ചമ്പാരന്‍ വിഷയത്തില്‍ ഗാന്ധിജി ഇടപെട്ട രീതിയും നീലം കൃഷിക്കാരുടെ പ്രതീക്ഷയും

മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാഹിത്യകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, എഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഓര്‍മകളുടെ സമാഹാരാമാണ് ഡോ. ആര്‍സു തയ്യാറാക്കി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മഹാത്മജി: ഒപ്പം നടന്നവരുടെ ഓര്‍മകള്‍.'
ഗാന്ധിജിയുടെ 154-ാം ജന്മദിനത്തില്‍ പുസ്തകത്തില്‍ നിന്നുള്ള ഒരു അധ്യായം വായിക്കാം. ഡോ. രാജേന്ദ്രപ്രസാദ് ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും പ്രവര്‍ത്തനശൈലിയിലേക്കും കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടതെങ്ങനെയെന്ന് ഈ അധ്യായം വ്യക്തമാക്കുന്നു.
ചമ്പാരന്‍ വിഷയത്തില്‍ ഗാന്ധിജി ഇടപെട്ട രീതി- ഡോ. രാജേന്ദ്രപ്രസാദ് (1884 -1963)
കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളനം 1916-ല്‍ നടന്നത് ലഖ്‌നോവിലായിരുന്നു. 1907-ല്‍ കോണ്‍ഗ്രസ്സില്‍ രണ്ടു പ്രത്യേക ഗ്രൂപ്പുകള്‍ രൂപംകൊണ്ടിരുന്നു. അത് സംഘടനയുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കുറയാന്‍ ഈ ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു കാരണമായി. 1912-ല്‍ പട്‌നയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. രണ്ടു ഗ്രൂപ്പുകളും ഒന്നായിച്ചേര്‍ന്ന് മുന്നേറിയാല്‍ സംഘടനയ്ക്ക് പുതുജീവന്‍ ലഭിക്കുമെന്ന് പലരും കരുതിയിരുന്നു. അതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു. അതിന്റെ വിജയം 1916-ല്‍ കാണാനായി. ആ സമ്മേളനത്തില്‍ എല്ലാ വിഭാഗം പ്രതിനിധികളും പങ്കെടുത്തു. ലോകമാന്യതിലകന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിലെ പ്രതിനിധികള്‍ ആവേശത്തോടെ സമ്മേളനത്തിനെത്തി. മോഡറേറ്റ് ഗ്രൂപ്പിലെ പ്രതിനിധികളും സോത്സാഹം വന്നു. മിസ്സിസ് ആനിബസന്റ് സമ്മേളനത്തില്‍ പങ്കെടുത്തത് നന്നേ ശ്രദ്ധേയമായി. മുസ്ലിം ലീഗുമായുള്ള ഒത്തുതീര്‍പ്പ് ഈ സമ്മേളനത്തിലുണ്ടായി. അതോടെ ധാരാളം മുസ്ലിം പ്രതിനിധികളും സമ്മേളനത്തില്‍ വന്നെത്തി. ഈ സമ്മേളനത്തില്‍ ഗാന്ധിയും പങ്കെടുത്തു.
1915-ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം ഈ രാജ്യത്തെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചുകൊണ്ടിരുന്നു. അദ്ദേഹം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്നെങ്കിലും ഏതെങ്കിലും പ്രമേയത്തിന്റെ ചര്‍ച്ചയില്‍ ഇടപെട്ട് അഭിപ്രായമൊന്നും പറഞ്ഞില്ല. അവിടെ ബിഹാറില്‍നിന്ന് ധാരാളം പ്രതിനിധികള്‍ എത്തിയിരുന്നു. അതില്‍ കുറച്ചുപേര്‍ ചമ്പാരന്‍ ഗ്രാമത്തില്‍നിന്നുള്ളവരായിരുന്നു. രാജ്കുമാര്‍ ശുക്ലയെന്ന ഗ്രാമീണകര്‍ഷകന്‍ ആ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഹിന്ദിയല്ലാതെ വേറൊരു ഭാഷയും ശുക്ലയ്ക്കു വശമില്ലായിരുന്നു. വെള്ളക്കാര്‍ നടപ്പാക്കിയ നീലംകൃഷിനിയമം കര്‍ഷകരെ എത്രമാത്രം ചൂഷണം ചെയ്യുന്നുവെന്ന് ശരിക്കും ഇയാള്‍ മനസ്സിലാക്കിയിരുന്നു. ചൂഷണത്തിന് ഇരയായ കര്‍ഷകരുടെ ഒരു പ്രതിനിധിയായാണ് ശുക്ല കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്നെത്തിയത്. ഈ കര്‍ഷകനെ മുമ്പ് ചില അവസരങ്ങളില്‍ ഞാന്‍ കണ്ടിരുന്നു. കര്‍ഷകരുടെ കേസുകള്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ വക്കീലെന്ന നിലയില്‍ ഞാന്‍ അവര്‍ക്കുവേണ്ടി വാദിച്ചിരുന്നു. വക്കീല്‍ ബൃജ്കിശോര്‍ പ്രസാദ് ആ കര്‍ഷകരെ നന്നായി സഹായിച്ചിരുന്നു. ആ പരിചയത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. ചമ്പാരന്‍പ്രദേശത്തെ സാഹചര്യം എനിക്ക് നന്നായി അറിയാമായിരുന്നു.
രണ്ടു വിഷയങ്ങളില്‍ ബിഹാറില്‍നിന്നുള്ള പ്രതിനിധികള്‍ സജീവതാത്പര്യം കാണിച്ചിരുന്നു. അതില്‍ പ്രമേയം അവതരിപ്പിക്കണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. പട്‌ന യൂണിവേഴ്‌സിറ്റി ബില്‍, ചമ്പാരനിലെ നീലംകൃഷിക്കാരുടെ പ്രശ്‌നം-ഇവയായിരുന്നു അവര്‍ക്ക് താത്പര്യമുള്ള പ്രമേയവിഷയങ്ങള്‍. രാജ്കുമാര്‍ ശുക്ലയും ബാബു ബൃജ്കിശോര്‍ പ്രസാദും ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സില്‍ പ്രമേയം വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ബാബു ബൃജ്കിശോര്‍ പ്രസാദ് ഈ പ്രശ്‌നത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹം അവതരിപ്പിച്ച പ്രമേയം പാസാവുകയും ചെയ്തു. അദ്ദേഹം കൗണ്‍സില്‍ അംഗവുമായിരുന്നു. അവിടെയും പ്രമേയം അവതരിപ്പിക്കാനും ചോദ്യം ഉന്നയിക്കാനും അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. ഈ പ്രശ്‌നത്തില്‍ കോടതിയിലെത്തിയ കേസുകളില്‍ അഭിഭാഷകനെന്ന നിലയില്‍ ബൃജ്കിശോര്‍ കക്ഷികളെ സഹായിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ പല പ്രധാന പ്രശ്‌നങ്ങളിലും ഇടപെട്ട് കര്‍മ്മവീരനായ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയ കാര്യം ജനങ്ങള്‍ അറിഞ്ഞിരുന്നു. അതിനാല്‍ ബിഹാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സഹായിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കണമെന്ന് പ്രതിനിധികള്‍ ആഗ്രഹിച്ചു. രാജ്കുമാര്‍ ശുക്ലയും സഹപ്രവര്‍ത്തകരും ഗാന്ധിജിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അവരുടെ പരാതി കേള്‍ക്കുന്നതില്‍ അദ്ദേഹം താത്പര്യം കാണിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കാര്യം ചര്‍ച്ചചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിന് ഗാന്ധിജിയില്‍നിന്ന് ഉദ്ദേശിച്ചത്ര പരിഗണന ലഭിച്ചില്ല.
ചമ്പാരനിലെ സ്ഥിതിഗതികള്‍ നേരിട്ടുകണ്ട് മനസ്സിലാക്കിയശേഷം മാത്രമേ അതില്‍ നിലപാടെടുക്കാന്‍ സാധിക്കൂവെന്നദ്ദേഹം ബിഹാര്‍ പ്രതിനിധികളെ അറിയിച്ചു. സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത് ബാബു ബൃജ്കിശോര്‍ പ്രസാദ് ആയിരുന്നു. രാജ്കുമാര്‍ ശുക്ല അതിനെ പിന്തുണച്ച് സംസാരിച്ചു. കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഒരു പ്രമേയത്തെ പിന്തുണച്ച് ഒരു ഗ്രാമീണകര്‍ഷകന്‍ സംസാരിക്കുന്നത് ഇദംപ്രഥമമായിട്ടായിരുന്നു. തുടര്‍ന്ന് പ്രമേയം കോണ്‍ഗ്രസ് അംഗീകരിച്ചു.
ബിഹാര്‍ പ്രതിനിധികള്‍ ബൃജ്കിശോറിനോടൊപ്പം ഗാന്ധിജിയെ കാണാന്‍ പോയപ്പോള്‍ ഞാന്‍ അവരോടൊപ്പമുണ്ടായിരുന്നില്ല. ആ കാര്യം ഞാന്‍ പിന്നീടാണ് അറിഞ്ഞത്. എനിക്കതുവരെ ഗാന്ധിജിയെപ്പറ്റി വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ഗാന്ധിജി ഒരു വലിയ നേതാവാണെന്ന കാര്യം ഊഹിച്ചെടുത്തിരുന്നു. രാജ്കുമാര്‍ ശുക്ല എന്തുകണ്ടാണ് ഇത്രവിശ്വാസത്തോടെ ഗാന്ധിജിയെ നേരില്‍ക്കണ്ട് ബിഹാര്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചതെന്നും എനിക്ക് അനുമാനിക്കാനായില്ല.
ലഖ്‌നോ സമ്മേളനം സമാപിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഗാന്ധിജി കല്‍ക്കത്തയിലെത്തിയിരുന്നു. അപ്പോഴദ്ദേഹം ശുക്ലയെ കത്തെഴുതി വിവരമറിയിച്ചു: 'താങ്കള്‍ കല്‍ക്കത്തയിലേക്കു വരൂ. നമുക്ക് രണ്ടുപേര്‍ക്കും ഒന്നിച്ച് ചമ്പാരനിലേക്കു പോകാം.' ഇതായിരുന്നു കത്തിലെ ഉള്ളടക്കം. ദൗര്‍ഭാഗ്യവശാല്‍ നന്നേ വൈകിയാണ് കല്‍ക്കത്തയില്‍നിന്നയച്ച ആ കത്ത് ഗ്രാമത്തിലെത്തിയത്. ഇതിനകം ഗാന്ധിജി കല്‍ക്കത്തയില്‍നിന്നു മടങ്ങിപ്പോയിരുന്നു. സംഭവിച്ച കാര്യം രാജ്കുമാര്‍ ശുക്ല ഗാന്ധിജിക്കെഴുതി. അതിന് മറുപടി കിട്ടി: 'കോണ്‍ഗ്രസ് കമ്മിറ്റിയോഗം അടുത്തുതന്നെ കല്‍ക്കത്തയില്‍ നടക്കും. ഞാനതില്‍ സംബന്ധിക്കും. താങ്കളുമായി അവിടെവെച്ച് നേരില്‍ കാണാനാകണം.'
ഞാന്‍ ആ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. സന്ദര്‍ഭവശാല്‍ ഞാനിരുന്നത് ഗാന്ധിജിയുടെ അടുത്ത കസേരയിലായിരുന്നു. എന്നാല്‍ രാജ്കുമാര്‍ ശുക്ലയും ഗാന്ധിജിയും തമ്മില്‍ നടന്ന എഴുത്തുകുത്തുകളെക്കുറിച്ച് എനിക്കറിയുമായിരുന്നില്ല. ശുക്ല കല്‍ക്കത്തയിലേക്ക് വരുന്ന കാര്യവും എനിക്ക് അനുമാനിക്കാനായില്ല. അങ്ങോട്ടുകയറി നിര്‍ബ്ബന്ധംപിടിച്ച് ആരോടും സംസാരിക്കുന്ന പ്രകൃതമുള്ള ആളല്ല ഞാന്‍. അതിനാല്‍ ഞാന്‍ ഗാന്ധിജിയോട് ഒന്നും സംസാരിച്ചില്ല. കമ്മിറ്റിയോഗം നടക്കവേ നേതാക്കളെല്ലാം ഗാന്ധിജിയോട് കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. വിശേഷിച്ചും പ്രസിഡന്റ് അംബികാചരണ്‍ ഇക്കാര്യത്തില്‍ വലിയ നിര്‍ബ്ബന്ധം ചെലുത്തിനോക്കി. എന്നാല്‍ പദവി ഏറ്റെടുക്കാന്‍ ഗാന്ധിജി വിസമ്മതം കാണിച്ചു. ഞാന്‍ ഈ രംഗം കസേരയിലിരുന്ന് കാണുകയായിരുന്നു. ആളുകള്‍ ഉത്സാഹത്തോടെ പ്രകടിപ്പിക്കുന്ന ആഗ്രഹം ഇങ്ങനെ പാടേ തള്ളിക്കളയുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്കു തോന്നിയിരുന്നു. എന്നാല്‍ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.
യോഗനടപടികള്‍ പൂര്‍ത്തിയായശേഷം ഗാന്ധിജി പുറത്തുവന്നു. രാജ്കുമാര്‍ ശുക്ല അവിടെ ഗാന്ധിജിയെ കാത്തിരിപ്പുണ്ടായിരുന്നു. അന്നു രാത്രിതന്നെ ഇരുവരും നേരേ പട്‌നയിലേക്കു പുറപ്പെട്ടു. ഞാന്‍ പുറത്തുവന്നത് അല്‍പ്പം വൈകിയിട്ടായിരുന്നു. അതിനാല്‍ അവരുമായി നേരില്‍ കാണാനായില്ല.
ഈസ്റ്റര്‍ ഒഴിവിലായിരുന്നു ഈ യോഗം നടന്നത്. ഞാന്‍ കല്‍ക്കത്തയില്‍നിന്ന് ജഗന്നാഥപുരിയിലേക്ക് പുറപ്പെട്ടു. ഗാന്ധിജി പട്‌നയിലേക്കാണ് പോയത്. ശുക്ല അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത് എന്റെ വീട്ടിലേക്കായിരുന്നു. അവിടെ ജോലിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വക്കീലിനെ കാണാന്‍ വന്ന ഏതോ കക്ഷിയാകാം ഇവരെന്ന് എന്റെ ജോലിക്കാര്‍ ധരിച്ചു. അതിനാല്‍ പുറത്തെ മുറിയില്‍ താമസിപ്പിച്ചു. സ്വാഗതവും സത്കാരവും വേണ്ടപോലെ നടന്നില്ല. ഗാന്ധിജി കുറച്ചുനേരം അവിടെ തങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മജ്‌റുല്‍ ഹക് സാഹബ്ബിനെ വിവരം അറിയിച്ചു. ഹക് വേഗം വന്ന് ഗാന്ധിജിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സന്ധ്യയായപ്പോഴേക്ക് ഗാന്ധിജി മുജഫര്‍പൂരിലെത്തി. അവിടെ അദ്ദേഹം താമസിച്ചത് ആചാര്യ കൃപലാനിയോടൊപ്പമായിരുന്നു. അവിടെ ചിലയാളുകളുമായി ചര്‍ച്ച നടത്തിയശേഷം ചമ്പാരനിലേക്ക് പോകാന്‍ തീരുമാനിച്ചു. ദര്‍ഭംഗയില്‍ വക്കീലായിരുന്ന ബാബു ബൃജ്കിശോറിനെ ടെലഗ്രാം അയച്ച് വിളിപ്പിച്ചു.
ചമ്പാരനിലെ കൃഷിക്കാരെ നേരില്‍ കാണണം. അവരുടെ ദുരിതങ്ങള്‍ നേരിട്ട് ചോദിച്ചു മനസ്സിലാക്കണം. ഇതായിരുന്നു ഗാന്ധിജിയുടെ തീരുമാനം. എന്നാല്‍, ആ പ്രദേശത്തെ ഗ്രാമീണഭാഷ അദ്ദേഹത്തിന് ഗ്രഹിക്കാനായില്ല. ഒരു ദ്വിഭാഷിയെ നിയോഗിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുമൂന്ന് ദിവസത്തിനകം കാര്യങ്ങളെല്ലാം മനസ്സിലാക്കാനാകുമെന്ന് അദ്ദേഹം കരുതി. ശുക്ലയും അതിനെ പിന്തുണച്ചു. ബൃജ്കിശോറിന് കല്‍ക്കത്തയിലെത്തി ചില കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടായിരുന്നു. അതിനാല്‍ ഗാന്ധിജിക്കൊപ്പം നില്‍ക്കാന്‍ ബൃജ്കിശോറിന് കഴിഞ്ഞില്ല. എന്നാല്‍ രണ്ടു വക്കീല്‍മാരെ ഗാന്ധിജിയുടെ സഹായത്തിനായി നിയോഗിച്ചു. കല്‍ക്കത്തയില്‍നിന്നു മടങ്ങുമ്പോള്‍ നേരിട്ട് ചമ്പാരനിലേക്ക് പോകാമെന്നും ഗാന്ധിജിക്ക് ആവശ്യമായ സഹായം ചെയ്യാമെന്നും ബൃജ്കിശോര്‍ തീരുമാനിച്ചു.
ചമ്പാരനിലെ പ്രധാനസ്ഥലം മോത്തിഹാരിയാണ്. ഗാന്ധിജി അവിടെയെത്തി. ഇനി ഗ്രാമത്തിലേക്ക് നീങ്ങാമെന്നദ്ദേഹം തീരുമാനിച്ചു. ആ ഗ്രാമത്തില്‍നിന്ന് ഒരു കര്‍ഷകന്‍ അവിടേക്ക് വന്നു. അയാളുടെ വീട് രണ്ടുനാള്‍ മുമ്പ് നീലം കൃഷി മുതലാളിമാര്‍ കൈവശപ്പെടുത്തിയിരുന്നു. അയാള്‍ ഗാന്ധിജിയോട് കാര്യങ്ങളെല്ലാം വിവരിച്ചു. ഗാന്ധിജി അയാളുടെ ഗ്രാമത്തിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴേക്ക് കലക്ടറുടെ ഉത്തരവ് വന്നു. ജില്ല വിട്ടുപോകുന്നതില്‍ ഗാന്ധിജിക്ക് വിലക്കുണ്ടായി. അതനുസരിക്കാന്‍ ഗാന്ധിജി വിസമ്മതിച്ചു. ഇനി കേസ് ചാര്‍ജ് ചെയ്യുമെന്ന സ്ഥിതിയായി. ഇതിനകം ഞാന്‍ ജഗന്നാഥപുരിയില്‍നിന്ന് പട്‌നയിലെത്തി. ഇവിടെ നടന്ന കാര്യങ്ങളെല്ലാം ഞാന്‍ ടെലഗ്രാം വഴി മനസ്സിലാക്കിയിരുന്നു. കോടതിയിലെത്തിയാണ് ഞാന്‍ എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞത്.
ഗാന്ധിജിയുമായുള്ള എന്റെ ആദ്യസമ്പര്‍ക്കത്തിന്റെ സന്ദര്‍ഭം ഇതായിരുന്നു. ഞാന്‍ ടെലഗ്രാം ചെയ്ത് ബൃജ്കിശോറിനെ കല്‍ക്കത്തയില്‍നിന്ന് വിളിപ്പിച്ചു. പിറ്റേന്നു രാവിലെ ട്രെയിനില്‍ മജ്‌റുല്‍ ഹക്, മിസ്റ്റര്‍ പൊളാക് എന്നിവരും അങ്ങോട്ടെത്തി. വിദേശിയായിരുന്ന പൊളാക് ഈയവസരത്തില്‍ ഇന്ത്യയില്‍ത്തന്നെയുണ്ടായിരുന്നു. ഗാന്ധിജിയുടെ ടെലഗ്രാം കിട്ടിയാണ് ഇരുവരും ഇവിടെ വേഗമെത്തിയത്. ബൃജ്കിശോര്‍, അനുഗ്രഹനാരായണ്‍, ശംബുനാരായണ്‍ എന്നിവരോടൊപ്പം ഞാന്‍ വേഗം മോത്തിഹാരിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അവിടെ എത്തിയത്. അപ്പോഴേക്ക് കോടതിയില്‍ കേസ് എത്തിയിരുന്നു. ഹിയറിങ് കഴിഞ്ഞിരുന്നു. മൂന്നാലു ദിവസത്തേക്ക് കേസ് മാറ്റിവെക്കുകയാണുണ്ടായത്.
ബാബു ഗോരഖ് പ്രസാദിന്റെ വീട്ടിലാണ് ഗാന്ധിജി താമസിച്ചത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഗാന്ധിജി 'കുര്‍ത്ത' ധരിച്ചിരിക്കുന്നതാണു കണ്ടത്. അദ്ദേഹവുമായി ഞങ്ങള്‍ക്ക് മുന്‍പരിചയം ഇല്ലായിരുന്നു. പരിചയപ്പെട്ടപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ശരി, താങ്കള്‍ എത്തിയല്ലോ. ഞാന്‍ താങ്കളുടെ വീട്ടില്‍ പോയിരുന്നു.' നേരത്തേ നടന്ന കാര്യങ്ങള്‍ ഞാനറിഞ്ഞിരുന്നു. അതിനാല്‍ ശരിക്കും നാണം തോന്നി. കോടതിയില്‍ നടന്ന കാര്യങ്ങള്‍ ഗാന്ധിജി സവിശദം പറഞ്ഞുതന്നു.
ആ സമരം വിജയകരമായി പര്യവസാനിച്ച കാര്യം ഗാന്ധിജി ചമ്പാരനില്‍ എന്ന കൃതിയില്‍ ഞാന്‍ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. അതു വേഗം പ്രസിദ്ധീകരിക്കാനായി. ഇവിടെ ഞാന്‍ പറയാനാഗ്രഹിക്കുന്നത് ഞങ്ങളുടെ ബന്ധത്തെപ്പറ്റി മാത്രമാണ്.
ഗാന്ധിജിയെ ആദ്യമായി കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വിശേഷിച്ച് ഒരു സ്വാധീനവും ചെലുത്താന്‍ അദ്ദേഹത്തിനായില്ല. ചമ്പാരനിലെ സ്ഥിതിഗതികള്‍ എനിക്ക് സാമാന്യമായി അറിയാമായിരുന്നു. എന്നാല്‍ ബൃജ്കിശോറിന്റെ ആജ്ഞ അനുസരിക്കാമെന്ന തീരുമാനത്തോടെയാണ് ഞാനാദ്യം അവിടെ ചെന്നത്. ചില കാര്യങ്ങള്‍ ചെയ്യാനുണ്ടാകും, അത് നിര്‍വ്വഹിക്കാമെന്നാണ് കരുതിയത്. അവിടെ എത്തിയാല്‍ ഉടന്‍തന്നെ തുറുങ്കിലാകുമെന്നും പ്രശ്‌നം സങ്കീര്‍ണ്ണമാകുമെന്നും ഞാന്‍ സ്വപ്‌നേപി കരുതിയിരുന്നില്ല.
തന്റെ ഒപ്പം വന്നിരിക്കുന്ന ബാബു ധരണീധര്‍ വക്കീല്‍, ബാബു രാംനൗമി എന്നിവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കുവാനാണ് ഗാന്ധിജി ഞങ്ങളോടു പറഞ്ഞത്. പിന്നെ അദ്ദേഹം മിസ്റ്റര്‍ പൊളാകിനോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു. ഇവിടത്തെ രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഞങ്ങള്‍ ചമ്പാരനിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കി. വൈസ്രോയിക്കും മറ്റു നേതാക്കള്‍ക്കും നല്‍കാനുള്ള അപേക്ഷകള്‍ ഉറക്കമിളച്ച് തയ്യാറാക്കുന്നതിലാണ് ഗാന്ധിജി മുഴുകിയത്. കോടതിയില്‍ പറയേണ്ട മൊഴിയും അദ്ദേഹം രാത്രിതന്നെ തയ്യാറാക്കി.
അവിടെയെത്തിയ ദ്വിഭാഷിയോട്, ഞാന്‍ ജയിലിലായാല്‍ നിങ്ങളൊക്കെ എന്തു ചെയ്യുമെന്ന് ഗാന്ധിജി അന്വേഷിച്ചു. ആ ചോദ്യത്തിന്റെ ഗൗരവം അവര്‍ക്ക് അത്രകണ്ട് മനസ്സിലായില്ല. അങ്ങ് ജയിലിലായാല്‍ അതോടെ ദ്വിഭാഷിയുടെ ജോലി അവസാനിക്കുമെന്നാണ് അയാള്‍ പറഞ്ഞത്. ഇവിടെയുള്ളവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. 'അപ്പോള്‍ നിങ്ങള്‍ ഈ പ്രശ്‌നം ഇവിടെവെച്ച് ഉപേക്ഷിക്കുമോ?' അതായിരുന്നു ഗാന്ധിജിയുടെ ചോദ്യം. ഇക്കാര്യത്തില്‍ അവര്‍ക്ക് അല്‍പ്പം ആലോചിക്കേണ്ടിവന്നു. അന്വേഷണം ഞങ്ങള്‍ തുടര്‍ന്നുകൊള്ളാമെന്ന് ധരണീധര്‍ പറഞ്ഞു.
ഇതു കേട്ടപ്പോള്‍ ഗാന്ധിജിക്ക് സാമാന്യമായി സംതൃപ്തി തോന്നിയെങ്കിലും പൂര്‍ണ്ണതൃപ്തി വന്നിരുന്നില്ല. അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ക്ക് ഗാന്ധിജിയുടെ മറുപടിയും തൃപ്തി നല്‍കിയില്ല. 'ഈ മനുഷ്യന്‍ ഏതു നാട്ടില്‍നിന്നാണ് വന്നിരിക്കുന്നത്? ഈ നാട്ടില്‍ വന്ന് നീലംകൃഷിക്കാരുടെ ദുരിതങ്ങള്‍ കേള്‍ക്കാന്‍ നിന്നാല്‍ ജയില്‍വാസം അനുഭവിക്കേണ്ടിവരുമെന്നാണ് പറയുന്നത്. ഞങ്ങള്‍ ഈ നാട്ടുകാര്‍ നീലം കൃഷിക്കാരെ സഹായിക്കാന്‍ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. ഇങ്ങനെ പോയാല്‍ കാര്യം നടക്കാനിടയില്ല.' ഈ രീതിയിലാണ് ആളുകള്‍ രാത്രിമുഴുവന്‍ ആലോചിച്ചുകൊണ്ടിരുന്നത്.
ഗാന്ധിജി പറഞ്ഞതുപോലെ ജയിലില്‍ പോകേണ്ടിവരുമെന്ന് ഞങ്ങളാരുംതന്നെ കരുതിയിരുന്നില്ല. ജയില്‍ ഭയാനകമായൊരിടമാണെന്നായിരുന്നു ധാരണ. ഒരിക്കല്‍ ജയിലില്‍ പോയാല്‍ പിന്നെ അവിടെനിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിനു രൂപ മുടക്കിവേണം ജാമ്യം നേടാന്‍. ഏതെങ്കിലും നിര്‍ബ്ബന്ധിതസാഹചര്യത്തില്‍ ജയിലിലെത്തിയാല്‍ സ്വന്തം ചെലവില്‍ സുഖജീവിതം നയിക്കാന്‍ വേണ്ടതൊക്കെ ചെയ്യേണ്ടിയുംവരും. എന്നാല്‍ ഇവിടെ സംഭവിച്ചതെന്താണ്? ദക്ഷിണാഫ്രിക്കയില്‍ വലിയ കഷ്ടങ്ങള്‍ സഹിച്ചാണ് ഇദ്ദേഹം ഇവിടെയെത്തിയിരിക്കുന്നത്. എന്നിട്ടും അപരിചിതരായ കൃഷിക്കാര്‍ക്കുവേണ്ടി ദുരിതങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കയാണ്. അങ്ങനെയുള്ളപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്കു പോയാല്‍ എന്താണ് സംഭവിക്കുക എന്നായി ഞങ്ങളുടെ ചിന്ത.
പിറ്റേന്നു രാവിലെതന്നെ അവിടെയുണ്ടായിരുന്ന നാട്ടുകാരും ഗാന്ധിജിയോടൊപ്പം കോടതിയിലേക്കു പോയി. അവര്‍ക്ക് ആവേശമായി. അവര്‍ ഗാന്ധിജിയോട് തുറന്നുപറഞ്ഞു: 'താങ്കള്‍ ജയിലില്‍ പോയശേഷം ആവശ്യംവരികയാണെങ്കില്‍ ഞങ്ങളും ജയിലില്‍ പോകാം.'
ഗാന്ധിജിയുടെ മുഖം തെളിഞ്ഞു. ഏറെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: 'ഇനി കാര്യങ്ങളൊക്കെ നേരായ രീതിയില്‍ നടക്കും.' അവരുടെ സംഭാഷണം ഞങ്ങള്‍ കേട്ടിരുന്നു. വേണ്ടിവന്നാല്‍ തങ്ങളും ജയിലില്‍ പോകാന്‍ തയ്യാറാണെന്ന കാര്യം ഗാന്ധിജിയെ അറിയിച്ചു. അദ്ദേഹം പേനയും കടലാസുമെടുത്ത് എല്ലാവരുടെയും പേരെഴുതിവെച്ചു. അദ്ദേഹം ഞങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും വഴിക്കുവഴിയായി നീങ്ങണമെന്നു നിര്‍ദ്ദേശിച്ചു. മജ്‌റുല്‍ ഹക് സാഹബായിരുന്നു ഒന്നാം ഗ്രൂപ്പിന്റെ തലവന്‍. രണ്ടാമത്തെ ഗ്രൂപ്പിന്റെ നായകന്‍ ബൃജ്കിശോര്‍. അടുത്ത ഗ്രൂപ്പിന്റെ നായകനായി എന്നെയും നിയോഗിച്ചു. മൂന്നുനാലു മണിക്കൂറുകള്‍ക്കകം എല്ലാ കാര്യങ്ങളിലും തീരുമാനമായി.
മൂന്നുനാലു ദിവസങ്ങള്‍ക്കകം കേസിന്റെ വിധി പറയേണ്ട നാളെത്തി. അന്ന് ഗാന്ധിജി അറസ്റ്റുവരിച്ച് ജയിലേക്ക് പോകും. മജ്‌റുല്‍ സാഹിബിന് അന്ന് ഗോരഖ്പൂരില്‍ മറ്റൊരു കേസു നടത്താന്‍ പോകേണ്ടിയിരുന്നു. അദ്ദേഹം അങ്ങോട്ടു പോയി. അവിടെപ്പോയി വേഗം തിരിച്ചുവന്ന് നേതൃത്വം ഏറ്റെടുക്കും.
ബാബു ബൃജ്കിശോര്‍ സ്വന്തം വീട്ടിലൊരു പ്രധാന കാര്യമുണ്ടായതുകൊണ്ട് ദര്‍ഭംഗയിലേക്കു പോയി. ഞങ്ങള്‍ മോത്തിഹാരിയില്‍ താമസിച്ചുകൊണ്ട് കര്‍ഷകരുടെ മൊഴി കേള്‍ക്കുകയും കുറിച്ചെടുക്കുകയും ചെയ്തു. മജ്‌റുല്‍ സാഹിബും ബാബു ബൃജ്കിശോറും തിരിച്ചെത്തിയാല്‍ ഞങ്ങളും ഓരോരുത്തരായി വീട്ടിലേക്ക് പോകും. വീട്ടുകാരെ കാര്യങ്ങള്‍ ധരിപ്പിച്ച് ജയില്‍യാത്രയ്ക്കുള്ള തയ്യാറെടുപ്പുമായി തിരിച്ചുവരും എന്നൊക്കെയായിരുന്നു തീരുമാനം. ഈ തീരുമാനത്തില്‍ ഗാന്ധിജി സംതൃപ്തനായി. അന്നുമുതല്‍ ബിഹാറിനോടുള്ള അദ്ദേഹത്തിന്റെ മമത വര്‍ദ്ധിച്ചുവന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസ്തരായി മാറി. ഇക്കാര്യം അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചമ്പാരന്‍ വിഷയത്തില്‍ അന്വേഷണം തുടങ്ങി. ആയിരക്കണക്കിന് കൃഷിക്കാരുടെ മൊഴിയെടുത്തു. ഏതാണ്ട് ഇരുപത്തയ്യായിരം പേരുടെ മൊഴി ഞങ്ങള്‍തന്നെ എഴുതിയിട്ടുണ്ടാകും. എന്നാല്‍ നിശ്ചിത തീയതിക്കു മുമ്പുതന്നെ മജിസ്‌ട്രേറ്റ് ഒരു കാര്യം അറിയിച്ചു. സര്‍ക്കാര്‍തന്നെ ഗാന്ധിജിയെ കുറ്റവിമുക്തനാക്കുകയും ജില്ലയില്‍ അന്വേഷണം നടത്തുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ പേരില്‍ ചാര്‍ത്തിയ കുറ്റം അവര്‍ വായിച്ചതു കേട്ടപ്പോള്‍ അവിടത്തെ സാഹചര്യം നന്നേ മോശമായിരുന്നുവെന്നു മനസ്സിലായി. അങ്ങനെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ത്തന്നെ ഞങ്ങള്‍ സ്വമേധയാ, ഗാന്ധിജിയുടെ സ്‌നേഹബന്ധനത്തിലായി. നാളുകള്‍ ഏറെ പിന്നിട്ടപ്പോള്‍ അദ്ദേഹത്തോടുള്ള സ്‌നേഹം വര്‍ദ്ധിച്ചു. അതോടൊപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയിലുള്ള വിശ്വാസവും കൂടിവന്നു.
ചമ്പാരന്‍സംഭവം കഴിയുമ്പോഴേക്കും ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രിയ ഭക്തരും പ്രവര്‍ത്തനശൈലിയുടെ വലിയ പിന്തുണക്കാരുമായി മാറി.
Content Highlights: Gandhiji, Chambaran Incident, Neelam peasants, Dr. Rajendraprasad, Matrhubhumi. Dr.Arsu