'ബോബനും മോളിയും' മുതല്‍ ഷേക്സ്പിയര്‍ രചനകള്‍ വരെ

By: അജിത് കുമാര്‍
'ബോബനും മോളിയും' മുതല്‍ ഷേക്സ്പിയര്‍ രചനകള്‍ വരെ കൈയില്‍ക്കിട്ടിയതെന്തും വായിക്കുകയാണ് ചെറുപ്പത്തിലേയുള്ള ശീലമെന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്‍. ഇന്നതേ വായിക്കൂ എന്നില്ല. അടുത്തകാലത്ത് വായിച്ചവയില്‍ ചില പുസ്തകങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ വായിച്ചവയാണിവ. നല്ല ധാരാളം പുസ്തകങ്ങള്‍ വേറെയുമുണ്ടാവും. ഇപ്പോള്‍ മനസില്‍ നില്‍ക്കുന്നവയെക്കുറിച്ച് പറയുന്നുവെന്നുമാത്രം.
ഹിന്ദുത്വ വാദത്തിന്റെ ഉദയകഥ
ഖരഗ്പുരിലെ ഗീതാപ്രസ്സിന്റെ ഉദ്ഭവവും അതെങ്ങനെയാണ് ഇന്നത്തെ ഹൈന്ദവികതയുടെയും ഹിന്ദുത്വവാദത്തിന്റെയും ഉദയത്തിന് സഹായിച്ചതെന്നും വിവരിക്കുന്ന പുസ്തകമാണ് 'ഗീതാപ്രസ് ആന്‍ഡ് ദി മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ.' നോണ്‍ഫിക്ഷനാണിത്. വളരെയധികം ഗവേഷണം ചെയ്തശേഷം, വളരെ രസകരമായാണ് അക്ഷയ മുകുള്‍ ഇതെഴുതിയത്. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് തോന്നുന്നു.
ടെലിവിഷനെ വെല്ലുന്ന വായനാനുഭവം
ഫിക്ഷന്‍ വിഭാഗത്തില്‍ ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ 'എ ഗെയിം ഓഫ് ത്രോണ്‍സ്' ആണ് വായിച്ചതില്‍ ശ്രദ്ധേയമായിത്തോന്നിയത്. എച്ച്.ബി.ഒ.യില്‍ ഈ പരമ്പര പലരും കണ്ടുകാണും. അതിനെക്കാളൊക്കെ എത്രയോ അധികം ആഴമുള്ളതാണ് ഇദ്ദേഹത്തിന്റെ ആറു പുസ്തകങ്ങളടങ്ങുന്ന പരമ്പര. മഹാഭാരതംപോലെ പടര്‍ന്നുകിടക്കുന്ന ആഖ്യാനം, കഥാപാത്രങ്ങള്‍.
അത്രയധികം കഥാപാത്രങ്ങളുണ്ട്. അത്രയധികം ആഴത്തില്‍, ഏതൊരു അവാര്‍ഡ് കൃതിയെയും വെല്ലുന്ന ആഴത്തോടെയാണ് ഇതെഴുതിയിരിക്കുന്നത്. കഥപറച്ചില്‍വിദ്യയുടെ
മകുടോദാഹരണമാണിത്. ടെലിവിഷന്‍ പരമ്പരയെക്കാള്‍ എത്രയോ മുകളില്‍നില്‍ക്കുന്നു പുസ്തകരൂപം.
വികസനത്തിന്റെ ഇരകള്‍
ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ് ഹര്‍ഷ് മന്തറിന്റെ 'ലുക്കിങ് എവേ' എന്ന നോണ്‍ഫിക്ഷന്‍. വികസനത്തിലേക്ക് ഇന്ത്യ കുതിക്കുമ്പോള്‍ പുറകിലായിപ്പോകുന്ന ഭാരതത്തിന്റെ കഥയുണ്ട് ഇതില്‍. ഇന്ത്യയും ഭാരതവും തമ്മിലുള്ള വിടവ് എന്തുകൊണ്ട് വര്‍ധിക്കുന്നു? വികസനക്കുതിപ്പില്‍ വിസ്മരിക്കപ്പെട്ടുപോയവരുടെ, പതിതരുടെ ഒരു ഭാരതമുണ്ട്. ഫ്‌ളൈ ഓവറുകളുടെ അടിയില്‍ താമസിക്കുന്നവര്‍, അണക്കെട്ടുപോലെയും ഖനനങ്ങള്‍ പോലെയുമുള്ള വലിയവലിയ പദ്ധതികള്‍ക്കുവേണ്ടിയും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഭൂമിയില്ലാതാവുന്നവര്‍, 70 ശതമാനത്തോളമുള്ള ദരിദ്രരുടെ ഭാരതം -ഇതിനെക്കുറിച്ചൊക്കെ വളരെയധികം ഗവേഷണം നടത്തിയശേഷമാണ് ഈ പുസ്തകം രചിച്ചത്.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു, എങ്ങനെ ഇന്ത്യന്‍ ജനാധിപത്യവും വ്യവസ്ഥയും ഭൂരിപക്ഷംവരുന്ന ദരിദ്രജനതയെ വിസ്മരിച്ചുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു -ഇതൊക്കെ പറയുന്ന, ഹൃദയസ്പര്‍ശിയായ പുസ്തകമാണിത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു ഹര്‍ഷ് മന്തര്‍. 2002-ലെ ഗുജറാത്ത് കലാപത്തില്‍ മനംനൊന്ത്, രാജിവെച്ച് ജനങ്ങളെ സേവിക്കാനിറങ്ങി. സ്വന്തം അനുഭവത്തില്‍നിന്ന് നേരിട്ടറിഞ്ഞ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. എന്തുകൊണ്ടും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
കേരളവും സഞ്ചാരികളും
കേരളത്തെക്കുറിച്ച് പറയുകയാണെങ്കില്‍, വളരെ നന്നായെന്നുതോന്നിയ പുസ്തകം മനു എസ്. പിള്ളയുടെ 'ഐവറി ത്രോണാ'ണ്. എന്നെ സ്പര്‍ശിച്ച മറ്റൊരുപുസ്തകമാണ് വേലായുധന്‍ പണിക്കശ്ശേരി രചിച്ച 'സഞ്ചാരികള്‍ കണ്ട കേരളം.' കുറച്ചുമുമ്പിറങ്ങിയതാണ് ഈ പുസ്തകം. എന്റെ കൈയിലെത്തിയത് ഇപ്പോഴാണെന്നുമാത്രം.
കഴിഞ്ഞ രണ്ടായിരം വര്‍ഷം കേരളത്തിലെത്തിയ പല സഞ്ചാരികളുടെ കണ്ണിലൂടെ വളരെ രസകരമായി അന്നത്തെ കേരളത്തെ അവതരിപ്പിക്കുന്നു അദ്ദേഹം. അന്നത്തെ ജീവിതവ്യവസ്ഥയും സാഹചര്യങ്ങളുമൊക്കെ സഞ്ചാരികളുടെ കണ്ണിലൂടെ വരച്ചുകാട്ടുന്ന, കേരളത്തെക്കുറിച്ചുള്ള കഥയാണിത്. കേരളീയരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകം.
സൂഫിസം നിത്യജീവിതത്തില്‍
സൂഫിസത്തെ ദൈനംദിനജീവിതത്തില്‍ ഉപയോഗിക്കാന്‍ പാകത്തിന് രസകരമായരീതിയില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്ന പുസ്തകമാണ് 'ദ വേ ഓഫ് ദി സൂഫി'. ഇദ്രിസ് ഷായാണ് സൂഫിസത്തെക്കുറിച്ചുള്ള ഈ പുസ്തകം രചിച്ചത്. സാധാരണകേള്‍ക്കുന്ന സൂഫിസമോ ഇപ്പോള്‍ പ്രശസ്തമായിരിക്കുന്ന പോപ്പ് ഫിലോസഫിയോ ഒന്നുമല്ല ഇതില്‍ പറയുന്നത്. റൂമിയുടെ കവിതകളും മറ്റും വ്യാഖ്യാനിച്ചുപോകുന്ന രസകരമായ പുസ്തകം.
ചെറുകഥയ്ക്ക് ഒരു പാഠപുസ്തകം
100 വര്‍ഷത്തിനിടെ വന്ന, ലോകത്തിലെ ഏറ്റവും നല്ല 52 ചെറുകഥകളുടെ സമാഹാരമാണ് 'ദി ആര്‍ട്ട് ഓഫ് ഷോര്‍ട്ട് സ്റ്റോറി.' എങ്ങനെ ചെറുകഥയെഴുതണമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകം പോലെയാണ് ഈ പുസ്തകം. ഡാനാജിയോയാ, ആര്‍.എസ്. ഗൈ്വന്‍ എന്നിവര്‍ എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ ജെയിംസ് ബാള്‍ഡ്വിനും ആല്‍ബേര്‍ കമ്യുവും മുതലുള്ളവരുടെ കഥകളുണ്ട്.
ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങള്‍ വാങ്ങാം


VIEW ON mathrubhumi.com