ചേലേമ്പ്ര ബാങ്ക് കവര്‍ച്ച; സ്ട്രോങ്റൂമിലേക്ക് ഒരു മാന്‍ഹോളിലൂടെ പ്രവേശിച്ച് തകര്‍ത്ത ലോക്കറുകള്‍!

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ ചേലേമ്പ്ര ബാങ്ക് കവര്‍ച്ച. സൈഫ് മുഹമ്മദാണ് മാതൃഭൂമി ബുക്‌സിനുവേണ്ടി പുസ്തകം പരിഭാഷപ്പെടുത്തിയത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ പിന്നാമ്പുറക്കഥകളില്‍ പറയുന്ന പുസ്തകത്തില്‍നിന്നും ഒരധ്യായം..
2007 ഡിസംബര്‍ 31. തിങ്കളാഴ്ച
ഒരു ചെറുപുഞ്ചിരിയോടെ വിജയന്‍ ഉറക്കമുണര്‍ന്നു. മക്കളോടും ഭാര്യയോടുമൊപ്പം സായാഹ്നം ചെലവഴിക്കാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്ത് സന്തോഷവാനായിരുന്നു അദ്ദേഹം. ഔദ്യോഗിക ജോലികള്‍ എത്രയും പെട്ടെന്ന് ചെയ്തുതീര്‍ക്കണംഅദ്ദേഹം വെപ്രാളപ്പെട്ടു. ജോലിഭാരം ആവശ്യപ്പെട്ട കഠിനദ്ധ്വാനത്തില്‍ തളര്‍ച്ച അനുഭവപ്പെട്ടുതുടങ്ങിയ വിജയന് കുടുംബത്തോടൊപ്പം ഉല്ലസിക്കാനും വിശ്രമിക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ആവുമായിരുന്നില്ല.
കുളിമുറിയില്‍ കയറി ടാപ്പ് ഓണാക്കിയപ്പോള്‍ ഷവര്‍ഹെഡ്ഡില്‍നിന്ന് തണുത്ത വെള്ളം വിജയന്റെ മുഖത്തേക്കു വീണു. ശരീരമാകെ വിറയല്‍ അനുഭവപ്പെടുമെങ്കിലും അതിരാവിലെ തണുത്ത വെള്ളത്തില്‍ വിശാലമായി കുളിക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടശീലങ്ങളിലൊന്നായിരുന്നു. പ്രഭാതപൂജയും ജോഗിങ്ങും യോഗയുമാണ് ശേഷം. ഏഴരമണിയായപ്പോഴേക്കും ചൂട് കാപ്പിക്കൊപ്പം വിജയന്‍ ദിനചര്യയായ പത്രവായന ആരംഭിച്ചിരുന്നു.
വിജയന്റെ പ്രഭാതശീലങ്ങള്‍ ഒരു ഘടികാരത്തിന്റെ പ്രവര്‍ത്തനംപോലെ കൃത്യമായിരുന്നു. അതിരാവിലെ ഉറക്കമുണരുന്ന അദ്ദേഹം ഒരു മിനിറ്റുപോലും പാഴാക്കാതെ താന്‍ ശീലിച്ച ചിട്ടവട്ടങ്ങള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കുമായിരുന്നു. ഉച്ചയോടെ തൃശ്ശൂരില്‍ എത്താന്‍ ആഗ്രഹിച്ചതിനാല്‍ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്റെ അധികാര പരിധിയിലുള്ള 32 പോലീസ് സ്റ്റേഷനുകളില്‍നിന്ന് റിപ്പോര്‍ട്ട് എടുക്കാന്‍ കൃത്യം എട്ടുമണിക്ക് അദ്ദേഹം പോലീസുകാരോടൊപ്പം വയര്‍ലെസ് കണ്‍ട്രോള്‍ റൂമിലേക്ക് നടന്നു.
ഓരോ പോലീസ് സ്റ്റേഷനും ഒരു കോഡ് നമ്പറുണ്ട്. വയര്‍ലെസ് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സംഭാഷണങ്ങളില്‍ ടൈഗര്‍ എന്നത് വിജയന്‍ എന്ന പോലീസ് സൂപ്രണ്ടിനെ സൂചിപ്പിച്ചു.
'P1, ടൈഗര്‍ കോളിങ്. ഓവര്‍.'
'ടൈഗര്‍. P1 ഏന്‍സറിങ് സര്‍. ഓവര്‍.'
'P1. എന്താണ് റിപ്പോര്‍ട്ട്? ഓവര്‍.'
'സര്‍, രണ്ട് അപകടകേസുകളുണ്ട്. പക്ഷേ, ഗുരുതരമായ പരിക്കില്ല, ഒരു ചെയിന്‍ തട്ടിപ്പ്, പ്രതിയെ തിരിച്ചറിഞ്ഞു. സാറിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കും, കൂടുതലൊന്നുമില്ല സര്‍. ഓവര്‍.'
റിപ്പോര്‍ട്ട് എടുത്തുകഴിഞ്ഞതിനുശേഷം അന്നത്തെ പൊതുനിര്‍ദ്ദേശങ്ങള്‍ വിജയന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കി.
തുടര്‍ന്ന് താന്‍ നിര്‍ദ്ദേശിച്ചപ്രകാരം തന്നെ കാണാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് വിജയന്‍ സംവദിച്ചു. നേര്‍ച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളില്‍ പുലര്‍ത്തേണ്ട കണിശതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു: 'ജനുവരി 3ന് നേര്‍ച്ച ആരംഭിക്കുകയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ വര്‍ഷം ഒരുവിധത്തിലുമുള്ള അക്രമമോ കലാപമോ ഉണ്ടാകാന്‍ അനുവദിച്ചുകൂടാ. ബന്ദോബസ്ത് കൃത്യമായിത്തന്നെ നടപ്പാക്കിയിരിക്കണം.'
വിജയന്‍ പോലീസുകാര്‍ക്കു നല്‍കിക്കൊണ്ടിരുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്ന പോലീസുകാരില്‍ ഒരാള്‍ നിര്‍ദ്ദിഷ്ട ഡയറിയില്‍ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
ആ നിമിഷം വിജയനെ അലട്ടിയിരുന്ന ഏറ്റവും വലിയ തലവേദന കലാപവും അക്രമവും തടയുന്നതിനായി നേര്‍ച്ചയ്ക്കൊരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. ഇതിനായി കഴിഞ്ഞവര്‍ഷത്തെ കലാപത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ അദ്ദേഹം ആഴത്തില്‍ അവലോകനം ചെയ്തു. മൂന്നു കൊലപാതകങ്ങളും പത്തു കൊലപാതകശ്രമങ്ങളും! മലപ്പുറത്ത് നിയമിതനായപ്പോള്‍ അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിജയന് ചട്ടപ്രകാരം കൈമാറിയതാണ് നേര്‍ച്ചയുമായി ബന്ധപ്പെട്ട ഈ കുഴപ്പംപിടിച്ച കേസുകള്‍.
മലപ്പുറത്ത് ഔദ്യോഗികപദവി ഏറ്റെടുക്കും മുമ്പ് വിജയന്‍ ഉത്തര്‍പ്രദേശിലായിരുന്നു. അവിടെ ഏഴു ഘട്ടമായി 60 ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിന്റെ സുരക്ഷാച്ചുമതല എന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെട്ട ഓഫീസര്‍മാരില്‍ ഒരാളായിരുന്നു വിജയന്‍.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിനെ സഹായിക്കാന്‍ കേരളത്തില്‍നിന്ന് 1200 പോലീസുകാരെയാണ് വിജയന്‍ വിന്യസിച്ചത്. ഭാരിച്ച ഈ ജോലി വിജയകരമായി പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയ ഉടനെയാണ് വിജയന്‍ മലപ്പുറത്ത് ചുമതല ഏറ്റെടുക്കുന്നത്. മലപ്പുറത്ത് അദ്ദേഹത്തെ കാത്തിരുന്നത് നേര്‍ച്ച എന്ന ചെറുതല്ലാത്ത ഈ വെല്ലുവിളിയും.
മനസ്സില്‍ മിന്നിമാഞ്ഞ ചിന്തകള്‍ക്ക് വിരാമമിട്ട് വിജയന്‍ സുരക്ഷാക്രമീകരണത്തിനായി തയ്യാറാക്കിയ കര്‍മ്മപദ്ധതികള്‍ ഒരിക്കല്‍ക്കൂടി വിശകലനം ചെയ്തു. 'ഇരുപത്തിനാലുമണിക്കൂറും ബന്ദോബസ്ത് ഉണ്ടായിരിക്കണം. പോലീസുകാരെ എട്ടുമണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായി തിരിച്ച് കൃത്യമായ നിരീക്ഷണം ഉറപ്പാക്കുക. വീഴ്ചകളൊന്നും പാടില്ല.'
വിജയന്റെ കണിശമായ നിര്‍ദ്ദേശം കേട്ട ഒരു പോലീസുകാരന്‍ പരിഭവം പ്രകടിപ്പിച്ചു: 'സര്‍ നിര്‍ദ്ദേശിച്ച രൂപത്തില്‍ നിരീക്ഷണമൊരുക്കാന്‍ നമുക്ക് വേണ്ടത്ര പോലീസുകാരില്ല.' വിജയന്‍ അയാളെ ഗൗരവം കലര്‍ന്ന ഭാവത്തോടെ നോക്കികൊണ്ട് പറഞ്ഞു: 'നിങ്ങള്‍ ഉന്നയിച്ച ആശങ്കയെക്കുറിച്ച് എനിക്ക് ധാരണയില്ല എന്നു കരുതുന്നുണ്ടോ? ആള്‍ബലം കുറവാണെങ്കില്‍ മറ്റു ജില്ലകളില്‍നിന്ന് പോലീസുകാരെ അയയ്ക്കാന്‍ ആവശ്യപ്പെടൂ,' വിജയന്‍ തുടര്‍ന്നു, 'ആവശ്യത്തിന് പോലീസ് വാഹനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. സാമുദായികസംഘര്‍ഷങ്ങളുണ്ടാവാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുക. സ്ഥിരം പ്രതികളെ കരുതല്‍ത്തടങ്കലില്‍ വെക്കുക. ദൈവത്തെ ഓര്‍ത്ത് കഴിഞ്ഞകാലങ്ങളിലെപ്പോലെ അനിഷ്ടസംഭവങ്ങളുണ്ടാവാന്‍ ഒരു പഴുതും ബാക്കിവെക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.'
വിജയന്റെ വാക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഏല്‍പ്പിച്ച ജോലി കൃത്യനിഷ്ഠയോടെ ചെയ്തുതീര്‍ക്കാനായി ധൃതിയില്‍ പിന്‍വാങ്ങും മുമ്പ് അവര്‍ ഒരേ താളത്തില്‍ പോലീസ് ബൂട്ട് ഉറക്കെ ചവിട്ടി തങ്ങളുടെ മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്തു.
'സാര്‍ ഇന്നു ശരിക്കും ഞെട്ടിച്ചുകളഞ്ഞല്ലോ!' ഒരു പോലീസ് ഇന്‍സ്പെക്ടര്‍ തന്റെ സുഹൃത്തിനോട് അഭിപ്രായപ്പെട്ടു. 'ഓ! ദേഷ്യം വരുമ്പോള്‍ സാറിനെ നീ ഒന്ന് കാണണം.' സുഹൃത്തിന്റെ പ്രതികരണം കേട്ട് ഇന്‍സ്പെക്ടര്‍ ഒന്നു ചിരിച്ചുകൊണ്ട് മൂളുക മാത്രം ചെയ്തു.
പോലീസുകാര്‍ പോയിത്തുടങ്ങിയ നേരത്ത് വിജയന്റെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോണ്‍സണ്‍ ആയിരുന്നു അത്.
'ജോണ്‍സണ്‍, പറയൂ എന്താ വിശേഷം?' വിജയന്‍ ആരാഞ്ഞു.
'സര്‍, ചേലേമ്പ്രയില്‍ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയുണ്ട്. രാവിലെ ബാങ്കിന്റെ മാനേജര്‍ ഷട്ടര്‍ തുറന്നപ്പോള്‍ തറയിലാകെ പൊടി വീണു കിടക്കുന്നത് കണ്ടു പരിഭ്രാന്തനായി എന്നെ വിളിച്ചു. പരിശോധിക്കാനായി ബാങ്കില്‍ വന്നതാണ് ഞാന്‍.'
'എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ? വിലപിടിപ്പുള്ള സാധനങ്ങള്‍ വല്ലതും?' ജാഗ്രതകലര്‍ന്ന സ്വരത്തില്‍ വിജയന്‍ അന്വേഷിച്ചു.
'സാര്‍, ഞാനിപ്പോള്‍ എത്തിയതേയുള്ളൂ. ഞാന്‍ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം തിരികെ വിളിക്കാം. ബാങ്കിലെത്തിയ സാഹചര്യം സാറിനെ അറിയിക്കാമെന്ന് കരുതി വിളിച്ചതാണ്,' ജോണ്‍സണ്‍ കോള്‍ വിച്ഛേദിച്ചു. വിജയന്‍ വീണ്ടും നേര്‍ച്ചയുടെ ഭാഗമായി മുന്‍കാലങ്ങളിലുണ്ടായ കേസുകളുടെ പരിശോധനയില്‍ മുഴുകി.
കൃത്യം 30 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജോണ്‍സണ്‍ തന്റെ മേലുദ്യോഗസ്ഥനെ വീണ്ടും വിളിച്ചു. 2007 ഡിസംബര്‍ 31, തിങ്കളാഴ്ച രാവിലെ 10:15 നായിരുന്നു വിജയന്റെ ഫോണിലേക്ക് ജോണ്‍സന്റെ ആ കോള്‍ വന്നത്.
'ജോണ്‍സണ്‍, പറയൂ, എന്താണ് അപ്ഡേറ്റ്?' വിജയന്‍ ചോദിച്ചു.
'സര്‍, ബാങ്കിന്റെ സ്ട്രോങ്റൂമിലേക്ക് ഒരു മാന്‍ഹോളിലൂടെ ആരോ പ്രവേശിച്ചിരിക്കുന്നു,' ജോണ്‍സണ്‍ അറിയിച്ചു, 'സര്‍, ലോക്കറുകളെല്ലാം തകര്‍ത്തിരിക്കുന്നു. അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടതായാണ് ബാങ്ക് മാനേജര്‍ സംശയിക്കുന്നത്!'
വിജയന്‍ എന്ന പോലീസ് ഓഫീസര്‍ വാര്‍ത്ത കേട്ട് ശരിക്കും ഞെട്ടി. ഇത്രയും വലിയ ഒരു കുറ്റകൃത്യത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ജോണ്‍സന്റെ ശബ്ദത്തിലുണ്ടായിരുന്ന ശാന്തത വിജയനെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. അതോ ഭയാശങ്കകള്‍ മറച്ചുവെച്ച് ജോണ്‍സണ്‍ ശാന്തത നടിക്കുന്നതാണോ? വിജയന്‍ സംശയിച്ചു.
എത്ര വലിയ കുറ്റകൃത്യമാണെങ്കിലും കാഴ്ചക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാന്‍ ശാന്തത കൈവിടാതിരിക്കുക എന്ന അലിഖിതനിയമം പാലിക്കാന്‍ ജോണ്‍സണ്‍ ശരിക്കും പാടുപെട്ടു. നിനച്ചിരിക്കാത്ത നേരത്ത് ഉള്‍ക്കൊള്ളാവുന്നതിനും പതിന്മടങ്ങു ശക്തിയില്‍ ഊര്‍ജ്ജം സംഭരിച്ച ഒരു യന്ത്രത്തെപ്പോലെ ജോണ്‍സന്റെ ഹൃദയം പെരുമ്പറകൊട്ടുന്നുണ്ടായിരുന്നു.
'അരമണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെയെത്താം,' വിജയന്‍ കസേരയില്‍നിന്ന് ധൃതിയില്‍ എഴുന്നേറ്റു വാഹനം തയ്യാറാക്കാന്‍ ആംഗ്യം കാണിച്ചു. വിജയന്റെ മനസ്സില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ കനംവെച്ചുതുടങ്ങിയിരുന്നു.
ബാങ്ക് സ്ഥിതിചെയ്യുന്ന ആ പ്രദേശത്തെ പാവങ്ങളെ സംബന്ധിച്ചിടത്തോളം അഞ്ചു കോടി ഒരു ചെറിയ തുകയേയായിരുന്നില്ല. 10 മുതല്‍ 15 വരെ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളുടെ ആശ്രയമായിരുന്നു ആ ഗ്രാമീണ ബാങ്ക്. ഏകദേശം പതിനായിരത്തോളമായിരുന്നു ആകെ ഉപഭോക്താക്കളുടെ എണ്ണം. സ്വര്‍ണ്ണം ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് മിക്കവാറും മലയാളികള്‍ക്ക്. സ്വര്‍ണ്ണം ഒരു സമ്പാദ്യം എന്നതിന് അപ്പുറം അതിനോട് ഒരു വൈകാരികബന്ധം കൂടി ആളുകളില്‍ ഉടലെടുക്കാറുണ്ട്. ഗ്രാമീണ ബാങ്കിനെ ആശ്രയിച്ച് ബാങ്കിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് ബാങ്കില്‍ നിക്ഷേപിച്ച പണവും ആഭരണങ്ങളും നഷ്ടമാകുക എന്നത് സങ്കല്‍പ്പിക്കാന്‍പോലും ആവില്ല എന്നു വിജയന് സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്ന് നന്നായി അറിയാം.
മതപരമായ ചടങ്ങുകള്‍ക്കും കുട്ടികളുടെ വിവാഹച്ചടങ്ങുകള്‍ക്കും ചികിത്സാച്ചെലവുകള്‍ക്കുംവേണ്ടി കാത്തുവെക്കുന്ന പ്രധാന ആസ്തിയായാണ് സ്വര്‍ണ്ണത്തെ സാധാരണ കണക്കാക്കുന്നത്. റിട്ടയര്‍മെന്റ് ജീവിതം സുഗമമാക്കാനുള്ള സമ്പാദ്യമായിരുന്നു സ്വര്‍ണ്ണം ചിലര്‍ക്ക്. വൈവാഹിക ബന്ധത്തിന്റെ പ്രധാന അടയാളമായാണ് സ്വര്‍ണ്ണത്തില്‍ പണിത താലിമാലയെ പൊതുവില്‍ വിലമതിക്കുന്നത്. മതപരവും ആത്മീയവുമായ മാനങ്ങള്‍ക്കപ്പുറം ഭാര്യാഭര്‍ത്താക്കന്മാരെ വൈകാരികമായി കോര്‍ത്തിണക്കുന്ന ഒരു കണ്ണികൂടിയാണ് താലിമാല. അത്യാവശ്യഘട്ടങ്ങളില്‍ പണത്തിനു ബുദ്ധിമുട്ടു നേരിടുമ്പോള്‍ സ്ത്രീകള്‍ താലിമാല ബാങ്കില്‍ പണയം വെക്കുന്നത് അസാധാരണമായിരുന്നില്ല. പണയത്തിലായ താലിമാല തിരികെ ലഭിക്കാന്‍ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിക്കുന്ന ചില കുടുംബങ്ങളുടെ കദനകഥകള്‍ വിജയനറിയാം.
ഗ്രാമീണ്‍ ബാങ്കിന്റെ തകര്‍ക്കപ്പെട്ട ആ സ്ട്രോങ്റൂമില്‍ എത്ര താലിമാലകള്‍ ഉണ്ടായിരുന്നിരിക്കണം? അവയെല്ലാം നഷ്ടമായിക്കാണുമോ? കുടുംബങ്ങള്‍ തകരുമോ? വിജയന്റെ മനസ്സ് വ്യാകുലമായി. തലയില്‍ ഇരുട്ടുമൂടുന്നപോലെ അനുഭവപ്പെട്ടു വിജയന്. കുളിമുറിയില്‍ കയറി വെള്ളം മുഖത്ത് തളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു, ഇതൊരു ചെറിയ മോഷണമല്ല! അമോണിയ ദുര്‍ഗ്ഗന്ധംപരത്തുന്ന ആ ശുചിമുറിയില്‍ മഞ്ഞക്കറ പുരണ്ട കണ്ണാടിയില്‍ തെളിഞ്ഞ തന്റെ പ്രതിബിംബത്തിലേക്ക് അദ്ദേഹം അല്‍പ്പനേരം നിസ്സഹായനായി നോക്കിനിന്നു.
'നാശംപിടിച്ച ഈ ടോയ്ലറ്റ് വൃത്തിയാക്കാന്‍ ആരെയെങ്കിലും ഒന്ന് ഏല്‍പ്പിക്കാന്‍ ഞാന്‍ എത്ര തവണ പറയണം?' ശുചിമുറിയില്‍നിന്ന് അസ്വസ്ഥമായ മനസ്സോടെ പുറത്തിറങ്ങിയ വിജയന്‍ ആദ്യം കണ്ട പോലീസുകാരനോടു അരിശത്തോടെ പറഞ്ഞു. മേലുദ്യോഗസ്ഥന്റെ മുഖഭാവം ആ പോലീസുകാരനെ ഭയപ്പെടുത്തി. അയാള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. വിജയന്റെ മനസ്സിലാകട്ടെ അല്‍പ്പനിമിഷങ്ങള്‍ക്കു മുമ്പ് തന്നെ അറിയിച്ച ബാങ്ക് മോഷണത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.
വിശദാംശങ്ങള്‍ കൂടുതലായി ഒന്നുമറിയില്ലെങ്കിലും അയാളുടെ സഹജാവബോധം കേസിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് തുടക്കമിടുകയായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ ഒരു കര്‍മ്മപദ്ധതി രൂപപ്പെടുത്തിയെടുക്കാനുള്ള തിടുക്കം കര്‍മ്മോത്സുകനായ ഒരു പോലീസ് ഓഫീസറുടെ പ്രത്യേകതയാണ്. 'നമ്മുടെ വിജയം നമുക്ക് എത്ര നന്നായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നു എന്നതിലാണ്. കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാനായാല്‍ ഏതു കേസിലും നമ്മള്‍ മൂന്നടി മുമ്പിലായിരിക്കും എന്നതില്‍ സംശയം വേണ്ട.' തന്റെ ടീം അംഗമായ ഡെപ്യൂട്ടി സൂപ്രണ്ട് പുഷ്‌കരനോട് മറ്റൊരു കേസുമായി ബന്ധപെട്ട് താന്‍ പറഞ്ഞ വാക്കുകള്‍ വിജയന്‍ ഈ അവസരത്തില്‍ ഓര്‍ത്തെടുത്തു. കേസ് അന്വേഷിക്കാന്‍ ആരായിരിക്കും നല്ലത്, വിജയന്‍ ആലോചിച്ചു.
തന്റെ ഔദ്യോഗിക വാഹനമായ വെള്ള അംബാസഡര്‍ കാറില്‍ കയറി വിജയന്‍ പിന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ഡ്രൈവര്‍ ഷക്കീര്‍ ഹുസൈന്‍ അയാളെ നോക്കി ചോദിച്ചു, 'സര്‍, എങ്ങോട്ടാണ്?'
'ചേലേമ്പ്ര,' വിജയന്‍ മറുപടി പറഞ്ഞു.
ഷക്കീര്‍ കാര്‍ സ്റ്റാര്‍ട്ട് ആക്കി, വാഹനത്തിലെ ഔദ്യോഗിക സൈറണ്‍കൂടി ഓണ്‍ ആക്കിയതോടെ അവിടമാകെ ശബ്ദമുഖരിതമായി. അന്തരീക്ഷത്തിലേക്ക് പൊടി പാറിച്ചുകൊണ്ട് ആ വെളുത്ത അംബാസഡര്‍ കാര്‍ കുതിച്ചു.
ത്രസിപ്പിക്കുന്ന വേഗത ഷക്കീറിന് എന്നും ഹരമായിരുന്നു. കേരള പോലീസില്‍ ജോലി കണ്ടെത്തിയില്ലായിരുന്നെങ്കില്‍ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്ക് യോഗ്യനായിരുന്നേനെ ഷക്കീര്‍ എന്ന് അയാളുടെ സുഹൃത്തുക്കള്‍ തമാശ പറയാറുണ്ട്. വിഖ്യാത ചലച്ചിത്രമായ ടോപ്പ് ഗണ്ണിലെ മാവെറിക്കിനെപ്പോലെ വേഗത അയാളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. ഏത് ഗതാഗതക്കുരുക്കിലുടെയും വണ്ടിയുമായി കുതിച്ചുകയറാന്‍ അയാള്‍ക്ക് അനായാസം സാധിച്ചിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ചിലപ്പോഴൊക്കെ രണ്ടുമണിക്കൂര്‍ എടുക്കുന്ന യാത്ര ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ വിജയനു ഷക്കീറിനോട് പറയേണ്ടിവരാറുണ്ട്. ഷക്കീറാവട്ടെ ഒരു മണിക്കൂര്‍ തികയാന്‍ അഞ്ചു മിനിറ്റ് ബാക്കിനില്‍ക്കെ വിജയനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരിക്കും.
യാത്രാമദ്ധ്യേ വിജയന്‍ ഫോണ്‍വിളികളില്‍ മുഴുകി. ആദ്യം ഡി.ഐ.ജി. വിജയാനന്ദിനെ വിളിച്ചു. ബാങ്ക് മോഷണത്തെക്കുറിച്ചുള്ള വിവരം നല്‍കി. തുടര്‍ന്ന് എ.ഡി.ജി.പി. കെ.എസ്. ജംഗ്പാംഗിയെയും വിവരമറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ഫോറന്‍സിക് ടീം, ഫോട്ടോഗ്രാഫര്‍, സയന്റിഫിക് അസിസ്റ്റന്‍സ് ടീം, ഫിംഗര്‍പ്രിന്റ് ടീം എന്നിവരോട് എത്രയും വേഗം ചേലേമ്പ്രയിലെത്താന്‍ ആഹ്വാനം ചെയ്തു. കൃത്യനിര്‍വ്വഹണത്തില്‍ അത്യന്തം കണിശത ശീലിച്ചിരുന്ന വിജയന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എപ്പോഴും ഒരുപടി മുന്നില്‍ ചിന്തിച്ചിരുന്ന ആളായിരുന്നു. ഒരു റോളോഡെക്സിനെപ്പോലെ അദ്ദേഹത്തിന്റെ മനസ്സില്‍ കേസിനെക്കുറിച്ചുള്ള ചിന്തകള്‍ മിന്നിമാഞ്ഞുകൊണ്ടിരുന്നു. കേസ് അന്വേഷണത്തിന്റെ സാദ്ധ്യതകളിലേക്കും കേസ് അന്വേഷിക്കാന്‍ ഏറ്റവും അനുയോജ്യരായ ടീം അംഗങ്ങളിലേക്കുമൊക്കെ ചിന്തകള്‍ നീങ്ങി.
കേസ് അന്വേഷിക്കുന്നത് തിരൂരങ്ങാടിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയാലോ? വേണ്ട, വലിയ കേസുകളൊന്നും അയാള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. അയാള്‍ക്കു പറ്റുമെന്ന് തോന്നുന്നില്ല.
ഡി.വൈ.എസ്.പി. ആയാലോ? അയാള്‍ അവധിയിലാണല്ലോ! പലവിധ പേരുകള്‍ മനസ്സില്‍ മിന്നിമറഞ്ഞതിനൊടുവില്‍ മൂന്നു പേരുകളില്‍ മനസ്സ് എത്തിനിന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി. വിക്രമന്‍, ഷൗക്കത്ത് അലി, എം.പി. മോഹനചന്ദ്രന്‍. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെടുന്നതിനായി വയര്‍ലെസും മൊബൈല്‍ ഫോണും വഴി അവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലായി വിജയന്‍.
ഭാരതപ്പുഴയോട് ചേര്‍ന്നുകിടക്കുന്ന അഴിമുഖത്തിന്റെ തെക്കേ കരയില്‍ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറുഭാഗം അറബിക്കടലാല്‍ ചുറ്റപ്പെട്ട മനോഹരമായ തീരദേശ പട്ടണമായ പൊന്നാനിയിലേക്കായിരുന്നു ആദ്യവിളി. അറബിക്കടലിന്റെ തീരത്ത് തലയെടുപ്പോടെ നിന്ന പൊന്നാനി മദ്ധ്യകാലഘട്ടത്തില്‍ മുസ്ലിം വ്യാപാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരുന്നു. സമാനതകളില്ലാത്ത സമൃദ്ധി പൊന്നാനിക്ക് ശത്രുക്കളെയും സമ്മാനിക്കാതിരുന്നില്ല. സുഗന്ധവ്യഞ്ജനവ്യാപാരത്തിന്റെ കുത്തകാവകാശത്തിനായി കോഴിക്കോട്ടെ സൈന്യവും പോര്‍ച്ചുഗീസുകാരും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ പതിവായിരുന്നു. നിരവധി അവസരങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ പൊന്നാനി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിക്രമന്റെ പോക്കറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. വിക്രമന്‍ ഫോണ്‍ പുറത്തെടുത്ത് സ്‌ക്രീനിലേക്ക് നോക്കി. 'വിജയന്‍ സര്‍!'
'സര്‍?'
'വിക്രമന്‍, നിങ്ങള്‍ ഉടന്‍ ഏറ്റെടുക്കേണ്ട ഒരു കേസുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ചേലേമ്പ്ര ഗ്രാമീണ്‍ ബാങ്കിലെത്തണം,' അധികം വിശദീകരണങ്ങള്‍ക്കു തുനിയാതെ വിജയന്‍ കാര്യമറിയിച്ചു.
'സര്‍, എന്നെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റാന്‍ സാദ്ധ്യതയുണ്ടെന്ന് കേള്‍ക്കുന്നു. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേട്ടുകേള്‍വി മാത്രമാണ്.'
പൊന്നാനിയില്‍ സി.ഐ. ആയിരുന്ന വിക്രമന്റെ രീതികള്‍ ചില തത്പര കക്ഷികള്‍ക്ക് അത്ര രസിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നപോലെത്തന്നെ, വിക്രമനെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി അവര്‍ അവരുടെ സ്വാധീനമുപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു.
വിക്രമന്റെ വാക്കുകള്‍ കേട്ട് വിജയന്‍ ചിരിച്ചു: 'ചുട്ടയിലെ ശീലം ചുടല വരെ! വിക്രമന്‍, നിങ്ങള്‍ ഞാന്‍ അറിയുന്ന കാലംമുതല്‍ സത്യസന്ധനായ പോലീസുകാരനാണ്. നിങ്ങളുടെ ശീലങ്ങള്‍ മാറാന്‍ പോകുന്നില്ല. അതുകൊണ്ട് ക്രൈംബ്രാഞ്ചില്‍ എത്തിയാലും ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ക്ക് കുറവൊന്നും ഉണ്ടാവില്ല! പാലം കടന്നുകഴിയുമ്പോള്‍ കൂരായണ എന്നതല്ലേ നാട്ടിലെ ശീലം.'
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം വിജയന്‍ തുടര്‍ന്നു, 'വിക്രമന്‍, ട്രാന്‍സ്ഫര്‍ എന്തായാലും തീരുമാനം ആകുന്നതല്ലേയുള്ളൂ. ഈ കേസില്‍ എനിക്കു നിങ്ങളെത്തന്നെ വേണം. ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയാണ് വിഷയം. നിങ്ങള്‍ അന്വേഷണസംഘത്തിന്റെ ഭാഗമായി ഉണ്ടാവണം. മേലുദ്യോഗസ്ഥരോട് ഞാന്‍ സംസാരിച്ചോളാം.'
'സാര്‍ പറയുന്നതുപോലെ,' വിക്രമന്‍ എതിര്‍പ്പൊന്നുംകൂടാതെ മറുപടി പറഞ്ഞു. വിജയന്‍ തന്റെ കേസ് അന്വേഷണവൈഭവത്തെ വിലമതിച്ചതില്‍ വിക്രമന് അഭിമാനം തോന്നി. വിജയന്റെ വാക്കുകള്‍ സത്യസന്ധമായ കൃത്യനിര്‍വ്വഹണത്തിന് തനിക്കു ലഭിച്ച അനുമോദനമായി തോന്നി വിക്രമന്.
വണ്ടൂര്‍ വലിയ ജമാഅത്ത് പള്ളി മലപ്പുറത്തെ ഏറ്റവും പ്രശസ്തമായ പള്ളികളിലൊന്നാണ്. ഉച്ചഭാഷിണിക്കുപകരം പ്രാര്‍ത്ഥനാസമയം അറിയിക്കാന്‍ ഈ കാലഘട്ടത്തിലും നകര എന്നു പേരായ ചെണ്ടപോലുള്ള ഒരു പ്രത്യേകതരം ഉപകരണം ഉപയോഗിക്കുന്ന ഒരേയൊരു പള്ളിയാണത്. വണ്ടൂരില്‍ നിയമിതനായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹനചന്ദ്രനെയാണ് വിജയന്‍ അടുത്തതായി വിളിച്ചത്.
തന്റെ ടീം അംഗങ്ങള്‍ തന്നെക്കാള്‍ മികച്ചവരാവുന്നതാണ് പോലീസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് ഏറ്റവും ഉചിതം എന്നു വിജയന്‍ വിശ്വസിച്ചു. തനിക്കു കീഴിലുള്ള പോലീസുകാരെ നിയന്ത്രിക്കുന്നതില്‍ വലിയ കണിശത വിജയന്‍ വെച്ചുപുലര്‍ത്തിയിരുന്നെങ്കിലും സമര്‍ത്ഥരായ പോലീസുകാരില്‍നിന്നും ഉദ്ഭവിക്കുന്ന നിശിതമായ ചിന്തകളാണ് കുഴപ്പംപിടിച്ച കേസുകള്‍ പലതും തെളിയിക്കുന്നതിന് സഹായകരമായിരുന്നത് എന്ന് അദ്ദേഹം തന്റെ അനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കിയിരുന്നു.
മോഹനചന്ദ്രന്‍ ചേലേമ്പ്ര സംഭവത്തെക്കുറിച്ച് അപ്പോഴേക്കും കേട്ടറിഞ്ഞിരുന്നു. തന്റെ മേലുദ്യോഗസ്ഥന്റെ ഫോണ്‍വിളി ലഭിക്കേണ്ട താമസം അദ്ദേഹം യുദ്ധസന്നദ്ധനായി, ഒരു ടീമിനെ ഉടന്‍ തയ്യാറാക്കി.
തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി തനിക്കു കീഴിലുള്ള പോലീസുകാര്‍ക്ക് ഫലപ്രദമായ കേസ് അന്വേഷണത്തെക്കുറിച്ച് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു മോഹനന്. തന്നെ കേള്‍ക്കുന്ന പോലീസുകാരില്‍ ആരൊക്കെ കേസ് അന്വേഷണത്തില്‍ താത്പര്യവും കഴിവും ആകാംക്ഷയും വെച്ചുപുലര്‍ത്തുന്നു എന്ന് നിരീക്ഷിക്കുക എന്ന ലക്ഷ്യംകൂടി ഇത്തരം ഒരു പ്രവൃത്തിക്കു പിന്നില്‍ മോഹനന് ഉണ്ടായിരുന്നു. വര്‍ഷങ്ങളുടെ പോലീസ് സേവനത്തിലൂടെ കേസ് അന്വേഷണത്തില്‍ നല്ല പാടവമുള്ള മിടുക്കരായ പോലീസ് ഓഫീസര്‍മാരുടെ ഒരു സുഹൃദ്വലയംതന്നെ മോഹനന്‍ സൃഷ്ടിച്ചെടുത്തിരുന്നു. ഫോറന്‍സിക് സംഘം തെളിവെടുപ്പിന് എത്തുംമുമ്പു തന്നെ കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ച് കുറ്റകൃത്യം നടപ്പിലാക്കിയ രീതി മനസ്സിലാക്കി, കുറ്റവാളിയെയോ പ്രധാനപ്രതികളെയോ ഉടന്‍ തിരിച്ചറിയാന്‍ മാത്രം കഴിവുള്ളവരായിരുന്നു അവരില്‍ പലരും. അവരുടെ കുശാഗ്രബുദ്ധിയും കേസ് അന്വേഷണവൈഭവവും പുഷ്ടിപ്പെടുത്താന്‍ മോഹനന്‍ ആവുന്നതെല്ലാം ചെയ്തുകൊടുത്തു.
ഒരു പോലീസുകാരനെ സംബന്ധിച്ചിടത്തോളം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ഉള്‍ക്കാഴ്ചയുണ്ടാവുക എന്നത് അനിവാര്യമാണ്. പലപ്പോഴും കേസിനെ സംബന്ധിച്ച അത്തരം ഉള്‍ക്കാഴ്ചകള്‍ നിര്‍മ്മിക്കുന്ന സംശയങ്ങള്‍ സത്യമായി ഭവിച്ച എത്രയെത്ര കഥകളുണ്ട് ആത്മാര്‍ത്ഥമായി കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കു പറയാന്‍!
മോഹനന്‍ ആദ്യം വിളിച്ചത് സിവില്‍ പോലീസ് ഓഫീസര്‍ മുരളിയെ ആയിരുന്നു. അന്റാര്‍ട്ടിക്കയില്‍ മാത്രം കാണപ്പെടുന്ന പെന്‍ഗ്വിന്‍ ഇനങ്ങളില്‍ ഏറ്റവും ഉയരവും ഭാരവും ഉള്ള പെന്‍ഗ്വിനുകള്‍ 'എംപറര്‍ പെന്‍ഗ്വിനുകള്‍' എന്നാണ് അറിയപ്പെടുന്നത്. തണുത്തുറയുന്ന താപനിലയിലും കഠിനമായ സാഹചര്യങ്ങളെ മറികടന്ന്, മാംസഭോജികളായ മൃഗങ്ങളുടെ കണ്ണുവെട്ടിച്ച്, കുഞ്ഞുങ്ങള്‍ക്കു തീറ്റ തേടി കണ്ടത്താന്‍ പ്രത്യേക വൈഭവമുണ്ടവര്‍ക്ക്. മുരളിയുടെ ദൃഢത പലപ്പോഴും എംപറര്‍ പെന്‍ഗ്വിനുകളെ ഓര്‍മ്മിപ്പിച്ചു. പ്രതികളെ ചോദ്യംചെയ്യുന്നതില്‍ മുരളിക്കുള്ള കഴിവും ഊര്‍ജ്ജവും ദൃഢതയും അദ്ദേഹത്തിനൊപ്പമുള്ളവരെ അമ്പരപ്പിച്ചു. ചോദ്യം ചെയ്യുന്നതിലുള്ള വൈഭവത്തിനും രീതികള്‍ക്കും മുന്നില്‍ പതറിപ്പോവാത്തവര്‍ ചുരുക്കമായിരുന്നു. കേസില്‍ ഉള്‍പ്പെട്ടവരെന്നു സംശയിക്കുന്നവരെ ചോദ്യംചെയ്തു തളരുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്രയിച്ചിരുന്നത് മുരളിയെ ആയിരുന്നു. ഒരു പുഞ്ചിരിയോടെ അതിനെക്കാള്‍ ആവേശത്തോടെ ദൗത്യം ഏറ്റെടുക്കുന്ന മുരളിയുടെ പ്രകടനമായിരിക്കും പിന്നെ. ഭീഷണിയോ ക്രൂരമായ ബലപ്രയോഗമോ ആയിരുന്നില്ല മുരളിയുടെ രീതികള്‍. സമര്‍ത്ഥമായ ചോദ്യങ്ങള്‍ ഇടതടവില്ലാതെ ചോദിക്കുന്നതിലായിരുന്നു ആ മിടുക്ക്. ഒന്നും മിണ്ടാതെ അനന്തനേരം എതിര്‍വശത്തുള്ള ആളുടെ കണ്ണിലേക്കു നോക്കിയിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു.
അടുത്തതായി മോഹനന്‍ അസൈനാരിനെയാണ് വിളിച്ചത്. കുറ്റവാളികളെക്കുറിച്ച് എല്ലാ വിവരങ്ങളും ഒരു എന്‍സൈക്ലോപീഡിയപോലെ തന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന പരിചയസമ്പന്നനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തന്റെ പരിധിയിലുള്ള സ്ഥിരം കുറ്റവാളികളുടെ പേര്, അവര്‍ താമസിച്ചിരുന്ന സ്ഥലം, അവര്‍ ചെയ്തിരുന്ന ജോലി എന്നിവ അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിയാല്‍ കുറ്റകൃത്യം നടന്ന രീതി കണ്ട ഉടനെ അതു ചെയ്യാന്‍ സാദ്ധ്യതയുള്ള രണ്ടോ മൂന്നോ പേരുടെ പേരുകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ വരും. കുറ്റാന്വേഷണത്തില്‍ അതീവതാത്പര്യവും നൈപുണ്യവുമുള്ള സംസ്ഥാനത്തെ പോലീസുകാരുടെ അനൗദ്യോഗിക ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയും കേസ് അന്വേഷണത്തില്‍ പരസ്പരം സഹകരിച്ചും അവര്‍ സജീവമായി. അവര്‍ക്കിടയില്‍ 'കുറ്റാന്വേഷണത്തിന്റെ വിക്കിപീഡിയ' എന്ന് അസൈനാര്‍ അറിയപ്പെട്ടു.
അസൈനാരിനുശേഷം മോഹനന്‍ സന്തോഷിനെയാണ് വിളിച്ചത്. സൈബര്‍ സെല്ലില്‍ ആയിരുന്നു സന്തോഷ് ജോലി ചെയ്തിരുന്നത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റകളും സൂചനകളും വസ്തുതകളും ക്രോഡീകരിക്കുന്ന ജോലി സൈബര്‍ സെല്ലിന്റെ ഉത്തരവാദിത്വമായിരുന്നു. സൈബര്‍ സെല്ലിലെ ടീം അംഗങ്ങള്‍ ക്രോഡീകരിക്കുന്ന ഡാറ്റകളെ സസൂക്ഷ്മം വിശകലനം ചെയ്ത്, കേസ് അന്വേഷണത്തിന് ആവശ്യമായ പ്രധാന സൂചനകളും പ്രസക്തമായ ചോദ്യങ്ങളും കണ്ടെത്താന്‍ മിടുക്കനായിരുന്നു സന്തോഷ്.
കേസ് അന്വേഷണത്തിന് സഹായിക്കാന്‍ മോഹനന്‍ വിളിച്ചുവരുത്തിയ സംഘം പോലീസ് വാഹനത്തില്‍ കയറി ചേലേമ്പ്ര ലക്ഷ്യമാക്കി കുതിച്ചു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ കുമാരന്‍കുട്ടി, സത്യന്‍, ശശി, ശിവരാമന്‍, പ്രമോദ് എന്നിവരെ വിജയനും വിളിച്ചുവരുത്തിയിരുന്നു- ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ക്രൈം സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു ഇവരെല്ലാം. 'ഷാഡോ പോലീസ്' എന്ന പേരിലാണ് ഈ സംഘം അറിയപ്പെട്ടിരുന്നത്. ഔദ്യോഗിക പദവിപ്രകാരം സിവില്‍ പോലീസ് ഓഫീസര്‍മാരെങ്കിലും, കേരളാ പൊലീസിലെ മിടുക്കരായ കുറ്റാന്വേഷകരുടെ ശിക്ഷണത്തില്‍ കുറ്റാന്വേഷണകലയില്‍ വൈദഗ്ദ്ധ്യം നേടിയവരായിരുന്നു അവര്‍.
അക്കാലത്ത് മലപ്പുറം ജില്ലയില്‍ ജോലി ചെയ്തിരുന്ന ഏകദേശം 2,000 പോലീസുകാരില്‍നിന്ന്, വിജയന്‍ തന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന റോളോഡെക്സില്‍നിന്ന് സൂക്ഷ്മതയോടെ തിരഞ്ഞെടുത്തതാണ് ഈ പേരുകള്‍. കേസന്വേഷണത്തില്‍ അവര്‍ പ്രകടിപ്പിച്ചിരുന്ന വ്യത്യസ്തമായ കഴിവുകളായിരുന്നു ഈ തിരഞ്ഞെടുപ്പിനുള്ള ആധാരം. നേര്‍ച്ച ആരംഭിക്കുന്നതിനു മുമ്പ് ഈ കവര്‍ച്ചാക്കേസ് വിജയകരമായി പരിഹരിക്കുക എന്നതായിരുന്നു വിജയന്റെ ലക്ഷ്യം. കേസന്വേഷണത്തില്‍ ഭ്രാന്തമായ താത്പര്യവും അതുല്യമായ കഴിവും പ്രകടിപ്പിച്ചിരുന്ന ഒരു ടീമിനെ ഇറക്കുക, ബാങ്ക് കവര്‍ച്ചാക്കേസ് എത്രയും വേഗത്തില്‍ പരിഹരിക്കുക. ഇതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുള്ള പദ്ധതി.
ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയിലൂടെ കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്തേക്ക് ആഴ്ന്നിറങ്ങാന്‍ പോകുന്ന വിജയന്‍ തിരഞ്ഞെടുത്ത ടീമിനെ നിര്‍വ്വചിച്ചിരുന്ന ഒരു പൊതുസ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. ലോകം കീഴ്മേല്‍ മറിച്ചിട്ടാണെങ്കിലും ഏറ്റെടുത്ത ജോലി വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള ദൃഢനിശ്ചയം.
Content Highlights: chelembra bank robbery anirban bhattacharya book translated by saif muhammed mathrubhumi books