'ഏതു സ്വപ്നത്തിനു പിന്നിലും ചില മാനസികശക്തികളുടെ പ്രവര്‍ത്തനമുണ്ട് '

By: പരിഭാഷ: പി.പി.കെ. പൊതുവാള്‍
സ്വപ്നങ്ങളെ വ്യാഖ്യാനിച്ചുപഠിക്കാന്‍ മനഃശാസ്ത്രത്തിലധിഷ്ഠിതമായ ഒരു പ്രായോഗികരീതി സാധ്യമാണെന്നും അതിന്റെ വെളിച്ചത്തില്‍, അതീവ പ്രാധാന്യമുള്ള ഒരു മനോനിര്‍മിതിയായും ജാഗരാവസ്ഥയിലെ മാനസികപ്രവര്‍ത്തനങ്ങളില്‍ സവിശേഷമായ ഒരു സ്ഥാനംതന്നെയുള്ള പ്രതിഭാസമായും ഏതു സ്വപ്നവും സ്വയം തുറന്നുകാട്ടപ്പെടുമെന്നും വ്യക്തമാക്കാനുദ്ദേശിച്ചുകൊണ്ടെഴുതിയ ഒരു പുസ്തകമാണിത്. സ്വപ്നങ്ങളെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതകളെയും വൈചിത്ര്യങ്ങളെയും സ്ഫുടീകരിച്ചുകാട്ടാന്‍ കെല്പുള്ള പ്രതിഭാസങ്ങളെയെല്ലാം ഇനിയങ്ങോട്ടുള്ള താളുകളില്‍ വ്യക്തമായിത്തന്നെ പരിശോധിക്കും.
ഏതു സ്വപ്നത്തിനുപിന്നിലും ചില മാനസികശക്തികളുടെ പ്രവര്‍ത്തനമാണുള്ളത്. സ്വപ്നമെന്ന അനുഭവം സാക്ഷാത്കരിക്കുന്ന ഈ ശക്തികളുടെ പരസ്പര സംഘര്‍ഷത്തിന്റെയും പരസ്പര സഹകരണത്തിന്റെയും യഥാര്‍ഥസ്വഭാവമെന്തെന്ന് അനുമാനിച്ചെടുക്കാനുള്ള ശ്രമവും അതിന്റെ ഭാഗമായി നടക്കും. ഇതെല്ലാം പൂര്‍ത്തിയാകുന്നതോടെ എന്താണ് സംഭവിക്കുകയെന്നോ? സ്വപ്നവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം മറ്റുചില സമഗ്രസമസ്യകളുമായി ഇഴുകിച്ചേരും, ഒന്നാകും; കൂടുതല്‍ വലിയ ഒരു പ്രശ്‌നമായി മാറും. അതോടെ എന്റെ അന്വേഷണങ്ങള്‍ അതിന്റെ പരിസമാപ്തിയിലെത്തും. പുതിയ പ്രശ്‌നത്തിനു പരിഹാരംതേടുകയെന്ന ജോലിയാണ് പിന്നീടങ്ങോട്ടു നടക്കേണ്ടത്. അതിനു പക്ഷേ, തികച്ചും ഭിന്നമായ ചില സാധനസാമഗ്രികളുടെ സഹായംതന്നെ അനിവാര്യമായിവരും.
എനിക്കുമുന്‍പ് പലരും ഈ വിഷയം മുന്‍നിര്‍ത്തി ചിലതൊക്കെ എഴുതിയിട്ടുണ്ടെന്നറിയാമല്ലോ. ആമുഖമായി അതെല്ലാമൊന്നു സ്പര്‍ശിച്ചുപോകേണ്ടതുണ്ട്. സമകാലീനശാസ്ത്രം സ്വപ്നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു നല്കിയിട്ടുള്ള സ്ഥാനത്തെക്കുറിച്ചും ചിലതു സൂചിപ്പിക്കാം. പിന്നീടങ്ങോട്ട് അതിനൊന്നും സാവകാശം കിട്ടിയില്ലെന്നുവരും. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള കഠിനശ്രമങ്ങളുടെ ചരിത്രംതന്നെയുണ്ട് സ്വപ്നപഠനത്തിന്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയവിവരങ്ങള്‍ക്ക് അങ്ങനെയൊരു പുരോഗതി അവകാശപ്പെടാനാവില്ല. ഈ വിഷയം കൈകാര്യം ചെയ്തവരെല്ലാം അടിവരയിട്ടുപറഞ്ഞ കാര്യമാണിത്.
അഭിപ്രായങ്ങളൊന്നും ഉദ്ധരിക്കുന്നില്ല. ഗ്രന്ഥാവസാനം ചേര്‍ത്ത വിശിഷ്ടരചനകളുടെ പട്ടികയിലേക്ക് ശ്രദ്ധക്ഷണിക്കുകമാത്രം ചെയ്യുന്നു. പ്രചോദനപരമായ പല നിരീക്ഷണങ്ങളും ഈ കൃതികളില്‍ കണ്ടെത്താനാകും. താത്പര്യജനകങ്ങളായ അസംസ്‌കൃതവിഭവങ്ങള്‍ ഇവയില്‍നിന്നെടുത്തു സൂക്ഷിക്കുകയുമാവാം. ഒന്നിനും ഒരു കുറവുമുണ്ടാകില്ല. സ്വപ്നങ്ങളുടെ യഥാര്‍ഥസ്വഭാവം വെളിപ്പെടുത്തുന്ന യാതൊന്നും പക്ഷേ, അവയിലൊന്നുമുണ്ടാകില്ലെന്നുമാത്രം! സ്വപ്നങ്ങളെ ചൂഴ്ന്നുനില്ക്കുന്ന ദുരൂഹതകള്‍ക്കുത്തരം കാണാന്‍ ഇവയിലൊന്നുപോലും നിങ്ങളെ സഹായിക്കില്ല, ഉറപ്പ്. ഇത്രയേറെ പുസ്തകങ്ങളും പ്രബന്ധങ്ങളുമുണ്ടായിട്ടും നിഗൂഢതകള്‍ നിഗൂഢതകളായിത്തന്നെ തുടരുകയാണ്. വിദ്യാവിഹീനനായ സാധാരണക്കാരന്റെ കാര്യം പിന്നെ പറയാനുണ്ടോ?
സ്വപ്നങ്ങളെക്കുറിച്ച് ചരിത്രാതീതകാലംതൊട്ട് അപരിഷ്‌കൃതസമൂഹങ്ങള്‍ വെച്ചുപുലര്‍ത്തിപ്പോന്ന ധാരണകള്‍, ആ മനുഷ്യരുടെ പ്രപഞ്ചസങ്കല്പത്തില്‍ ഈ ധാരണകളുണ്ടാക്കിയിരിക്കാനിടയുള്ള സ്വാധീനം, ആത്മാവിനെക്കുറിച്ചുള്ള വിചാരങ്ങളില്‍ അതുണ്ടാക്കിയ പ്രഭാവം- ആലോചിച്ചുനോക്കൂ, ഏറെ താത്പര്യജനകമായ ഒരു വിഷയമല്ലേ ഇത്? പക്ഷേ, എന്തുചെയ്യാം, വൈമനസ്യപൂര്‍വം ഇത്തരം കാര്യങ്ങള്‍ ഈ പുസ്തകത്തില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടിവന്നു.
തത്പരകക്ഷികള്‍ക്ക് സര്‍ ജോണ്‍ ലുബ്ബക്ക് (അവെബറി പ്രഭു), ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍, ഇ.ബി. ടെയ്ലര്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ നോക്കാം. ഒരുകാര്യം ആദ്യംതന്നെ പറയാം. സ്വപ്നങ്ങളുടെ വ്യാഖ്യാനമാണ് എന്റെ മുന്‍പിലുള്ള ജോലി. അത് ആദ്യം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതു പൂര്‍ത്തിയാക്കാതെ ഈ അനുമാനങ്ങളോ സമസ്യകളോ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തിരിച്ചറിയാന്‍ വായനക്കാര്‍ക്കു പ്രയാസമുണ്ടാവും.
ആ അതിപുരാതനകാലത്തെ സ്വപ്നസങ്കല്പസ്മൃതികള്‍ ആദിമശ്രേഷ്ഠസമൂഹങ്ങളില്‍ നിലവിലുള്ള സ്വപ്നങ്ങളുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും അടിവരയിടുന്നുണ്ടെന്നു തോന്നുന്നു. അവര്‍ പ്രകൃത്യാതീതശക്തികളില്‍ വിശ്വസിച്ചു. ആ വിശ്വാസമനുസരിച്ച് സ്വപ്നങ്ങളെ ഈ ശക്തികളുടെ ലോകവുമായി ബന്ധിപ്പിച്ചു. അതുമായി പൂര്‍ണമായും പൊരുത്തപ്പെട്ടു. സ്വപ്നംകാണുന്ന വ്യക്തിയുടെ ജീവിതത്തില്‍ അതൊരു സവിശേഷധര്‍മംതന്നെ നിര്‍വഹിക്കുന്നതായി വിശ്വസിച്ചു. സ്വപ്നം അങ്ങനെ പ്രവചനമായി.
സ്വപ്നങ്ങളുടെ ഉള്ളടക്കങ്ങളിലെ അനിതരസാധാരണമായ വൈവിധ്യങ്ങളും സ്വപ്നംകാണുന്ന വ്യക്തിയില്‍ അതു ചെലുത്തുന്ന സ്വാധീനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള യുക്തിഭദ്രമായ ഒരു സ്വപ്നസങ്കല്പത്തിന് രൂപംനല്കുക എളുപ്പമല്ല. അതുകൊണ്ട് എണ്ണിയാലൊടുങ്ങാത്ത വേര്‍തിരിവുകളും തരംതിരിവുകളും ഇതുമൂലം ഈ രംഗത്തുണ്ടായി. സ്വപ്നങ്ങളുടെ മൂല്യമനുസരിച്ചും അവയിലുള്ള വിശ്വാസമനുസരിച്ചുമെല്ലാം വിഭജനങ്ങളുണ്ടായി. പ്രവചനക്ഷമതയുടെ കാര്യംപറഞ്ഞാല്‍, ഓരോ ദാര്‍ശനികനും തനിക്കു ചേര്‍ന്നരീതിയില്‍ സ്വപ്നങ്ങളെ വിലയിരുത്തുകയായിരുന്നു.
സ്വപ്നങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അടങ്ങിയ രണ്ടു ഗ്രന്ഥങ്ങള്‍ അരിസ്റ്റോട്ടിലിന്റെ വകയായുണ്ട്. ഒരു മനഃശാസ്ത്രപ്രശ്‌നം അടങ്ങിയ രചനകളായി ഇവ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ കഴിവൊന്നുമല്ല സ്വപ്നങ്ങള്‍; ദൈവികമായി അതില്‍ യാതൊന്നുമില്ല, പൈശാചികമായി ഉണ്ടുതാനും, പിശാചുതന്നെയാണ് അതിന്റെ സ്രോതസ്സ്. ഈ പ്രകൃതിയുണ്ടല്ലോ, അതിന് പൈശാചികഭാവം കാട്ടാനേ അറിയൂ. അതുകൊണ്ട് സ്വപ്നവും പൈശാചികമാണ്. ദൈവികതയുടെ അംശം അതിനെ തൊട്ടുതീണ്ടിയിട്ടുപോലുമില്ല. അതുകൊണ്ട് പ്രകൃത്യാതീതമായ ഒരു വെളിപാടായി സ്വപ്നത്തെ കാണാന്‍വയ്യ.
മാനവേച്ഛയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന ചില നിയമങ്ങളാണ് ഏതു സ്വപ്നത്തെയും നിയന്ത്രിക്കുന്നത്. മനുഷ്യന്റെ ഈ ഇച്ഛാശക്തിയുടെ നിയമങ്ങള്‍ക്ക് പക്ഷേ, ദൈവികതയുമായി ബന്ധമുണ്ട്. ഇതെല്ലാമായിരുന്നു അരിസ്റ്റോട്ടിലിന്റെ വിചാരങ്ങള്‍. ഉറങ്ങുന്നവന്റെ മാനസിക (സൈക്കിക്) പ്രവര്‍ത്തനമാണ് സ്വപ്നമെന്ന ഒരു നിര്‍വചനം ആചാര്യന്റെ വകയായുണ്ട്. സ്വപ്നജീവിതത്തിന്റെ ചില വശങ്ങളെക്കുറിച്ചെല്ലാം അങ്ങോര്‍ക്ക് ധാരണയുണ്ടായിരുന്നെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ഉദാഹരണമായി, നിദ്രാവേളകളില്‍ സ്വീകരിക്കപ്പെടുന്ന നിസ്സാരസംവേദനങ്ങളെ സ്വപ്നം തീവ്രസംവേദനങ്ങളായി പരിവര്‍ത്തനപ്പെടുത്തുമെന്ന തിരിച്ചറിവ്.
തീയിലൂടെ നടക്കുകയാണെന്ന് ഒരാള്‍ സ്വപ്നം കാണുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തീരേ നിസ്സാരമായ രീതിയില്‍ അനുഭവപ്പെടുന്ന അല്പമൊരു ചൂട് സ്വപ്നത്തില്‍ തീയില്‍ നടക്കുന്നതിന്റെ അസഹനീയമായ അനുഭവമായി രൂപംമാറുകയാണിവിടെ. സ്വപ്നം രോഗനിര്‍ണയത്തിനൊരു സഹായമാകും എന്ന നിഗമനത്തില്‍ അരിസ്റ്റോട്ടില്‍ ഇതിന്റെയടിസ്ഥാനത്തിലെത്തി. ദൈനംദിനജീവിതത്തില്‍ ഡോക്ടറുടെ കണ്ണില്‍പ്പെടാനിടയില്ലാത്ത നിസ്സാര ശാരീരികമാറ്റങ്ങളുടെ ആദ്യസൂചനകള്‍പോലും സ്വപ്നത്തെക്കുറിച്ചു പഠിക്കുന്ന ഒരാള്‍ക്ക് എളുപ്പം പിടിച്ചെടുക്കാനാകുമെന്ന് ഇതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹം വിലയിരുത്തി.
അരിസ്റ്റോട്ടിലിനു മുന്‍പുള്ള എഴുത്തുകാരോ? സ്വപ്നം മനസ്സിന്റെ ഒരുത്പന്നമാണെന്നുപോലും അവരാരും വിചാരിച്ചില്ല. സ്വപ്നം അവര്‍ക്ക് ദൈവവിളിയായിരുന്നു. ദൈവികപ്രചോദനമായിരുന്നു. അതില്‍ വ്യക്തിയുടെ മനസ്സിന് സ്ഥാനമെവിടെ? അങ്ങനെ സ്വപ്നങ്ങളെക്കുറിച്ച് രണ്ടു വിരുദ്ധാശയങ്ങള്‍ രൂപംകൊണ്ടു. നൂറ്റാണ്ടുകളോളം രണ്ടിനും പ്രചാരം ലഭിച്ചു. ഒരുവിഭാഗം സ്വപ്നങ്ങള്‍ വാസ്തവികവും മൂല്യവത്തുമായി അറിയപ്പെട്ടു. പ്രവചനമായി, മുന്നറിയിപ്പായി ഇവ സ്വപ്നത്തില്‍ വെളിപ്പെട്ടു. അര്‍ഥശൂന്യമായ വ്യാജസ്വപ്നങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഇവ മനുഷ്യനെ അപഥസഞ്ചാരത്തിനു പ്രേരിപ്പിക്കും, നശിപ്പിക്കും എന്ന് വിശ്വസിച്ചു.
മക്രൊബിയസിനെയും ആര്‍ട്ടി മിഡറൊസിനെയും ഉദ്ധരിച്ച് ഗ്രുപ്പെ മറ്റൊരുതരം വര്‍ഗീകരണത്തെക്കുറിച്ചു സൂചനനല്കുന്നുണ്ട്: 'ഇതില്‍ ആദ്യത്തേത് വര്‍ത്തമാന (അഥവാ ഭൂത) കാലത്താല്‍മാത്രം സ്വാധീനിക്കപ്പെടുന്നവയത്രേ. ഭാവി ഇതില്‍ ഒരുതരത്തിലും സ്ഥാനംനേടുകയില്ല. ഒരു നിശ്ചിത ആശയമോ അതിന്റെ വിപരീതമോ നേരിട്ട് പുനരുത്പാദിപ്പിക്കപ്പെടുന്നതരം സ്വപ്നങ്ങള്‍ 'എനുക്നിയ' (Eiuknia) എന്ന വിഭാഗത്തില്‍പ്പെടും. വിശപ്പ് അഥവാ അതിന്റെ ശമനം; ഒരു ആശയത്തെ മായക്കാഴ്ചയായി വിപുലീകരിച്ചുകാട്ടുന്നതരം ഭ്രമകല്പനകള്‍. അതിന്റെ ശമനം; പ്രേതരൂപങ്ങളെയും മറ്റും ഭാവനയില്‍ കാണല്‍ (ഫന്റാസ്മാറ്റ) ഏതെങ്കിലും ആശയത്തെ ഇത് മായക്കാഴ്ചയായി വിപുലീകരിച്ചുകാട്ടും. ഉദാഹരണമായി ദുസ്വപ്നദര്‍ശനങ്ങള്‍.


VIEW ON mathrubhumi.com