ഇന്നസെന്റിന് മാത്രം പറയാന്‍ സാധിക്കുന്ന കാര്യങ്ങള്‍

By: മെര്‍ലിന്‍ രത്‌നം
രോഗം മറ്റുള്ളവര്‍ക്കുള്ളതാണെന്നു വിശ്വസിച്ച ഇന്നസെന്റിന്റെ ജീവിതത്തിലേക്ക് വില്ലനായി കാന്‍സര്‍ കടന്നു വരുന്നു. എന്തിനെയും തമാശ കൊണ്ട് നേരിടുന്ന ആളായിട്ടും കാന്‍സര്‍ എന്ന വ്യാധിക്കു മുമ്പില്‍ ആദ്യം പകച്ചു നില്‍ക്കാനേ അദ്ദേഹത്തിന് സാധിക്കുന്നുള്ളു. എന്നാല്‍ കുടുംബം തകര്‍ന്നു പോയിടത്തു നിന്ന് അവരെ കൈ പിടിച്ചുയര്‍ത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു മനസ്സിലാക്കി ആ മാരക ശത്രുവിനെ തന്റെ സ്വതസിദ്ധമായ നര്‍മ്മശൈലി കൊണ്ട് നേരിട്ട് തന്റെ ലോകത്തിലേക്ക് അദ്ദേഹം മടങ്ങി വരുന്നു.
അദ്ദേഹത്തിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന ഓര്‍മപ്പുസ്തം ഈ അനുഭവങ്ങളാണ് വായനക്കാരോട് പറയുന്നത്. ഹാസ്യതാരമായി മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഇന്നസെന്റിന്റെ ജീവിതത്തിലെ ഒരേടാണ് പുസ്തകം. മാരക രോഗങ്ങളൊക്കെ മറ്റുള്ളവര്‍ക്കാണ്. അത് തന്നെ ബാധിക്കുകയേ ഇല്ല എന്ന ചിന്തയോടെയാണ് ഇതുവരെ ജീവിച്ചത് എന്ന് പുസ്തകത്തില്‍ അദ്ദേഹം ഇടയ്ക്കിടെ പറയുന്നുണ്ട്.
ആല്‍ഫ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്നസെന്റ് കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതും രോഗികളുമായി അടുത്തിടപഴകുന്നതും. അപ്പോഴും ഈ മാരക രോഗം തന്നെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയായിരുന്നു അദ്ദേഹം.
ഈ വിശ്വാസത്തെ മുറിപ്പെടുത്തുന്ന രീതിയിലായിരുന്ന ഇന്നസെന്റിന്റെ ജീവിതത്തിലേക്ക് കാന്‍സര്‍ കടന്നു വരുന്നത്. തനിക്ക് കാന്‍സര്‍ ആണെന്നു തിരിച്ചറിഞ്ഞ നിമിഷത്തിലെ ഒരോ സെക്കന്റും വരച്ചു വച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍ അദ്ദേഹം. മകന്‍ സോണറ്റിന്റെ കരച്ചിലിനൊപ്പം നമ്മളും കരഞ്ഞു പോകും. അത്രയേറെ ഹൃദയ സ്പര്‍ശിയാണ് അദ്ദേഹത്തിന്റെ എഴുത്ത്.
ആലീസും മകന്‍ സോണറ്റും സോണറ്റിന്റെ ഭാര്യ രമ്യയും ഇവരുടെ മക്കളായ ഇന്നസെന്റ് ജൂനിയറും അന്നയുമാണ് തന്റെ ലോകമെന്ന് പുസ്തകത്തില്‍ ഇന്നസെന്റ് വ്യക്തമാക്കുന്നു. തനിക്ക് കാന്‍സര്‍ എന്ന തിരിച്ചറിവുമായി മടങ്ങി വരുന്ന ഇന്നസെന്റിനെ കണ്ട ആരാധികമാരുടെ ആഹ്ലാദം അദ്ദേഹം വിവരിക്കുന്നുണ്ട്. ഹൃദയവേദനയോടെയാകും അദ്ദേഹം ആ അനുഭവം തന്റെ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയിട്ടുണ്ടാവുക. മറ്റൊരാളുടെ ഉള്ളിലെ നീറ്റലോര്‍ക്കാതെയുള്ള ആഹ്ലാദങ്ങള്‍, വായിക്കുന്ന ഓരോ വ്യക്തിക്കുമുള്ള ഒരു ഓര്‍മപ്പെടുത്തലാണ്.
സുഹൃത്തും സഹപാഠിയുമായിരുന്ന ഡോ. ഗംഗാധരനാണ് ഇന്നസെന്റിനെ ചികിത്സിച്ചത്. ചികിത്സയിലുടനീളം പലതും പറഞ്ഞ് ചിരിച്ച ഇന്നസെന്റിനെ ഡോക്ടറും ഓര്‍ക്കുന്നുണ്ട്. ഡോക്ടര്‍ കണ്ടതില്‍ വച്ചേറ്റവും വ്യത്യസ്തനായ ഒരു രോഗിയായിരുന്നു ഇന്നസെന്റ്. മനസാന്നിധ്യം വിടാതെ രോഗത്തെ നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. അത് പിന്തുടരാന്‍ തന്നെയാണ് മറ്റ് രോഗികള്‍ക്ക് ഡോ. ഗംഗാധരന്‍ നല്‍കുന്ന ഉപദേശവും.
കാന്‍സറാണെന്ന സൂചന ലഭിച്ചതുമുതലുള്ള ഭാര്യ ആലീസിന്റെ അവസ്ഥ ഇരുവരും തമ്മിലുള്ള ആത്മ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കിയ കാന്‍സര്‍ അദ്ദേഹത്തെ വിട്ട് ആലീസിനെ ഭയപ്പെടുത്താനെത്തി. അതും ഇന്നസെന്റിന്റെ രോഗം പൂര്‍ണ്ണമായും ഭേദമായി എന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് വന്നതിന്റെ അടുത്ത ദിവസം. അമ്മയുടെ സ്റ്റേജ് ഷോകള്‍ക്കായി ദുബായിയില്‍ പോകാനിരുന്ന ദിവസമാണ് ആലീസിന്റെ രോഗവിവരം അറിയുന്നത്. യാത്രയൊക്കെ മാറ്റിവച്ച് ആലീസിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്നസെന്റില്‍ നല്ലൊരു ഭര്‍ത്താവിനെ, ഭാര്യ അതിരറ്റു സ്നേഹിക്കുന്ന ഒരു കുടുംബ നാഥനെ കാണാം.
ഭാര്യയുടെ രോഗത്തില്‍ അദ്ദേഹം തളര്‍ന്നു പോയെങ്കിലും ഇവിടെയും രക്ഷപ്പെടേണ്ടത് തന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി അതിനെ നേരിടുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ഇഴയടുപ്പം പുസ്തകത്തിലുട നീളം കാണാം. രോഗത്തിന്റെ ആദ്യാവസ്ഥയില്‍ തന്നെ ആലീസിന്റെ രോഗം കണ്ടെത്തിയത് കൊണ്ട് വളരെ വേഗം അത് ചികിത്സിച്ച് ഭേദമാക്കാനായി. ഭാര്യയ്ക്കു മാത്രമല്ല, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ലിസി എന്ന ഡോക്ടറെയും കാന്‍സര്‍ ബാധിച്ചു. ഡോക്ടറുടെ അവസ്ഥയും ഇന്നസെന്റ് പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അതിനെക്കാളുപരി തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് രോഗമാണെന്നറിയുന്ന രോഗിയുടെ അവസ്ഥ. അതാണ് കൂടുതല്‍ ഹൃദയത്തെ കൊള്ളിക്കുന്നത്.
തന്റെ രോഗാവസ്ഥയില്‍ പ്രാര്‍ത്ഥനയും മറ്റ് ചികിത്സാ വിധികളുമൊക്കെയായി വന്നവരെ താന്‍ കളിയാക്കി വിട്ടെങ്കിലും ആ പ്രാര്‍ത്ഥനകളുടെ ഒക്കെ ഫലമാണ് ആലീസിന്റെ രോഗം വേഗം ഭേദമായത് എന്ന് ഇന്നസെന്റ് പറയുന്നു. മനുഷ്യന്റെ നിസാര ബുദ്ധിയില്‍ ദൈവത്തെ അളക്കരുതെന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്. രോഗ ബാധയാല്‍ വിഷമിക്കുന്നവര്‍ മാത്രമല്ല, അല്ലാത്തവരും ഈ പുസ്തകം വായിക്കണം. മുഴുവന്‍ വായിച്ചു തീരാതെ പുസ്തകം താഴെ വയ്ക്കാന്‍ തോന്നില്ല. അത്രയേറെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന എഴുത്ത്. ധൈര്യമായി വായിക്കാം. മനസിനെ തണുപ്പിക്കാന്‍ തികച്ചും ഒരു ദിവ്യൗഷധം തന്നെയാണിത്.


VIEW ON mathrubhumi.com