ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ കഥ : പെരുംജീരകപ്പൂവ്

By: പരിഭാഷ: നിലീനാ അബ്രഹാം
ശരിക്കും ഇരുട്ടായിക്കഴിഞ്ഞിട്ടില്ല. മുക്കര്‍ജിയുടെ വീടിന്റെ പിന്‍ഭാഗത്തെ മുളങ്കാട്ടിലെ മിന്നാമിനുങ്ങിന്‍കൂട്ടം സന്ധ്യാദീപം കൊളുത്താന്‍ ആരംഭിയ്ക്കുന്നതേയുള്ളൂ. കുളക്കരയിലെ വൃക്ഷത്തലപ്പില്‍ കറുത്ത വാവല്‍ക്കൂട്ടം തൂങ്ങിക്കിടക്കുന്നു. വയല്‍വക്കിലെ മുളങ്കാടിന്റെ പിന്‍ഭാഗം അസ്തമനസൂര്യന്റെ അന്തിമകിരണങ്ങളേറ്റു മിന്നിത്തിളങ്ങുകയാണ്. നാലുപാടും അങ്ങിനെ കവിത നിറഞ്ഞുനിന്ന സമയം മുക്കര്‍ജിയുടെ വീട്ടിനുള്ളില്‍നിന്ന് ഒരു ബഹളവും നിലവിളിയും ഉയര്‍ന്നു.
വൃദ്ധനായ രാമതനു മുക്കര്‍ജി, ശിവകൃഷ്ണപരമഹംസന്റെ അനുഗാമിയാണ്. അദ്ദേഹം ദിവസവും വൈകുന്നേരം ആഹുതി നടത്തും. അതിന് ഏതാണ്ട് ഒരു റാത്തല്‍ ശുദ്ധമായ പശുവിന്‍നെയ്യ് വേണം. അദ്ദേഹം വല്ല വഴിയ്ക്കും ഇതുണ്ടാക്കി മുറിയില്‍ സൂക്ഷിച്ചുവെയ്ക്കും. മറ്റു ദിവസങ്ങളിലെപ്പോലെ ഇന്നും പലകപ്പുറത്തു ഒരു പാത്രത്തില്‍ നെയ്യു വെച്ചിരുന്നു. അദ്ദേഹത്തിന്റെ മരുമകള്‍ സുശീല അതു മുഴുവനെടുത്തു പലഹാരമുണ്ടാക്കിക്കളഞ്ഞു.രാമതനു മുക്കര്‍ജി ആ പ്രദേശത്തെ ചൗധുരി കുടുംബത്തിന്റെ ഒരു കേസില്‍ സാക്ഷി പറയാന്‍ കോടതിയില്‍ പോയിരിയ്ക്കുകയായിരുന്നു. അതിരാവിലെ പോയതാണ്. വളരെ ദൂരം നടക്കേണ്ടിയിരുന്നു. കള്ളസ്സാക്ഷി പൊളിക്കാന്‍ എതിര്‍വക്കീല്‍ വളരെ ശ്രമിച്ചു. വക്കീലിന്റെ വിഷമിപ്പിയ്ക്കുന്ന ചോദ്യങ്ങളും മുന്‍സിഫിന്റെ ദേഷ്യം നിറഞ്ഞ നോട്ടവും അദ്ദേഹത്തെ കുഴക്കി. എല്ലാം കഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ആകെ തളര്‍ന്നിരുന്നു. എങ്ങനെയെങ്കിലും കൈയും കാലും കഴുകി സമാധാനമായിരുന്നു ശ്രീഗുരുവിനെ ഉദ്ദേശിച്ച് ആഹുതി നടത്തി നശ്വരമായ വിഷയവിഷം കൊണ്ട് ദുഷിച്ച മനസ്സ് അല്പം ശുദ്ധമാക്കാമെന്നു വിചാരിച്ചു വന്നപ്പോഴാണ് പ്രത്യേകം എടുത്തുമാറ്റി വെച്ചിരുന്ന നെയ്യ് മുഴുവന്‍ പോയെന്നു മനസ്സിലായത്. പിന്നീട് ഏതാണ്ട് അരമണിക്കൂര്‍ നേരത്തേയ്ക്കു മുക്കര്‍ജിയുടെ വീട്ടിനുള്ളില്‍ നല്ലൊരു ലഹളയായിരുന്നു. മുക്കര്‍ജി മഹാശയന്റെ മരുമകള്‍ ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും പിന്നീടു പതിനെട്ടു വയസ്സുള്ള ഒരു യുവതി സാധാരണ പറയാത്ത വാക്കുകകളില്‍ ശ്വശുരനു മറുപടി കൊടുത്തു. രാമതനു മുക്കര്‍ജിയും, കോടതിയില്‍വെച്ചു വക്കീലും വീട്ടില്‍ വന്നപ്പോള്‍ മരുമകളും പറഞ്ഞ വാക്കുകളുടെ അപമാനം തീര്‍ക്കാന്‍ അവളുടെ പിതൃകുലത്തെ അടച്ചു ചീത്ത പറഞ്ഞു.ഈ സമയത്താണ് മുക്കര്‍ജി മഹാശയന്റെ മകന്‍ കിശോരി വീട്ടില്‍ വന്നത്. അയാള്‍ക്കു 25-26 വയസ്സു കാണും. അധികമൊന്നും പഠിയ്ക്കാത്ത അയാള്‍ ചൗധുരി ജമിന്ദാരുടെ കച്ചേരിയില്‍ ഒമ്പതു രൂപയ്ക്കു ഗുമസ്തപ്പണി ചെയ്യുകയാണ്. കിശോരിലാല്‍ തന്റെ മുറിയില്‍ കടന്നുനോക്കിയപ്പോള്‍ വിളക്കു കൊളുത്തിയിട്ടില്ല. ഇരുട്ടില്‍ത്തന്നെ വേഷം മാറി അയാള്‍ കൈയും കാലും കഴുകാന്‍ പുറത്തിറങ്ങി. തിരിച്ചു മുറിയില്‍ വരുമ്പോള്‍ ഇരുട്ടു നിറഞ്ഞ മുറിയില്‍നിന്നു സുശീല അന്തരീക്ഷത്തെ അഭിസംബോധന ചെയ്തു പറയുന്നതു കേട്ടു, ഈ കുടുംബത്തു കഴിഞ്ഞുകൂടാന്‍ തന്നെ കൊണ്ടാകുകയില്ലെന്നും നാളെ കാലത്തുതന്നെ കാളവണ്ടി വിളിപ്പിച്ച് തന്നെ അച്ഛന്റെ വീട്ടില്‍ കൊണ്ടാക്കണമെന്നും.കിശോരി അതിനു വിശേഷിച്ചു മറുപടിയൊന്നും പറയാതെ, റാന്തല്‍ കത്തിച്ച് മുറിയുടെ മൂലയ്ക്കുനിന്നു മുളവടിയുമെടുത്ത് പുറത്തുകടന്നു. ആ പ്രദേശത്തെ റോയ് കുടുംബത്തിന്റെ സ്വകാര്യക്ഷേത്രത്തില്‍ ഗ്രാമത്തിലെ തൊഴിലില്ലാത്ത യുവാക്കന്മാര്‍ നാടകം റിഹേഴ്സല്‍ നടത്തുന്നുണ്ട്. വളരെനേരം അവിടെ കഴിച്ചുകൂട്ടി രാത്രി തന്നെ വൈകിമാത്രം വീട്ടിലെത്തുക അയാളുടെ നിത്യകര്‍മ്മങ്ങളിലൊന്നാണ്.രാമതനു മുക്കര്‍ജിയും വളരെ നേരം പുറത്തെ മുറിയില്‍ കഴിച്ചുകൂട്ടി. അയല്‍പക്കത്തെ ഹരിറോയ് പുകയിലയുടെ ചെലവു ലാഭിയ്ക്കാനായി കാലത്തും വൈകീട്ടും മുക്കര്‍ജി മഹാശയനുമായി വെടി പറയാനെത്തും. രാമതനു അദ്ദേഹത്തെ അറിയിച്ചു, താനുടനെ കാശിയ്ക്കു പോകയാണെന്നും കാരണം ഈ പ്രായത്തില്‍ ഇനിയും.... എന്നും മറ്റും.വാനപ്രസ്ഥം സ്വീകരിയ്ക്കാനുള്ള അദ്ദേഹത്തിന്റെ ആകാംക്ഷയ്ക്ക് ഏകകാരണം മരുമകള്‍ സുശീലയാണ്. സുശീലയ്ക്ക് കാലത്തായാലും വൈകിയിട്ടായാലും എന്തെങ്കിലും വഴക്കിടാതെ വയ്യ. അവള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. ഒരു കാര്യവും നേരെ ചൊവ്വെ ചെയ്യാന്‍ കഴിവില്ല- എന്നാലും കുറ്റം പറഞ്ഞാല്‍ സഹിയ്ക്കുകയില്ല. ശ്വശുരനെയും ശ്വശ്രുവിനെയും തോല്പിയ്ക്കാന്‍ കഴിവില്ലെങ്കിലും അവള്‍ അതിനെപ്പോഴും പരിശ്രമിക്കാറുണ്ട്.രാത്രി വളരെ ഇരുട്ടി കിശോരി വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കണ്ടു, അയാളുടെ ആഹാരം മൂടിവെച്ചിട്ടു കിടന്നുറങ്ങുകയാണ് ഭാര്യ. മൂടി മാറ്റി അയാള്‍ ആഹാരം കഴിച്ചു കിടക്കാന്‍ ചെന്നു. അപ്പോഴുണ്ട് ഭാര്യ ഉറക്കം നിറഞ്ഞുനില്‍ക്കുന്ന കണ്ണുകളുമായി കിടക്കയില്‍ എഴുന്നേറ്റിരിക്കുന്നു. ഭര്‍ത്താവിനെക്കണ്ട് അല്പം സങ്കോചത്തോടെ അവള്‍ ചോദിച്ചു. ''എപ്പോള്‍ വന്നു? എന്താ എന്നെ ഒന്നു വിളിക്കാത്തത്?''കിശോരി പറഞ്ഞു: ''വിളിച്ചിട്ടെന്തെടുക്കാനാ? എനിക്കെന്താ കൈയും കാലുമില്ലേ? എടുത്തു കഴിക്കാനറിഞ്ഞുകൂടേ?''പെട്ടെന്ന് അയാളുടെ ഭാര്യയ്ക്കു ദേഷ്യം വന്നു: ''എടുക്കാനറിയാമെങ്കില്‍ എടുത്തുകഴിച്ചോളൂ. നാളെ മുതല് എനിക്കിവിടെ വയ്യ. ഇതിപ്പോള്‍ ശത്രുക്കളുടെ നടുവിലെ ജീവിതമാണ്. വീട്ടിലെല്ലാവരും എന്റെ നേരെ തിരിഞ്ഞിരിയ്ക്കുകയാണ്. ആരുമൊന്നും പറഞ്ഞാല്‍ കേള്‍ക്കില്ല. എന്താണിതെന്ന് എനിക്കൊന്നറിയണം. എന്താ കാര്യം?''പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ തലയിണയില്‍ മുഖമമര്‍ത്തി.ഭാര്യ പാതിരയ്ക്ക് ഒരു വഴക്കിനുള്ള വട്ടമാണെന്നു കിശോരിക്കു മനസ്സിലായി. ഇങ്ങനെയായാല്‍ ഇനിയും കുടുംബത്തു കഴിയാന്‍ വയ്യ. ചോറു മൂടിവെച്ചിരുന്നു, അതു തുറന്നെടുത്തു കഴിച്ചു- എന്നിട്ടും ഭാര്യയ്ക്കു ദേഷ്യമാണെങ്കില്‍ എന്തു ചെയ്യും? ഒന്നുമില്ല, ഇതൊരു നാട്യമാണ്. ഈ നിസ്സാര കാരണം വെച്ചുകൊണ്ട് അവള്‍ ഒരു രാമരാവണയുദ്ധം ഉണ്ടാക്കിക്കളയും.കിശോരി പറഞ്ഞു: ''നാളെ ഇഷ്ടമുള്ളതൊക്കെ ചെയ്തോ. ഇപ്പോ ഇത്തിരി ഉറങ്ങാന്‍ സമ്മതിയ്ക്ക്. ഉറങ്ങിക്കിടന്നവളെ ഉണര്‍ത്തിയില്ലെന്നല്ലേ പരാതി? ശരി, നാളെ മുതല് ഉണര്‍ത്തിക്കോളാം, തലമുടി പിടിച്ചുവലിച്ച് എഴുന്നേല്‍പ്പിച്ചോളാം.''സുശീല ഒന്നും പറഞ്ഞില്ല. മുഖം ഉയര്‍ത്തിയതുപോലുമില്ല, തലയിണയില്‍ മുഖമമര്‍ത്തി ആ കിടപ്പുകിടന്നു.പിറ്റേന്നു രാവിലെ എഴുന്നേറ്റയുടനെ രാമതനു മുക്കര്‍ജി കേട്ടു, കുറെ പുതിയയാളുകളെ കള്ളസ്സാക്ഷി പറയാന്‍ പഠിപ്പിയ്ക്കണമെന്ന് ചൗധുരി ജമീന്ദാര്‍ പറഞ്ഞയച്ചിട്ടുണ്ടെന്ന്. ''പോകാന്‍ സമയം അദ്ദേഹം പറഞ്ഞു: മോളെ, ഇത്തിരി നേര്‍ത്തെ ചോറു തരണം. കോടതിയില്‍ പോകേണ്ടതാണ്.''ഒമ്പതു മണിയ്ക്കു മടങ്ങി വന്നു നോക്കുമ്പോള്‍ സുശീല കുളി കഴിഞ്ഞുവന്നു വെയിലത്തു തുണി വിരിച്ചിടുകയാണ്. ഭാര്യ മോക്ഷദാസുന്ദരി അടുക്കളയിലിരുന്ന് എന്തോ പാകം ചെയ്യുന്നു. ഭര്‍ത്താവിനെ കണ്ടയുടനെ മോക്ഷദ ഉറക്കെ പറയാന്‍ തുടങ്ങി: ''ഒന്നുകില്‍ ഞാനെവിടെയെങ്കിലും ഇറങ്ങിപ്പൊയ്ക്കോളാം. അല്ലെങ്കില്‍ ഇതിനു നിങ്ങളെന്തെങ്കിലും തീരുമാനമുണ്ടാക്കണം. അവളു രാവിലെ അങ്ങനെ ചുമ്മാ ചുറ്റിയടിയ്ക്കുന്നതു കണ്ടു ഞാന്‍ പറഞ്ഞു- എടീ മോളേ, രണ്ടരി അടുപ്പത്തിട്ട്, എന്തെങ്കിലുമൊന്നുരണ്ടു കൂട്ടം ചെയ്തുവെയ്ക്ക് എന്ന്. ഞാനവളുടെ കൈയും കാലും പിടിച്ചില്ലെന്നേയുള്ളൂ, ബാക്കിയൊക്കെ ചെയ്തു. പക്ഷേ ആരു കേള്‍ക്കാന്‍? ദേ, ഉച്ചയായപ്പോള്‍ റാണി നീരാട്ടം കഴിഞ്ഞു വന്നിരിക്കണു....''
സുശീല വരാന്തയില്‍ നിന്ന് അതേ സ്വരത്തില്‍ മറുപടി കൊടുത്തു. ''ശമ്പളക്കാരി ദാസിയൊന്നുമല്ലല്ലോ ഞാന്‍. എനിയ്ക്കിഷ്ടമുള്ളപ്പോള്‍ വെയ്ക്കും. കാലത്തെ ഞാന്‍ വെറുതെയിരിയ്ക്കുകയായിരുന്നോ? ഈ ജോലിയൊക്കെ കഴിച്ചിട്ട് എട്ടിനു മുമ്പു ചോറും കൊടുക്കണം. എന്താ മനുഷ്യനു ശരീരമില്ലേ? ആര്‍ക്കാ വയ്യാത്തതെന്നു വെച്ചാ ചെന്നുണ്ടാക്കിയെടുക്ക്...''
ഇതിനുത്തരമായി മോക്ഷദ കൈയില്‍ ചട്ടുകവുമായി അടുക്കള വരാന്തയില്‍ വന്നു നടരാജനായ ശിവന്റെ താണ്ഡവനൃത്തത്തിന്റെ ഒരു പുതിയ പതിപ്പ് ആരംഭിയ്ക്കാന്‍ തുടങ്ങുകയായിരുന്നു- ഒരു സംഭവം കൊണ്ട് അതു നിന്നുപോയി. പത്തുപന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടി- കരിക്കട്ടയുടെ നിറം, മലമ്പനി കൊണ്ടു ശോഷിച്ച മെലിഞ്ഞ ശരീരം, വല്ലാതെ അഴുക്കായ ഒരു തോര്‍ത്ത് അരയില്‍ ചുറ്റിയിരിയ്ക്കുന്നു, തണുപ്പുകാലമായിട്ടും ദേഹത്തൊന്നുമില്ല- കൈയില്‍ ഒരു കൊച്ചുമുളങ്കമ്പുമായി വന്നു കയറി. അടുത്ത ഗ്രാമത്തിലെ വീട്ടുകാരന്‍ അത്തര്‍ ആലിയുടെ മകനാണ്. കഴിഞ്ഞ കൊല്ലം അവന്റെ വാപ്പ മരിച്ചുപോയി. രണ്ടു കൊച്ചുപെങ്ങന്മാരും അമ്മയുമല്ലാതെ ആരുമില്ല. വലിയ വിഷമസ്ഥിതിയാണ്. എന്നും എന്തെങ്കിലും കഴിക്കാനുണ്ടാകാറില്ല. പയ്യന്‍ വടി പുറത്തടിച്ചു പാട്ടുപാടി അമ്മയെയും പെങ്ങന്മാരെയും പുലര്‍ത്തുന്നു. ഈ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിലും പോകും. മുക്കര്‍ജിയുടെ വീട്ടില്‍മാത്രം ഇതിനു മുമ്പു വന്നിട്ടില്ല. കാരണമുണ്ട്- ദാനശീലത്തില്‍ രാമതനു മുക്കര്‍ജി ഗ്രാമത്തില്‍ അത്ര പ്രസിദ്ധനല്ല.
കുട്ടി മുറ്റത്തുനിന്നു കക്ഷം അനക്കി പല തരത്തിലുള്ള ഒച്ചയുണ്ടാക്കി ഉറക്കെ പാട്ടുപാടാന്‍ തുടങ്ങി. ഒപ്പം തന്നെ വടികൊണ്ട് പുറത്തിട്ടടിയ്ക്കാനും.മൂന്നു സാധുഗ്രാമീണരെ സാക്ഷിപറയാന്‍ പഠിപ്പിച്ചു പഠിപ്പിച്ചു കുഴഞ്ഞ് രാമതനുവിന്റെ ശുണ്ഠി മൂത്തിരുന്നു. തിരിഞ്ഞു നോക്കി മുഖം വികൃതമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''നിര്‍ത്ത്, നിര്‍ത്ത്- അതൊന്നും ഇവിടെയാര്‍ക്കും കാണണ്ട. വേറെ വല്ല വീട്ടിലും പോയി കാണിക്ക്, പോ''.സുശീല തുണി ഉണങ്ങാനിട്ടുകൊണ്ട് വിസ്മയത്തോടെ കുട്ടിയുടെ കാട്ടായങ്ങള്‍ കാണുകയായിരുന്നു. കുട്ടി സങ്കോചത്തോടെ പുറത്തേയ്ക്കു പോകുമ്പോള്‍ അവള്‍ വേഗം പുറത്ത് വരാന്തയില്‍ പോയി നിന്നു വിളിച്ചു പറഞ്ഞു: ''ദേ നോക്ക്, എവിടെയാ നിന്റെ വീട്?''''ഹരീശ്പുരിലാണമ്മേ.''''നിന്റെ വീട്ടിലാരൊക്കെയുണ്ട്, പിന്നെ?''''എന്റെ വാപ്പ മരിച്ചുപോയി അമ്മേ, കഴിഞ്ഞ കൊല്ലം. പിന്നെ എനിക്കാരുമില്ല: വയസ്സായ അമ്മയും രണ്ടു കൊച്ചുപെങ്ങന്മാരും മാത്രം.''''അതാണ് നീ പാടി നടക്കുന്നത്, അല്ലേ? ഇതുകൊണ്ടു കഴിയാനൊക്കുമോ?''
രാമതനുവിന്റെ ശകാരം കേട്ട് കുട്ടിക്ക് വളരെ വേദനിച്ചിരുന്നു. സുശീലയുടെ വാക്കുകളില്‍ അടങ്ങിയിരുന്ന സഹാനുഭൂതിയുടെ സ്വരം മനസ്സിലായപ്പോള്‍ അവനു പെട്ടെന്നു കരച്ചില്‍ വന്നുപോയി. കണ്ണുനീര്‍ ധാരധാരയായി ഒഴുകിയപ്പോള്‍ മലമ്പനികൊണ്ടു ശോഷിച്ച കൈകള്‍ പൊക്കി കണ്ണുനീര്‍ തുടച്ചുകൊണ്ടു പറഞ്ഞു: ''ഇല്ലമ്മേ, കഴിയുകയില്ല. ഇതൊന്നും ഇപ്പോ ആളുകള്‍ക്കാര്‍ക്കും കാണണ്ട. നല്ല പോലെ പാടാനറിയാമായിരുന്നെങ്കില്‍ നാടകത്തില്‍ ചേരാമായിരുന്നു. വലിയ കഷ്ടമാണ് കുടുംബത്ത്. കൂടെ ഈ തണുപ്പും, അമ്മേ...''സുശീല അവനെ തടഞ്ഞുകൊണ്ടു പറഞ്ഞു: ''നില്‍ക്ക്, ഞാന്‍ വരുന്നു.''മുറിയില്‍ കടന്ന് കരച്ചില്‍ വളരെ വിഷമിച്ച് അടക്കിക്കൊണ്ടു നോക്കിയപ്പോള്‍ കണ്ടത് അയലില്‍ കിടക്കുന്ന പുതിയ കിടക്കവിരിയാണ്. കൈപൊക്കി അതു വലിച്ചു ചുരുട്ടിയെടുത്തു പിന്നീട് ജനലില്‍ക്കൂടി വീട്ടിനുള്ളില്‍ സൂക്ഷിച്ചുനോക്കിയിട്ട് വിരിപ്പ് ചെറുക്കന്റെ കൈയില്‍ കൊണ്ടുക്കൊടുത്തു പതുക്കെ പറഞ്ഞു: ''ഇതുകൊണ്ടു പൊക്കോ. തണുപ്പുകാലം കഴിക്കാം. നല്ല കട്ടിയുണ്ട്. വേഗം പൊക്കോ, ഒളിച്ചുകൊണ്ടു പോണം. വല്ലവരും കണ്ടുപോയാല്‍...''കുട്ടി വിരിപ്പു കൈയില്‍ വെച്ചുകൊണ്ട് എന്തു ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കുന്നതു കണ്ട് സുശീല പറഞ്ഞു: ''എടാ, വല്ലവരും വന്നുകാണും-വേഗം പൊക്കോ.'' കുട്ടിയെ പറഞ്ഞയച്ചിട്ട് സുശീല ഉള്ളില്‍ കടന്നു നോക്കുമ്പോള്‍ ശ്വശുരന്‍ ആഹാരം കഴിക്കാനിരിക്കുകയാണ്. കുട്ടിയുടെ ദുഃഖം കണ്ട് സുശീലയുടെ മനസ്സ് വല്ലാതെ അലിഞ്ഞിരുന്നു. അവള്‍ അടുക്കളയില്‍ പോയി ജോലിയില്‍ ശ്രദ്ധിച്ചു. ശ്വശുരനോടു ചോദിച്ചു: ''എന്താ വേണ്ടത്, അച്ഛന്?''മോക്ഷദ അലറി: ''നീ ഒന്നും കൊടുക്കേണ്ട. നിന്റെ മധുരമുള്ള വാക്കു കൊണ്ടുതന്നെ വയറു നിറഞ്ഞു കാണും. ഇവിടെ വന്ന് എന്നെ സഹായിക്കാമെങ്കില്‍ സഹായിക്ക്. അല്ലെങ്കില്‍ പറ വയ്യെന്ന്. ചത്തെങ്കിലും ഞാന്‍ തന്നെ ചെയ്തോളാം.''രാമതനു ഒന്നും പറഞ്ഞില്ല. മനസ്സില്‍ എന്തോ ആലോചിച്ചു കൊണ്ട് ഊണു കഴിഞ്ഞ് എഴുന്നേറ്റുപോയി. സാധാരണ ഇതെല്ലാം സുശീലയെ വല്ലാതെ ദേഷ്യപ്പെടുത്തും. രാമതനു മരുമകളോട് എന്തെങ്കിലും ചോദിച്ചു വാങ്ങിക്കഴിച്ചെങ്കില്‍ അവളുടെ ദേഷ്യം ആവിയായിപ്പോയെനേ. പക്ഷേ ആളുകള്‍ തന്നെ പാഠം പഠിപ്പിക്കാനും അപമാനിക്കാനും ഉറച്ചിറങ്ങിയിരിക്കുകയാണെന്നോര്‍ത്തപ്പോള്‍ അവളുടെ വിവേകമെല്ലാം പോയി. അവളും യുദ്ധത്തിനു തയ്യാറെടുത്തു, താന്‍ മാത്രം എന്തിനു വിട്ടുകൊടുക്കണം?
******
രണ്ടു മാസം കഴിഞ്ഞു. ഫാല്‍ഗുനമാസം പകുതിയേ ആയിട്ടുള്ളൂ. എങ്കിലും നല്ല ചൂടുണ്ട്. കിശോരി വളരെ ഇരുട്ടി വീട്ടില്‍ മടങ്ങിയെത്തി. എല്ലാവരും അവരവരുടെ മുറിയില്‍ കിടന്നുറക്കമാണ്. അയാള്‍ സ്വന്തം മുറിയിലെത്തി നോക്കിയപ്പോള്‍ സുശീല ഇരുന്ന് ഒരെഴുത്തെഴുതുന്നു. കിശോരി ചോദിച്ചു: ''ആര്‍ക്കാ എഴുത്ത്?''സുശീല കടലാസ് ധൃതിയില്‍ സാരിത്തുമ്പുകൊണ്ട് മറച്ചുപിടിച്ചിട്ട് ഭര്‍ത്താവിന്റെ നേരെ തിരിഞ്ഞു ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു: ''ഇപ്പ വയ്യ പറയാന്‍.'' ''എന്നാ വേണ്ട, പറയണ്ടാ ചോറു വിളമ്പ്. രാത്രി ഒരുപാടായി. നേരം വെളുത്താല്‍ പിന്നെയും തുടങ്ങണം ജോലി.'' സുശീല വിചാരിച്ചത് താനെന്താണ് എഴുതുന്നതെന്നറിയാന്‍ ഭര്‍ത്താവ് നിര്‍ബന്ധം കാണിക്കുമെന്നാണ്. വാസ്തവത്തില്‍ അവള്‍ ആര്‍ക്കും എഴുത്തെഴുതുകയായിരുന്നില്ല. ഭര്‍ത്താവിനെക്കൊണ്ടു സംസാരിപ്പിക്കാനുള്ള അവളുടെ പഴയ ഒരു സൂത്രമാണിത്. വളരെ നാളായി അവള്‍ ഭര്‍ത്താവിന്റെ മുഖത്തുനിന്ന് രണ്ടു നല്ല വഴക്കുകേട്ടിട്ട്. അവളുടെ സ്ത്രീഹൃദയം അതിനുവേണ്ടി ദാഹിക്കുകയായിരുന്നു. അതാണ് ഉറക്കം വന്നു തൂങ്ങിയിട്ടും അവള്‍ നിസ്സാരമായ ഈ കുടുക്കുമായി ഇരുന്നത്. പക്ഷേ കിശോരി കുടുക്കില്‍ വീഴുന്നതു പോയിട്ട് ഇതിനടുത്തെങ്ങും കാലെടുത്തു കുത്തുക കൂടി ചെയ്തില്ലെന്നു കണ്ടപ്പോള്‍ സുശീലയുടെ ഉത്സാഹം തണുത്തുറഞ്ഞു.കടലാസും പേനയും എടുത്തു വെച്ചിട്ട് അവള്‍ ഭര്‍ത്താവിനു ചോറു വിളമ്പി. മിണ്ടാതെയിരുന്ന് ഒരു തരത്തില്‍ ആഹാരം കഴിച്ചിട്ട് കിശോരി കിടക്കയെ ശരണം പ്രാപിച്ചു. അതിനുശേഷം അവള്‍ തന്റെ ആഹാരാദികള്‍ കഴിഞ്ഞു കിടക്കാന്‍ ചെന്നുനോക്കുമ്പോള്‍ കിശോരി ഉറങ്ങിയിട്ടില്ല, ഉഷ്ണം കൊണ്ടു തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. ആശകൊണ്ടു ഹൃദയം നിറച്ച് അവള്‍ രണ്ടാമതൊരു സൂത്രമെടുത്തു.''എനിക്കൊരു കഥ പറഞ്ഞു തരൂ. എത്ര നാളായി ഒന്നു പറഞ്ഞിട്ട്, ഒന്നു പറയൂ''വിവാഹം കഴിഞ്ഞയിടയ്ക്ക് കിശോരി തന്റെ കിശോരിയായ ഭാര്യയെ അറബിക്കഥകളില്‍ നിന്നു പലതും പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു. രാത്രി തോറും ഈ കഥകള്‍ കേട്ടു സുശീല മുഗ്ദ്ധയായിരുന്നു. ഇവയിലെ അദൃശ്യനായികാനായകന്മാരുടെ ഗുണഗണങ്ങള്‍ കഥപറയുന്ന ആളുടെ മേല്‍ ആരോപിച്ചാണ് അവള്‍ ആദ്യം ഭര്‍ത്താവിനെ സ്നേഹിച്ചത്. ഇതു അഞ്ചാറുവര്‍ഷം മുമ്പത്തെ കാര്യമാണ്. എങ്കിലും സുശീലയുടെ ഭ്രമം ഇപ്പോഴും തീര്‍ന്നിട്ടില്ല.കിശോരി ഭാര്യയുടെ അപേക്ഷ തട്ടി മാറ്റിക്കൊണ്ടു പറഞ്ഞു: ''ഉം, കഥ പറയാന്‍ കണ്ട നേരം, പകല്‍ മുഴുവന്‍ പണിയെടുത്തിട്ടാണ് വന്നത്. ഇപ്പോള്‍ പാതിരായ്ക്കിരുന്നു കഥ പറയണം, ഇല്ലേ? നിനക്കൊക്കെ എന്താ? വീട്ടില്‍തന്നെ വെറുതെയിരുന്നു എന്തും പറയാമല്ലോ.''വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കില്‍ മിണ്ടാതിരിക്കും. പക്ഷേ സുശീലയുടെ സ്വഭാവം ഒന്നു പ്രത്യേകമായിരുന്നു. അവള്‍ വീണ്ടും പറഞ്ഞു: ''അതൊക്കെയിരിയ്ക്കട്ടെ. ഒരെണ്ണം പറയൂ. രാത്രി ഇപ്പോ അത്രയധികമൊന്നുമായിട്ടില്ല...''''.....ഇല്ലില്ല, ആയിട്ടില്ല; നിനക്കു രാത്രിയെപ്പറ്റി എന്തൊരറിവാണെന്നോ? മിണ്ടാതെ കിടന്നുറങ്ങ് ഇപ്പോ.''സുശീല ഈ സമയം ശാഠ്യം പിടിച്ചു: ''ഒരെണ്ണം പറയരുതോ? ചെറുതൊരെണ്ണം നോക്കി പറഞ്ഞാല്‍ മതി. ഞാനെത്ര തവണയായി പറയുന്നു? ഒന്നു കേട്ടാലെന്താ?''കിശോരി ദേഷ്യപ്പെട്ടു: ''ആഹാ, ഇതു വലിയ നിര്‍ബന്ധമാണല്ലോ? രാത്രിയില്‍ക്കൂടെ ഒന്നുറങ്ങാന്‍ സമ്മതിയ്ക്കുകയില്ലേ? പകല്‍ മുഴുവന്‍ ഒച്ചയും ഓളിയുമാണ്. രാത്രിയിലും അല്പം സമാധാനം തരില്ലേ?''ഇതായിരുന്നു സുശീലയുടെ മര്‍മ്മസ്ഥാനം. ഭര്‍ത്താവിന്റെ മുഖത്തുനിന്നു ആ വാക്കു കേട്ടപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചു. ''വലിയ ഒച്ചയും ഓളിയുമാണ്, അല്ലേ? അതുകൊണ്ടു വിഷമമുണ്ടെങ്കില്‍ എന്നെ ഇവിടെ നിന്നു പറഞ്ഞയയ്ക്കരുതോ? ആരാ രാത്രി പാതിര ആക്കിയത്? എവിടെയെങ്കിലും വെടി പറഞ്ഞിരുന്നിട്ട് പാതിരാക്കു കേറിവരും. ആരാ ഇവിടെ ഈ സമയം വരെ ചോറും വെച്ചു കാത്തിരിയ്ക്കാന്‍? നിങ്ങള്‍ക്കു മാത്രമേ ദേഹമുള്ളോ? വേറെയാര്‍ക്കും ഇല്ലേ അത്? ജോലി ചെയ്തു കൊണ്ടുവന്നു കൂടിയിരിയ്ക്കുകയല്ലേ? നിങ്ങള്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ.''കിശോരിക്ക് ഉറക്കം വന്നു തുടങ്ങിയതായിരുന്നു. ഭാര്യയുടെ ഉത്തരോത്തരം ഉച്ചത്തിലുള്ള വര്‍ത്തമാനം കേട്ട് അയാള്‍ക്കു സഹികെട്ടു. അയാള്‍ എഴുന്നേറ്റിരുന്നു ആദ്യംതന്നെ ഭാര്യയുടെ മുതുകത്തു വിശറിത്തണ്ടുകൊണ്ടു നല്ല കുറെ അടി കൊടുത്തു. പിന്നീടു അവളുടെ തലമുടികെട്ടു പിടിച്ചു കട്ടിലില്‍നിന്നു വലിച്ചിറക്കി അടിച്ചടിച്ചു മുറിക്കു പുറത്താക്കിയിട്ടു പറഞ്ഞു: ''ഇറങ്ങ്, മുറിയില്‍നിന്നിറങ്ങ്- പോ, പുറത്തു പോ- പാതിരായ്ക്കുകൂടി ഇത്തിരി സമാധാനമില്ല- പോ ഇറങ്ങി- എവിടെയാ ഇഷ്ടമെന്നുവെച്ചാ പൊക്കോ....''കിശോരി മുറിയിലെ വിളക്കിനടുത്തു മടങ്ങിവന്നു നോക്കുമ്പോള്‍ ഭാര്യ രണ്ടു കൈയും നഖംകൊണ്ടു മാന്തിപ്പൊളിച്ചിട്ടുണ്ട്.കിശോരി ഇടയ്ക്കിടെ ഭാര്യയുടെ മേല്‍ പ്രയോഗിക്കാറുള്ളതാണ് ഈ ഔഷധം.വെളുപ്പിന് ഏകാദശിച്ചന്ദ്രന്റെ പ്രകാശത്തില്‍ നാലുപാടും പുഷ്പദളങ്ങള്‍പോലെ മിന്നിത്തിളങ്ങുമ്പോള്‍, പ്രഭാതാന്തരീക്ഷം നാരകപ്പൂവിന്റെ മാദകസുഗന്ധവും കുയിലിന്റെ കളഗാനവുംകൊണ്ടു മുഖരിതമായപ്പോള്‍, മുറിയുടെ വാതില്‍ക്കല്‍ സാരിത്തുമ്പു വിരിച്ചു ഗാഢനിദ്രയിലാണ്ടു കിടക്കുകയായിരുന്നു സുശീല.നേരം വെളുത്തതോടെ ഓരോരുത്തരം അവനവന്റെ ജോലിയില്‍ മുഴുകി. മോക്ഷദ പറഞ്ഞു: ''മോളേ, ചൗധുരിയുടെ വീട്ടുകാര്‍ ഇന്നു ശിവക്ഷേത്രത്തില്‍ പോകുന്നുണ്ട്, നമ്മളും ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഒരുങ്ങിക്കോ.''ഈ ചൗധുരിയായിരുന്നു യഥാര്‍ത്ഥത്തില്‍ രാമതനു മുക്കര്‍ജിയുടെ പരിപാലകന്‍. അദ്ദേഹമാണ് ഗ്രാമത്തിലെ ജമീന്ദാര്‍. അദ്ദേഹത്തിന്റെ വസ്തുവകകളെക്കുറിച്ചുള്ള കേസുകളില്‍ സഹായിച്ചാണ് രാമതനു ജീവിയ്ക്കുന്നതും.പത്തുമണിയ്ക്കു മുമ്പ് ആഹാരാദികള്‍ കഴിച്ചു നല്ല വേഷത്തില്‍ സകലരും വള്ളത്തില്‍ കയറി. രണ്ടു മണിക്കൂര്‍ നേരത്തെ വഴിയുണ്ട്. ചൗധുരിയുടെ വീട്ടില്‍ കല്‍ക്കത്തയില്‍ നിന്ന് ഒരു യുവതി വന്നിരുന്നു. അവളുടെ ഭര്‍ത്താവ് വലിയ ഒരാളുടെ മകനാണ്. എം.എ. പാസ്സായി എസ്.ഡി.ഒ. ആയിട്ട് രണ്ട് വര്‍ഷമായി. പെണ്ണ് കല്‍ക്കത്തക്കാരിയാണ്. ചൗധുരി കുടുംബവുമായി അവളുടെ ഭര്‍ത്താവിന് എന്തോ ബന്ധമുണ്ട്. അങ്ങനെ ചൗധുരിയുടെ ഭാര്യ ശ്രാവണപൂര്‍ണ്ണിമയ്ക്കു ക്ഷണിച്ചു വരുത്തിയതാണവളെ. ഇതിനു മുമ്പെങ്ങും അവള്‍ നാട്ടിന്‍പുറത്തു വന്നിട്ടില്ല. അല്പനേരം വള്ളത്തിലിരുന്നപ്പോഴാണ് അവള്‍ കണ്ടത്, നീലസ്സാരിയുടുത്തു തന്റെ തന്നെ പ്രായമുള്ള ഒരു യുവതി വള്ളത്തില്‍ വന്നു കയറുന്നത്. വള്ളം വിട്ടു. സമവയസ്‌കയായ ഒരു കൂട്ടുകാരിയെ കണ്ട് കല്‍ക്കത്തക്കാരി പെണ്‍കുട്ടി വളരെ സന്തോഷിച്ചു. എങ്കിലും സംസാരിച്ചുതുടങ്ങാന്‍ അവള്‍ മടിച്ചു. കൂട്ടുകാരിയുടെ വേഷവും വേഷധാരണരീതിയും കണ്ടുതന്നെ അവള്‍ മനസ്സിലാക്കി, അവള്‍ തനി നാട്ടിന്‍പുറത്തുകാരിയാണെന്നും അത്ര സ്ഥിതിയുള്ളവളല്ലെന്നും. അങ്ങനെ അല്പനേരം ഇരുന്നപ്പോള്‍ കൂട്ടുകാരി സാരിത്തലപ്പുകൊണ്ടുള്ള മൂടുപടത്തിനുള്ളില്‍നിന്നു കറുകറുത്ത കണ്ണുകള്‍ കൊണ്ടു തന്നെ സകൗതുകം നോക്കുന്നത് അവള്‍ ശ്രദ്ധിച്ചു. ചിരിച്ചുകൊണ്ട് ചോദിച്ചു: ''എന്താ പേര്?''സുശീല സങ്കോചപൂര്‍വ്വം പറഞ്ഞു: ''സുശീലാ സുന്ദരി ദേവി.''സുശീലയുടെ മട്ടു കണ്ടു യുവതിയ്ക്കു ചിരി വന്നു. അവള്‍ പറഞ്ഞു: ''മുഖമെന്തിനാ ഇത്ര മൂടിയിരിയ്ക്കുന്നത്? ഇവിടെ നമ്മള്‍ രണ്ടാളല്ലാതെ ആരുമില്ലല്ലോ. വാ, അടുത്തിരിയ്ക്ക്. മുഖത്തു നിന്നു സാരി മാറ്റൂ. സംസാരിക്കാം.''ഇതു പറഞ്ഞിട്ട് യുവതി തന്നെ സുശീലയുടെ മുഖത്തുനിന്നു സാരി മാറ്റിയിട്ടു. ഉടനെ തന്നെ സുശീലയുടെ സുന്ദരവദനം കണ്ട് അവള്‍ അത്ഭുതപ്പെട്ടുപോയി. നിറം അത്ര വെളുത്തതല്ല. എങ്കിലും കറുപ്പില്‍ ഇത്രയധികം ശ്രീ അവളൊരിയ്ക്കലും കണ്ടിരുന്നില്ല. നദിക്കരയില്‍ തഴച്ചു വളരുന്ന ജീവന്‍ നിറഞ്ഞ കടും പച്ചച്ചീരയില്‍ നിന്നെന്നപോലെ ഒരുതരം നൂതനലാവണ്യം മുഖത്തു നിന്നു പ്രവഹിയ്ക്കുന്നു. മുഖം കണ്ടയുടനെതന്നെ ആഭരണങ്ങളില്ലാത്ത ആ ഗ്രാമീണയുവതിയെ അവള്‍ ഇഷ്ടപ്പെട്ടുപോയി. അവള്‍ ചോദിച്ചു: ''ആ ഇരിയ്ക്കുന്നതു നിങ്ങളെ ആരാ? അമ്മായിഅമ്മയാണോ?''''അതെ''''വരൂ, കുറച്ചുകൂടി അടുത്തിരിക്കൂ. വര്‍ത്തമാനം പറഞ്ഞു പറഞ്ഞു കാഴ്ചകള്‍ കണ്ടുകണ്ടു പോകാം. നിങ്ങടെ അച്ഛന്റെ വീടെവിടെയാ?'' സുശീലയുടെ ഭയം അകലുകയായിരുന്നു. അവള്‍ പറഞ്ഞു: ''സിംലയില്‍.'' ''ഏതു സിംല? കല്‍ക്കത്താ സിംലയോ? കല്ക്കത്തയിലുമുണ്ടോ സിംല? സുശീല അതു കേട്ടിട്ടുതന്നെയില്ല. അവള്‍ പറഞ്ഞു: ''അച്ഛന്റെ വീട് ഇവിടുന്ന് അധികം ദൂരെയല്ല. പത്തുപന്ത്രണ്ടു മൈല്‍ കാണും. കാളവണ്ടി പിടിച്ചുപോണം.'' നദിക്കരയിലെ യവവും കടുകും വിളയുന്ന വയലുകളും ചെടികളും വൃക്ഷങ്ങളും കണ്ടു യുവതിയ്ക്കു വളരെ സന്തോഷമായി. ഇതൊന്നും അവള്‍ മുമ്പധികം കണ്ടിരുന്നില്ല. വിരല്‍ ചൂണ്ടി ഒരു മീന്‍കൊത്തിപ്പക്ഷിയെ കാണിച്ചുകൊണ്ടു ചോദിച്ചു: ''ഹാ ഹാ, എന്തു ഭംഗി: എന്തുപക്ഷിയാ അതു?''''അതു മീന്‍കൊത്തിയല്ലേ? എന്താ മുമ്പിതിനെ കണ്ടിട്ടില്ലേ?''''ഞാന്‍ കല്ക്കത്തയ്ക്കു പുറത്തധികം പോയിട്ടില്ല. തീരെ കുട്ടിയായിരിക്കുമ്പോ ഒരു തവണ അച്ഛന്റെ കൂടെ ചന്ദനനഗരത്തില്‍ പോയതോര്‍മ്മയുണ്ട്. അതില്‍ പിന്നെ ദാ ഇപ്പോഴാണ്. നിങ്ങള്‍ എനിക്കോരോന്നു പറഞ്ഞു താ, ദേ, അതെന്തു വയലാ?''സുശീല നോക്കി. കൂട്ടുകാരി വിരല്‍ ചൂണ്ടി നദിക്കരയിലെ ഒരു പെരുംജീരകവയല്‍ കാണിയ്ക്കുകയാണ്. ആദ്യം അവളുടെ കണ്ണഞ്ചിയ്ക്കുന്ന നിറവും വിലപിടിച്ച സില്‍ക്കുസാരിയും ബ്ലൗസും വെട്ടിത്തിളങ്ങുന്ന നെക്ക്ലേസും കണ്ടു സുശീലയ്ക്കു ഭയം തോന്നിയിരുന്നു. അവളുടെ അജ്ഞത കണ്ടപ്പോള്‍ സുശീലയുടെ ഭയം പോയി. അറിവില്ലാത്ത കൂട്ടുകാരിയോട് അവള്‍ക്കു സ്നേഹം തോന്നി. കല്‍ക്കത്തയില്‍ മീന്‍കൊത്തിയും പെരുംജീരകവയലും പോലുള്ള നിസ്സാരവസ്തുക്കള്‍ പോലുമില്ല. സുശീല ചിരിച്ചുകൊണ്ടു പറഞ്ഞു: ''പൂവിന്റെ മണം കേട്ടാല്‍ മനസ്സിലാക്കാന്‍ പാടില്ലേ? പെരുംജീരകവയലാണ് അത്. എന്റെ അച്ഛന്റെ വീട്ടിനടുത്ത് എന്തുമാത്രം പെരുംജീരകവയലുണ്ടെന്നോ? പെരുംജീരകച്ചീര തിന്നിട്ടില്ലേ? കല്‍ക്കത്തയിലില്ലെന്നു തോന്നുന്നല്ലോ.''
കല്ക്കത്തക്കാരി യുവതി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു- കല്ക്കത്തയുടെ ഭൂതകാലചരിത്രം തനിക്കറിഞ്ഞുകൂടെന്നും വര്‍ത്തമാന പരിതസ്ഥിതിയില്‍ അവിടെ പെരുംജീരകവയലും മറ്റുമൊക്കെ ഉണ്ടാകുക സംഭവ്യമല്ലെന്നും എങ്കിലും ഭാവിയിലെന്തുണ്ടാകുമെന്നു പറയാന്‍ സാധ്യമല്ലെന്നും.ഏതാനും മണിക്കൂറിനുശേഷം വള്ളം ശിവക്ഷേത്രത്തിന്റെ കടവിലടുത്തപ്പോള്‍ അവര്‍ക്കു രണ്ടുപേര്‍ക്കുമിടയില്‍ വളരെ അടുത്തതരത്തിലുള്ള സംസാരം നടന്നുകഴിഞ്ഞിരുന്നു. കൂട്ടുകാരിയുടെ മുഖത്തുനിന്നു അവളുടെ ഭര്‍ത്താവിനെക്കുറിച്ച് ആദരപൂര്‍വ്വമായ വാക്കുകള്‍ കേട്ടപ്പോള്‍ സുശീലയുടെ മനസ്സിനുള്ളില്‍ ഗോപ്യമായ ഒരു വ്യഥ ഉണര്‍ന്നു. അത് ഒളിച്ചുവെയ്ക്കാന്‍ അവള്‍ അനവരതം പ്രയത്നിച്ചു. എങ്കിലും എന്താണെന്നറിഞ്ഞുകൂടാ, തരംകിട്ടിയപ്പോള്‍ അതു തലപൊക്കി. വിവാഹം കഴിഞ്ഞയിടയ്ക്ക് തന്റെ ഭര്‍ത്താവും തന്നെ എത്ര ആദരിച്ചിരുന്നു; രാത്രി ഉറങ്ങാന്‍ സമ്മതിക്കാതെ എന്തൊക്കെ കഥകള്‍ പറഞ്ഞ് ഉണര്‍ത്തിയിരുന്നു; സുശീലയ്ക്ക് മുറുക്കാനിഷ്ടമില്ലെന്നു പറഞ്ഞാലും എത്ര നിര്‍ബന്ധിച്ച് മുറുക്കാന്‍ വായില്‍ തള്ളിക്കയറ്റിയിരുന്നു; ആ ഭര്‍ത്താവ് എന്തേ ഇപ്പോഴിങ്ങനെയാകാന്‍? അവളുടെ ഹൃദയാന്തര്‍ഭാഗം വല്ലാതെ വേദനിച്ചു.രണ്ടുപേരും അല്്പനേരം നദിക്കരയില്‍ മരത്തണലുകളില്‍ അങ്ങുമിങ്ങും ചുറ്റിനടന്നു. എത്ര സുന്ദരമായ പരിസരം; നീലാകാശവും പച്ചമൈതനാവും എങ്ങനെ ഇണങ്ങിച്ചേരുന്നു; നദിക്കരയിലെ മണല്‍ത്തട്ടില്‍ ഒരു പക്ഷിക്കൂട്ടം ഇരുന്നു വിശ്രമിക്കുന്നു.കല്‍ക്കത്തക്കാരി യുവതി പറഞ്ഞു: ''വരൂ നമ്മുടെ കൂട്ട് ഒരു ബന്ധം കൊണ്ടുറപ്പിക്കാം* എന്താ?''സുശീല സന്തോഷപൂര്‍വ്വം പറഞ്ഞു: ''വളരെ നല്ലത്. എന്തു ബന്ധമാ വേണ്ടത്?''''വരൂ, ഒരു കാര്യം ചെയ്യാം. വരുന്നവഴിക്ക് നമ്മള്‍ പെരുംജീരകപ്പൂ കണ്ടു കണ്ടല്ലേ പോന്നത്? നമുക്കു രണ്ടു പേര്‍ക്കും ആ പേരു സ്വീകരിക്കാം: എന്താ?''സുശീല ആഹ്ലാദത്തോടുകൂടി സമ്മതിച്ചു. നദിയില്‍നിന്നു കൈകൂപ്പി വെള്ളം കൈക്കുമ്പിളിലെടുത്ത് അവര്‍ പെരുംജീരകപ്പൂവെന്ന പേരു സ്വീകരിച്ച് കൂട്ടുകെട്ട് ഉറപ്പിച്ചു. ഈ സമയം മോക്ഷദ വിളിച്ചു: ''വാ മോളേ, ഇങ്ങോട്ടു വാ.''
അവര്‍ ചെന്നു നോക്കുമ്പോള്‍ വൃക്ഷച്ചുവട്ടില്‍ നല്ല തിരക്കാണ്. പൂജയ്ക്കു ധാരാളമാളുകള്‍ വന്നിട്ടുണ്ട്. വലിയ വടവൃക്ഷം. അതിനു ചുവട്ടിലാണ് പൊളിഞ്ഞ ഇഷ്ടികകളോടു കൂടിയ ക്ഷേത്രം. വൃക്ഷച്ചുവട്ടില്‍നിന്ന് അല്പമകളെ ഒരു വൃദ്ധ പലതരത്തിലുള്ള ഔഷധങ്ങളും വില്‍ക്കുന്നു, സുശീലയും കൂട്ടുകാരിയും അവിടെപ്പോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രോഗം മാറാനും കുട്ടിയുണ്ടാകാനും മുതല്‍ എല്ലാറ്റിനുമുണ്ട് മരുന്ന്. കാണാതെ പോയ പശുവിനെ കണ്ടുകിട്ടാന്‍ വരെ. പെണ്ണുങ്ങള്‍ അവിടെ കൂട്ടം കൂടി നിന്നു മരുന്നു വാങ്ങുന്നു. സുശീലയുടെ കൂട്ടുകാരി ചിരിച്ചുകൊണ്ട് അവളുടെ കൈപിടിച്ചു വലിച്ച് അവിടെ നിന്നു ക്ഷേത്രത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പറഞ്ഞു: ''വാ, പെരുംജീരകപ്പൂവേ, പൂജ എങ്ങനെയുണ്ടെന്നു നോക്കാം''
അല്പനേരം ക്ഷേത്രത്തില്‍ നിന്നിട്ട് സുശീല എന്തോ കള്ളം പറഞ്ഞ് അവിടെ നിന്നു പുറത്തുവന്ന് ഔഷധവില്പനക്കാരി വൃദ്ധയുടെ അടുത്തെത്തി. അവിടെ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. വൃദ്ധ ചോദിച്ചു: ''എന്തു വേണം?''സുശീലയുടെ മുഖം ലജ്ജകൊണ്ടു ചോര നിറമായി.വൃദ്ധ പറഞ്ഞു: ''എനിക്കു മനസ്സിലായി, മോളേ, എന്താ വേണ്ടതെന്ന്. കുട്ടിയുണ്ടാകാന്‍ ഇനിയും ധാരാളം സമയമുണ്ടല്ലോ. ഈ പ്രായത്തില്‍ പലര്‍ക്കും...''സുശീല ലജ്ജയോടുകൂടിത്തന്നെ പറഞ്ഞു: ''അതല്ല.''വൃദ്ധ പറഞ്ഞു ഓഹോ ഇപ്പോ മനസ്സിലായി മോളേ. ''നിങ്ങളുടെ ഭര്‍ത്താവിന്റെ മനസ്സ് പുറത്തെവിടെയോ ആണ് അല്ലേ? ഒരു മരുന്നു തരാം. കൊണ്ടുപൊയ്ക്കോ. ഒരു മാസത്തിനകം എല്ലാം ശരിയാകും. ഇങ്ങനെ എത്രപേര്‍ക്കുണ്ടാകുന്നു മോളേ?''വൃദ്ധ ഒരു കഷണം വേരു കൊടുത്തുകൊണ്ടു പറഞ്ഞു: ''ഇതു കൊണ്ടുപോയി അരച്ചു കൊടുക്ക്. ആരും അറിയരുത്. അറിഞ്ഞാല്‍ ഫലമുണ്ടാകുകയില്ല. എട്ടണ താ.''ഭര്‍ത്താവിന്റെ മനസ്സ് പുറത്തെവിടെയോ ആണ്: ഇതുകേട്ട് സുശീല വല്ലാതായി. അവളുടെ കൈയില്‍ അര രൂപ ഉണ്ടായിരുന്നു. എന്തെങ്കിലും സാധനം വാങ്ങാമെന്നുവെച്ച് വീട്ടില്‍ നിന്ന് ശ്വശ്രു കാണാതെ കൊണ്ടുപോന്നതാണ്. സുശീല അതെടുത്തു വൃദ്ധയ്ക്കു കൊടുത്തു. മരുന്നു കൊടുക്കേണ്ടവിധം മനസ്സിലാക്കിയിട്ട് വേരിന്‍ കഷണം രഹസ്യമായി തുണിയില്‍ കെട്ടിവെച്ചു.പൂജയവസാനിച്ചു. സകലരും വീണ്ടും വള്ളത്തില്‍ വന്നു കയറി. ഗ്രാമത്തിലെ കടവിനടുത്തെത്തിയപ്പോള്‍ സുശീല കൂട്ടുകാരിയോടു ചോദിച്ചു: ''നിങ്ങള്‍ ഇനി കുറേ നാളുണ്ടാകുമോ ഇവിടെ?''''ഇല്ല, ഞാന്‍ നാളെയോ മറ്റന്നാളോ പോകും. എന്നാലും നിന്നെ മറക്കില്ല, പെരുംജീരകപ്പൂവേ: നിന്റെ മുഖം എപ്പോഴും ഞാനോര്‍ക്കും. എഴുത്തയക്കുമല്ലോ ഇല്ലേ? ഇത്തവണ ഈ കുഗ്രാമത്തില്‍ നിന്നു കിട്ടിയ ഈ നിധി ഞാനൊരിക്കലും കൈിവിടില്ല.''സുശീലയുടെ കണ്ണില്‍ വെളളം നിറഞ്ഞു. ഇത്ര മാധുര്യമേറിയ വാക്കുകള്‍ തന്നോട് ആരു പറയും? ദുഷ്ട, ഒന്നിനും കൊള്ളാത്തവള്‍, വഴക്കാളി എന്നൊക്കെയല്ലാതെ തന്നെ ആരും വിളിക്കാറില്ല.അവളുടെ കൈയില്‍ ഒരു സ്വര്‍ണ്ണമോതിരം ഉണ്ടായിരുന്നു. അമ്മ കൊടുത്തതാണ്. വിവാഹത്തിനുശേഷം ആദ്യമായി അമ്മ കൈയില്‍ ഇട്ടുകൊടുത്തത്. അതു കൈയില്‍ നിന്നൂരിയിട്ട് കൂട്ടുകാരിയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങളുടെ വിരല്‍ കാണട്ടെ. നിങ്ങള്‍ എന്റെ പെരുംജീരകപ്പൂവാണ്- ഞാന്‍ നിങ്ങള്‍ക്ക് സദ്യ തരണം, വസ്ത്രം തരണം. ഈ മോതിരം എന്റെ അമ്മ തന്നതാണ്. നിങ്ങള്‍ക്കു തരാം. ഇതു കണ്ടിട്ടെങ്കിലും നിങ്ങള്‍ ഈ പാവം പെരുംജീരകപ്പൂവിനെ മറക്കാതിരിയ്ക്കട്ടെ.''സുശീല മോതിരം കൂട്ടുകാരിയുടെ വിരലില്‍ അണിയിക്കാന്‍ പോകുകയായിരുന്നു. യുവതി പെട്ടെന്നു കൈവലിച്ചുകൊണ്ടു പറഞ്ഞു: ''വേണ്ട, വേണ്ട. അതു വെച്ചോളൂ. നിങ്ങളുടെ അമ്മ തന്ന മോതിരമല്ലേ? അതെനിക്കു തന്നാല്‍ പറ്റില്ല. വേണ്ട.''സുശീല നിര്‍ബന്ധിച്ചു. പക്ഷേ യുവതി സമ്മതിച്ചില്ല. സുശീലയ്ക്കു വല്ലാത്ത നിരാശയായി. അവളുടെ മുഖം ഇരുണ്ടു. അവള്‍ മിണ്ടാതിരുന്നു. വള്ളം ഗ്രാമത്തിലെ കടവിലടുത്തു. യുവതി സുശീലയുടെ കൈപിടിച്ചുകൊണ്ടു പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ കാലുപിടിക്കാം- എന്റെ പെരുംജീരകപ്പൂ ദേഷ്യപ്പെടരുത്. എന്താ നിങ്ങളുടെ അമ്മ തന്ന മോതിരം തന്നെ തരണമെന്നു ഇത്ര നിര്‍ബന്ധം? തരാന്‍ അത്ര വലിയ ആഗ്രഹമാണെങ്കില്‍ ഈ പൂജക്കാലത്തു വരാം. വേറെ എന്തെങ്കിലും തരണം. ഒരു ദിവസം സദ്യ തരൂ. മോതിരം എന്തിനാ തരുന്നത്? പിന്നെ എന്നെ മറക്കുകയില്ലല്ലോ, അല്ലേ?''സുശീല വ്യഗ്രഭാവത്തില്‍ പറഞ്ഞു: ''നിങ്ങളെ മറക്കാനോ? ഒരിക്കലുമില്ല. നിങ്ങള്‍ ഏതോ ജന്മം എന്റെ സ്വന്തം അനിയത്തിയായിരുന്നു, എന്റെ പെരുംജീരകപ്പൂവേ.''പിന്നീടവള്‍ ഉറക്കെ ചിരിച്ചു: ''എന്തൊരു സുന്ദരമായ വാക്ക്- പെരുംജീരകപ്പൂ-പെരുംജീരകപ്പൂ. നിങ്ങളെന്റെ നദിക്കരയിലെ പെരുംജീരകപ്പൂവാണ്. നിങ്ങളെ എനിക്കു മറക്കാന്‍ പറ്റുമോ?....''വാക്കുകള്‍ പറഞ്ഞവസാനിക്കുന്നതിനു മുമ്പുതന്നെ അവള്‍ രണ്ടു കൈകൊണ്ടും കൂട്ടുകാരിയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ചു. ഒപ്പം തന്നെ അവളുടെ കറുത്ത കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞു.കല്‍ക്കത്തക്കാരി യുവതി ഈ അത്ഭുത പ്രകൃതക്കാരിയായ കൂട്ടുകാരിയുടെ കണ്ണുനീരില്‍ കുളിച്ച സുന്ദരവദനം വീണ്ടും വീണ്ടും സ്നേഹപൂര്‍വ്വം ചുംബിച്ചു. പിന്നീടു രണ്ടുപേരും കണ്ണീര്‍കൊണ്ടു മങ്ങിയ ദൃഷ്ടികളുമായി പരസ്പരം യാത്ര പറഞ്ഞു.കുറച്ചുദിവസം കഴിഞ്ഞുപോയി. കിശോരി വീട്ടിലില്ല. എന്തോ കാര്യത്തിനു മറ്റേതോ ഗ്രാമത്തില്‍ പോയിരിയ്ക്കുകയാണ്. മടങ്ങാന്‍ ഒന്നുരണ്ടു ദിവസമെടുക്കും. മോക്ഷദ രാവിലെ എഴുന്നേറ്റ് ചൗധുരിയുടെ വീട്ടിലേയ്ക്കു പോയി. സാവിത്രി വ്രതത്തില്‍ ചൗധുരിയുടെ ഭാര്യയെ സഹായിയ്ക്കാന്‍ പോകുമ്പോള്‍ പറഞ്ഞു: ''മോളേ, ഞാനെപ്പളാ തിരിച്ചു വരണതെന്നറിഞ്ഞുകൂടാ. വെപ്പൊക്കെ കഴിച്ചേയ്ക്കണം.''മോക്ഷദ ഇതു പറഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കാരണം, വെളുപ്പിനെ ഉണര്‍ന്നു പാത്രം തേയ്ക്കുന്നതും വെള്ളം കൊണ്ടുവരുന്നതും മുതല്‍ വീട്ടിലെ സകല ജോലിയുടെയും ഭാരം സുശീലയുടെ പുറത്താണ്. കിശോരിയുടെ വിവാഹത്തിനുശേഷം ഈ കുടുംബത്തില്‍ വേലക്കാരെ കയറ്റിയിട്ടില്ല. അതിനു മുമ്പ് വീട്ടില്‍ എപ്പോഴുമുണ്ടാകുമായിരുന്നു ആരെങ്കിലും. സുശീലയ്ക്കു ജോലിചെയ്താല്‍ ക്ഷീണമൊന്നുമില്ല. നല്ല സ്വഭാവമാണെങ്കില്‍ രാപ്പകല്‍ കുതിരയെപ്പോലെ പണിയെടുക്കാനും അവള്‍ക്കു മടിയില്ല.ശ്വശ്രു പോയതിനുശേഷം മറ്റു ജോലികളെല്ലാം തീര്‍ത്തിട്ട് സുശീല അടുക്കളയില്‍ ചെന്നു നോക്കുമ്പോള്‍ ഒരൊറ്റക്കഷണം വിറകില്ല. വിറകു തീര്‍ന്നിട്ടു വളരെ നാളായെന്നു സുശീല ശുശുരനോടു പലതവണ പറഞ്ഞിട്ടുണ്ട്. രാമതനു ഇടയ്ക്കിടെ കൂലിക്കാരനെ വിളിപ്പിച്ചിട്ട് വിറകു മുറിപ്പിച്ചുവെയ്ക്കും. പക്ഷേ ഇത്തവണ അദ്ദേഹം അക്കാര്യം ശ്രദ്ധിച്ചതേയില്ല. കാര്യം ഇതാണ്: അടുക്കളയുടെ പുറകിലുള്ള പറമ്പില്‍ ധാരാളം ഉണക്കമുളയും കമ്പുകളും ഉണ്ട്. സുശീല ആവശ്യംപോലെ അതു പെറുക്കിക്കൊണ്ടുവന്നു വെട്ടിക്കീറി കാര്യം നടത്തിക്കൊള്ളും. രാമതനു വിചാരിച്ചു- സംഗതി നടക്കുമെങ്കില്‍ പിന്നെയെന്തിനാ കൂലിക്കാരനെ വിളിച്ചു വിറകു വെട്ടാന്‍ രൂപ ചെലവാക്കുന്നത്? മരുമകള്‍ പിറുപിറുക്കുമായിരിയ്ക്കും. നടക്കട്ടെ. അതവളുടെ സ്വഭാവമാണ്.വിറകില്ലെന്നു കണ്ടപ്പോള്‍ സുശീലയ്ക്കു കലശലായ കോപമുണ്ടായി. വഴക്കു പറഞ്ഞു ദേഹത്തിന്റെ ചൂടൊന്നു കുറയ്ക്കാമെന്നു വെച്ചാല്‍ വീട്ടിലും ആരുമില്ല. അതുകൊണ്ട് അവള്‍ തന്നത്താനെ അലറാന്‍ തുടങ്ങി. എനിയ്ക്കുവയ്യ, ഇങ്ങനെ ദിവസവും വീടു നടത്തിക്കൊണ്ടുപോകാന്‍ എന്നെക്കൊണ്ടാവില്ല. രണ്ടു മാസമായി പറയുന്നു വിറകില്ലെന്ന്. എല്ലാം കൃത്യസമയത്തു കഴിയ്ക്കണം. അതിന്ന് അങ്ങോട്ടുമിങ്ങോട്ടും പണമിട നീങ്ങാന്‍ പാടില്ല. എന്തെടുത്തു വെയ്ക്കും? വിറകിനു പകരം കൈയും കാലും എടുത്തുവെച്ചാല്‍ മതിയോ? ദിവസവും വിറകു വെട്ടിക്കോ, വെച്ചോ. അങ്ങനെ സുഖിയ്ക്കണ്ട ഇപ്പോ. അരിക്കലം അവിടെയിരിയ്ക്കട്ടെ. ആരെങ്കിലും വന്നു വെച്ചോളൂ....അവള്‍ ആഹാരം പാകം ചെയ്യാനേ പോയില്ല. അല്പനേരമിരുന്നപ്പോള്‍ തോന്നി, അപ്പോഴേയ്ക്ക് മസാലസാധനങ്ങള്‍ അരച്ചുവെയ്ക്കാമെന്ന്.ഏതാണ്ട് പത്തുമണിയായപ്പോള്‍ പ്രായം കുറഞ്ഞ വെളുത്തു സുന്ദരിയായ ഒരു യുവതി ദേഹത്ത് പഴയ ഒരു സാരിയും കൈയില്‍ രണ്ടു ശംഖുവളയും ധരിച്ച് ഒരു പാത്രവുമായി അടുക്കളയുടെ വാതിലിനടുത്തുവന്ന് ഭയത്തോടെ ഒളിഞ്ഞു നോക്കിയിട്ടു ചോദിച്ചു: ''ചേട്ടത്തി ഇല്ലേ?''യുവതി മുറിയില്‍ പ്രവേശിച്ചു പറഞ്ഞു: ''എന്താ ചേട്ടത്തി ഇത്? ഇത്ര നേരമായിട്ടും അടുപ്പത്തൊന്നും വെച്ചില്ലേ?''സുശീല മുഖം വികൃതമാക്കിക്കൊണ്ടു പറഞ്ഞു: ''അടുപ്പത്തു വെയ്ക്കുന്നു; ചട്ടിയും കലവുമൊന്നും ഞാന്‍ പൊട്ടിച്ചുകളഞ്ഞില്ലല്ലോ, അതു തന്നെ കൊള്ളാം.''യുവതിയുടെ കണ്ണില്‍ ഭയം നിഴലിച്ചു. അവള്‍ പറഞ്ഞു: ''അരുതു, ചേട്ടത്തി, അങ്ങനെയൊന്നും ചെയ്യരുത്. അരി അടുപ്പത്തിടൂ. ഇല്ലെങ്കില്‍ അവരൊക്കെ എന്തൊരാള്‍ക്കാരാണെന്നറിയാമോ?''''ഇടും ഇടും. എല്ലാവര്‍ക്കും ഞാനിന്നു രസംകാണിച്ചുകൊടുക്കാം. ദിവസോം ദിവസോം വിറകും കീറും, അരിയും വെയ്ക്കും- ഹും'' ''വിറകില്ലേ ശരി, ഇങ്ങോട്ടുതാ ചേട്ടത്തീ, ഞാന്‍ കീറിത്തരാം.'' ''നിനക്കെന്താ ഇത്ര വിഷമം? സുഖമായിരിക്ക്. ആര്‍ക്കാ അത്യാവശ്യമെന്നുവെച്ചാല്‍ ചെയ്യട്ടെ.''''ഞാന്‍ നിങ്ങളുടെ കാലുപിടിക്കാം ചേട്ടത്തി: അരി അടുപ്പത്തിടൂ. അറിയാമോ അവര്‍...''''നീ മിണ്ടാതെ അവിടെയെങ്ങാനുമിരിക്ക്. ഇപ്പോ കണ്ടോ രസം. രണ്ടുമാസമായി ദിവസവും പറയുന്നു വിറകില്ലെന്ന്. ആരുടെയും ചെവിയില്‍ പോയില്ല. ഇന്നു കാണിച്ചുകൊടുക്കാം. രസം.''സുശീലയുടെ നിര്‍ബന്ധം കണ്ടു യുവതി ഭയപ്പെട്ടു. കാരണം, രസം ആരാണ് കാണുകയെന്നുള്ളതില്‍ അവള്‍ക്കു സംശയമൊന്നുമില്ല. എങ്കിലും കൂടുതലൊന്നും പറയാന്‍ ധൈര്യപ്പെടാതെ അവള്‍ മിണ്ടാതിരുന്നു.രാമതനു മുക്കര്‍ജിയുടെ പിതൃസഹോദര പുത്രനായ രാമലോചന്‍ മുക്കര്‍ജിയുടെ മരുമകളാണ് ഈ യുവതി. അടുത്തുതന്നെയാണ് അവരുടെ വീടും. രാമലോചനന്റെ സ്ഥിതി വളരെ മോശമാണ്. രണ്ടുവര്‍ഷമായി അയാളുടെ മകന്റെ വിവാഹം കഴിഞ്ഞിട്ട്. രാമലോചനന്റെ ഭാര്യയില്ല. മരുമകളാണ് ഗൃഹനായിക. അതുകൊണ്ടു ദരിദ്രമായ കുടുംബത്തില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പാവം പെണ്ണു വളരെ വിഷമിയ്ക്കുന്നുണ്ട്. അവള്‍ സമയത്തും അസമയത്തും പാത്രവും കുപ്പിയുമായി ഈ വീട്ടില്‍വന്നു കൈ നീട്ടി എണ്ണയും ഉപ്പും വാങ്ങിക്കൊണ്ടുപോകും. അരിയില്ലെങ്കില്‍ സാരിത്തുമ്പില്‍ അരിയും വാങ്ങിക്കൊണ്ടുപോകും. വായ്പയാണെന്നാണ് പറയുക. ചിലപ്പോഴൊക്കെ തിരിച്ചുകൊടുക്കും. പലപ്പോഴും കൊടുക്കാന്‍ കഴിയാറുമില്ല.മോക്ഷദയെ അവള്‍ക്കു പേടിയാണ്. അവര്‍ ഒന്നും കൊടുക്കുകയില്ല. കൊടുത്താല്‍ തന്നെ പലതും പറഞ്ഞിട്ടായിരിക്കും. സുശീലയാണെങ്കില്‍ മോക്ഷദയെ ഒളിച്ചെങ്കിലും സാധനം കൊടുക്കും. അതു തിരിച്ചുകൊണ്ടുവന്നാല്‍ സാരമില്ലെന്നു പറഞ്ഞു മടക്കി അയയ്ക്കുകയും ചെയ്യും. സുശീല തന്നത്താനെ കുറച്ചുനേരം പിറുപിറുത്തിട്ടു യുവതിയുടെ നേരെ നോക്കി ചോദിച്ചു: ''പിന്നെ, നിന്റെ വെപ്പൊക്കെ എന്തായി?''യുവതി പാത്രം സാരിയ്ക്കടിയില്‍ ഒളിച്ചുപിടിച്ചിരിയ്ക്കുകയായിരുന്നു. അതു പുറത്തെടുത്തുകൊണ്ടു കുണ്ഠിത ഭാവത്തില പറഞ്ഞു: ''അന്നു കുറച്ച് എണ്ണ കൊണ്ടുപോയിരുന്നു, ചേട്ടത്തി. ഞങ്ങള്‍ക്ക് ഇതുവരെ കൊണ്ടുവന്നില്ല. ഇന്നത്തേയ്ക്ക് എണ്ണയൊട്ടുമില്ല. രണ്ടും കൂടി ഉടനെ മടക്കിത്തരാം. അതിനാണ്....''സുശീല പറഞ്ഞു: ''ശരി, പാത്രം കൊണ്ടുവാ, നോക്കട്ടെ. ഉണ്ടോന്നു നോക്കട്ടെ. ഇവിടെയും എണ്ണ കൊണ്ടുവന്നില്ലെന്നു തോന്നുന്നു.'' പാത്രത്തിലുണ്ടായിരുന്ന എണ്ണ മുഴുവന്‍ സുശീല ദുഃഖിതയും ദരിദ്രയുമായ ആ ഗൃഹലക്ഷ്മിക്കു ഊറ്റിക്കൊടുത്തു. യുവതി പോകുമ്പോള്‍ അപേക്ഷാപൂര്‍ണ്ണമായ ദൃഷ്ടികളോടെ അവളെ നോക്കി പറഞ്ഞു: ''എന്റെ പൊന്നു ചേട്ടത്തി, അരി വെയ്ക്കാന്‍ നോക്കൂ.''സുശീല പറഞ്ഞു: ''നീ നോക്കിക്കോ. ഇന്നു ഞാനവരെ ഒന്നു പഠിപ്പിക്കാതെ വിടില്ല.''പന്ത്രണ്ടു മണിക്ക് മോക്ഷദ വന്നു, എല്ലാം കണ്ടും കേട്ടും കഴിഞ്ഞയുടനെ അവര്‍ ബഹളം തുടങ്ങി. വാസ്തവത്തില്‍ ആര്‍ക്കാണ് ദേഷ്യം വരാത്തത്? അല്പം കഴിഞ്ഞു രാമതനു എത്തി. കാര്യം മനസ്സിലാക്കി അദ്ദേഹം വരാന്തയില്‍ പോയി പുകവലിച്ചുകൊണ്ടിരുന്നു. വഴക്കു ക്രമത്തില്‍ മൂത്തു. മോക്ഷദ ഉച്ചസ്വരത്തില്‍ സുശീലയുടെ കുലത്തെയടച്ചു ചീത്ത പറഞ്ഞു. സുശീലയും വളരെ ശാന്തയും ശിഷ്ടയുമാണെന്നു അവളുടെ ശത്രുക്കള്‍ പോലും അപവാദം പറയില്ല. കാര്യം ശരിക്കു കൊടുമ്പിരികൊണ്ടപ്പോള്‍ കിശോരി എവിടെ നിന്നോ വന്നുകയറി. അയാള്‍ ഇന്നുവരുമെന്നു വിചാരിച്ചിരുന്നതല്ല. ജോലി തീര്‍ന്നപ്പോള്‍ പിന്നെ താമസിച്ചില്ലെന്നുമാത്രം, മകനെ കണ്ടപ്പോള്‍ മോക്ഷദ ഒച്ചയും ബഹളവും ഒന്നു കൂട്ടി. ഈ സമയത്തു വീട്ടില്‍ വന്നു ബഹളത്തില്‍ പെട്ടപ്പോള്‍ കിശോരിക്കു കലി കയറി. ദേഷ്യം മുഴുവന്‍ ചെന്നു വീണത് ഭാര്യയുടെ മേലായിരുന്നു. കൈയെത്തുന്ന ദൂരത്ത് ഒരു വിറകുകഷ്ണം കിടന്നിരുന്നതുമെടുത്ത് അയാള്‍ അടുക്കള വരാന്തയില്‍ ചാടിക്കയറി. സുശീല അപ്പോഴുമിരുന്നു മസാല അരക്കുകയായിരുന്നു. ഭര്‍ത്താവ് വടിയുമായി ദേഷ്യത്തോടെ അടുക്കളയിലേക്ക് ചാടിവരുന്നതു കണ്ടു അവളുടെ മുഖം ഭയംകൊണ്ടു വാടിപ്പോയി. ആത്മരക്ഷയ്ക്ക് ഉപായമൊന്നും കാണാതെ അവള്‍ കൈ പൊക്കി ദേഹം മറയ്ക്കാന്‍ ശ്രമിച്ചു. കിശോരി ആദ്യം തന്നെ ഭാര്യയുടെ തലമുടിക്കെട്ടു പിടിച്ച് ഒറ്റവലിക്ക് അവളെ താഴെ മറിച്ചിട്ട് പിന്നീട് പുറത്തു വടികൊണ്ടു പലതവണ പ്രഹരിച്ചിട്ട് അവളുടെ കഴുത്തിനു പിടിച്ചുതള്ളി. ആദ്യം വരാന്തയിലേക്കും അവിടെനിന്നു മുറ്റത്തേക്കും. തള്ളിന്റെ ഊക്കു നിയന്ത്രിക്കാനാകാതെ സുശീല മുറ്റത്ത് മുഖമടിച്ചു വീണു. വീണ്ടും അടി നടന്നേനെ. പക്ഷേ രാമതനു പുകവലിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മകന്റെ പ്രവൃത്തികള്‍ കണ്ട് ഓടിപ്പിടഞ്ഞു വന്നു.അടുത്ത വീട്ടിലെ യുവതി അപ്പോള്‍ ഭര്‍ത്താവിനും ശ്വശുരനും ചോറുകൊടുത്തിട്ട് ഉണ്ണാനിരിക്കുകയായിരുന്നു. പെട്ടെന്ന് ഇവിടത്തെ ബഹളം കേട്ട് ഊണു നിര്‍ത്തി ഓടി സുശീലയുടെ വീടിന്റെ പുറകില്‍ വന്നു ഒളിഞ്ഞു നോക്കി. സുശീല മുറ്റത്തു നില്‍ക്കുന്നു; സര്‍വ്വാംഗം മണ്ണു പറ്റിയിട്ടുണ്ട്്: മസാലപ്പാത്രത്തിന്റെ മുകളില്‍ വീണതു കൊണ്ടു വസ്ത്രങ്ങളിലെല്ലാം മഞ്ഞളിന്റെ പാട്; തലമുടി കെട്ടഴിഞ്ഞു കുറേ മുഖത്തും കുറെ പുറത്തും വീണുകിടക്കുന്നു; ഗാംഗുലിയുടെ വീട്ടില്‍നിന്നു രണ്ടു കുട്ടികള്‍ സംഭവം കാണാന്‍ ഓടി വരുന്നുണ്ട്. അയല്‍പക്കത്തെ വേറെയും ഒന്നു രണ്ടു സ്്ത്രീകള്‍ മുമ്പിലത്തെ വാതിലില്‍ക്കൂടി ഒളിഞ്ഞു നോക്കുന്നു; ഇങ്ങ് തന്റെ ശ്വശുരന്‍ രാമലോചനന്‍ വേലിക്കുമുകളിലൂടെ കഴുത്തു നീട്ടിനിന്ന് തമാശ കാണുന്നു.നാലുപാടുമുള്ള കൗതൂഹലപൂര്‍ണ്ണമായ ദൃഷ്ടികള്‍ക്കു നടുവില്‍, സര്‍വ്വാംഗം മഞ്ഞപ്പൊടിയിലും മണ്ണിലും കുളിച്ച, മുടി കെട്ടഴിഞ്ഞ് അപമാനിതായ ചേട്ടത്തി നിസ്സഹായയായി മുറ്റത്തു നില്‍ക്കുന്നതു കണ്ടു അവളുടെ ഹൃദയാന്തര്‍ഭാഗം നൊന്തു. വളരെ ചെറുപ്പവും ലജ്ജാശീലവുമുള്ളതുകൊണ്ട് ശ്വശുരന്റെയും മറ്റുള്ളവരുടെയും ഇടയില്‍ കൂടി വീട്ടിലേയ്ക്കു കയറാന്‍ കഴിയാതെ അവള്‍ വാതില്‍ക്കല്‍ നിന്നു വിഷമിച്ചു. അപ്പോള്‍ ഗാംഗുലി കുടുംബത്തിലെ വൃദ്ധനായ ഗാംഗുലി മഹാശയന്‍ കൈയില്‍ ഹുക്കയും പിടിച്ച് എന്താ രാമതനൂ, എന്താ കാര്യം എന്നു ചോദിച്ചുകൊണ്ട് മുറ്റത്തു വന്നുനിന്നപ്പോള്‍ പിന്നെ അവള്‍ക്കു നില്‍പ്പുറച്ചില്ല. അവള്‍ അകത്തു കടന്നു സുശീലയുടെ കൈപിടിച്ചു വീട്ടിനു പുറത്തുകൊണ്ടുവന്ന് ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ടു പറഞ്ഞു: ''എന്തിനാ അങ്ങനെയൊക്കെ കാണിയ്ക്കാന്‍ പോയത്, ചേട്ടത്തീ? ഞാനപ്പോഴേ പറഞ്ഞില്ലേ?''അതിന്റെ പിറ്റേന്നുച്ചയ്ക്കു സുശീല അടുക്കളയില്‍ എന്തോ പാകം ചെയ്യുകയായിരുന്നു. കിശോരി ഉണ്ണാനിരിയ്ക്കുന്നു. മോക്ഷദ എന്തിനോ അടുക്കളയില്‍ കടന്നുനോക്കുമ്പോള്‍ സുശീല ചോറു വിളമ്പുന്നതിനിടയില്‍ തിരിഞ്ഞുനിന്ന് ഭര്‍ത്താവിന്റെ പരിപ്പുപാത്രത്തില്‍ എന്തോ ഇളക്കിച്ചേര്‍ക്കുന്നതാണ് കണ്ടത്. അടുത്ത് ചെറിയൊരു പാത്രമിരിപ്പുണ്ട്. മോക്ഷദയ്ക്കു വല്ലാത്ത സംശയമായി. അവര്‍ ചോദിച്ചു: മോളേ, എന്താ ആ പാത്രത്തില്‍? എന്തോന്നാ പരിപ്പില്‍ ചേര്‍ക്കുന്നത്?സുശീല തിരിഞ്ഞുനോക്കിയതും ശ്വശ്രുവിനെക്കണ്ട് പരിഭ്രമിച്ചുപോയി. അവളുടെ മുഖഭാവം കണ്ടു മോക്ഷദയുടെ സന്ദേഹം വര്‍ധിച്ചു. അവര്‍ പാത്രം കൈയിലെടുത്തു നോക്കി. പച്ച നിറത്തിലുള്ള എന്തോ വസ്തുവായിരുന്നു അതില്‍.അവര്‍ കഠിനസ്വരത്തില്‍ ചോദിച്ചു: ''എന്താ ഇത്?''മരുമകള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്നില്ലെന്നു കണ്ടപ്പോള്‍ അവരുടെ മുഖം ചുവന്നു.ഇതിനുശേഷം ഭയാനകമായ ഒരു സംഭവം നടന്നു. മോക്ഷദാസുന്ദരി പാത്രം കൈയില്‍ വെച്ചുകൊണ്ട്.... ''എന്റമ്മേ, എന്തൊരു കുഴപ്പമാ ഇത്? ഇത്തിരി കൂടി കഴിഞ്ഞെങ്കില്‍ എല്ലാം കഴിഞ്ഞേനെ''...... എന്നു പറഞ്ഞ് മുറ്റത്തു വന്നുനിന്ന് ഉറക്കെ നിലവിളിച്ചു.കിശോരി വന്നു. രാമതനു എത്തി, ഗാംഗുലിയുടെ വീട്ടിലെ പുരുഷന്മാര്‍ എത്തിച്ചേര്‍ന്നു, പിന്നെയും പലരും വന്നെത്തി. മോക്ഷദ എല്ലാവരുടെയും മുമ്പില്‍ ആ പാത്രം കാണിച്ചിട്ട് പറയാന്‍ തുടങ്ങി: ''നോക്ക്, നിങ്ങളെല്ലാം നോക്ക്. നിങ്ങളൊക്കെ പറയും, അമ്മായിഅമ്മയാണ് ചീത്തയെന്ന്. നിങ്ങളുടെ കണ്ണുകൊണ്ടു തന്നെ കാണൂ ഇത്. ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ ഇവിടെ ഇപ്പോ എന്തൊക്കെ കുഴപ്പമുണ്ടായേനെ? ദൈവത്തിനെറ അനുഗ്രഹം! അദ്ദേഹം ഞങ്ങളെ രക്ഷിച്ചു.''മുറ്റം നിറയെ ആളുകള്‍. എല്ലാവരും കേട്ടു, രാമതനുവിന്റെ ദുഷ്ടയായ മരുമകള്‍ ഭര്‍ത്താവിന്റെ ചോറില്‍ വിഷമോ മറ്റോ ചേര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പിടികൂടപ്പെട്ടെന്ന്.കാണികളില്‍ ഒരാള്‍ ചോദിച്ചു: ''എന്തു സാധനമാണെന്നു നോക്കിയോ?''പക്ഷേ മോക്ഷദയുടെ അലര്‍ച്ചയില്‍ മുങ്ങിപ്പോയി ആ ശബ്ദം. ഗാംഗുലി മഹാശയന്‍ പറഞ്ഞു: ''രാമതനു, ഗുരു നമ്മളെ രക്ഷിച്ചു. ഇനിയിവളെ വേഗം ഇവിടുന്നു പറഞ്ഞയക്കാന്‍ നോക്കൂ, ദുഷ്ടഭാര്യയെന്നാണ് ശാസ്ത്രം പറയുന്നത്. ഒരു ദിവസം പോലും ഇവളെ നിര്‍ത്തരുത് ഇവിടെ.'' പകല്‍ മുഴുവന്‍ ആലോചനകള്‍ നടന്നു. സന്ധ്യയ്ക്കു തീരുമാനമായി. നാളെ രാവിലെ തന്നെ വണ്ടി വിളിച്ച് ആപത്ത് ഒഴിവാക്കണമെന്ന്. ഇനി ഒരു ദിവസംകൂടി ഇവിടെ വെച്ചുകൊണ്ടിരുന്നുകൂടാ. എപ്പോഴാണ് ആപത്തുണ്ടാവുകയെന്നു ആര്‍ക്കറിയാം.? മാത്രമല്ല അയല്‍പക്കത്ത് ഇത്തരമൊരു വഴക്കാളി ഉണ്ടെങ്കില്‍ ചുറ്റുമുള്ള പെണ്ണുങ്ങളെല്ലാം അതു തന്നെ കണ്ടുപഠിക്കും.അന്നു രാത്രി സുശീലയെ വേറൊരു മുറിയില്‍ കിടത്തി- മോക്ഷദയുടെ ബന്തവസ്സില്‍. നാളെ കാലത്തു അവളെ വീട്ടില്‍ പറഞ്ഞയക്കും. പിന്നീട് അവള്‍ക്കു ഈ വീടുമായി ഒരു ബന്ധവുമുണ്ടാകുകയില്ല.രാത്രി വളരെയാകുന്നതുവരെ സുശീലക്ക് ഉറക്കം വന്നില്ല. തുറന്നിട്ട ജനലുകളിലൂടെ മുറിക്കകത്ത് നിലാവു വന്നു വീഴുന്നു. അവള്‍ക്ക് ഇന്നലെയും ഇന്നും രണ്ടുദിവസം മാനസികമായി വളരെ വേദനാകരമായിരുന്നു. സ്വതവേ ബുദ്ധി കുറവാണ് അവള്‍ക്ക്. നാണക്കേടും അപമാനവും ഇതിനുമുമ്പ് ഒരിക്കലും അവളിങ്ങനെ അനുഭവിച്ചിട്ടില്ല. മുമ്പും പലപ്പോഴും അടികൊണ്ടിട്ടുണ്ടെങ്കിലും ഇന്നലത്തെയും ഇന്നത്തെയും പോലെ ശ്വശുരന്റെയും ശ്വശ്രുവിന്റെയും മുറ്റം നിറയെ ആളുകളുടെയും മുമ്പില്‍ വെച്ച് ഒരിക്കലും അവളിങ്ങനെ അപമാനിതയായിട്ടില്ല. അതാണ് ഇന്നു മുഴുവന്‍ അവളുടെ കണ്ണുനീര്‍ തോരാഞ്ഞത്. ഇന്നലെ അടികൊണ്ടു പുറംപൊളിഞ്ഞു. കൈകൊണ്ടു തടുക്കാന്‍ ശ്രമിച്ചതിനിടയില്‍ കുപ്പിവളപൊട്ടി കൈയും കീറിമുറിഞ്ഞു. അവളുടെ ആ ഭര്‍ത്താവ്- അഞ്ചാറുവര്‍ഷം മുമ്പ് രാത്രി മുഴുവന്‍ തന്നെ ഉറങ്ങാന്‍ വിടാതിരുന്ന, തനിക്കു മുറുക്കാന്‍ വായില്‍ തള്ളിത്തന്നിരുന്ന, ആ ഭര്‍ത്താവാണോ ഇങ്ങനെയൊക്കെ ചെയ്തത്?മുറുക്കാന്‍ തീറ്റിക്കുന്ന കാര്യം തന്നെ സുശീല വീണ്ടും വീണ്ടും ഓര്‍ത്തു. ചന്ദ്രിക ക്രമത്തില്‍ കൂടുതല്‍ പ്രകാശിച്ചു. ചൈത്രമാസം പകുതിയായിട്ടുണ്ട്. പകല്‍ തളിരിലകള്‍ നിറഞ്ഞ വൃക്ഷങ്ങളുടെ മുകളിലൂടെ ഉദാരവും അലസവുമായ വസന്തമദ്ധ്യാഹനം പുകപോലുള്ള വെയിലിന്റെ ഉത്തരീയവും അണിഞ്ഞ് ചുറ്റിത്തിരിയും.... ദീര്‍ഘദീര്‍ഘമായ പകലുകള്‍ പൂക്കളുടെ സുഗന്ധത്തിലൂടെ സഞ്ചരിച്ച് നദിക്കരയിലെ ഇലവിന്‍ ചുവട്ടില്‍ സന്ധ്യയുടെ മടിയില്‍ വീണുറങ്ങും... നാട്ടിന്‍പുറത്തെ മാവിന്‍ തോട്ടത്തിലും മുളങ്കാട്ടിലും ചന്ദ്രിക നിറഞ്ഞ അന്തരീക്ഷത്തില്‍ രാത്രി മുഴുവന്‍ എണ്ണമറ്റപക്ഷികളുടെ ആനന്ദകാകളികേള്‍ക്കാം. വസന്തലക്ഷ്മിയുടെ പ്രഥമയാമത്തിലെ ആരതിയ്ക്കുശേഷം വനത്തിലെ വൃക്ഷലതാദികള്‍ വീണ്ടും അവയുടെ പൂപ്പാലികകളില്‍ പുതുപൂക്കള്‍ നിറയ്ക്കുകയാണ്....കിടന്നുകൊണ്ടു സുശീല ചിന്തിച്ചു- ലോകത്ത് ആരും തന്നെ സ്നേഹിയ്ക്കുന്നില്ല. തന്റെ പെരുംജീരകപ്പൂ മാത്രമുണ്ടു സ്നേഹമുള്ളതായി. പെരുംജീരകപ്പൂ എഴുതിയിരിയ്ക്കുന്നു- തന്റെ കാര്യമോര്‍ത്ത് അവള്‍ ദിവസവും രാത്രി കരയുമെന്ന്, കല്‍ക്കത്തയില്‍ മടങ്ങിച്ചെന്നിട്ടുതന്നെ കാണാത്തതുമൂലം അവള്‍ക്കു വല്ലാത്ത വിഷമമുണ്ടെന്നും. സത്യത്തില്‍തന്നെ ആരെങ്കിലും സ്നേഹിയ്ക്കുന്നുണ്ടെങ്കില്‍ അത് ആ പെരുംജീരകപ്പൂ മാത്രമാണ്. പിന്നെ ആ അനിയത്തിയും. ആഹാ, അവളുടെ കഷ്ടപ്പാടു വല്ലാത്തതു തന്നെ. ഭഗവാന്‍ സമയം തന്നാല്‍ താനവളുടെ ദുഃഖമകറ്റും.... പക്ഷേ ഭര്‍ത്താവ് തന്നെ പറഞ്ഞയക്കാന്‍ പോകുകയാണോ? അല്ലല്ല, അങ്ങനെയല്ല. ദാരിദ്ര്യത്തിന്റെ കിടന്നു കുഴഞ്ഞു അദ്ദേഹത്തിന്റെ തല തിരിഞ്ഞുപോയിരിയ്ക്കുന്നു. അല്ലെങ്കില്‍ മുമ്പെങ്ങും ഇങ്ങനെയായിരുന്നിട്ടില്ലല്ലോ. പെരുംജീരകപ്പൂവിന്റെ ഭര്‍ത്താവ് ഏതൊക്കെ സ്ഥലത്തു പോകുന്നുണ്ട്! പെരുംജീരകപ്പൂവിന് ഒരെഴുത്തയക്കണം. അദ്ദേഹത്തിന് എന്തെങ്കിലും ജോലി ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയുമോ എന്നറിയണം. ജോലി കിട്ടിയാല്‍ താനും ഭര്‍ത്താവും പ്രത്യേകം ഒരു വീട്ടില്‍ താമസിക്കും. വേറെയാരും ഉണ്ടാവില്ല അവിടെ. മൈതാനത്തിന്റെ അരികിലുള്ള ആ കൊച്ചുവീടു താന്‍ ഭംഗിയായി അലങ്കരിച്ചു സൂക്ഷിക്കും. മുറ്റത്തു മത്തവള്ളി പടര്‍ത്തും. ചന്തച്ചെലവു കുറയ്ക്കും. ആളുകള്‍ പറയുന്നു തനിക്ക് ഒരടുക്കും ചിട്ടയുമില്ലെന്ന്. പുതിയ വീട്ടില്‍ ചെല്ലുമ്പോള്‍ കാണിച്ചുകൊടുക്കാം ഉണ്ടോയെന്ന്. പക്ഷേ ആ വീടിനു തീയെങ്ങാനും പിടിച്ചാല്‍: ഇല്ല- ആരു തീ കൊടുക്കാന്‍: ആ അനിയത്തിയോ? ഒരിയ്ക്കലുമില്ല. കൊടുക്കുന്നെങ്കില്‍ തന്റെ ശ്വശ്രുവേ കൊടുക്കൂ, എന്തൊരു സ്ത്രീ!ജനലിനു പുറത്തെ നിലാവില്‍ അതെന്താണ് ഒഴുകി നടക്കുന്നത്? ചന്ദ്രികാചര്‍ച്ചിതമായ രാത്രികളില്‍ മായാമോഹിനികള്‍ പറന്നുകളിയ്ക്കുമെന്നു ഭര്‍ത്താവു പറഞ്ഞു കേട്ടിട്ടുണ്ട്. അതായിരിയ്ക്കുമോ? തന്റെ വിവാഹദിവസം രാത്രി എന്തൊരു പുല്ലാങ്കുഴല്‍ വായനയായിരുന്നു! എത്ര സുന്ദരമായ പുല്ലാങ്കുഴല്‍: അത്തരം എത്രയെണ്ണം നദിക്കരയില്‍ കിടക്കുന്നു:.... ആങ്, പെരുംജീരകപ്പൂവിന്റെ എഴുത്തു തപാല്‍ശിപായി കൊണ്ടുവരാത്തതെന്താ? ചുവന്നു ചതുരത്തിലുള്ള ലക്കോട്ട്. സ്വര്‍ണ്ണനിറത്തിലുള്ള അക്ഷരങ്ങള്‍. എന്തോ അത്തറും പുരട്ടിയിട്ടുണ്ടാവും.പിറ്റേന്നു രാവിലെ മരുമകള്‍ എഴുന്നേല്‍ക്കാന്‍ താമസിക്കുന്നതു കണ്ടു മോക്ഷദ മുറിക്കുള്ളില്‍ ഒളിഞ്ഞുനോക്കി. സുശീല പനിയുടെ ശക്തികൊണ്ടു ബോധമില്ലാത്ത അവസ്ഥയില്‍ കീറപ്പായില്‍ കിടക്കുകയാണ്. കണ്ണു രണ്ടും ചെമ്പരുത്തിപ്പൂ പോലെ ചുവന്നിരിയ്ക്കുന്നു.അര്‍ദ്ധരാത്രി മുഴുവന്‍ അങ്ങനെ കഴിഞ്ഞു. അവളുടെ നേരെ ആരും നോക്കിയതു പോലുമില്ല. അതിന്റെ പിറ്റേന്നു കാര്യം കുഴപ്പമാണെന്നു മനസ്സിലായി രാമതനു ഡോക്ടറെ കൂട്ടിക്കൊണ്ടുവന്നു. ഉച്ചതിരിഞ്ഞ് അവള്‍ പനിയുടെ ശക്തിമൂലം പിച്ചും പേയും പറയാന്‍ തുടങ്ങി: സത്യം, പെരുംജീരകപ്പൂവേ: അവര്‍ പറഞ്ഞതൊന്നും ശരിയല്ല. ഞാന്‍ വിചാരിച്ചതു വേറെയാണ്. വിഷംകൊടുക്കാന്‍ പോകുകയല്ലായിരുന്നു ഞാന്‍...സന്ധ്യയ്ക്കല്പം മുമ്പ് അവള്‍ മരിച്ചു.അവളുടെ മരണംകൊണ്ട് അയല്‍പക്കത്തുകാര്‍ക്ക് സൈ്വരം കിട്ടി.അധികനാള്‍ കഴിയുന്നതിനുമുമ്പ് കിശോരി വീണ്ടും വിവാഹം കഴിച്ചു. പുതിയ ഭാര്യ മേഘലതയെ വീട്ടില്‍ കൊണ്ടുവന്നു. സുന്ദരിയുമ സമര്‍ത്ഥയുമാണവള്‍. നല്ല അടുക്കും ചിട്ടയും. രണ്ടാം വിവാഹം കഴിഞ്ഞ് അല്പദിവസത്തിനുള്ളില്‍ കിശോരിക്ക് എസ്റ്റേറ്റില്‍ നല്ല ജോലി കിട്ടിയപ്പോള്‍ എല്ലാവരുമ പുത്തന്‍പെണ്ണിന്റെ ഐശ്വര്യവും ഭാഗ്യവും കണ്ട് അതീവസന്തുഷ്ടരായി.കുടുംബത്തിലെ ഐശ്വര്യം കെട്ട ആദ്യഭാര്യയുടെ പേര് ആ വീട്ടില്‍ പിന്നീടാരും ഒരിക്കലും ഉച്ചരിച്ചിട്ടില്ല.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)


VIEW ON mathrubhumi.com