മകൾ അടക്കം മൂന്ന് കൊലപാതകങ്ങൾ: സൗമ്യയുടെ കുറ്റവും പാപബോധവും

#പി.പി. സദാനന്ദന്‍

2018 ജനുവരി മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിൽ വണ്ണത്താൻകണ്ടി വീട്ടിൽ സൗമ്യയുടെ പന്ത്രണ്ടു വയസ്സായ മകൾ ഐശ്വര്യ വയറുവേദനയെ തുടർന്ന് മരണപ്പെട്ടു. ഛർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽവെച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അകാലത്തിൽ സംഭവിച്ച അസ്വാഭാവികമരണമാണെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും സംശയങ്ങൾ ഇല്ലാത്തതുകൊണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയോ പോസ്റ്റുമോർട്ടം നടത്തിക്കുകയും ചെയ്തില്ല.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഇതേ രോഗലക്ഷണങ്ങളെ തുടർന്ന് ഐശ്വര്യയുടെ മുത്തശ്ശി കമലയും ചികിത്സയിലിരിക്കെ ആശുപത്രിയിൽവെച്ചു മരണപ്പെടുന്നു. കമലയുടെ മരണം 2018 മാർച്ച് മാസം അഞ്ചാം തീയതിയായിരുന്നു. ഇക്കാര്യത്തിന് അസ്വാഭാവികമരണത്തിനുള്ള കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽനിന്നും ലഭിക്കാൻ കാലതാമസമെടുക്കും.
തുടർച്ചയായ രണ്ടു മരണങ്ങളുടെ ഞെട്ടലിൽനിന്നു മോചിതരാകുന്നതിനു മുന്നേതന്നെ മൂന്നാമതൊരു മരണംകൂടി ആ വീട്ടിൽ നടന്നത് നാട്ടുകാർക്ക് അമ്പരപ്പുളവാക്കി. ഇത്തവണ മരണം തേടിയെത്തിയത് ഗൃഹനാഥനായ കുഞ്ഞിക്കണ്ണനെയായിരുന്നു. സമാനമായ രോഗലക്ഷണങ്ങളോടെയാണ് ഏപ്രിൽ മാസം പതിമൂന്നാം തീയതി കമലയുടെ ഭർത്താവ് കുഞ്ഞിക്കണ്ണനും മരിച്ചത്. മൂന്നാമത്തെ മരണത്തോടുകൂടി ഗൗരവതരമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ സംഘടിച്ചു. അവർ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിച്ചു.
ദുരൂഹസാഹചര്യത്തിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ഈ ദുരന്തങ്ങളെ ആരോ ഇരുട്ടിന്റെ മറവിൽനിന്നു നിയന്ത്രിച്ചിരുന്നോ എന്ന് ഗ്രാമവാസികൾ ആലോചിച്ചു. ഇനിയും ജീവനുകൾ നഷ്ടപ്പെട്ടേക്കാമെന്ന കടുത്ത ആശങ്ക ഗ്രാമത്തിലാകെ വ്യാപിച്ചു. നാട്ടുകാരിലുണ്ടായ ഭയവും ദുരൂഹതയും പരസ്പരമുള്ള അവിശ്വാസവും പൊലീസിനുകൂടി കനത്ത വെല്ലുവിളികളുയർത്തി.
കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മരണം അലുമിനിയം ഫോസ്‌ഫേറ്റ് എന്ന എലിവിഷം വയറ്റിൽ ചെന്നാണെന്ന് രാസപരിശോധനയിൽ കണ്ടെത്തി. ചെറിയ കുട്ടിയുൾപ്പെടെ മൂന്നുപേർ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. അവശേഷിക്കുന്നത് സൗമ്യ മാത്രം.
അവരും എന്തോ അസുഖം പറഞ്ഞ് തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഏതു സമയത്തും അവരും മരിക്കാം എന്ന വാർത്ത നാട്ടുകാരെ അങ്കലാപ്പിലാക്കി. എന്നാൽ, സൗമ്യയ്ക്ക് എന്തെങ്കിലും അസുഖം ഉള്ളതായി അവരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കു കണ്ടെത്താൻ കഴിഞ്ഞില്ല.
ആദ്യം മരിച്ച ഐശ്വര്യയുടെ മരണത്തിനുകൂടി പുതിയ പരാതി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. മരണങ്ങളെക്കുറിച്ച് പല കഥകളും നാട്ടിൽ പ്രചരിക്കാൻ തുടങ്ങി. സ്വാഭാവികമായും മറ്റുള്ളവരുടെ മരണത്തിന്റെ പിറകിൽ സൗമ്യയുടെ മേലെ സംശയത്തിന്റെ നിഴലുകൾ പതിയാൻ തുടങ്ങി.
ആശുപത്രിയിൽവെച്ചുതന്നെ സൗമ്യയെ പൊലീസ് ചോദ്യംചെയ്യാൻ തുടങ്ങി.
‘‘എന്റെ അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. എന്നിട്ടും എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ക്രൂരതയാണ്. ഏതു സമയത്തും ഞാനും മരിച്ചുപോകും,’’ സൗമ്യ പറഞ്ഞു.
ചോദ്യങ്ങൾക്കു നേരേ അതിരൂക്ഷമായ പ്രതികരണങ്ങൾ. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലുകൾ കഴിഞ്ഞിട്ടും അവരിൽനിന്ന് ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന സ്ത്രീയാണ്. വഴിവിട്ട ജീവിതമാണെന്ന് നാട്ടുകാർ പരാതി പറയുന്നു. അവരെ മാത്രമേ എല്ലാവർക്കും സംശയമുള്ളൂ. അവരാകട്ടെ ബോധമനസ്സും ഉപബോധമനസ്സും മണിച്ചിത്രത്താഴിട്ടു പൂട്ടിയ അവസ്ഥയിൽ. ഒരുപാടു കാലം ആശുപത്രിയിൽവെച്ച് ചോദ്യംചെയ്യാൻ കഴിയില്ല. അവർക്ക് പ്രത്യേകിച്ച് അസുഖവുമില്ല. പൊലീസ് സ്റ്റേഷനിൽ അന്യായത്തടങ്കലിൽ സൂക്ഷിക്കാനും കഴിയില്ല. സാഹചര്യത്തെളിവുകൾ അവർക്കെതിരായതിനാൽ വിട്ടയയ്ക്കാനും കഴിയില്ല.
തലശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ പ്രേമചന്ദ്രനാണ് അന്വേഷണോദ്യോഗസ്ഥൻ. ഒരുപാടു കേസുകൾ ബുദ്ധിപരമായ നീക്കങ്ങളിലൂടെ, അതിവിദഗ്ദ്ധമായി തെളിയിച്ച അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഐ.പി.എസ്. ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോൺ ആണ് തലശ്ശേരി എ.എസ്.പി. വളരെ സൂക്ഷ്മമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ അവരും പ്രാപ്തി തെളിയിച്ചിട്ടുണ്ട്.
ഇരുപത്തിയെട്ടു വയസ്സിനുള്ളിലുള്ള സൗമ്യയുടെ ജീവിതകഥകളെല്ലാം അവർ അതിസൂക്ഷ്മമായി പഠിച്ചു. സ്‌കൂൾ പഠനകാലംമുതലുള്ള അവളുടെ ബന്ധങ്ങളും വിവാഹവും വിവാഹമോചനവുമെല്ലാം ഈ പഠനത്തിന്റെ പരിധിയിൽ വന്നു.
ഇൻസ്‌പെക്ടർ പ്രേമചന്ദ്രൻ കാര്യങ്ങളെല്ലാം യഥാസമയം എന്നെയുംകൂടി അറിയിക്കുന്നുണ്ടായിരുന്നു. ഞാൻ അന്ന് കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ. എന്റെ അധികാരപരിധിയിലല്ല സംഭവം. പല കേസുകളും പ്രേമചന്ദ്രനുമൊന്നിച്ച് അന്വേഷണം നടത്തിയ അനുഭവത്തിൽനിന്നുള്ള വിശ്വാസത്തിലാണ് അദ്ദേഹം എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്.
സൗമ്യയെ തലശ്ശേരി റസ്റ്റ് ഹൗസിലേക്കു മാറ്റി. അവിടെ ചോദ്യംചെയ്യൽ തുടർന്നു. സൗമ്യ പൊലീസ് കസ്റ്റഡിയിലാണെന്നും ആ വീട്ടിൽ നടന്നത് പരമ്പര കൊലപാതകമാണെന്നും പ്രതി സൗമ്യതന്നെയാണെന്നുമുള്ള നിലയിൽ വിവിധ ചാനലുകളിൽ വാർത്തകൾ വരാൻ തുടങ്ങി.
എന്നാൽ, അവരെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. സംശയത്തിന്റെ പുകമറ നീക്കി കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. അവർ അന്വേഷണവുമായി സഹകരിക്കുന്നില്ല. കണ്ണൂർ ഡി.ഐ. ജി. സേതുരാമൻ സർ എന്നെ വിളിച്ച് തലശ്ശേരി റസ്റ്റ് ഹൗസിലെത്തി സൗമ്യയെ ചോദ്യംചെയ്യാൻ പറഞ്ഞു. റസ്റ്റ് ഹൗസിലെത്തിയപ്പോൾ ചാനൽ ക്യാമറകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനകം കേസ് തെളിഞ്ഞുകാണും എന്നു കരുതി.
പക്ഷേ, അന്വേഷണ ഉദ്യോഗസ്ഥരോടു ചോദിച്ചപ്പോൾ തോണി തിരുനക്കരതന്നെ. സൗമ്യയുടെ മനസ്സിന്റെ പൂട്ടു തുറക്കാനുള്ള വഴികൾ കണ്ടെത്തണം. അതില്ലെങ്കിൽ അവരെ വിട്ടയക്കേണ്ടതായി വരും. അന്വേഷണസംഘത്തിൽനിന്നും കഥകളെല്ലാം മനസ്സിലാക്കി. ചോദ്യങ്ങളോട് അവർ കടുത്ത ദേഷ്യത്തോടെയാണ് പ്രതികരിക്കുന്നത്. അവരോടുള്ള പൊലീസിന്റെ പെരുമാറ്റവും നേരത്തേതന്നെ കടുപ്പിച്ചിരുന്നു.
ചോദ്യംചെയ്യുന്ന ആളുടെ സ്വാധീനത്തിനു വഴങ്ങാതെ കടുത്ത പ്രതിരോധശേഷി കുറ്റവാളികൾക്കു പ്രകടിപ്പിക്കാൻ കഴിയുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കണമെങ്കിൽ കുറ്റവാളികളുടെ ചിന്തകൾക്കു പിന്നിലെ മനഃശാസ്ത്രപരവും സാമൂഹികവുമായ പശ്ചാത്തലം വിശകലനം ചെയ്യേണ്ടതുണ്ട്. അതിന് ചിന്ത, യുക്തി, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട അവരുടെ മാനസികവ്യാപാരങ്ങളെ വിലയിരുത്തേണ്ടതുണ്ട്.
തോമസ് എ. ഹാരിസിന്റെ അയാം ഓക്കേ യു ആർ ഓക്കേ?, ജൂലിയസ് ഫാസ്റ്റിന്റെ ബോഡി ലാംഗ്വേജ്, ജെറാൾഡ് ആൻഡ് ഹെൻട്രിയുടെ ഹൗ ടു റീഡ് എ പേഴ്‌സൺ ലൈക് എ ബുക്ക് തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിൽ കുറ്റവാളികളുടെ പെരുമാറ്റരീതി മനസ്സിലാക്കുന്നതിന് ഉപകരിക്കും.
ഒരു വ്യക്തിയുടെ ആന്തരികവികാരമാണ് അവരുടെ സംവേദനത്തിൽ പ്രതിഫലിക്കുന്നത്. അതിൽ ഒരു ഈഗോ സ്റ്റേറ്റ് ഉണ്ട്. ഈഗോ സ്റ്റേറ്റുകളിൽ ചിന്ത, വികാരം, പെരുമാറ്റം എന്നിവ ഉൾപ്പെടുന്നു. പാരന്റൽ ഈഗോ, അഡൽട്ട് ഈഗോ, ചൈൽഡ് ഈഗോ എന്നീ മാനസികാവസ്ഥകളിൽ ഏതെങ്കിലുമൊന്ന് എല്ലാ മനുഷ്യരും പ്രതിഫലിപ്പിക്കും. അവരുമായുള്ള സംഭാഷണത്തിലൂടെ അതെന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ചോദ്യംചെയ്യുന്ന മുറിയിൽ ഒരുപാട് ആളുകളുണ്ട്. അവരെ എല്ലാവരെയും പുറത്തേക്കയച്ചു. ചോദ്യംചെയ്യലിന് വിധേയമാകുന്നത് സ്ത്രീയായതുകൊണ്ട് ഒരു വനിതാ പൊലീസിനെ മാത്രമിരുത്തി അവരോടു സംസാരിക്കാൻ തുടങ്ങി.
ഞാൻ അവർക്കഭിമുഖമായി ഇരുന്നപ്പോൾത്തന്നെ, എന്തെങ്കിലും സംസാരിച്ചു തുടങ്ങുന്നതിനു മുമ്പേതന്നെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന തരത്തിലുള്ള അവരുടെ വാക്കുകൾ വന്നു:
‘‘നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ, കുറേ ദിവസമായി പല ആളുകൾ എന്നെ നിരന്തരം ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ എന്തു തെറ്റാണ് ചെയ്തത്? എന്റെ മകളെയും അച്ഛനെയും അമ്മയെയും കൊല്ലാൻ മാത്രം ഞാനെന്താ മാനസികരോഗിയാണോ?’’ അവരുടെ അതിരൂക്ഷമായ സംസാരം. കടുത്ത ദേഷ്യം പ്രകടിപ്പിക്കുന്നു. ഞരമ്പുകൾ വലിഞ്ഞുമുറുകി മുഖത്തേക്ക് രക്തം ഇരച്ചുകയറുന്നതു മനസ്സിലാക്കാം.

അവർ പാരന്റ് ഈഗോയിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. മാതാപിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതിയിലുള്ള ചിന്തയും വികാരങ്ങളും രീതികളുമാണ് പാരന്റ് അല്ലെങ്കിൽ എക്സ്റ്ററോ-സൈകിക് ഈഗോ സ്റ്റേറ്റ്. അധികാരഭാവത്തിലുള്ള സംസാരവും പെരുമാറ്റവും പാരന്റ് ഈഗോ പ്രതിഫലിപ്പിക്കുന്നു. അത്തരം ഈഗോ സ്റ്റേറ്റിന് അനുബന്ധമായ പെരുമാറ്റരീതിയാണ് അവർ പ്രകടിപ്പിക്കുന്നത്. അവർ ഒരു രക്ഷിതാവിനെപ്പോലെ ചോദ്യകർത്താവിനെ വിലയിരുത്തുകയാണ്, വിമർശിക്കുകയാണ്.
ആ ഘട്ടത്തിൽ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് നേരിട്ട് ചോദ്യങ്ങളുന്നയിക്കുന്നതിൽ അർത്ഥമില്ല. യാതൊരു പ്രതിരോധവുമില്ലാത്ത നിഷ്‌കളങ്കമായ ചൈൽഡ് ഈഗോ സ്റ്റേറ്റിലേക്ക് അവരെ കൊണ്ടുവരേണ്ടതുണ്ട്. വൈകാരികതയിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. കുറ്റബോധവും പാപബോധവുമൊക്കെ സൃഷ്ടിക്കുന്നത് അതിനുള്ള മാർഗ്ഗങ്ങളാണ്.
അവരുടെ ചിന്തയിലും വികാരങ്ങളിലും മകളുടെ ഓർമ്മകൾ തിരികെ കൊണ്ടുവരാൻ കഴിഞ്ഞാൽ അതിനനുസരിച്ചുള്ള പ്രതികരണങ്ങളും പെരുമാറ്റങ്ങളും അവരിൽനിന്നുണ്ടാവും.
വളരെ ശാന്തനായി ഞാൻ അവരോടു പറഞ്ഞു:
‘‘ഞാൻ മാനസികരോഗിയാണോ എന്നാണ് നിങ്ങൾ ചോദിച്ചത്. അതെനിക്കറിയില്ല. പക്ഷേ, നിങ്ങൾ കടുത്ത മാനസികവിഷമം അനുഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എത്രയോ ദിവസമായി നിങ്ങൾക്ക് ശാന്തമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ കൊലപാതകം നടത്തിയോ എന്ന് ഞാൻ ചോദിച്ചിട്ടില്ല. ഉറ്റബന്ധുക്കളുടെ മരണത്തിൽ നിങ്ങൾക്കും ദുഃഖമുണ്ടെന്നു മനസ്സിലായി. മോളേ, മനസ്സിന്റെ ഭാരം ഇറക്കിവെച്ചാലേ ശാന്തമായി ഉറങ്ങാൻ കഴിയുകയുള്ളൂ.’’
എന്റെ വാക്കുകൾ അവരിൽ ചലനങ്ങളുണ്ടാക്കുന്നതായി ഞാൻ അറിഞ്ഞു. സാവകാശം അവരുടെ മുഖത്തെ ടെൻഷൻ മാറി വരുന്നതും ശാന്തമാകുന്നതും മനസ്സിലാക്കാം.
ഒരു വ്യക്തിയോട് പട്ടിയോടെന്നപോലെ പെരുമാറിയാൽ അയാൾ ക്രമേണ കുരയ്ക്കാൻ ശീലിക്കും. സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് സ്വഭാവം. അവരുടെ പ്രതിരോധം ഒരുപക്ഷേ ദിവസങ്ങളോളം അവരോടു കാണിച്ചിട്ടുള്ള നെഗറ്റീവായ പെരുമാറ്റത്താൽ കണ്ടീഷൻ ചെയ്യപ്പെട്ടതാകാം.
‘‘നിങ്ങൾ എന്താണ് എന്നെ വിളിച്ചത്. മോളെ എന്നോ?’’
ആ വാക്ക് വളരെ ആഴത്തിൽ അവരെ സ്പർശിച്ചിട്ടുണ്ട്. ക്രമേണ അവരുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. രക്ഷിതാവിനെപ്പോലെ ഞാൻ സംസാരിച്ചപ്പോൾ അവൾ പെട്ടെന്നുതന്നെ ഒരു കുട്ടിയായി മാറി.


ചൈൽഡ് ഈഗോ സ്റ്റേറ്റിൽ, നിങ്ങൾ നിങ്ങളുടെ ബാല്യകാലത്ത് ചെയ്തപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഈ അവസ്ഥയും അവളുടെ ഭൂതകാലത്തിൽനിന്നും ഉരുത്തിരിഞ്ഞതുതന്നെ.
‘‘മരിക്കുമ്പോൾ മകൾക്ക് എത്ര വയസ്സുണ്ടായിരുന്നു? അവൾ സുന്ദരി ആയിരുന്നോ?’’ മകളെക്കുറിച്ചുള്ള ഓർമ്മകളുണർത്താനുള്ള ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു.
അവരുടെ വിവാഹത്തെപ്പറ്റിയും ഭർത്താവിനെപ്പറ്റിയും ചോദിച്ചു. ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ സംസാരിച്ചു. മദ്യപിച്ചെത്തി മർദ്ദിക്കുന്ന ഭർത്താവ് വീട്ടുചെലവിനുള്ള പണം നൽകാത്തതിനാൽ കുട്ടികളെ വളർത്താൻ കഴിയാത്ത സാഹചര്യം. ചില യുവാക്കളുമായി അവൾ ബന്ധം സ്ഥാപിച്ചു. സാവകാശം
അത് വഴിവിട്ട ജീവിതരീതിയിലേക്കു തിരിച്ചു. ഭർത്താവിന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിലേക്കു മടങ്ങി. അവിടെയും തുടർന്നു ഇത്തരം സൗഹൃദങ്ങൾ. വീട്ടിൽ മറ്റാളുകൾ ഉള്ളത് ചില അസൗകര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവർ കഥ തുടരുന്നതിനിടയിൽ ചെറിയൊരു വാചകം ഞാൻ പറഞ്ഞു.
‘‘ഇത്തരം സാഹചര്യത്തിൽ മകൾ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നു തോന്നിപ്പോയിക്കാണും. അല്ലേ?’’
‘അതേ’ എന്നുത്തരം.
ദിവസങ്ങളായി കേൾക്കാൻ കാത്തിരിക്കുന്ന കുറ്റസമ്മതമാണ് ആ വാക്കുകൾ എന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ, മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഈ വാക്കുകൾ ഞാൻ ശ്രദ്ധിച്ചിട്ടില്ല എന്ന രീതിയിൽ തുടർന്നു സംസാരിച്ചു.
മകളുടെ ഓർമ്മകളിൽനിന്നു പിറകോട്ടു പോകാൻ പറ്റാത്ത രീതിയിൽ അവളുടെ അവസാനനിമിഷങ്ങളെപ്പറ്റിയും മറ്റും ചോദിച്ചു. അവളുടെ മനസ്സിലെ ദുഃഖവും പാപബോധവും അണപൊട്ടിയൊഴുകി.
സാവകാശം അവൾ കഥകളെല്ലാം പറഞ്ഞു. കറിയിൽ എലിവിഷം കലർത്തി നൽകിയതിന്റെ ഞെട്ടിക്കുന്ന കഥ. അത് അവിടെ അവസാനിച്ചില്ല. അമ്മയ്ക്കും അച്ഛനും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ കഥകൾ അവരുടെ നാവിൽനിന്നുതന്നെ വന്നു.
തുടർന്നുള്ള അന്വേഷണത്തിന് ആവശ്യമായി വരുന്ന, വിഷപദാർത്ഥം എവിടെനിന്നു വാങ്ങി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അവരോടുതന്നെ ചോദിച്ചു മനസ്സിലാക്കി.
എല്ലാ കഥകളും കേട്ടുകഴിഞ്ഞപ്പോൾ അവരുടെ ഉള്ളിലെ കുറ്റബോധം കുറച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണെന്നു തോന്നി. ഇല്ലെങ്കിൽ ചിലപ്പോൾ ആത്മഹത്യയിലേക്കും പോകാം.
സൗമ്യ കുറ്റസമ്മതം നടത്തിയെന്ന് കൂടുതൽ ആളുകളിലേക്ക് വിവരമെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന തരത്തിലുള്ള തിരക്കായി. ടിവി ചാനലുകളിൽ ലൈവ് ടെലികാസ്റ്റിങ് നടന്നുകൊണ്ടിരിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തണം. മറ്റു രേഖകൾ തയ്യാറാക്കണം. അവരോട് വിശദമായി വീണ്ടും സംസാരിക്കാനുള്ള സാഹചര്യം ഇപ്പോളില്ല.
അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന അവസരത്തിൽ കൂടുതൽ വിശദമായി അവളോടു സംസാരിക്കാമെന്ന് കരുതി. ജയിലിലെത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ ആത്മഹത്യ ചെയ്തു. അവൾ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരതതന്നെ. എന്നാൽ, അത് കൈകാര്യം ചെയ്യുന്നതിന് പരിഷ്‌കൃതസമൂഹത്തിന് ശാസ്ത്രീയമായ ചില രീതികളുണ്ട്. അതുകൊണ്ടാണ് ജയിലുകളെ കറക്‌ഷണൽ സർവീസ് കേന്ദ്രം എന്നുകൂടി പറയുന്നത്.
കഥകൾ കേട്ടപ്പോൾ ടോൾസ്റ്റോയിയുടെ റിസറക്‌ഷൻ എന്ന നോവലിലെ മസ്ലോവ എന്ന നായികയുടെ ഒരു വിദൂരസാമ്യം കാണാൻ സാധിച്ചു. ചെറിയ പ്രായത്തിൽ നെഹലദോവ എന്ന പ്രഭുകുമാരൻ അവളെ ബലാത്സംഗം ചെയ്യുന്നു. പിന്നീട് എപ്പോഴോ അവൾ വേശ്യാവൃത്തിയിലേക്കു നീങ്ങുന്നു. ഒരു കൊലപാതകിയായി മാറുന്നു. ആ വിവരം മനസ്സിലാക്കിയ നായകൻ നെഹലദോവ കടുത്ത കുറ്റബോധത്താൽ അവളെ അന്വേഷിച്ചു സൈബീരിയൻ ജയിലുകളിലേക്കു പോകുന്നു. പാപബോധവും പേറിനടക്കുന്ന ആ മനുഷ്യൻ പിന്നീടുള്ള ജീവിതകാലം ജയിലിൽ അവളെ പരിചരിക്കുന്നതിനായി നീക്കിവെക്കുന്നു. നോവലിന്റെ അവസാനം ബൈബിൾ വായനയിൽ അഭയം കണ്ടെത്തുന്ന നായകൻ.
മത്തായിയുടെ സുവിശേഷത്തിലെ വാചകങ്ങൾ ഓർത്തുപോയി:
‘നിങ്ങൾ തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയി വരുന്നില്ലായെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുകയില്ല. ആകയാൽ, തന്നത്താൻ ശിശുക്കളിലേക്ക് താഴ്ന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വിലപ്പെട്ടവനാണ്. ദൈവനാമത്തിൽ ശിശുവിനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.’
സൗമ്യയോട് അനുകമ്പയോടെ സംസാരിക്കാൻ തോന്നിയതാണ് അവളെ പാപബോധത്തിലേക്കു നയിച്ചത്. അവൾ സ്വയം ശിശുത്വത്തിലേക്ക് മടങ്ങിയവളാണ്.
‘ആരോടെങ്കിലും കലഹിച്ചാൽ പ്രാർത്ഥനയ്ക്കുമുമ്പേ അവനോട് ഇണങ്ങണം’ എന്ന് ബൈബിൾ വാക്യം. നിത്യമായ കലഹങ്ങളൊന്നും അന്വേഷകർക്കില്ല.
അവളുടെ ആത്മഹത്യാവിവരം ലഭിച്ചപ്പോൾ വിഷമം തോന്നി. അവളുടെ എല്ലാ കഥകൾക്കും അതുവരെ ഉണ്ടായിരുന്നതിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരർത്ഥം കൈവന്നിരിക്കുന്നു.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പി.പി. സദാനന്ദന്റെ 'സത്യത്തിന്റെ സാക്ഷി' എന്ന ഓർമക്കുറിപ്പിലെ ഒരു ഭാഗം)

Content Highlights: Investigation of three suspicious deaths in Pinarayi, Kerala (2018)., Application of Transactional Analysis (Ego States) in police interrogation., The transition of the suspect from 'Parent' ego to 'Child' ego state., Discovery of aluminum phosphide poisoning as the cause of death., Reflections on the intersection of crime, guilt, and psychological intervention.