പട്ടിണിമൂലം രാവിലെയും ഉച്ചയ്ക്കും ചുണ്ണാമ്പ് തിന്നുന്ന ആദിവാസികൾ; ദണ്ഡകാരണ്യത്തിലെ രാമരാജ്യങ്ങൾ

വെങ്കിടേഷ് രാമകൃഷ്ണന്റെ വഴിവിട്ട യാത്രകള്‍ എന്ന പുസ്തകത്തില്‍നിന്ന്
'ഇത് ദണ്ഡകാരണ്യം. നാലു സംസ്ഥാനങ്ങളിലായി ഏതാണ്ട് ഒരു ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന മഹാവനം. അതിന്റെ വലിയൊരു പങ്ക് ഇവിടെയാണ്. എന്റെ നാട്ടില്‍. മനുഷ്യന്റെയും പ്രകൃതിയുടെയും പഠനം നിങ്ങള്‍ ഗൗരവമായി എടുക്കുന്നുണ്ടെങ്കില്‍, ഈ ഇടം ഇഷ്ടപ്പെടും. ഒരുപാടൊരുപാട് കാര്യങ്ങള്‍ നിങ്ങളെ പഠിപ്പിക്കാന്‍ ഈ കാടിനാവും. ഹിന്ദുമത വിശ്വാസിയാണെങ്കില്‍, ഈ സ്ഥലത്തിനു നിങ്ങള്‍ കല്പിക്കുന്ന മഹത്ത്വം, ഒന്നു വേറെത്തന്നെയാവും. സാക്ഷാല്‍ ശ്രീരാമന്റെ വനവാസം ഇവിടെയായിരുന്നു എന്നാണ് സങ്കല്പം.' ബിലാസ്പൂര്‍ ടൈംസ് എന്ന ചെറുകിട പത്രത്തിന്റെ ആപ്പീസില് ഇരുന്നു ദ്വാരകാ പ്രസാദ് ചൗബെ ഇങ്ങനെ പറഞ്ഞുതരുന്ന ചിത്രം, ഇന്നും എന്നോടൊപ്പമുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടു രണ്ടു വ്യാഴവട്ടം കഴിഞ്ഞുവെങ്കിലും. 1985-ന്റെ അവസാന മാസങ്ങളില്‍ മധ്യപ്രദേശ് സന്ദര്‍ശിച്ചപ്പോഴാണ് ആ സംസ്ഥാനത്തിന്റെ പത്രപ്രവര്‍ത്തനചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ഈ മനുഷ്യനെ കാണുന്നത്.
ബിലാസ്പൂര്‍ അടങ്ങുന്ന ഇപ്പോഴത്തെ ഛത്തീസ്ഗഡ് പ്രദേശത്തെ ആദ്യത്തെ സായാഹ്നപത്രം പ്രസിദ്ധീകരിച്ച വ്യക്തി എന്നതായിരുന്നു, ചൗബെ സാബിന്റെ പ്രാഥമിക വിലാസം. പക്ഷേ, അതിലുപരി ആ പ്രദേശത്തുകാര്‍ക്ക്, പൗരബോധത്തിന്റെയും, സാമൂഹികാവബോധത്തിന്റെയും വഴികാട്ടിയായിരുന്നു, ചൗബെജി. പിന്നീട് ഛത്തിസ്ഗഡ് ആയി മാറിയ ഭൂവിഭാഗങ്ങളിലേക്കുള്ള എന്റെ ആദ്യയാത്രയായിരുന്നു, അത്. ഭോപ്പാല്‍, ഉജ്ജയിന്‍, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരത്തെ പോയിരുന്നെങ്കിലും, ഛത്തീസ്ഗഡ് മേഖലയില്‍ ആദ്യമായി എത്തുകയായിരുന്നു. അന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന, അര്ജുന് സിങ്ങിനെതിരെ ഉയര്‍ന്നുവന്ന ചില അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുക എന്നതായിരുന്നു, യാത്രയുടെ മുഖ്യലക്ഷ്യം. ആ യാത്രയില്‍ ആദ്യം എത്തിയത് ഭോപ്പാലില്‍, ശേഷം ജബല്പൂരില്, പിന്നെ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍, ഒടുവില്‍ ബിലാസ്പൂരില്‍. ഇവിടെയാണ്, ദ്വാരക പ്രസാദ്ജിയെ കണ്ടുമുട്ടുന്നത്.
ഭോപ്പാലിലേയും റായ്പൂരിലേയും പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ നേരത്തെ പറഞ്ഞിരുന്നു, പ്രദേശത്തിന്റെ ചരിത്രവും ഇതിഹാസവും കരതലാമലകമായ പണ്ഡിതനാണ്, ശരിക്കും മുതലാക്കിക്കൊള്ളണം, എന്ന്. അതനുസരിച്ചു തന്നെ പ്രവര്‍ത്തിച്ചു. ചൗബെജിയെ മൂന്നു മണിക്കൂര്‍ ശരിക്കും വളഞ്ഞിട്ടു ചോദ്യങ്ങളാല്‍ ശല്യപ്പെടുത്തി. അദ്ദേഹത്തിനു അതൊന്നും അലോസരമായി തോന്നിയതുമില്ല. ആ സംഭാഷണങ്ങള്‍ക്കിടയിലാണ്, അദ്ദേഹം ദണ്ഡകാരണ്യത്തെക്കുറിച്ചും പറയുന്നത്.
ഭൂമിശാസ്ത്രത്തിലും രാമായണപരാമര്ശത്തിലും തുടങ്ങിയ ആ വിവരണം പതിയെ സാമൂഹികശാസ്ത്രത്തിലേക്കും, സാമ്പത്തിക അവസ്ഥയിലേക്കും ഒക്കെ നീങ്ങി. ഛത്തീസ്ഗഢിലെ ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ അദ്ദേഹത്തെ അത്യന്തം വിഷമിപ്പിച്ചിരുന്നു എന്ന്, ആ സംഭാഷണം വ്യക്തമാക്കി, 'സ്വന്തമായി ഒന്നുമില്ലാത്ത ഒരു ജനത, അവര്‍ നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്നു. ഇവിടുത്തെ രാഷ്ട്രീയനേതാക്കളില്‍ ഭൂരിപക്ഷത്തിനും, സ്വന്തം കീശ വീര്‍പ്പിക്കുക എന്നതിലല്ലാതെ മറ്റൊന്നിലും താത്പര്യമില്ല.
ഒരു വലിയ പൊട്ടിത്തെറിക്കു തയ്യാറായി നില്‍ക്കുകയാണ്, ഈ ജനതയും, ഈ പ്രദേശവും.' ചൗബെജി അന്ന് അങ്ങനെ പറയുമ്പോള്‍, ഛത്തീസ്ഗഢ് മാവോയിസ്റ്റ് തീവ്രവാദ രാഷ്ട്രീയത്തിന്റെ മുഖ്യസ്ഥാനങ്ങളില്‍ ഒന്നായി മാറിയിരുന്നില്ല. അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ നിന്നു കടന്നുവന്നുകൊണ്ടിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ചെറിയ ചെറിയ ആദിവാസി ഗ്രൂപ്പുകള്‍ ഉണ്ടാക്കിവരുന്ന കാലമായിരുന്നു. എങ്കിലും, ജനജീവിതത്തെ അടുത്തറിഞ്ഞ ആ പത്രപ്രവര്ത്തകന് ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുകതന്നെ ചെയ്തു.
എന്റെ കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നു വര്‍ഷത്തിനകം ചൗബെജി മരിച്ചു. ആ മൂന്നു വര്‍ഷങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചില്ലെങ്കിലും, ഇടയ്ക്കൊക്കെ ടെലിഫോണ്‍ വഴി പരിചയം പുതുക്കിക്കൊണ്ടിരുന്നു. 1990-കളുടെ തുടക്കത്തോടെ ഛത്തീസ്ഗഢ് പ്രദേശത്തേക്കുള്ള എന്റെ യാത്രകള്‍ വര്‍ധിച്ചുതുടങ്ങി. ചൗബെജി പ്രവചിച്ചതുപോലെ ദണ്ഡകാരണ്യം എനിക്ക് പുതിയ പല കാര്യങ്ങള്‍ കാണിച്ചു തന്നു. പുതിയ പല അറിവുകള്‍ എന്നില്‍ ഉണര്‍ത്തി. പുതിയ പല സുഹൃത്തുക്കളേയും ഈ കാട് എനിക്കു തന്നു. മറ്റൊന്നും കിട്ടാത്തതുകൊണ്ട് പ്രാതലിനും ഉച്ചഭക്ഷണത്തിനും ചുണ്ണാമ്പു തിന്നുന്ന ആദിവാസികള്‍, കണ്ട പുതിയ കാര്യങ്ങളില്‍ ഉണ്ടായിരുന്നു. 1992-ന്റെ തുടക്കത്തിലായിരുന്നു ആ യാത്ര. നദി സ്വകാര്യ വ്യക്തികള്‍ക്കു തീറെഴുതി നല്കിയ ഭരണാധികാരികള്‍ വികസനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു.
1990-കളുടെ അവസാനമായിരുന്നു, ആഗോളവത്കരണത്തിന്റെ പുതു മാതൃകകള്‍ തുറന്നുകാട്ടിയ ആ അടുത്ത യാത്ര. പിന്നെ തോക്കും തിരയുമായി നടന്ന്, പോലീസുകാരെയും മറ്റ് അധികാരികളെയും കൊന്നൊടുക്കി വിമോചനം സാധ്യമാക്കാം എന്നു വിചാരിച്ച മാവോയിസ്റ്റുകളുടെയും, അവരുടെ അണികളിലേക്ക് പ്രതീക്ഷയോടെ കൂടിച്ചേര്‍ന്ന ആദിവാസി സ്ത്രീ-പുരുഷന്മാരുടേയും കൂടെ, രാമന്റെ കാട്ടിലൂടെ എത്രയെത്ര യാത്രകള്‍. ഇവരില്‍ പലരും എന്റെ പുതിയ സുഹൃത്തുക്കളില്‍ ചിലരായി മാറി.
അതിനെല്ലാം ഇടയിലൂടെ ഹിന്ദുത്വ, ഛത്തീസ്ഗഢിലെ വ്യവസ്ഥാപിത രാഷ്ട്രീയത്തിനുമേല്‍ പിടിമുറുക്കുന്നതും, അടുത്തുനിന്ന് കാണാന്‍ കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, രമണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍, ചൗബെജിയുടെ ദണ്ഡകാരണ്യ പരാമര്‍ശവും ഒരിക്കല്‍ക്കൂടി ഓര്‍മയിലെത്തി. വിജയലഹരിയില്‍ കാവ്യാത്മകഭാഷണം സ്വന്തമാക്കിയ ബി.ജെ.പിയുടെ ഒരു പ്രവര്‍ത്തകനാണ്, അത് ഓര്‍മിപ്പിച്ചത്. 'രമണ്സിങ്ങിനു ദണ്ഡകാരണ്യം വനവാസത്തിന്റേതല്ല, മറിച്ച് രാജ്യഭാരം നേടുന്നതിന്റെയും, ഛത്തീസ്ഗഡ് രാമരാജ്യം ആക്കുന്നതിന്റെയുമാണ്' എന്നായിരുന്നു ആ കമന്റ്.
അപ്പോഴൊന്നും ഇങ്ങനെയൊരു വാര്‍ത്ത ഞാന്‍ അറിയേണ്ടിവരുമെന്നോ, അത് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, 2009 ജൂലൈ 13-നു സംഭവിച്ചത് അതാണ്. ഛത്തീസ്ഗഢിലെ ആദ്യത്തെ പത്രപ്രവര്‍ത്തന വഴികാട്ടി എന്നുതന്നെ വിളിക്കാവുന്ന ചൗബെജിയുടെ മകന്, ബിനോദ് കുമാര്‍ ചൗബെ, തലേദിവസം ദണ്ഡകാരണ്യത്തില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വായിക്കുകയും, അതിന്റെ റിപ്പോര്‍ട്ട് ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്യേണ്ടിവന്നു, എനിക്ക്.
ദണ്ഡകാരണ്യമേഖലയില്ത്തന്നെയുള്ള രാജ്നന്ദ്ഗാവ് ജില്ലയിലെ പോലീസ് സൂപ്രണ്ട് ആയിരുന്നു, ബിനോദ് കുമാര്‍. ചൗബെജിയുമായുള്ള എന്റെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ മകന്റെ പേര് കടന്നുവന്നിരുന്നുവെങ്കിലും, ഒരിക്കലും ബിനോദ് കുമാറിനെ കാണാന്‍ അവസരം ഉണ്ടായിരുന്നില്ല. അടുത്തകാലത്ത്, ഛത്തീസ്ഗഢിലെ ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍, ചൗബെജിയുടെ മകന് ഒരു മാതൃകാ പോലീസ് ഓഫീസറായി പേരെടുത്തുവരികയാണ് എന്ന് പറഞ്ഞിരുന്നു.
മാവോയിസ്റ്റുകളും മനുഷ്യരാണ് എന്നും, അവരെ നേരിടാനും നേര്‍വഴിക്ക് നയിക്കാനും ആയുധസന്നാഹങ്ങള്‍ മാത്രം പോരാ എന്നു വിശ്വസിക്കുകയും ചെയ്ത, ഒരു ഉദ്യോഗസ്ഥനാണ് ബിനോദ് കുമാര്‍ എന്നു പറഞ്ഞുകേട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭാമണ്ഡലം കൂടി ഉള്‍പ്പെടുന്ന ജില്ല ആയിരുന്നു, രാജ്നന്ദ്ഗാവ്. ബി.ജെ.പി. പ്രവര്ത്തകന് പറഞ്ഞതുപോലെ, ഛത്തീസ്ഗഢിനെ രാമരാജ്യം ആക്കുന്ന രമണ്‍ സിങ്ങിന്റെ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ക്ക് വേദിയായ സ്ഥലം. അവിടെത്തന്നെ, ബിനോദ് കുമാര്‍ എന്ന മാന്യനായ പോലീസുകാരന് നിഷ്ഠുരമായി വധിക്കപ്പെടുമ്പോള്‍, ദണ്ഡകാരണ്യത്തിലെ രാമരാജ്യത്തിന്റെ അര്‍ഥം പാടേ മാറുന്നു. അവിടെ ചൗബെജി പ്രവചിച്ച പൊട്ടിത്തെറികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
(31 ജൂലൈ 2009)
Content Highlights: Vazhivitta yathrakal book excerpt