രോഹിത് വെമുലയ്ക്ക് ഒരു കവിത സമര്‍പ്പിച്ചതാണ് ഞാന്‍ചെയ്ത 'രാജ്യദ്രോഹം' : ഗൗഹര്‍ റസ

By: ഗൗഹർ റസ / പി.കെ. ശിവദാസ്, സംഗീത ചേനംപുല്ലി
ജര്‍മനിയുടെ ഗ്യാസ് ചേംബറുകളില്‍നിന്ന് ഇന്നും ഉയരുന്ന ചോരമണംപുരണ്ട ഇരുള്‍വഴികളിലേക്ക് എന്റെ നാടും തള്ളപ്പെട്ടേക്കാം.ഇരുട്ടിന്റെ അഴുക്കുചാലില്‍ നുണയുടെ തോണി കുതിച്ചൊഴുകുമെങ്കിലും സത്യമെന്തെന്ന് പുറത്തെ ലോകം അവരോട് ചോദിക്കാതിരിക്കില്ല...
അങ്ങനെ നിരന്തരം ചോദ്യംചോദിക്കുന്ന കവിയാണ് ഗൗഹര്‍ റസ. അവര്‍ അദ്ദേഹത്തെ രാജ്യദ്രോഹി എന്നു മുദ്രകുത്തി. കാരണം? സത്യമെന്തെന്ന് കവിതയിലൂടെ ചോദിച്ചതിന്. ശാസ്ത്രജ്ഞന്‍ എന്നനിലയില്‍ അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്തതിന്.
ഡോക്യുമെന്ററി സംവിധായകനെന്നനിലയില്‍, രാജ്യത്ത് നടമാടുന്ന വര്‍ഗീയതയുടെ തേര്‍വാഴ്ചക്കാഴ്ചകള്‍ പുറത്തുകൊണ്ടുവന്നതിനാല്‍. ഈയടുത്ത് തൃശ്ശൂരില്‍ പ്രഭാഷണത്തിനായെത്തിയ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്...
എന്തുകൊണ്ടാണ് താങ്കള്‍ 'രാജ്യദ്രോഹി' എന്ന് മുദ്രകുത്തപ്പെട്ടത്... ?
കാരണം ലളിതം. എന്നെ രാജ്യദ്രോഹി എന്ന് മുദ്രകുത്തിയ ചാനലിന്റെ (റിപ്പബ്ലിക് ചാനല്‍) ഉടമ രാജ്യസഭയിലേക്ക് കടക്കാന്‍ തക്കംപാര്‍ത്തിരിക്കയായിരുന്നു. 'രാജ്യദ്രോഹി' എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാന്‍ ആളെ തിരഞ്ഞുനടക്കുകയായിരുന്നു, അവര്‍. ഞാനൊരു ശാസ്ത്രജ്ഞന്‍. ഇടതുപക്ഷ സഹചാരി. കവി. സര്‍വോപരി, എന്റെ പേര് ഗൗഹര്‍ റസ. എന്നേക്കാള്‍ പറ്റിയ വേറാരെ കിട്ടും രാജ്യദ്രോഹിയാക്കാന്‍? ഒരു കവിത രോഹിത് വെമുലയ്ക്ക് സമര്‍പ്പിച്ചു- അതാണ് ഞാന്‍ചെയ്ത 'രാജ്യദ്രോഹം'! കനയ്യകുമാറിന് സമര്‍പ്പിക്കുന്ന ഒരു ഈരടിയും ആ കവിതയില്‍ ഞാന്‍ ഉള്‍ച്ചേര്‍ത്തിരുന്നു.
കവിത എന്നാല്‍, അന്തരാ ഉള്ള പ്രതിഷേധമാണല്ലോ. പ്രണയകവിതപോലും പ്രതിഷേധമാണെന്ന് ഞാന്‍ പറയാറുണ്ട്. അധികാരികളെ വിമര്‍ശിക്കല്‍, സമൂഹത്തിലെ അസമതയ്ക്കും അനീതിക്കും എതിരായി നിലപാടെടുക്കുക- ഇവയെല്ലാം കവിതയുടെ ഭാഗമാണ്. വളരുകയും പടരുകയും ചെയ്യുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേ നാമിപ്പോഴും പ്രതിരോധത്തിലാണ്.
ഈ പ്രതിരോധം ഉപരോധമാക്കി മാറ്റേണ്ടുന്ന സമയം ആസന്നമായിരിക്കുന്നു. ഫാസിസത്തിനെതിരായി വിശാലമായ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതില്‍ എല്ലാഭാഗത്തുനിന്നും നിര്‍ലോഭമായ വിട്ടുവീഴ്ചകള്‍ വേണ്ടിവരും. സുജനമര്യാദയോടെ, പ്രത്യയശാസ്ത്രപരമായ വിവേകബോധത്തോടെ, നാം നിലപാടുകള്‍ പുനഃപരിശോധിക്കേണ്ടിവരും.
ഫാസിസവും അതിശക്തമായ ഒരു പ്രത്യയശാസ്ത്രമാണ്. അത് പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്നതാണെന്ന് തോന്നുന്നില്ല. കൃത്യമായ ആസൂത്രണമുണ്ട് അതിന്റെ പിറകില്‍. ഒരുപക്ഷേ, അതിന്റെ ബാഹ്യപ്രകടനങ്ങള്‍ക്ക് അറുതിവരുന്ന ഘട്ടങ്ങള്‍ കാണാം. പക്ഷേ, ബോധതലത്തില്‍ അത് സദാ സമൂഹങ്ങളിലെ ചില വിഭാഗങ്ങളില്‍ ജീവിച്ചുവരുന്നുണ്ട് എന്നുകാണാം. ഈ ഹിംസാബോധത്തെ മെരുക്കിവയ്ക്കുന്നത് ജനാധിപത്യമാണ്.
ഫാസിസം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വഴികളെക്കുറിച്ച്... ?
യൂറോപ്പില്‍ അത് അങ്ങേയറ്റം വംശവിദ്വേഷാധിഷ്ഠിതമായിരുന്നു. ഇന്ത്യയില്‍ വര്‍ഗീയതയാണ് ആധാരം. വര്‍ഗീയത ഒരു ഫ്യൂഡല്‍ ആശയമാണ്. സോവിയറ്റ് വിപ്ലവത്തിനുശേഷം മുതലാളിത്തം/സാമ്രാജ്യത്വം പഠിച്ച ഒരു പാഠമുണ്ട്: ജാതീയത, വര്‍ഗീയത, വംശീയത എന്നിവ ഉപയോഗിച്ച് സമൂഹത്തെ വിഘടിപ്പിക്കുന്നത് അതിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കും.
വാസ്തവത്തില്‍ ഉള്ളവരും ഇല്ലാത്തവരുമായി സമൂഹത്തെ വിഭജിക്കുകയാണ് മുതലാളിത്തത്തിന്റെ സ്വഭാവം. പരസ്പരം പൂക്കള്‍ കൊടുത്ത് അഭിവാദനംചെയ്യുന്ന യുവാക്കളെ അവര്‍ വേട്ടയാടും. സ്ത്രീയും പുരുഷനും സ്വച്ഛമായി ഇടപഴകുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല.
മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുമിച്ചുവരുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. വിവിധ മതങ്ങളില്‍പ്പെട്ടവരെ, ജാതികളില്‍പ്പെട്ടവരെ ചേരിതിരിയാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തിലാണ് ഫാസിസ്റ്റ് ശക്തികള്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇത് സാമ്രാജ്യത്വത്തിന്റെ ദേശീയ ബൂര്‍ഷ്വാസിയുടെ, കോര്‍പ്പറേറ്റ് ശക്തികളുടെ ബോധപൂര്‍വവും സുചിന്തിതവുമായ ഒരു അജന്‍ഡയാണ്.
മാധ്യമങ്ങള്‍ ഏതുവിധത്തിലാണ് ഫാസിസത്തിന്റെ ഈ സഞ്ചാരപഥത്തെ പോഷിപ്പിക്കുന്നത് ?
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട് പകരം രാജീവ്ഗാന്ധി വന്ന എണ്‍പതുകളില്‍ മുതലാളിത്ത പ്രചാരകര്‍ പറഞ്ഞു: കമ്പോളം തുറന്നുകൊടുക്കുക, ആധുനിക സാങ്കേതികവിദ്യകള്‍ കടന്നുവരട്ടെ. പക്ഷേ, സംഭവിച്ചതെന്താണ്? അറുപഴഞ്ചനായ, അത്യന്തം പ്രതിലോമകരമായ അന്ധവിശ്വാസങ്ങളാണ് വളര്‍ന്നുവന്നത്. അതിന് സഹായകമായത് സര്‍ക്കാര്‍ മാധ്യമങ്ങളല്ല, സ്വകാര്യ മാധ്യമങ്ങളാണ്, കോര്‍പ്പറേറ്റ് മാധ്യമങ്ങളാണ്.
നെഹ്രുവിനോട് പണ്ട് ഒരു വിദേശമാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു, 'ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി എന്നനിലയില്‍ താങ്കളെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും?' നെഹ്രു പറഞ്ഞു: 'അങ്ങേയറ്റം പാരമ്പര്യാധിഷ്ഠിതവും മതാത്മകവുമായ ഒരു സമൂഹത്തെ ശാസ്ത്രബോധമുള്ള ഒരു സമൂഹമാക്കി മാറ്റുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.' നെഹ്രു ഈ വെല്ലുവിളി ഏറ്റെടുത്തപ്പോള്‍ നിരവധി യുവശാസ്ത്രജ്ഞരും ബുദ്ധിജീവികളും അദ്ദേഹത്തോടൊപ്പംനിന്നു. പക്ഷേ, ഇന്ദിരാഗാന്ധിയുടെ കാലത്ത് ശാസ്ത്രബോധാധിഷ്ഠിതമായ സമൂഹനിര്‍മിതി എന്ന നെഹ്രൂവിയന്‍ പദ്ധതി പലപാട് അനുരഞ്ജനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടുതുടങ്ങി.
ഇന്ദിരതന്നെ പലതരം ആള്‍ദൈവങ്ങളെയും വലിയവരാക്കി. മതസംഘങ്ങളുമായി അവര്‍ സഹകരിച്ചു. തീര്‍ത്തും തിരഞ്ഞെടുപ്പുജയംമാത്രം ലാക്കാക്കിയായിരുന്നു ഇത്തരം അനുരഞ്ജനങ്ങള്‍. പൊതുപദവികള്‍ വഹിക്കുന്നവരില്‍നിന്ന് സ്വന്തം മതസ്വത്വം പ്രകടമാകുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകരുത് എന്ന നെഹ്രുവിന്റെ സങ്കല്പമാണ് അതോടെ അട്ടിമറിക്കപ്പെട്ടത്. ക്രമേണ മതത്തിന് കമ്പോളമുണ്ട്, അന്ധവിശ്വാസത്തിന് കമ്പോളമുണ്ട് എന്നൊക്കെ തിരിച്ചറിഞ്ഞ പ്രതിലോമശക്തികള്‍ വളര്‍ന്നു.
ബാബമാരും മതാചര്യന്മാരും അതിസന്പന്നരായി, അധികാരത്തില്‍ അവരുടെ പങ്ക് ക്രമാതീതമായി. അവര്‍ രാഷ്ട്രീയസംഘടനകളുമായി അവിശുദ്ധവേഴ്ച തുടങ്ങി. ഇന്ന് ശാസ്ത്രബോധം നമ്മുടെ ദേശീയ കാര്യപരിപാടികളില്‍ എവിടെയുമില്ലാതായി. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. നെഹ്രുവിന്റെ ശാസ്ത്രബോധാധിഷ്ഠിതമായ സമൂഹനിര്‍മിതി എന്ന പദ്ധതി കേവലശാസ്ത്രപദ്ധതിയായിരുന്നില്ല. അതൊരു രാഷ്ട്രീയപദ്ധതിയായിരുന്നു.
ഇതിനെതിരേ മാധ്യമങ്ങള്‍ക്ക് എന്തുചെയ്യാനാവും ?
കോര്‍പ്പറേറ്റ് മാധ്യമങ്ങളെ വിടുക. സാങ്കേതികവിദ്യയുടെ പുരോഗതി നമുക്ക് പുതിയ മാധ്യമങ്ങള്‍ പ്രദാനംചെയ്തിട്ടുണ്ടല്ലോ. അവ നന്നായി, പുരോഗമനാത്മകമായി ഉപയോഗിക്കണം. അതിനുള്ളശേഷി നാം ആര്‍ജിക്കണം. നിരന്തരം പുതുക്കണം. ഇതിനായി രാജ്യത്തുടനീളം യുവാക്കളുടെ പണിപ്പുരകള്‍ നടത്തണം. ഉത്തരവാദിത്വത്തോടെയുള്ള മാധ്യമപ്രവര്‍ത്തനം എന്ന പ്രമേയത്തില്‍ ഊന്നിയാകാം ഈ പണിപ്പുരകള്‍.
വിപ്ലവത്തിലേക്കുള്ള പാതയില്‍ വഴിവിളക്കുകളാകാന്‍ അങ്ങനെ പരിശീലനം നേടിയ യുവാക്കള്‍ക്ക് കഴിയും. ഇവിടെ നമ്മള്‍ പകച്ചുനില്‍ക്കരുത്. പ്രതിലോമശക്തികള്‍ നവമാധ്യമങ്ങളെ നന്നായി ഉപയോഗിക്കുന്നുണ്ടല്ലോ. പിന്നെ നാം എന്തിനുമടിക്കണം? ഇതൊക്കെ ബൂര്‍ഷ്വാ ഉപകരണങ്ങളാണ് എന്നും മറ്റുമുള്ള ലളിതവത്കൃതമായ ആരോപണങ്ങളില്‍ അഭിരമിച്ചിട്ട് കാര്യമില്ല.


VIEW ON mathrubhumi.com