ദളിതന്റെ ശവം ശ്മശാനത്തിലേക്ക് പാലത്തില്‍നിന്നു കെട്ടിത്തൂക്കി ഇറക്കേണ്ടി വന്നതെന്തുകൊണ്ട്?

#ജസ്റ്റിസ് കെ. ചന്ദ്രു
ജസ്റ്റിസ് കെ. ചന്ദ്രു, തമിഴ്നാട്ടിൽ അന്തരിച്ച ദളിതൻെറ ശരീരം പാലത്തിൽ നിന്നും കയറുകെട്ടി താഴേക്കിറക്കുന്നു/ കടപ്പാട്: https://www.youtube.com/watch?v=T89t1LbB8UA
ജസ്റ്റിസ് കെ. ചന്ദ്രു, തമിഴ്നാട്ടിൽ അന്തരിച്ച ദളിതൻെറ ശരീരം പാലത്തിൽ നിന്നും കയറുകെട്ടി താഴേക്കിറക്കുന്നു/ കടപ്പാട്: https://www.youtube.com/watch?v=T89t1LbB8UA

തന്റെ മുമ്പില്‍ വിചാരണയ്ക്കു വന്ന കേസുകളെക്കുറിച്ചും പ്രസ്താവിച്ച വിധികളില്‍, ഭാരതത്തിന്റെ ഭരണഘടനാശില്പികളില്‍ പ്രധാനിയായിരുന്ന ഡോ. ബി.ആര്‍ അംബേദ്കറുടെ ചിന്തകളും എഴുത്തും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് കെ. ചന്ദ്രു അംബേദികറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. കെ.എസ്. വെങ്കിടാചലം പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ദളിതരുടെ അവകാശങ്ങള്‍ക്കും നീതിനിര്‍വഹണത്തിനും വേണ്ടിയുള്ള കേസുകളും വിധിന്യായങ്ങളും വിശദമാക്കുന്നുണ്ട്. പുസ്തകത്തില്‍ നിന്നും ശ്മശാനഭൂമിയില്‍ സമത്വം എന്ന അധ്യായം വായിക്കാം. 

2019-ല്‍, ചെന്നൈ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചിന് വെല്ലൂര്‍ കലക്ടറോട് ഒരു ചോദ്യം ചോദിക്കേണ്ടിവന്നു: എന്തുകൊണ്ടാണ് ദളിതര്‍ക്കു മാത്രമായി ഒരു പ്രത്യേക ശ്മശാനം? എന്തുകൊണ്ടാണ് അവര്‍ക്കവിടെ എത്തിപ്പെടാന്‍ വളരെ പ്രയാസപ്പെടേണ്ടിവരുന്നത്? ഒരു പാലത്തിന്റെ മുകളില്‍ നിന്നുകൊണ്ട് ശവം ഒരു കയറില്‍ കെട്ടിത്തൂക്കി ശ്മശാനത്തിലേക്ക് ഇറക്കേണ്ടിവന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വരുകയും ചെയ്തിരുന്നു. ഉയര്‍ന്ന ഹിന്ദുജാതിയില്‍പ്പെട്ട രണ്ടു വിഭാഗക്കാര്‍ ദളിതര്‍ക്കു വഴി നിഷേധിച്ചതു കാരണമാണ് ദഹിപ്പിക്കാന്‍ ശ്മശാനത്തിലേക്ക് ശവത്തെ കെട്ടിയിറക്കേണ്ടി വന്നതെന്നാണ് അന്വേഷണത്തില്‍നിന്നു വെളിപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ശ്മശാനത്തിലേക്കു പോകാന്‍ സൗകര്യപ്രദമായ പാതകളില്ലാത്തതിനാല്‍ ദളിതര്‍ക്ക് ശവം മറവുചെയ്യാനോ ദഹിപ്പിക്കാനോ വേണ്ടി ശവത്തെ കൃഷിയിടങ്ങള്‍ക്കിടയിലൂടെ കൊണ്ടുപേകേണ്ടിവരുന്നുണ്ട്. വാര്‍ത്ത മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും പാത നിര്‍മ്മിച്ചു കൊടുക്കുവാനുള്ള നടപടിയെടുക്കാമെന്ന് ദളിതര്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. ദളിതര്‍ക്കു മാത്രമായി ഒരു ശ്മശാനം, അവര്‍ക്കു മാത്രമായി ഒരു പാത ഈ രണ്ട് അനീതികളും സാധാരണമാണ് ഗ്രാമങ്ങളില്‍.

1688-ലാണ് ചെന്നൈ കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ആദ്യമായി നിലവില്‍വന്ന ഏറ്റവും പഴയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. 1919-ലാണ് പുതിയ മദ്രാസ് സിറ്റി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് നിലവില്‍ വരുന്നത്. ആ നിയമത്തില്‍, നഗരത്തിലേക്കു വേണ്ട ശ്മശാനങ്ങള്‍ നിര്‍മ്മിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതും കോര്‍പ്പറേഷന്റെ കടമയാണെന്നു വ്യക്തമാക്കപ്പെട്ടിരുന്നു. അതിനുശേഷം 1920-ല്‍ വന്ന കോര്‍പ്പറേഷന്‍നിയമത്തിലും അങ്ങനെയൊരു കടമ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നുണ്ട്. അതനുസരിച്ച് കോര്‍പ്പറേഷനുകളില്‍ ശ്മശാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ശ്മശാനം എന്നതായിരുന്നു പല ഇടങ്ങളിലെയും അവസ്ഥ.

മധുരയിലെ തത്തേനേരിയില്‍ വളരെ വലിയൊരു ശ്മശാനം നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവിടെയും ജാതിയുടെ അടിസ്ഥാനത്തില്‍ ശവം മറവുചെയ്യാനും സംസ്‌കരിക്കാനും പ്രത്യേകം പ്രത്യേകം ഇടങ്ങള്‍ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. മധുരയിലെ ആര്യവൈശ്യസമൂഹത്തില്‍പ്പെട്ടവര്‍ തങ്ങള്‍ക്കും പ്രത്യേകം ഇടം വേണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടു. അപ്പോഴുണ്ടായിരുന്ന ഭരണാധികാരി അവര്‍ക്ക് പ്രത്യേക ഇടം അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. അതോടെ തൊട്ടടുത്ത് മുമ്പേതന്നെ ഇടം അനുവദിക്കപ്പെട്ട മാര്‍വാരിക്കാര്‍ പ്രതിഷേധിച്ചു. നഗരസഭാംഗങ്ങള്‍ സഭയില്‍ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ ഉത്തരവ് റദ്ദാക്കേണ്ടിവന്നു. 2005-ല്‍ ആര്യവൈശ്യസമൂഹം കോടതിയെ സമീപിച്ചു. ആ കേസ് വിചാരണയ്‌ക്കെടുത്ത ഹൈക്കോടതി (മധുര ശാഖ) നഗരസഭാ നിയമങ്ങളില്‍ ഓരോ ജാതിക്കാര്‍ക്കും ശ്മശാനത്തില്‍ പ്രത്യേകം പ്രത്യേകം ഇടം അനുവദിക്കാന്‍ വ്യവസ്ഥകളൊന്നുമില്ലെന്നും, ഇനി അങ്ങനെയുണ്ടെങ്കില്‍ത്തന്നെ അത് ഭരണഘടന നല്‍കുന്ന എല്ലാവരും സമന്മാരാണെന്ന തത്ത്വത്തിനും, ആര്‍ട്ടിക്കിള്‍ 17 പ്രകാരം നിരോധിക്കപ്പെട്ട തൊട്ടുകൂടായ്മയ്ക്ക് വിരുദ്ധമായിരിക്കുമെന്നും നിരീക്ഷിച്ചു. ജനിച്ച ചുറ്റുപാട് എന്തുതന്നെയായിരുന്നാലും മരിച്ചുകഴിഞ്ഞാല്‍ പോകുന്നത് ഒരിടത്തേക്കാണ്. അതുകൊണ്ട് ഉടന്‍തന്നെ തമിഴ്‌നാട്ടിലുള്ള വലുതും ചെറുതുമായ നഗരസഭകളില്‍ ജാതിക്കനുസരിച്ച് ശ്മശാനത്തില്‍ ഇടം ഒരുക്കിവെക്കല്‍ റദ്ദ് ചെയ്യണമെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ മരിച്ചവരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഞാന്‍ എന്റെ ഉത്തരവില്‍ വ്യക്തമാക്കി. ഇതായിരുന്നു ആ ഉത്തരവ്:

'ഈ റിട്ട് ഹര്‍ജി തള്ളപ്പെട്ടുവെങ്കിലും എതിര്‍കക്ഷികള്‍ക്കും കോര്‍പ്പറേഷനും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത് ആവശ്യമായിവന്നിരിക്കുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ശ്മശാനങ്ങളില്‍ ഇടം അനുവദിക്കുന്നത് ഇതോടെ അവസാനിപ്പിക്കേണ്ടതാണ്, ഉടന്‍തന്നെ. കോര്‍പ്പറേഷന്റെ അധികാരപരിധിയില്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാരണം നടക്കുന്ന ഈവിധത്തിലുള്ള ജാതിവ്യത്യാസ ഇടമൊരുക്കലുകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. കാരണം ഈ ലോകം വിട്ടുപോകുമ്പോഴെങ്കിലും മനുഷ്യര്‍ക്കിടയില്‍ സമത്വമുണ്ടാവട്ടെ. ഭാവിയില്‍, കോടതിയുടെ ഈ ഉത്തരവ് അംഗീകരിച്ച് ജാതിയടിസ്ഥാനത്തില്‍ ദഹന ഷെഡ് അനുവദിക്കുന്നത് നിര്‍ത്തണം. പൊതുദഹന ഷെഡ്ഡുകള്‍ നിര്‍മ്മിക്കാന്‍ കോര്‍പ്പറേഷന് നിയമപ്രകാരം അധികാരമുണ്ടെങ്കിലും, അത് ജാതിയുടെ അടിസ്ഥാനത്തില്‍, ജനങ്ങളെ വിഭജിക്കുവാനുള്ളതാണെന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുത്. റിട്ട് ഹര്‍ജി തള്ളുന്നതോടൊപ്പം ഓരോ പ്രദേശത്തിന്റെയും സൗകര്യത്തിനും ആവശ്യത്തിനുമനുസരിച്ച് പൊതുശ്മശാനങ്ങള്‍ പരിപാലിക്കപ്പെടണമെന്നും ഉത്തരവിടുന്നു.'
(ടി. ബാലസുബ്രഹ്‌മണ്യന്‍ (നാട്ടാമ) ആര്യവംശസമൂഹം v/s മധുര കോര്‍പ്പറേഷന്‍ റിട്ട് ഹര്‍ജി 3855/2005 2.9.2008.)

സിനിമാഗാനങ്ങള്‍ വളരെയെളുപ്പത്തില്‍ ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സാഹിത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. അവയെ ഉദാഹരണങ്ങളായി കാണിച്ചാല്‍ ജനങ്ങളുടെ മനസ്സില്‍ എളുപ്പം പതിയുമെന്നതിനാല്‍ രംഭയിന്‍ കാതല്‍ എന്ന സിനിമയില്‍ ശ്മശാനത്തെപ്പറ്റി വന്ന ഒരു ഗാനം മുഴുവനായും വിധിയില്‍ ചേര്‍ത്തിരുന്നു. ഇതാണ് ആ ഗാനം:
സമത്വം ഉലാത്തും ഇടമാണിത്
നമ്മുടെ ജീവിതത്തില്‍
കാണാനാകാത്ത സമത്വം ഉലാത്തുന്ന ഇടം
ഉയര്‍ന്ന ജാതിയെന്നോ
താണ ജാതിയെന്നോ
കീഴാളരെന്നോ വ്യത്യാസമില്ലാതെ
അവസാനം എല്ലാവരും എത്തിച്ചേരുമിടം
ശാന്തമായി എല്ലാവരും ഉറങ്ങും വീട്.
ലോകത്തിലെതന്നെ
നമ്മുടെ ജീവിതത്തില്‍ കാണാന്‍ കഴിയുന്ന 
സമത്വം ഉലാത്തുന്ന ഇടം.
രാജാവും ദരിദ്രനും 
ജ്ഞാനിയും ഒന്നും അറിഞ്ഞുകൂടാത്തവനും
ശ്വാസം നിലച്ചയുടന്‍ കൂടും ഇവിടെ.
അതുകൊണ്ടുതന്നെയാണ്
ഇത് നമ്മുടെ ജീവിതത്തില്‍ കാണാനാകാത്ത
സമത്വം ഉലാത്തുന്ന ഇടമാവുന്നത്.

എന്റെ ഉത്തരവ് ഇറങ്ങിയശേഷം പി. രത്‌നം എന്ന അഭിഭാഷകന്‍, സര്‍ക്കാര്‍ ദളിതര്‍ക്ക് ആവശ്യത്തിനനുസരിച്ച് ശ്മശാനസൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഒരു പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചു. ജസ്റ്റിസ് പി.കെ. മിശ്ര അദ്ധ്യക്ഷനും വേറേ രണ്ടു ജഡ്ജിമാരും അടങ്ങിയ ബെഞ്ചിനു മുമ്പില്‍ 2009-ല്‍ വിചാരണയ്ക്കു വന്നു. ഹര്‍ജി പരിഗണിച്ച ജഡ്ജിമാര്‍ എന്റെ വിധിയെ അനുമോദിക്കുകയും അതില്‍ ചേര്‍ത്ത സിനിമാഗാനത്തെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. അവരുടെ വിധി ഇതായിരുന്നു:
'ഈ അവസ്ഥയില്‍ മരണത്തിനുശേഷവും പ്രത്യേകം സ്ഥലങ്ങള്‍ മാറ്റിവെക്കുന്നതിനെപ്പറ്റി വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നു എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഈ കേസിന്റെ വാദം കേട്ടുകൊണ്ടിരുന്നപ്പോള്‍ ഒരു ന്യായാധിപന്റെ വെളിച്ചം പകരുന്ന ഒരു വിധി ഞങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ വിധിപ്രസ്താവത്തോട് പൂര്‍ണ്ണമായും യോജിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ആ തീര്‍പ്പിന്റെ അവസാനഭാഗത്ത് അര്‍ത്ഥവത്തായ ഒരു ഗാനം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മരണത്തില്‍ മനുഷ്യര്‍ സമന്മാരാണെന്നാണ് ഗാനത്തിന്റെ അര്‍ത്ഥം. ആ ഗാനത്തിലടങ്ങിയ മഹത്തായ സന്ദേശം ഓരോ വ്യക്തിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധി?േക്കണ്ടതും ആവശ്യമാണ്.'

ഈ വിധിയില്‍, ന്യായാധിപന്മാര്‍ തൊട്ടുകൂടായ്മ, അത് ഏതുവിധത്തിലുള്ളതും തരത്തിലുള്ളതുമായാലും, അതിനെ നിരോധിക്കുന്ന ഭരണഘടനയിലെ 17ാം വകുപ്പിനെ പരാമര്‍ശിക്കുന്നുമുണ്ട്. മാത്രമല്ല, പൗരന്മാരുടെ നിയമപരവും സംഘടനാപരവുമായ (civil rights) അവകാശങ്ങളെ സംരക്ഷിക്കുന്ന 1955-ലെ നിയമവും പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് എതിരായുള്ള അതിക്രമങ്ങളെ തടയുന്ന 1989-ലെ നിയമവും കര്‍ശനമായി നടപ്പാക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.

'എല്ലാവിധത്തിലുള്ള തൊട്ടുകൂടായ്മയും ഇല്ലാതാവണമെന്ന ഉന്നതലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ 17ാം വകുപ്പിന് രൂപംകൊടുക്കപ്പെട്ടിരിക്കുന്നത്. ഈ വകുപ്പനുസരിച്ച് തൊട്ടുകൂടായ്മ കാരണം ആരെങ്കിലും ആരേയെങ്കിലും മാറ്റിനിര്‍ത്തുകയോ അവശതകള്‍ സൃഷ്ടിക്കുകയോ ചെയ്താല്‍ അതിനു കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും. ഈ വകുപ്പില്‍ അന്തര്‍ലീനമായിരിക്കുന്ന വൈകാരികതയെ കണക്കിലെടുത്താണ് പൗരന്മാരുടെ നിയമപരവും സംഘടനാപരവുമായ അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമം കൊണ്ടുവന്നതെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ട് ഭരണഘടനയിലെ 17ാം വകുപ്പില്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ അധികാരികള്‍ക്കുമുണ്ടെന്നുമാത്രമല്ല, അതു നടപ്പാക്കുമ്പോള്‍ രണ്ടഭിപ്രായം ഉണ്ടാകേണ്ടതുമില്ല. അതേപോലെ, പൗരന്മാരുടെ അവകാശത്തെ സംരക്ഷിക്കുന്ന നിയമവും 1989-ലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ തടയുന്ന നിയമവും കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട കടമ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ക്കുണ്ട്. ഭരണഘടന നിലവില്‍ വന്നിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടും തൊട്ടുകൂടായ്മ തീര്‍ത്തും ഒഴിവാക്കപ്പെടാതെ നിലനില്‍ക്കുന്നത് നിര്‍ഭാഗ്യമാണെന്നതില്‍ ഒരു സംശയവുമില്ല. ജനങ്ങളെ ബോധവാന്മാരാക്കി വളരെ വേഗത്തില്‍ത്തന്നെ ഈ വിധത്തിലുള്ള ഹാനികരവും വിനാശകരവും പതിവായിത്തീര്‍ന്നതുമായ പ്രവര്‍ത്തനത്തിന് വിരാമമിടേണ്ടതും നിരോധിക്കേണ്ടതുമാണ്. എന്നിട്ടും അവ എവിടെയെങ്കിലും നേരിട്ടോ, പരോക്ഷമായോ തലപൊക്കിയാല്‍ അവയെ നശിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയുമാണ്.'
(പി. രത്‌നം v/s തമിഴ്‌നാട് സര്‍ക്കാരും മറ്റും. 2009 (2) CTC 405)

Content Highlights: Justice K.Chandru, Dr. B.R Ambedkar, Dalits, Indian constitution, mathrubhumi