'ബ്ലൂംബര്‍ഗിന്റെ' സെന്‍സെക്‌സ് വിസ്മയവും മുഹമ്മദ് അലി റോഡിന്റെ പരുക്കന്‍വഴികളും

#വെങ്കിടേഷ് രാമകൃഷ്ണന്‍
വെങ്കിടേഷ് രാമകൃഷ്ണന്‍, പുസ്തകത്തിന്റെ കവര്‍ പേജ് | Photo: മധുരാജ്/മാതൃഭൂമി ബുക്‌സ്‌
വെങ്കിടേഷ് രാമകൃഷ്ണന്‍, പുസ്തകത്തിന്റെ കവര്‍ പേജ് | Photo: മധുരാജ്/മാതൃഭൂമി ബുക്‌സ്‌

പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന വെങ്കിടേഷ് രാമകൃഷ്ണന്റെ പലകാലങ്ങളിലെ യാത്രകളുടെ സമാഹാരമാണ് 'വഴിവിട്ട യാത്രകള്‍'. പുസ്തകത്തില്‍ നിന്നൊരു ഭാഗം വായിക്കാം...

 ഇന്ത്യ തിളങ്ങിനില്‍ക്കുകയാണ് എന്ന്, മുംബൈയിലെ ആ ഭാരതീയ ജനതാപാര്‍ട്ടി നേതാവ് വാതോരാതെ പറഞ്ഞുനടന്നിരുന്ന കാലമായിരുന്നു, അത്. അന്ന് 2003 സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യവസായ-വാണിജ്യ തലസ്ഥാനമായ മുംബൈയില്‍, ഞാന്‍ എത്തിയത്, ഇന്ത്യയുടെ തിളക്കത്തിന്റെ പ്രചാരകനായ പ്രമോദ് മഹാജന്‍ എന്ന ബി.ജെ.പി. നേതാവിനെ കാണാന്‍ വേണ്ടിക്കൂടിയായിരുന്നു. മഹാജന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പതിവുള്ള ഒരു രീതിയുടെ ഫലമായാണ്, അത്തവണ മുംബൈയില്‍ എത്തിയത്. അടുത്ത് പരിചയമുള്ള പത്രപ്രവര്‍ത്തകരെ വിളിച്ച് കൂടെ യാത്ര ചെയ്യിപ്പിക്കുക എന്നതായിരുന്നു, ആ പതിവ്. അത്തരം യാത്രകളിലെ അജന്‍ഡയും മിക്കവാറും സമാനമായിരുന്നു.

തന്റെ പ്രവര്‍ത്തനം എന്താണെന്നും പുതിയ മേഖലകള്‍ ഏതാണെന്നും അതിലൂടെ എന്തു രാഷ്ട്രീയലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കപ്പെടുന്നത് എന്നും ബോധ്യപ്പെടുത്താന്‍, ഈ യാത്രകള്‍ മഹാജന്‍ ഉപയോഗിച്ചിരുന്നു. അതോടൊപ്പം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംബന്ധിച്ച ചില പുതിയ വിവരങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനെല്ലാമുപരിയായി ദേശീയ-സാര്‍വദേശീയ-പ്രാദേശിക വിഷയങ്ങളില്‍, പത്രപ്രവര്‍ത്തകരുടെ ഫീഡ്ബാക്ക് എടുക്കുക എന്ന പരിപാടിയും നടപ്പാക്കപ്പെടുമായിരുന്നു.

2003 സെപ്റ്റംബറിലെ യാത്രയില്‍, മഹാജനോടൊപ്പം മുംബൈക്കും പുനേക്കുമിടയിലുള്ള പ്രദേശങ്ങളിലൂടെ കറങ്ങുകയാണ് ചെയ്തത്. അഞ്ചാറ് ഗ്രാമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയുമുണ്ടായി. അവിടെ അഗ്രി ബിസിനസ്സില്‍ (കൃഷിസംബന്ധിയും ഭക്ഷ്യോത്പാദനസംബന്ധിയും ആയ കച്ചവടം) ചില പുതിയ പരീക്ഷണങ്ങള്‍ക്ക് മഹാജനും, അദ്ദേഹത്തിന്റെ ബി.ജെ.പിക്കാരും, ബിസിനസ്സുകാരുമായ ചില സുഹൃത്തുക്കളും ചേര്‍ന്ന് രൂപംനല്‍കി നടപ്പാക്കിവരികയായിരുന്നു. പക്ഷേ, ആ യാത്രയിലെ പ്രധാന ലക്ഷ്യമായി എനിക്ക് തോന്നിയത്, ഒരു വാര്‍ത്ത ചോര്‍ത്തല്‍പോലെ, മഹാജന്‍ നല്‍കിയ
വിവരമായിരുന്നു. സര്‍ക്കാര്‍ അതിന്റെ അര്‍ധവാര്‍ഷിക സാമ്പത്തികാവലോകനം താമസിയാതെ പുറത്തിറക്കാന്‍ പോവുകയാണെന്നും, ഏഴ് ശതമാനം വളര്‍ച്ചയിലേക്ക് രാജ്യം ചെന്നെത്താന്‍ പോവുകയാണെന്നുമുള്ള വിവരമായിരുന്നു, അത്. മുംബൈ-പുനേ റൂട്ടിലുള്ള കറക്കത്തിനുശേഷം, ഒരുച്ചയ്ക്കാണ് തിരിച്ചെത്തിയത്. ഡല്‍ഹിയിലേക്കുള്ള വിമാനം അടുത്ത ദിവസമായിരുന്നു. ഒരു വൈകുന്നേരവും രാത്രിയും വിശേഷിച്ചൊന്നും ചെയ്യാനില്ലാത്ത സ്ഥിതി.

'ബ്ലൂംബര്‍ഗി'ന്റെ തിളക്കം 

അപ്പോഴാണ് ഓര്‍ത്തത്, ബാംഗ്ലൂരില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന എന്റെ സുഹൃത്തും, വാണിജ്യകാര്യ പത്രപ്രവര്‍ത്തകനുമായ സാം നാഗരാജന്‍, ആയിടെ മുംബൈയിലേക്ക് സ്ഥലം മാറി വന്നിട്ടുണ്ടല്ലോ എന്ന്. വാണിജ്യകാര്യ വാര്‍ത്താ ഏജന്‍സികളില്‍ അന്താരാഷ്ട്രനായകന്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ബ്ലൂം ബര്‍ഗില്‍ ലേഖകനായിരുന്നു, സാം. ആ യാത്രയ്ക്ക് രണ്ട് വര്‍ഷം മുന്‍പ് (2002-ല്‍) മാത്രമാണ്, ബ്ലൂംബര്‍ഗ് മുംബൈയില്‍ ഓഫീസ് തുടങ്ങിയത്. 1991-ല്‍ ഇന്ത്യയിലാരംഭിച്ച ആഗോളവത്കരണത്തിന്റെ കുതിപ്പില്‍, ആഹ്ലാദഭരിതരായാണ്, ബ്ലൂംബര്‍ഗ് മാനേജ്മെന്റ്, മുംബൈയില്‍ തങ്ങളുടെ ഓഫീസ് തുടങ്ങിയത്. അത് ഉദ്ഘാടനം ചെയ്തതും പ്രമോദ് മഹാജന്‍തന്നെയായിരുന്നു.

ബ്ലൂംബര്‍ഗിന്റെ മുംബൈ ഓഫീസിനെക്കുറിച്ച് പല പത്രപ്രവര്‍ത്തകരും പുകഴ്ത്തി പറഞ്ഞുകേള്‍ക്കുകയും ചെയ്തിരുന്നു. അതെല്ലാമോര്‍ത്ത് സാമിനെ വിളിച്ചു. കൂടിക്കാഴ്ച ഉറപ്പാക്കി. സാമിനെയും കാണാം, ബ്ലൂംബര്‍ഗ് ഓഫീസും കാണാം എന്ന മട്ടില്‍ ഒരു പരിപാടി. അങ്ങനെയാണ്, മുംബൈയിലെ വാണിജ്യസിരാകേന്ദ്രമായ നരിമാന്‍ പോയിന്റിലെ ബഹുനിലക്കെട്ടിടമായ, മെയ്ക്കേഴ്സ് ചേംബേഴ്സില്‍ സ്ഥിതിചെയ്യുന്ന, ബ്ലൂംബര്‍ഗ് ഓഫീസില്‍ എത്തുന്നത്. ആധുനിക സാങ്കേതികവിദ്യയാല്‍ സമ്പുഷ്ടമായ, അദ്ഭുതകരവും അമ്പരപ്പിക്കുന്നതുമായ സംവിധാനങ്ങളുടെ ഒരു കടന്നാക്രമണംതന്നെയാണ്, ഓഫീസിന് മുന്നിലെത്തിയതോടെ എനിക്ക് നേരിടേണ്ടിവന്നത്. ഫിംഗര്‍ പ്രിന്റ് ചെക്കിങ്ങും ഓട്ടോമാറ്റിക് ഡിജിറ്റല്‍ ഫോട്ടോയെടുപ്പും അടങ്ങിയ സുരക്ഷാപരിശോധന കഴിഞ്ഞാണ്, ഓഫീസിലെ റിസപ്ഷന്‍ മേഖലയില്‍ എത്താനായതുതന്നെ. അവിടെനിന്ന് ഓഫീസിനകത്തേക്ക് പ്രവേശിക്കാന്‍ എനിക്കും സാമിനും ചേര്‍ന്ന്, ഒരു സംയുക്ത ഡിജിറ്റല്‍ ചെക്കിങ്ങിലൂടെ കടന്നുപോകേണ്ടിവന്നു.

ഓഫീസില്‍ പലയിടത്തും, ഭംഗിയായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ബിവറേജ് വെന്റിങ് മെഷീനുകളില്‍, കൊക്കകോളയും പെപ്സിയും നെസ്‌കഫേയും നെസ്ടീയും സുലഭം. അതിനടുത്തുള്ള സ്നാക് വെന്റിങ് മെഷീനുകളില്‍, ഉരുളക്കിഴങ്ങ് ചിപ്സുകളും കാഡ്ബറീസ് ചോക്ലേറ്റുകളും പല തരം ബിസ്‌കറ്റുകളും. സാമിന്റെ വര്‍ക്ക് സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണഞ്ചിച്ചുപോയി. മുപ്പത് ഇഞ്ച് ദീര്‍ഘചതുരാകൃതിയിലുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലാണ് സാമിന്റെ ഇരിപ്പ്. ആ സ്‌ക്രീന്‍ ഒരേ സമയം നാലുഖണ്ഡങ്ങളായി വിഭജിക്കപ്പെടുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ബ്ലൂംബര്‍ഗ് സെന്ററുകളില്‍നിന്നുള്ള വിവരങ്ങള്‍ ഒരേസമയം ഈ നാല് ഖണ്ഡങ്ങളില്‍ മാറി മാറി പ്രദര്‍ശിപ്പിക്കപ്പെടുന്നു.

സാമിന്റെ മുന്നിലുള്ള മള്‍ട്ടി ഹോട്ട്ലൈന്‍ ഫോണില്‍നിന്ന് ഒറ്റ നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് ന്യൂയോര്‍ക്കിലും ഹോങ് കോങ്ങിലും ബ്രസ്സല്‍സിലും ദല്‍ഹിയിലുമുള്ള ബ്ലൂംബര്‍ഗ് ഓഫീസുകളുമായി തത്സമയം ബന്ധപ്പെടാം. വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്ന് വരുന്ന വിവരങ്ങളെ (ഡാറ്റ) സവിശേഷമായ രീതിയില്‍, ഗണിച്ചെടുക്കാന്‍ (പ്രോസസ്) പ്രത്യേക സോഫ്റ്റ്വെയറുകള്‍, എല്ലാ ബ്ലൂംബര്‍ഗ് കമ്പ്യൂട്ടറുകളിലും ഉണ്ടായിരുന്നു. 6500 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഈ ഓഫീസില്‍, മാര്‍ബിള്‍ ഫ്ളോറിങ് മുതല്‍ ഗ്ലാസ് സീലിങ് വരെയും, സ്റ്റേഷനറി റാക്കുകള്‍ മുതല്‍ ഇരിപ്പിടങ്ങള്‍ വരെയും എല്ലാം 'പ്ലഷ്, പ്ലഷ്.'

സത്യം പറഞ്ഞാല്‍, അതുപോലൊരു മാധ്യമ ഓഫീസ് അതിനുമുന്‍പ് ഞാന്‍ കണ്ടിരുന്നില്ല. ലണ്ടനില്‍ ബി.ബി.സി. റേഡിയോയുടെ ആസ്ഥാനമായ ബുഷ് ഹൗസിലടക്കം പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും, (ഒരാഴ്ച അവിടെ റേഡിയോ-ടെലിവിഷന്‍ ജേണലിസത്തില്‍, ട്രെയിനിങ്ങും നടത്തിയിരുന്നു.) അവിടെയൊന്നും കാണാത്ത, ആഡംബരപൂര്‍ണമായ അത്യന്താധുനിക സാങ്കേതിക വിദ്യാബാഹുല്യം തന്നെയായിരുന്നു, ബ്ലൂംബര്‍ഗിന്റെ മുംബൈ ഓഫീസില്‍ കണ്ടത്. അക്ഷരാര്‍ഥത്തില്‍ ആഗോളവത്കൃത ലോകവുമായി പരസ്പരബന്ധിത (നെറ്റ്വര്‍ക്ക്ഡ്)മായിട്ടുള്ള ഒരു മാധ്യമകേന്ദ്രം. ഒരര്‍ഥത്തില്‍, ആ ആഗോളവത്കരണകാലത്തെ 'തിളങ്ങുന്ന ഇന്ത്യ'യുടെ പ്രതീകം.

നാഗരികതകളുടെ മഹാസമ്മിശ്രം

ഈ അനുഭവത്തിനുശേഷം, നരിമാന്‍ പോയിന്റിലെ നിരത്തുകളില്‍ തിരിച്ചിറങ്ങിയപ്പോള്‍, എന്തുകൊണ്ടോ വിശാലമായി നടക്കാനാണ് തോന്നിയത്. നരിമാന്‍ പോയിന്റിലെ അംബരചുംബികളില്‍, ബിര്‍ള ഭവനും, ഒബറോയ് ടവേഴ്സും, ഭക്തവാര്‍ ടവറും, ഫ്രഞ്ച് ട്രെയ്ഡ് മിഷനും ഒക്കെ കടന്നു ഞാന്‍, ഫ്ളോറ ഫൗണ്ടന്‍, ചര്‍ച്ച് ഗെയ്റ്റ് സ്റ്റേഷന്‍ വഴി, ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ലക്ഷ്യമാക്കി നടന്നുതുടങ്ങി. ചര്‍ച്ച് ഗേറ്റില്‍ അഞ്ച് മണിക്ക് ശേഷമുള്ള സായാഹ്ന സബര്‍ബന്‍ ട്രെയിനുകളില്‍, കയറാനുള്ള തിരക്ക് ആരംഭിച്ചിരുന്നില്ല. എങ്കിലും മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സബര്‍ബന്‍ ട്രെയിന്‍ സ്റ്റേഷനുമുന്നില്‍, നിരനിരയായിരിക്കുന്ന, അധികവും കൗമാരപ്രായക്കാരായ ചെരുപ്പുകുത്തികള്‍, അവരുടെ പോളിഷ് റാക്കിനുമേല്‍ ഷൂ ബ്രഷുകള്‍ കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. മെയ്ക്കേഴ്സ് ചേംബേഴ്സില്‍, 'ബ്ലൂംബര്‍ഗ്' ഓഫീസില്‍ കണ്ട 'ഇന്ത്യയുടെ തിളക്കം' കുറേശ്ശ മാഞ്ഞുതുടങ്ങിയിരുന്നു. 

അവിടെനിന്ന്, വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷനും കടന്ന് ക്രോഫോര്‍ഡ് മാര്‍ക്കറ്റില്‍ എത്തി. മാര്‍ക്കറ്റിലെ തെരുവുകച്ചവടക്കാരില്‍നിന്നു കിട്ടുന്ന, പരുത്തികൊണ്ടുള്ള നാടന്‍ ബനിയനുകളും, ചില പ്രത്യേക കടകളില്‍ കിട്ടുമായിരുന്ന ഫ്രഞ്ച് ചീസും, വിദേശ ചോക്ലേറ്റുകളുമായിരുന്നു, എന്റെ ലക്ഷ്യം. 1871 മുതല്‍ നിലനില്‍ക്കുന്ന ഈ മാര്‍ക്കറ്റ്, ഓരോ സന്ദര്‍ശനത്തിലും ഒരുപാട് പുതിയ മുഖങ്ങള്‍ കാണിച്ചുതരുമായിരുന്നു. പഴങ്ങള്‍, പച്ചക്കറി, പൂക്കള്‍, എന്നിവയുടെ മൊത്ത കച്ചവടത്തിന് പ്രസിദ്ധമായ ക്രോഫോര്‍ഡ് മാര്‍ക്കറ്റില്‍ ഇവ മാത്രമല്ല, ഉപ്പുതൊട്ട് കര്‍പ്പൂരം വരേയും, മൊട്ടുസൂചി മുതല്‍ ഗ്രൈന്ററുകള്‍ വരേയുമുള്ള മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും സ്ഥാനമുണ്ട്; വിപണിയും. ചോക്ലേറ്റുകളും, ചീസും പരുത്തി ബനിയനും സംഘടിപ്പിച്ച്, ഞാന്‍ പിന്നേയും നടന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയാണ് നടന്നതെങ്കിലും, ക്രമേണ ഞാന്‍ അറിഞ്ഞു, മുഹമ്മദ് അലി റോഡിലേക്കാണ്, ഞാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്, എന്ന്.

തിരക്കുകള്‍ക്ക് പ്രസിദ്ധമായ മുംബൈയില്‍ത്തന്നെ, ഏറ്റവും തിരക്കുപിടിച്ച നിരത്തുകളില്‍ ഒന്നായ മുഹമ്മദ് അലി റോഡ്. പൊടിപിടിച്ച, ഇടുങ്ങിയ വീഥികള്‍, കലപില കൂട്ടുന്ന കൈവണ്ടിക്കാര്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍, സൈക്കിളുകള്‍, അവയ്ക്കിടയിലൂടെ നടന്നുനീങ്ങുന്ന നൂറുകണക്കായ മനുഷ്യര്‍. പലപ്പോഴും ഒരു കിലോമീറ്റര്‍ താണ്ടിക്കിട്ടാന്‍, കാര്‍ യാത്രികര്‍ക്ക് ഒന്നോ, രണ്ടോ മണിക്കൂറുകള്‍. മഹാ ജാം സ്പോട്ട്! അതിനിടയിലൂടെ തിളങ്ങുന്ന മിനാര്‍ മസ്ജിദ്. അതിനപ്പുറത്ത്, റംസാന്‍ മാസങ്ങളിലെ രാത്രികളെ ഭക്ഷണങ്ങളുടെ ആഘോഷമാക്കി മാറ്റുന്ന സ്വാദിന്റെ കലവറ. ഖോ ഗള്ളി. സുലൈമാന്‍ ഉസ്മാന്റെ ബേക്കറിയും ഖോ ഗള്ളിയില്‍ത്തന്നെയാണ്. ഫിര്‍നിക്കും, മാല്‍പുവയ്ക്കും പ്രസിദ്ധമായ സുലൈമാന്‍ ഉസ്മാന്റെ ബേക്കറി. ആ വൈകുന്നേരം ഒരു മാല്‍പുവ കഴിച്ചും, ഒരു നാരങ്ങാച്ചായ കുടിച്ചും, അവിടെ നില്‍ക്കുമ്പോള്‍, എന്റെ മുന്നിലൂടെ കടന്നുപോയ മനുഷ്യരുടെ ഘോഷയാത്രയില്‍, നാഗരികതകളുടെ ഒരു മഹാസമ്മിശ്രംതന്നെയുണ്ടായിരുന്നു. മറാത്തികള്‍, കൊങ്ങിണികള്‍, മലയാളികള്‍, ഉത്തര്‍പ്രദേശ്-ബീഹാര്‍ ഹൃദയഭൂമിക്കാര്‍, പാഴ്സികള്‍, ബോറ മുസ്ലിങ്ങള്‍, അങ്ങനെ, അങ്ങനെ.

'ബ്ലൂംബര്‍ഗിന്റെ' അമ്പരപ്പിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്യന്താധുനികത വിട്ട്, നാലു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴേക്കും, പതിനെട്ടാം നൂറ്റാണ്ടിന്റെയും, പത്തൊന്‍പതാം നൂറ്റാണ്ടിന്റെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും പേറിനില്‍ക്കുന്ന ഒരു ജനപദത്തിലായിരുന്നു, ഞാന്‍. ആ വൈകുന്നേരം, എന്റെ ആലോചനകള്‍ മുഴുവന്‍ ഒരൊറ്റ ബിന്ദുവിലായിരുന്നു. ഇത്ര വലിയ അന്തരംഗങ്ങളുള്ള ഒരു സാമ്പത്തികവ്യവസ്ഥയ്ക്ക്, ഈ വലിയ വൈജാത്യങ്ങളുമായി സ്ഥിരതയോടെ നിലനില്‍ക്കാന്‍ പറ്റുമോ? ഒരു വശത്ത്, 'ബ്ലൂംബര്‍ഗിന്റെ' സെന്‍സെക്സ് വിസ്മയം. മറുവശത്ത്, മുഹമ്മദ് അലി റോഡിന്റെ പരുക്കന്‍വഴികള്‍, അതില്‍ ജീവിക്കുന്ന സാധാരണ മനുഷ്യര്‍.

എങ്ങനെയാണ്, ഒരു പൊട്ടിത്തെറിയില്ലാതെ ഇവ സഹവസിക്കുക? നരിമാന്‍ പോയിന്റിലെ ആധുനികവിസ്മയങ്ങള്‍ ഉറച്ച കാലുകളില്‍ത്തന്നെയാണോ? ആ ദിവസം രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കുള്ളില്‍ നാലു കിലോമീറ്റര്‍ ദൂരത്തേക്കുള്ള കാല്‍നട യാത്രയ്ക്കിടയില്‍, വളര്‍ന്നുവന്ന സംശയങ്ങള്‍ മനസ്സില്‍ ഇടയ്ക്കിടെ വന്നുംപോയുമിരുന്നു. ഈ സമയമത്രയും ഉറച്ച മറുപടി അന്യംനില്‍ക്കുകതന്നെ ചെയ്തു. പക്ഷേ, 2008 സെപ്റ്റംബറിലും, ഒക്ടോബറിലും ലോകവിപണി കൂപ്പുകുത്തുകയും, അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഭീമന്‍ കമ്പനികളില്‍നിന്ന്, തുരുതുരെ ജീവനക്കാരെ പിരിച്ചുവിടുകയും, അവരില്‍ ചിലര്‍ ജീവനൊടുക്കുകയും ചെയ്തപ്പോള്‍, എനിക്കു തോന്നി, ഉറപ്പുള്ള ഒരുത്തരത്തിലേക്ക് ഞാന്‍ എത്തുകയാണെന്ന്.
(24 ഒക്ടോബര്‍ 2008).

Content Highlights: Venkitesh Ramakrishnan's travelogue Vazhivitta yathrakal by Mathrubhumi books