ശരിയായ നേതാക്കളെയല്ല നാം വാര്‍ത്തെടുക്കുന്നത്, അക്രമത്തിലൂടെ മുമ്പില്‍ വരുന്നവരെയാണ് -സദ്ഗുരു

സദ്ഗുരു ജഗ്ഗി വാസുദേവ്
സദ്ഗുരു ജഗ്ഗി വാസുദേവ്

സദ്ഗുരു എഴുതിയ 'വികാരങ്ങൾ ബന്ധങ്ങള്‍ ' എന്ന പുസ്തകത്തില്‍നിന്ന്;

'നിങ്ങളെത്രത്തോളം മോശപ്പെട്ടവനാണെന്ന് പറയുവാന്‍ ധൈര്യം കാണിക്കുകയും, അതേസമയംതന്നെ നിങ്ങളെ സ്‌നേഹിക്കുകയും ഹൃദ്യമായി വര്‍ത്തിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്.'

ചോദ്യകര്‍ത്താവ്: സദ്ഗുരു, സൗഹൃദമെന്നതിന്റെ അര്‍ത്ഥമെന്താണ്?

സദ്ഗുരു: നിങ്ങളുടെ ചിന്താഗതികളെയും തോന്നലുകളെയും ആശയങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും പിന്തുണക്കുന്നവരെയാണ് നിങ്ങളെപ്പോഴും സുഹൃത്തുക്കളാക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍, ഏതുതരം അസംബന്ധങ്ങളായാലും അവയെ പിന്തുണക്കുന്നവരെയാണു നിങ്ങള്‍ തേടുന്നത്. ഈ കഥയുടെ ഗുണപാഠമെന്തെന്നാല്‍, നിങ്ങളെ വിസര്‍ജ്യത്തില്‍, അഥവാ വൃത്തികേടില്‍ മൂടുന്നവരെല്ലാം ശത്രുക്കളല്ല, അതുപോലെ അതില്‍നിന്നു പുറത്തെടുക്കുന്നവരെല്ലാം മിത്രങ്ങളുമല്ല.

ഇതിനെല്ലാമുപരി, വിസര്‍ജ്യത്തില്‍ മൂടിക്കിടക്കുമ്പോള്‍ വായ് തുറക്കാതിരിക്കുവാന്‍ പരിശീലിക്കുക. ആളുകളുമായി കൂടുതല്‍ ഇണങ്ങിച്ചേരുവാനും ആളുകള്‍ക്കിടയില്‍ അറിയപ്പെടുവാനും ശ്രമിക്കുന്നതിനിടയില്‍ എത്രത്തോളം അസന്തുഷ്ടിയാണ് നിങ്ങള്‍ ഉള്ളിലടക്കം ചെയ്യുന്നതെന്നു നോക്കൂ. അസന്തുഷ്ടി ഉള്ളിലടക്കം ചെയ്താല്‍, അതിന്റെ വിത്തുകള്‍ പാകിയാല്‍, അതിന്റെ ഫലങ്ങളായി ലഭിക്കുന്നതും അസന്തുഷ്ടിയാകും. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തിലൊരു സുഹൃത്തുണ്ടെങ്കില്‍, അവനോട്/അവളോട് അപ്രിയമായ കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ധൈര്യം കാണിക്കുക, പക്ഷേ, സ്‌നേഹവും സന്തോഷവും നിലനിര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ സൗഹൃദങ്ങളെല്ലാം ഇഷ്ടാനിഷ്ടങ്ങളും ഉടമ്പടികളുംകൊണ്ട് രൂപപ്പെടുത്തിയവയാണ്. നിങ്ങള്‍ ആനയും ആടുംപോലെ വ്യത്യസ്തരാണെങ്കിലും നല്ല സുഹൃത്തുക്കളാകാന്‍ കഴിയും. നിങ്ങളെത്രത്തോളം മോശപ്പെട്ടവനാണെന്നു പറയുവാന്‍ ധൈര്യം കാണിക്കുകയും, അതേസമയംതന്നെ നിങ്ങളെ സ്‌നേഹിക്കുകയും ഹൃദ്യമായി വര്‍ത്തിക്കുകയും ചെയ്യുന്നവനാണു യഥാര്‍ത്ഥ സുഹൃത്ത് അതാണു സൗഹൃദം.

പല സൗഹൃദങ്ങളും ഇങ്ങനെ അവസാനിക്കുന്നതാണ്. ഒഴുകുവാന്‍ ഇടയ്‌ക്കെന്തെങ്കിലുമുണ്ടെങ്കില്‍ അതുണ്ടാകും, അതില്ലാതാകുമ്പോള്‍ എല്ലാം അവസാനിക്കും. എല്ലാത്തിനുമുപരിയായി, ആരാണൊരു സുഹൃത്ത്? നിങ്ങളെപ്പോലെ തന്നെ ചിന്താക്കുഴപ്പത്തില്‍പ്പെട്ട മറ്റൊരു മനുഷ്യന്‍. സുഹൃത്ത് എന്നു പറഞ്ഞാല്‍ ഒരു സമ്പൂര്‍ണ മനുഷ്യനല്ല. ആത്മാര്‍ത്ഥമായി പരസ്പരം സമീപിക്കുവാന്‍ സ്വാതന്ത്ര്യമുള്ളവരാണെങ്കില്‍ അവര്‍ സുഹൃത്തുക്കളാകുന്നു. നിങ്ങളെപ്പോലെത്തന്നെ സംഭ്രമങ്ങള്‍ അയാള്‍ക്കുമുണ്ട്. പക്ഷേ, ആത്മാര്‍ത്ഥമായ ഒരന്തരീക്ഷത്തില്‍ ഇടപഴകുവാന്‍ കഴിഞ്ഞാല്‍ അയാള്‍ നിങ്ങളുടെ സുഹൃത്താകും.

'നിങ്ങള്‍ ചെയ്യുന്നതെന്തായാലും അത് മനുഷ്യരുടെ മനസ്സിനെ സ്പര്‍ശിക്കണം; അതാണു യഥാര്‍ത്ഥത്തില്‍ പ്രധാനമായിട്ടുള്ളത്.'

ചോദ്യകര്‍ത്താവ്: ജോലിയില്‍, പദവിയോ ശമ്പളമോ എന്തുമായിക്കൊള്ളട്ടെ, പണത്തിനുവേണ്ടി സമയത്തെ വിനിമയം ചെയ്യുകയാണൊരാള്‍ ചെയ്യുന്നത്. തൊഴിലിനുവേണ്ടി നല്‍കുന്ന സമയത്തിനും ജീവിതത്തിനും ന്യായമായ വിലയെന്താണെന്ന് ഒരാളെങ്ങനെയാണ് കണ്ടെത്തുക?

സദ്ഗുരു: നിങ്ങള്‍ക്കെത്ര മൂല്യമുണ്ടെന്നത് നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതില്ല. നിങ്ങള്‍ക്ക് ഏല്‍പ്പിച്ചുതന്നിരിക്കുന്ന ചുമതലകളുടെ അടിസ്ഥാനത്തിലാണത് വിലയിരുത്തേണ്ടത്. ലഭിക്കുന്ന പണത്തിലല്ല വിശേഷാധികാരം. ചില കാര്യങ്ങളുടെ സൃഷ്ടി നിങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ്. പണം നിലനില്‍പ്പിനുള്ള ഉപാധിയാണ്, ആ അര്‍ത്ഥത്തില്‍ അതാവശ്യവുമാണ്. എന്നാല്‍, നിങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന ചുമതലകളുടെ അടിസ്ഥാനത്തില്‍ സ്വയം വിലയിരുത്തുക എന്നതാണു നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങള്‍ക്ക് തന്നിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ നിലവാരം എന്താണ്? എന്തെങ്കിലുമൊന്ന് സൃഷ്ടിക്കുവാന്‍ നിങ്ങള്‍ക്കു കിട്ടിയിരിക്കുന്ന അവസരം, നിങ്ങളെയും ചുറ്റുമുള്ളവരെയും സംബന്ധിച്ച് യഥാര്‍ത്ഥത്തില്‍ എത്രത്തോളം മൂല്യമുള്ളതാണ്? മനുഷ്യമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് ഈ ലോകത്തില്‍ നിങ്ങള്‍ ചെയ്യുന്നതെന്തും മൂല്യമുള്ളതാകുന്നത്.

പുസ്തകത്തിന്റെ കവര്‍ പേജ്

ഉദാഹരണത്തിന്, ഒരു സിനിമ നിര്‍മിക്കുകയാണെങ്കില്‍, ആരും കാണാനാഗ്രഹിക്കാത്ത ഒന്ന് നിര്‍മിക്കുവാന്‍ നിങ്ങളാഗ്രഹിക്കുമോ? ആരും താമസിക്കുവാനിഷ്ടപ്പെടാത്ത ഒരു വീട് നിങ്ങള്‍ നിര്‍മിക്കുമോ? ആരും ഉപയോഗിക്കുവാനിഷ്ടപ്പെടാത്ത ഒന്നും നിര്‍മിക്കുവാന്‍ നിങ്ങളാഗ്രഹിക്കുകയില്ല. അതായത് ഏതെങ്കിലും വിധത്തില്‍ ആളുകളുടെ ജീവിതങ്ങളെ സ്പര്‍ശിക്കണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നത്. നിങ്ങളുടെ ജീവിതത്തെ സ്വയം അടുത്ത് നിരീക്ഷിക്കുകയാണെങ്കില്‍, പ്രവൃത്തികൊണ്ട് ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുക എന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നു കാണാം.

മിക്കവാറും ആളുകള്‍ ജീവിതത്തെ ജോലി അഥവാ തൊഴില്‍ എന്നും കുടുംബമെന്നും രണ്ടായി വിഭജിക്കുവാന്‍ ശ്രമിക്കുന്നു. ജോലിയെന്നാല്‍ പണത്തിനുവേണ്ടി മാത്രം ചെയ്യുന്ന ഒന്നായും കുടുംബമെന്നത് ജീവിതങ്ങളെ സ്പര്‍ശിക്കുവാന്‍ ചെയ്യുന്ന ഒന്നായും കരുതപ്പെടുന്നു. പക്ഷേ, നിങ്ങളെത്രതന്നെ പണം സമ്പാദിച്ചാലും, നിങ്ങളുടെ ഭാര്യ അഥവാ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരെ നിങ്ങളുടെ ചെയ്തികള്‍ സ്പര്‍ശിക്കുന്നില്ല എന്നതാണവസ്ഥയെങ്കില്‍, കുടുംബമുണ്ടെന്നുള്ളത് അര്‍ത്ഥശൂന്യമായി മാറും. എന്തെന്നാല്‍ അതു നിങ്ങളാഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹം കുടുംബത്തിനുള്ളില്‍ പരിമിതപ്പെടുത്തേണ്ടതില്ല. ജീവിതത്തിന്റെ ഏതു മേഖലയിലേക്കും വ്യാപിപ്പിക്കാം. എന്തുതന്നെ ചെയ്താലും അത് മനുഷ്യജീവിതങ്ങളെ സ്പര്‍ശിക്കണം; അതാണ് പ്രധാനമായ കാര്യം.

ഒരാള്‍ അയാളുടെ ചെയ്തികള്‍കൊണ്ട് മനുഷ്യജീവിതങ്ങളെ എത്ര ആഴത്തില്‍ സ്പര്‍ശിക്കുന്നുവെന്നത് ആ ചെയ്തികളില്‍ അയാള്‍ എത്രത്തോളം ആമഗ്‌നനാണെന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു. അതില്‍ പൂര്‍ണമായും ആമഗ്‌നനാണെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ ചെയ്യുന്ന രീതിയും വ്യത്യസ്തമാകും. നിങ്ങളുടെ കഴിവിനനുസരിച്ച് പ്രതിഫലം ലഭിക്കുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ക്കല്‍പ്പം വില പേശേണ്ടിവരും, വര്‍ധനവിനായി ചോദിക്കേണ്ടിവരും. ഒരുപക്ഷേ, നിങ്ങള്‍ക്കതാവശ്യമുണ്ടെന്ന് മേലുദ്യോഗസ്ഥനറിയണമെന്നില്ല. പക്ഷേ, സാമാന്യമായി, ആ പ്രത്യേക സ്ഥാപനത്തിനോ തൊഴിലിനോ നിങ്ങളെത്രമാത്രം വിലപ്പെട്ടവനാണെന്നറിയുകയാണെങ്കില്‍, അവരതിനനുസരണമായി പ്രതിഫലം നല്‍കും.

ചെയ്യുന്ന തൊഴിലില്‍ നിങ്ങള്‍ പുരോഗമിക്കുകയാണെങ്കില്‍, എന്നെങ്കിലും ഒരു ദിവസം, ആവശ്യമെന്നുവരുമ്പോള്‍, നിങ്ങളുടെ പദവി ഉയരാം, പ്രതിഫലവും നൂറുമടങ്ങായി വര്‍ധിക്കാം. ഉദാഹരണത്തിന്, നിങ്ങളൊരു കോര്‍പ്പറേഷന്റെ മേധാവിയാണെന്നു കരുതുക, അര്‍ഹമായ ശമ്പളം ലഭിക്കുന്നില്ലെന്നും വിചാരിക്കുക. പക്ഷേ, കോര്‍പ്പറേഷന്റെ മൊത്തമായ ചുമതല നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ നന്നായി അത് നടത്തുകയാണെങ്കില്‍, ലോകം മുഴുവന്‍ അത് ശ്രദ്ധിക്കും, മെച്ചപ്പെട്ട പ്രതിഫലം തന്ന് നിങ്ങളെ ജോലിക്കെടുക്കുവാന്‍ മറ്റുള്ളവര്‍ തയ്യാറാകും. അതിനാല്‍ നിങ്ങളുടെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തില്‍ അളക്കേണ്ടതില്ല.

നാം കോര്‍പ്പറേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത് തനിച്ചു ചെയ്യാനാകാത്തത് കൂട്ടായി നേടാനാകുമെന്നതിനാലാണ്. എല്ലാവരും വ്യക്തിഗത സംരംഭകരായി വര്‍ത്തിക്കാമായിരുന്നു, അങ്ങനെയാണു ചരിത്രപരമായി നാം ചെയ്തുകൊണ്ടിരുന്നത്; ഓരോരുത്തരും ഒരേ ചരക്കിന്റെ ഉത്പാദകരും വില്‍പ്പനക്കാരും ആകുന്ന രീതിയില്‍. പക്ഷേ, കോര്‍പ്പറേഷനു വലിയ നേട്ടങ്ങള്‍ കൊയ്‌തെടുക്കുവാനുള്ളതുകൊണ്ട്, ആയിരങ്ങളുടെ മനസ്സും ഇച്ഛാശക്തിയും ഒരേ ദിശയില്‍ അര്‍പ്പിക്കുവാന്‍ നാം തയ്യാറാണ്.

ഒരേ ദിശയില്‍ മുന്നേറുവാന്‍ നില്‍ക്കുന്ന ജനങ്ങളുടെ ഇടയില്‍ എവിടെയാണു നിങ്ങളുടെ സ്ഥാനമെന്നതാണു നിങ്ങളുടെ യഥാര്‍ഥ മൂല്യത്തെ നിര്‍ണയിക്കുന്നത്; അതുപോലെ നിങ്ങളിലര്‍പ്പിക്കപ്പെട്ടിരിക്കുന്ന ചുമതലയുടെ നിലവാരവും വിശ്വാസവും. നിങ്ങളതില്‍നിന്ന് എത്ര പണമുണ്ടാക്കുന്നു എന്നത് പരമപ്രധാനമല്ല. അതിനു പ്രാധാന്യമുണ്ട്, ഇല്ലെന്നല്ല, പക്ഷേ, അതല്ല എല്ലാം. ആളുകള്‍ നിങ്ങളിലേല്‍പ്പിക്കുന്ന ചുമതലയുടെയും നിങ്ങള്‍ ചെയ്യുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും നിങ്ങള്‍ക്കും എത്രകണ്ടു പ്രയോജനപ്രദമാണെന്നതിന്റെയും അടിസ്ഥാനത്തില്‍ വേണം നിങ്ങള്‍ സ്വയം അളക്കുവാന്‍.

'ഈ ജനകോടികളില്‍നിന്ന് ഏതൊരു മനുഷ്യനെ തിരഞ്ഞെടുത്താലും, ആ വ്യക്തി തികച്ചും അതുല്യന്‍ ആയിരിക്കും.'

ചോദ്യകര്‍ത്താവ്: നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ആളുകളെ സ്‌നേഹിക്കുവാന്‍ എങ്ങനെ കഴിയും?

സദ്ഗുരു: നിങ്ങളെ അസ്വസ്ഥരാക്കുന്നവരെ നിങ്ങള്‍ക്കു സ്‌നേഹിക്കുവാനാകില്ല, സ്‌നേഹിക്കുന്നുവെന്നു നടിക്കാനേ ആകൂ. അങ്ങനെ നടിക്കുന്നതിനു പകരം, അവരെന്തുകൊണ്ടാണു നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്ന്, ഈര്‍ഷ്യപ്പെടുത്തുന്നതെന്ന് നോക്കൂ. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിലല്ല അവര്‍, നിങ്ങളാഗ്രഹിക്കുന്ന തരത്തിലല്ല അവര്‍ പെരുമാറുന്നത്, എന്നതുകൊണ്ടു മാത്രമാണ് അവര്‍ നിങ്ങളില്‍ അസ്വസ്ഥത ജനിപ്പിക്കുന്നത്.

സ്വയം വഞ്ചിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. എന്താണു ശരിയെന്നും എന്താണു തെറ്റെന്നും നിങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുള്ളതിനാലാണ് ഈ അസ്വസ്ഥതയുണ്ടാകുന്നതെന്നു മനസ്സിലാക്കൂ. അവരൊരു വ്യത്യസ്തരീതിയില്‍ പ്രവര്‍ത്തിച്ചാല്‍, ആദ്യം നിങ്ങളസ്വസ്ഥരാകും, പിന്നീട് നിങ്ങള്‍ ക്ഷുഭിതരാകും, നിങ്ങളവരെ വെറുത്തു തുടങ്ങും. ഇതെല്ലാം സ്വാഭാവികപ്രക്രിയകളാണ്, ഈ ലോകത്തിലെ എല്ലാവരും നിങ്ങളെപ്പോലെയാകണമെന്നു പ്രതീക്ഷിക്കുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. ഈ ലോകത്തിലെ എല്ലാവരും നിങ്ങളെപ്പോലെയായാല്‍ നിങ്ങള്‍ക്കിവിടെയായിരിക്കുവാന്‍ കഴിയുമോ? നിങ്ങളെപ്പോലെ ഒരാള്‍കൂടി വീട്ടിലുണ്ടായാല്‍ത്തന്നെ, നിങ്ങള്‍ക്കവിടെ ജീവിക്കുവാനാകില്ല.

ലോകത്തിലെ ഓരോരുത്തരും ഇപ്പോഴുള്ളതുപോലെ ആയിരിക്കുന്നത് നല്ല കാര്യമാണ്. ഈ ജനകോടികളില്‍നിന്ന് ഏതൊരു മനുഷ്യനെ തിരഞ്ഞെടുത്താലും, ആ വ്യക്തി തികച്ചും അതുല്യന്‍/അതുല്യ ആയിരിക്കും! ഒരാളെപ്പോലെ മറ്റൊരാള്‍ ഈ ഭൂമുഖത്ത് കാണുകയില്ല. അങ്ങനെയൊരാള്‍ ഉണ്ടായിരുന്നിട്ടുമില്ല, ഇനി ഉണ്ടാകുകയുമില്ല. ഇങ്ങനെ ഒരാള്‍ മാത്രമേ ഉള്ളൂ എന്നും അത്രയ്ക്ക് അമൂല്യമായ ഒന്നാണയാളെന്നും അറിഞ്ഞാല്‍, അയാളെങ്ങനെ നിങ്ങളെ അസ്വസ്ഥനാക്കും? അവരെപ്പോലെ മറ്റു മനുഷ്യരില്ല. ഈ മനുഷ്യന്‍ തികച്ചും അനന്യനാണെന്നു തിരിച്ചറിയുന്നത് ഒരു വിസ്മയമാണ്. അതു മനസ്സിലാക്കിയാല്‍ പിന്നെ എവിടെയാണ് അസ്വസ്ഥതയുടെ പ്രശ്‌നം? ജീവിതത്തോട് അന്ധമായിരുന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുകയുള്ളൂ. കണ്ണു തുറന്നു ജീവിതത്തെ നോക്കിയാല്‍ ആര്‍ക്കാണു നിങ്ങളെ ഈര്‍ഷ്യയിലാക്കുവാനാകുന്നത്? സൃഷ്ടിയിലെ ഓരോന്നിന്റെയും അനന്യത മനസ്സിലാക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്കൊരു സ്‌നേഹപ്രവാഹമായി മാറാനാകൂ.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാം...

'കുടുംബത്തിലോ മറ്റെവിടെയെങ്കിലുമോ ചെലവഴിക്കുന്നതില്‍ കൂടുതല്‍ സമയം നിങ്ങള്‍ ചെലവഴിക്കുന്നത് ജോലിസ്ഥലത്താണ്. അങ്ങനെയാകുമ്പോള്‍, അതൊരു മനോഹരാനുഭവമാക്കി മാറ്റുക എന്നത് പ്രധാനപ്പെട്ട കാര്യമല്ലേ?'

ചോദ്യകര്‍ത്താവ്: ആഗോളമായി വ്യാപിച്ചുകിടക്കുന്ന കോര്‍പ്പറേറ്റ് കമ്പനികളില്‍ ടീമുകളായി ഞങ്ങളെങ്ങനെ ഒത്തൊരുമിച്ചു ജോലി ചെയ്യും? ഓരോരുത്തരും സാംസ്‌കാരികമായും മറ്റും പല പശ്ചാത്തലങ്ങളില്‍നിന്നുള്ളവരല്ലേ?

സദ്ഗുരു: വേള്‍ഡ് എക്കണോമിക് ഫോറത്തില്‍, പ്രഭാത ഭക്ഷണവേളയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘവുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. കോര്‍പ്പറേറ്റ് മേഖലയിലെ ഭിന്ന സാംസ്‌കാരിക നേതൃത്വമായിരുന്നു വിഷയം. ഇന്ന്, ഒരു യൂറോപ്യന്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഒരു ചൈനാക്കാരന്‍ ആയിരിക്കാം, ഇന്ത്യന്‍ കമ്പനിയുടെ തലപ്പത്ത് ഒരമേരിക്കക്കാരന്‍ വരാം. അത്തരത്തിലാണു കോര്‍പ്പറേറ്റ് മേഖലയുടെ മാറ്റം. നിങ്ങളെവിടെ വ്യവഹരിക്കുന്നു എന്നത് നിങ്ങളുടെ കഴിവിന്റെ, പ്രതിഭയുടെ മാത്രം പ്രശ്‌നമാണ്, അത് നിങ്ങളുടെ ദേശീയതയുടെ പ്രശ്‌നമല്ല. സാങ്കേതികതയും പല കാര്യങ്ങളിലെ സുതാര്യതയും കാരണം ദേശീയത എന്നത് വളരെ അയഞ്ഞിരിക്കുന്നു.

നൂറോ ഇരുനൂറോ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്രയധികം രാജ്യങ്ങള്‍ ഈ ലോകത്തില്ലായിരുന്നു. വളരെ കുറച്ചു രാഷ്ട്രങ്ങള്‍ക്കൂ മാത്രമേ ശക്തമായ സ്വത്വമുണ്ടായിരുന്നുള്ളൂ. അവശേഷിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പുരാതനവും മതപരവുമായ സാരൂപ്യമാണുണ്ടായിരുന്നത്. കഴിഞ്ഞ നൂറ്റമ്പതു വര്‍ഷങ്ങളില്‍ നാം ശ്രമിച്ചത് ദേശീയതയെ ഏറ്റവും പ്രധാനമാക്കിക്കൊണ്ടുവരുന്നതിനാണ്. ഇപ്പോള്‍ മതമോ പൈതൃകമോ ഏതുമാകട്ടെ, നിങ്ങള്‍ പറയുന്നത് 'ഞാനൊരു അമേരിക്കനാണ്,' 'ഞാനൊരു ഇന്ത്യനാണ്' എന്നൊക്കെയാണ്. പക്ഷേ, രാജ്യാതിര്‍ത്തികള്‍ക്കുള്ളില്‍ മനുഷ്യരെ പരിമിതപ്പെടുത്താനാവാത്തതിനാല്‍ അങ്ങനെ പറയുന്നത് അര്‍ത്ഥശൂന്യമാകുന്നു. 

രാജ്യങ്ങള്‍ക്കിടയില്‍ ഒരു നിയന്ത്രണരേഖയുണ്ടായിട്ടും ഇന്ത്യന്‍ യുവാക്കള്‍ പാകിസ്താനി യുവതികളുമായി ഇന്റര്‍നെറ്റു വഴി പ്രണയത്തിലാകുന്നു. സാങ്കേതികവിദ്യകള്‍ അതിര്‍ത്തികളെ വളരെ സുതാര്യമാക്കിയിരിക്കുന്നതിനാല്‍ നിങ്ങള്‍ക്കതു തടയാനാകില്ല. നിങ്ങള്‍ ഇറാഖുമായി യുദ്ധത്തിലായിരിക്കാം, പക്ഷേ, ഇന്റര്‍നെറ്റിലൂടെ നിങ്ങള്‍ക്കൊരു ഇറാഖിയെ പ്രണയിക്കാം. പ്രത്യേകിച്ചും കോര്‍പ്പറേറ്റ് മേഖലയില്‍ രാജ്യാതിര്‍ത്തികളോ ദേശീയതകളോ തീരെ അപ്രധാനങ്ങളാണ്. വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ മുപ്പതോ നാല്‍പ്പതോ വ്യത്യസ്ത രാജ്യക്കാരായിരിക്കും അതിന്റെ ഉന്നതസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്.

സംസ്‌കാരത്തിന്റെയും മറ്റും വ്യത്യാസംമൂലം നിങ്ങളുടെ ഭക്ഷണവും വേഷവും എല്ലാം വ്യത്യസ്തങ്ങളായിരിക്കും. ഒരു ടീമായി ജോലിചെയ്ത് ഫലത്തിലെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാകും. വിഭിന്നങ്ങളായ സംസ്‌കാരങ്ങളുള്ള ഒരു സംഘത്തെ എങ്ങനെയാണ് നയിക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ വിഷയം. ഒരേ സംസ്‌കാരത്തില്‍നിന്നുള്ളവരാകുമ്പോള്‍ പരസ്പരബന്ധം സ്ഥാപിക്കുക എളുപ്പമാണ്. പക്ഷേ, വ്യത്യസ്ത സ്ഥലങ്ങളും വ്യത്യസ്ത പശ്ചാത്തലങ്ങളുമാകുമ്പോള്‍ എന്താണവിടെ ചെയ്യേണ്ടത്?

ഒരു ചെറിയ സംഘത്തെയായിരുന്നു ഞാന്‍ ആ ചര്‍ച്ചയില്‍ നയിച്ചിരുന്നത്. 'അമേരിക്കയില്‍ വരുമ്പോഴൊക്കെ അവരെന്നെ 'റസിഡന്റ് ഏലിയന്‍' എന്ന ഒരു വിഭാഗത്തില്‍ വരി നിര്‍ത്താറുണ്ട്. ചുറ്റും നോക്കുമ്പോള്‍, ആ പേര് എനിക്കു മാത്രമാണു ചേരുന്നതെന്നു തോന്നും. മറ്റെല്ലാവരും സാധാരണക്കാരായി കാണപ്പെടും. ആ വിശേഷണം അവിടെയെനിക്കു മാത്രമാണു പാകമാകുന്നത്. കാഴ്ചയില്‍ എന്നെപ്പോലെയുള്ള ഒരാള്‍ നിങ്ങളുടെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിച്ചാല്‍ നിങ്ങളതു സ്വീകരിക്കുമോ? അതോ കാഴ്ചയിലെ വ്യത്യസ്തതകൊണ്ട് ഏതെങ്കിലും മുന്‍വിധികളെടുക്കുമോ?'

ഒരാളെ കാണുന്നമാത്രയില്‍ത്തന്നെ അയാളുടെ ശരീരചര്‍മത്തിന്റെ നിറവും മുഖാകാരവും വേഷവും പെരുമാറ്റരീതികളും അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ മുന്‍വിധികള്‍ രൂപീകരിക്കുന്നു. അയാളാരാണെന്നുള്ളത് നിങ്ങള്‍ വിലയിരുത്തുന്നില്ല. സത്യത്തില്‍ തമാശയാണിക്കാര്യങ്ങള്‍. മറ്റു സ്ഥലങ്ങളില്‍ ഇതത്ര കൂടുതലായി കാണപ്പെടുന്നില്ലെങ്കിലും ഇവിടെ വാഷിങ്ടണ്‍ ഡി.സി. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും സുരക്ഷാഭടന്മാരും, എന്തിന്, ഇമിഗ്രേഷന്‍ വിഭാഗത്തിലെ ജോലിക്കാര്‍പോലും എന്നോട് ആംഗ്യഭാഷയില്‍ സംസാരിക്കുന്നു. എന്റെ മുഖത്ത് ഇംഗ്ലീഷ് എഴുതിവെച്ചിട്ടില്ല എന്നതവര്‍ക്ക് നൂറു ശതമാനം നിശ്ചയമാണ്. ഇങ്ങനെ മനസ്സിനെ ഒതുക്കിവെച്ചിരുന്നാല്‍ എങ്ങനെയാണു നിങ്ങള്‍ക്കു നയിക്കുവാനാകുക? നിങ്ങളുടെ നേതൃത്വം യാദൃച്ഛികമായി സംഭവിച്ചതാണ്, അല്ലാതെ പ്രതിഭയുടെയോ ദര്‍ശനത്തിന്റെയോ അടിസ്ഥാനത്തില്‍ ലഭ്യമായതല്ല. ഒരു നേതാവില്ലാതെയും ആളുകള്‍ക്ക് സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ നടത്താം. വിഡ്ഡിയായ ഒരു നേതാവ് വലിയ ദുരന്തങ്ങളുണ്ടാക്കിയേക്കാം, അയാളില്ലാതെതന്നെ ആളുകള്‍ മെച്ചപ്പെട്ട ഫലങ്ങള്‍ കാഴ്ചവെച്ചേക്കാം. അല്‍പ്പം കുഴപ്പങ്ങളുണ്ടായാല്‍പ്പോലും.

ഒരു ലീഡര്‍ അഥവാ നേതാവ് എന്നാല്‍, അടിസ്ഥാനപരമായി, അറിഞ്ഞോ അറിയാതെയോ ഏതാനും ആളുകളുടെ വിധി നിങ്ങളുടെ കൈയിലാണെന്നാണര്‍ത്ഥമാക്കുന്നത്. അതിന്റെ ഉത്തരവാദിത്വമാണ് നിങ്ങളേറ്റെടുത്തിരിക്കുന്നത്. നേതാവ് എന്നാല്‍ ഒരു രാജ്യത്തിന്റെയോ വലിയൊരു വിഭാഗം ജനങ്ങളുടെയോ നേതാവ് ആയിരിക്കണമെന്നില്ല. നിങ്ങളൊരു കുടുംബം നയിക്കുകയാണെങ്കില്‍ നിങ്ങളൊരു നേതാവാണ്. ഏതെങ്കിലും തരത്തില്‍ മറ്റു ചിലരുടെ വിധി നിങ്ങള്‍ സ്വന്തം കയ്യിലെടുത്തിരിക്കയാണ്. മറ്റൊരു ജീവിതത്തിന്റെയെങ്കിലുംകൂടി ചുമതല ഏറ്റെടുക്കുന്നയാളാണു നേതാവ്. നേതൃത്വം എത്രത്തോളം എന്നതിലേ വ്യത്യാസമുള്ളു. അത് നിശ്ചയിക്കപ്പെടുന്നത്, ഒരാളുടെ കഴിവുകള്‍ക്കനുസരിച്ചാണ്. ഏറ്റവും കുറഞ്ഞത് നിങ്ങള്‍ സ്വന്തം ചുമതലയെങ്കിലും ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നായകനാണ്. ഒരു സ്വേച്ഛാചാരി (തന്നിഷ്ടക്കാരന്‍) അല്ലെങ്കില്‍ നിങ്ങളെല്ലാവരുംതന്നെ നായകരാണ്, നേതാക്കളാണ്.

ഞാനൊരു ഫലിതം പറയട്ടെ,
അപ്പോള്‍, അതാണു സ്വേച്ഛാചാരി, നിങ്ങളങ്ങനെയല്ലെങ്കില്‍ ഏതെങ്കിലുമൊരു തലത്തില്‍ നിങ്ങളൊരു നേതാവാണ്. നിങ്ങളൊരു നേതാവാണെന്ന് ഒരിക്കല്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അതായത്, നിങ്ങള്‍ സ്വന്തം ഭാഗധേയമോ മറ്റു ചിലരുടെ ഭാഗധേയമോ കൈകളില്‍ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍, അത് ഒരു നിശ്ചിത ചുമതലയാണ്. ഒരു സംഘം ആളുകളുടെ നേതൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ നിങ്ങളല്ല, അവരാണ് വിശേഷാവകാശമുള്ളവര്‍ എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. അവര്‍ക്കു സ്വന്തമായ പരിഗണനകളുണ്ട്, പക്ഷേ, നിങ്ങള്‍ക്കതില്ല. 

ഒരു ചുമതല ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കതില്‍ തിരഞ്ഞെടുപ്പുകളില്ല; എന്താണ് വേണ്ടതെന്ന് നിങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു. ഓരോ ദിവസവും നിങ്ങള്‍ക്കതില്‍ മാറ്റങ്ങള്‍ വരുത്തുവാനാവില്ല. തന്നിഷ്ടക്കാര്‍ക്ക് അതാകാം, പക്ഷേ, ഒരു നായകന്, ഒരു നേതാവിന് അതിനാകില്ല. അത് വളരെ മനോഹരമായിരിക്കും. നിങ്ങളുടെ തൊഴില്‍ ഒരു പരിമിത ഇടത്തിലുള്ളതാണ്, കീഴിലുള്ളവരോട് നിങ്ങള്‍ക്കുള്ളത് ജീവപര്യന്തം ഉത്തരവാദിത്വമല്ല, മറിച്ച്, നിങ്ങളൊരുമിച്ചു ജോലിചെയ്യുന്ന ഒരു നിശ്ചിത കാലയളവിലേക്കുള്ളതാണ്.

ജീവിതത്തിന്റെ ഒരു നല്ല ഭാഗം, പ്രതിദിനം ഇത്ര മണിക്കൂറുകളെന്ന കണക്കില്‍, നിങ്ങള്‍ ചെലവഴിക്കുന്നത് ജോലിസ്ഥലത്താണ്. കുടുംബത്തിലോ മറ്റെവിടെയെങ്കിലുമോ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നിങ്ങള്‍ ജോലിസ്ഥലത്തു ചെലവാക്കുന്നു. അങ്ങനെയാകുമ്പോള്‍, അതൊരു മനോഹരാനുഭവമാക്കുക എന്നത് പ്രധാനമല്ലേ? നിങ്ങളുടെ ടീമംഗങ്ങളെ സ്വന്തപ്പെട്ടവരായി കാണാനായാല്‍ അവരെ നയിക്കുക എന്നത് ഒരു പ്രശ്‌നമാകില്ല. ഒരു കോഴിക്കുഞ്ഞിനെ വഴിനടത്തുന്നത് അമ്മക്കോഴിക്ക് പ്രശ്‌നമല്ല. അവളെവിടെപ്പോയാലും കുഞ്ഞ് പിന്നാലെ ചെല്ലും, കാരണം അമ്മ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്ന് അതിനറിയാം. ആ വിശ്വാസമില്ലെങ്കില്‍ കോഴിക്കുഞ്ഞുങ്ങള്‍ പിന്നാലെ ചെല്ലുമെന്ന് തോന്നുന്നുണ്ടോ? ആ വിശ്വാസമുണ്ടാക്കിയെടുക്കുക മാത്രമാണു നിങ്ങള്‍ ചെയ്യേണ്ടത്.

'ഉന്നമനം അഥവാ അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍, ഓരോരുത്തരും സമ്പൂര്‍ണമനുഷ്യനായി വികസിച്ചുവരുന്നതരത്തില്‍ മനുഷ്യനെ വിമോചിപ്പിക്കുന്ന ശക്തവും വിഭാഗീയതയില്ലാത്തതുമായ ഒരു ആത്മീയപ്രക്രിയ നമുക്കുണ്ടാകണം.'

ചോദ്യകര്‍ത്താവ്: ലോകത്തില്‍ അനേകമനേകം അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്‌കൂളിലെ വിദ്യാര്‍ത്ഥി അക്രമങ്ങളെക്കുറിച്ച് എന്റെ മകള്‍ ഒരു പ്രബന്ധം എഴുതുന്നു. ഈ അക്രമങ്ങളുടെയെല്ലാം ഉറവിടമെന്തെന്ന് അവളോടു വിശദീകരിക്കുവാന്‍ എനിക്കു കഴിയുന്നില്ല. അങ്ങ് ഇതേക്കുറിച്ചു പറയുമോ? അതുപോലെ സ്‌കൂളിലെ അക്രമങ്ങളെ തടയുവാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക് എന്തു ചെയ്യുവാന്‍ കഴിയുമെന്നും പറഞ്ഞുതരൂ.

സദ്ഗുരു: ലോകമാകെ അക്രമമാണ്. ശക്തിയുള്ളവര്‍ ശക്തിയില്ലാത്തവരെ ആക്രമിക്കുന്നു. രാജ്യങ്ങളോ, സമുദായങ്ങളോ, വ്യക്തികളോ ആകട്ടെ എല്ലായിടത്തും എല്ലായ്‌പോഴും സംഭവിക്കുന്നതിതാണ്. ആവശ്യത്തിനുള്ള അക്രമങ്ങള്‍ നടത്താന്‍ പഠിച്ചില്ലെങ്കില്‍, നിങ്ങളെവിടെയുമെത്തില്ല എന്ന രീതിയിലാണ് നാം ലോകത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന്റെ കാഴ്ചയിലെങ്കിലും അതങ്ങനെയാണ്. കായികബലംകൊണ്ടോ കൗശലത്തിലൂടെയോ ആകാം ആക്രമണരീതി. എന്തായാലും അത് എല്ലായിടത്തും സംഭവിക്കുന്നു എന്നതാണ് വാസ്തവം.

അന്താരാഷ്ട്ര സാഹചര്യങ്ങളും നാല്‍ക്കവലകളില്‍നിന്നും വ്യത്യസ്തമല്ല. പലവിധത്തിലും ശക്തന്‍ ദുര്‍ബലനെ ഉപദ്രവിക്കുന്നു. കരുത്തുള്ളവന്‍ മാത്രമേ നിലനില്‍ക്കൂ എന്ന ഗുഹാമനുഷ്യന്റെ തത്ത്വംതന്നെയാണിവിടെയിപ്പോഴും, പക്ഷേ, അതു നടപ്പാക്കുന്നത് കൗശലപരമായാണ് എന്നുമാത്രം.

ഇപ്പോഴീ ലോകം മുമ്പോട്ടുപോകുന്നത് അക്രമത്തിലൂടെയാണ്. നാം സ്‌കൂളുകളില്‍ നേതാക്കളെ സൃഷ്ടിക്കുന്നു. നന്നായി ആക്രമിക്കുവാന്‍ കഴിയുന്നവര്‍ നാളത്തെ നായകനാകുന്നു! നാം ശരിയായ നേതാക്കളെയല്ല വാര്‍ത്തെടുക്കുന്നത്. അക്രമത്തിലൂടെ മുമ്പില്‍ വരുന്നവരെയാണ്. മാനവികതയെക്കുറിച്ചുള്ള വലിയ ദര്‍ശനങ്ങളുള്ള സഹാനുഭൂതി നിറഞ്ഞ മനുഷ്യരെ നാം നേതാക്കന്മാരായി പരിഗണിക്കുന്നില്ല. അവരെ ലോകത്തിലെ തത്ത്വചിന്തകരായി കണക്കാക്കുന്നു. ദാര്‍ശനികരായിക്കണ്ട് മാറ്റിനിര്‍ത്തുന്നു. 

കൈമുട്ടുകൊണ്ട് എല്ലാവരെയും തള്ളിമാറ്റി തങ്ങള്‍ക്കു മുമ്പോട്ടു വഴിയൊരുക്കുവാന്‍ കഴിവുള്ള കലഹപ്രിയരാണ് ഇന്നു പരിഗണിക്കപ്പെടുന്നത്. എങ്ങനെയെങ്കിലും നിങ്ങളെ ഇടിച്ചുതാഴ്ത്തുവാനും അവര്‍ക്കു കഴിയും. അത്തരത്തിലൊരു സംവിധാനമാണ് നാമീ ലോകത്തിലെമ്പാടും കെട്ടിപ്പടുത്തിരിക്കുന്നത്. അതു മാറണം, പക്ഷേ, അതൊരു രാത്രികൊണ്ടു മാറില്ല. അതിനായി ഓരോ മനുഷ്യരിലും ധാരാളം പ്രവര്‍ത്തിക്കേണ്ടതായുണ്ട്. തെരുവിലെ മുദ്രാവാക്യങ്ങളും പൊതു പ്രഖ്യാപനങ്ങളും ഇതിനു സഹായിക്കില്ല. വ്യക്തികളെ കൃത്യമായി കേന്ദ്രീകരിക്കുന്ന പ്രയത്‌നം ആവശ്യമാണ്. അങ്ങനെയൊരു പ്രയത്‌നത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നമുക്കില്ല.

ഇതിന്റെ ഭാഗമായി ഈശാ ഫൗണ്ടേഷന്‍ ഒരു ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കുകയാണ്. എല്ലാതലത്തിലുംപെട്ട നേതാക്കളെ വികസിപ്പിച്ചെടുക്കുകയാണിതിന്റെ ലക്ഷ്യം. വീട്ടമ്മമാര്‍ക്കായി വാരാന്ത്യ 'മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോഴ്‌സ്,' പച്ചക്കറിക്കച്ചവടക്കാരും ചെറുകിട ബിസിനസ്സുകാരും ഉള്‍പ്പെടെ പ്രാദേശികസംരഭകര്‍ക്കായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കോഴ്‌സ് എന്നിങ്ങനെ.

ഞങ്ങള്‍ ചെയ്യുന്ന മറ്റൊരു കാര്യം, സകലതും ഉള്‍ക്കൊള്ളുന്നതരത്തിലുള്ള ഒരു പ്രബുദ്ധത മനുഷ്യമനസ്സില്‍ സൃഷ്ടിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ്. മുമ്പ് ഇന്ത്യയില്‍ അത്തരം സൗകര്യങ്ങള്‍ ധാരാളമായിട്ടുണ്ടായിരുന്നു, എന്നാല്‍ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളില്‍ ഒന്നുംതന്നെ ഇതിനായി ചെയ്തിട്ടില്ല. ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ അത്തരം സൗകര്യങ്ങള്‍ ഇപ്പോഴില്ല. എല്ലാംതന്നെ നിലനില്‍പ്പിനെ കേന്ദ്രീകരിച്ചാണുള്ളത്. ഒരു മനുഷ്യന് പൂര്‍ണതയിലേക്ക് വിടരുന്നതിനുള്ള യാതൊരുവിധ ചുറ്റുപാടുകളോ സൗകര്യങ്ങളോ ഇല്ല.

കുട്ടികള്‍ അക്രമം കാണിക്കുന്നത് ലോകം അങ്ങനെയാണ് വര്‍ത്തിക്കുന്നതെന്ന കാഴ്ചപ്പാടിലാണ്. മറ്റൊരാളെ അടിച്ചമര്‍ത്തുവാന്‍ തങ്ങളുടെ എല്ലാ ശക്തിയും വിനിയോഗിക്കുകയാണ് ഓരോരുത്തരും. മറ്റൊരാളുടെ ഉന്നമനത്തിനായി ആരും തങ്ങളുടെ ശക്തി ഉപയോഗിക്കുന്നില്ല. അഥവാ ആരെയെങ്കിലും കൈപിടിച്ചുയര്‍ത്തുകയാണെങ്കില്‍ത്തന്നെ എപ്പോള്‍ വേണമെങ്കിലും വലിച്ചു താഴെയിടാന്‍ പാകത്തില്‍ ഒരു ചരട് അതില്‍ ബന്ധിപ്പിച്ചിരിക്കും. ആര്‍ക്കും നിങ്ങള്‍ ഒരു ഹൈഡ്രജന്‍ ബലൂണായിരിക്കണമെന്ന ആഗ്രഹമില്ല, ആ ചരടഴിച്ചിട്ട് ഉയരുവാന്‍ പറയാന്‍.

ഉന്നമനം അഥവാ അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍, ഓരോരുത്തരും സമ്പൂര്‍ണമനുഷ്യനായി വിടര്‍ന്നു വികസിക്കുന്നതരത്തില്‍ മനുഷ്യനെ വിമോചിപ്പിക്കുന്ന ശക്തവും വിഭാഗീയതയില്ലാത്തതുമായ ഒരു ആത്മീയപ്രക്രിയ നമുക്കുണ്ടാകണം. അയാള്‍ക്ക് എന്റെ മാര്‍ഗമോ, നിങ്ങളുടെ മാര്‍ഗമോ ആകണമെന്നില്ല. ജീവിതമെങ്ങനെയാണോ അതുപോലെത്തന്നെ സകലതും ഉള്‍ക്കൊള്ളുന്നിടത്തോളം അയാള്‍ക്ക് തന്റേതായ മാര്‍ഗത്തില്‍ പൂര്‍ണമായി വികസിക്കാം. ഉള്‍ക്കൊള്ളല്‍ എന്നത് ഒരു തത്ത്വചിന്തയോ പ്രത്യയശാസ്ത്രമോ അല്ല. അതൊരു ജീവിതശൈലിയാണ്. ജീവിതം ഉള്‍ക്കൊള്ളലാണ്. ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് നിലനില്‍പ്പ് സാധ്യമാകുന്നത്, പുറന്തള്ളുന്നതുകൊണ്ടല്ല. മറ്റെല്ലാത്തിനെയും പുറന്തള്ളിക്കൊണ്ട് ഒരണുവിനുപോലുമിവിടെ നിലനില്‍ക്കാനാവില്ല.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാം...

ഉയരങ്ങളിലേക്ക് പോകുന്തോറും, ശരീരത്തിന് അതിന്റെ സമഗ്രത നഷ്ടമാകുന്നു. അതായത്, നിങ്ങളുടെ ശരീരത്തിന് അതിന്റെ ആകൃതിയും രൂപവും നിലനിര്‍ത്തുവാന്‍ ഒരു നിശ്ചിത അളവ് സമ്മര്‍ദം ആവശ്യമാണ്. ഏറ്റവും അടിസ്ഥാനപരമായ ഘടകങ്ങളെപ്പറ്റിയാണ് ഞാന്‍ പറയുന്നത്, നിങ്ങള്‍ മുകളിലേക്ക് ഉയര്‍ന്നു പോകുകയാണെങ്കില്‍, മര്‍ദ്ദം കുറയുകയും ഒരു പ്രത്യേക പോയിന്റില്‍വെച്ച് നിങ്ങളുടെ ശരീരം ശിഥിലമാവുകയും ചെയ്യും. ഇപ്പോള്‍, നിങ്ങള്‍ക്ക് സ്വന്തം ആകൃതി നിലനിര്‍ത്തുവാന്‍ തക്കവിധത്തില്‍ എല്ലാ ഘടകങ്ങളും സഹായകരമായി നിലകൊള്ളുന്നു. അതുകൊണ്ട് മറ്റെല്ലാത്തിനെയും പുറന്തള്ളി ജീവിക്കുന്നത് അപഹാസ്യമാണ്. ആരെങ്കിലും മോശക്കാരായതുകൊണ്ടല്ല അക്രമമുണ്ടാകുന്നത്. നാം തിരസ്‌കരണസ്വഭാവം വളര്‍ത്തിയെടുത്താല്‍ അക്രമം സ്വാഭാവികമാകും. ഒരേയൊരു പരിഹാരമുള്ളത് ഉള്‍ക്കൊള്ളലാണ്. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീ എന്നെ സ്‌നേഹിക്കുന്നു' എന്നുള്ള അടിസ്ഥാനത്തിലല്ല ഉള്‍ക്കൊള്ളല്‍. ജീവിതമെന്നത് ഒരു ഉള്‍ക്കൊള്ളല്‍ പ്രക്രിയയാണെന്ന് അനുഭവത്തിലൂടെ അറിയുന്നതാണ്. അത് മറ്റൊരുതരത്തിലുമാകാനാവില്ല.

മനുഷ്യകുലത്തിന്റെ പത്തു ശതമാനമെങ്കിലും കഠിനമായി അധ്വാനിച്ചാല്‍, നമുക്കീ ഭൂമിയില്‍ ഉള്‍ക്കൊള്ളലിന്റെ, സ്വീകാര്യതയുടെ, ശക്തമായ ഒരു ബോധം ഈ ആയുസ്സില്‍ത്തന്നെ ഉണ്ടാക്കിയെടുക്കാം, പൂര്‍ണമായതല്ലെങ്കിലും ശക്തമായത്. ഇപ്പോള്‍, ഒരു ശതമാനംപോലും അതിനായി ശ്രമിക്കുന്നില്ല. അതിനാലതൊരു വിദൂരസാധ്യത മാത്രമായി തോന്നുന്നു, പക്ഷേ, അതു മാറാം.

Content Highlights: Book excerpt from Sadguru's 'Vikarangal bandhangal'