റേത് മുതല്‍ കെട്ടിട നിര്‍മാണത്തിലെ തന്റെ ഭാവനയ്ക്ക് അതിരുകളില്ല എന്ന് തെളിയിച്ച സാഹ ഹാഡിഡ് എന്ന ആര്‍ക്കിടെക്ട് വരെയുള്ള 100 വനിതകളുടെ ജീവിതകഥകളടങ്ങിയതാണ് 'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ്' എന്ന പുസ്തകം. ഇതില്‍ മലാല യൂസഫ്സായ്, ഫ്ലോറൻസ് നൈറ്റിംഗേൽ, ജൂലിയ ചൈല്‍ഡ്, സെറീന വില്യംസ് എന്നിങ്ങനെ വിവിധ മേഖലകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ യഥാര്‍ത്ഥ ജീവിതത്തിലെ ഏടുകളുമായി കുട്ടികളെ പരിചയപ്പെടുത്തുന്നു.
കുട്ടികള്‍ക്ക് സ്വയം വായിക്കാവുന്ന ലളിതമായ ഭാഷയിലും അവര്‍ക്ക് രസിക്കുന്ന രീതിയിലുള്ള വര്‍ണാഭമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ക്കായിത്തന്നെ അറുപതോളം ചിത്രകാരികളാണ് ഈ പ്രോജക്ടില്‍ ഒന്നിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ 'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സി'ന്റെ വന്‍ വിജയത്തിന് പിന്നാലെ ഈ വര്‍ഷം ജൂലായോടെ രണ്ടാം വാല്യവും ക്രൗഡ് ഫണ്ടിങ്ങിലൂടെ തന്നെ തയ്യാറായിക്കഴിഞ്ഞു.


VIEW ON mathrubhumi.com