പോലീസ് ജീപ്പിന് പിഴയിട്ട് MVD, എംവിഐയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പോലീസ്‌

#Auto Desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

വടക്കാഞ്ചേരി/തൃശ്ശൂർ: മതിയായ രേഖകളില്ലാത്തതിനാൽ പോലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർവാഹന ഉദ്യോഗസ്ഥന്റെ പേരിൽ വടക്കാഞ്ചേരി പോലീസിന്റെ പ്രതികാരനടപടി. തൃശ്ശൂർ മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പി.വി. ബിജുവിന്റെ പേരിലാണ് പോലീസ് കേസെടുത്തത്.

പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരിശോധനയുമായി ബന്ധപ്പെട്ട വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി പോലീസിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ചാണ് നടപടി. ബിജുവിനെ അറസ്റ്റുചെയ്യാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് പോലീസ് എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും വടക്കാഞ്ചേരി എസ്.എച്ച്.ഒ. വി.എസ്. മുരളീധരൻ അറിയിച്ചു.

തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരിയിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പട്രോളിങ് നടത്തുന്ന വടക്കാഞ്ചേരി പോലീസ്ജീപ്പിന്റെ ഇൻഷുറൻസ്, പുകസർട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞെന്ന ഓൺലൈൻ വിവരത്തിന്റെ അടിസ്ഥാനത്തിൽ എം.വി.ഐ. 4,000 രൂപ പിഴ ചുമത്തിയിരുന്നു.

ഇൻഷുറൻസ് ഉണ്ടെന്ന് എസ്.ഐ. ബദറുദ്ദീൻ അറിയിച്ചെങ്കിലും യാതൊരുവിധ രേഖകളും പരിശോധനാസമയത്ത് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. രേഖകൾ ഹാജരാക്കുന്ന പക്ഷം പിഴ ഒഴിവാക്കാമെന്ന ഉറപ്പ് എം.വി.ഐ. നൽകുകയും ചെയ്തു. അതുപ്രകാരം ചൊവ്വാഴ്ച രാവിലെ വാട്‌സാപ്പ് വഴി ഇൻഷുറൻസ് രേഖകൾ ഹാജരാക്കി.

എന്നാൽ, പുക പരിശോധനാസർട്ടിഫിക്കറ്റിന്റെ കാലാവധി ജൂൺ 20-ന് കഴിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുകസർട്ടിഫിക്കറ്റ് ഇല്ലാത്തതിനും ഇൻഷുറൻസ് രേഖകൾ കൈവശം വെയ്ക്കാത്തതിനുമായി 500 രൂപയാണ് പിഴ ചുമത്തിയത്.

പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ ഒന്നും ചെയ്തിട്ടില്ലെന്നും നിയമലംഘനം ശ്രദ്ധയിയിൽപ്പെട്ടത് അറിയിക്കുകയും അതിന് ചലാൻ നൽകുകയുമാണ് ഉണ്ടായതെന്നും എം.വി.ഐ. പി.വി. ബിജു പറഞ്ഞു.

Content Highlights: MVI P.V. Biju fined a Wadakkanchery police jeep for lack of valid insurance and pollution certificates., Police filed a non-bailable case against the MVI for obstructing duty and defaming the force., The MVI claims he followed legal procedures after finding expired documents., Police attempted to arrest the MVI at his residence on Tuesday evening.