യൂസ്ഡ് വാഹന ഷോറൂമുകൾക്കുമുണ്ട് നിയമങ്ങൾ; വിൽക്കാനോ വാങ്ങാനോ ചെല്ലുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മലപ്പുറം: ഒരു വണ്ടി വിൽക്കാനോ വാങ്ങാനോ യൂസ്ഡ് വാഹനഷോറൂമിലേക്ക് ചെല്ലുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. കേന്ദ്ര മോട്ടോർവാഹനനിയമപ്രകാരം യൂസ്ഡ് വാഹനങ്ങളുടെ ഷോറൂമുകൾ പ്രവർത്തിക്കാൻ ഒട്ടേറേ നിബന്ധനകളുണ്ട്. ഇപ്പോൾ അവർക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഷോറൂം ഉടമ പോർട്ടൽവഴി ഫോം നമ്പർ 29 (എ)യിൽ ഓൺലൈനായി ഓഥറൈസേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. ആർടിഒ ആണ് ഇത് നൽകുക. 25,000 രൂപ ഫീസ് അടയ്ക്കണം. അപേക്ഷ ലഭിച്ചാൽ പരിശോധിച്ച് ഫോം 29 (ബി) യിൽ സർട്ടിഫിക്കറ്റ് ലഭിക്കും. അഞ്ചുവർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഈ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കുകയും വേണം.
ഇനിയുമുണ്ട് നിബന്ധനകൾ...
പുതിയ ഭേദഗതിപ്രകാരം വേറേയും നിബന്ധനകൾ ഷോറൂമുകൾക്കുണ്ടെന്ന് ആർടിഒ ബി. ഷഫീഖ് പറയുന്നു. റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യാൻപാടില്ല. പാർക്കിങ്ങിന് പ്രത്യേക സ്ഥലം നിർബന്ധമാണ്. വാഹനം വിൽക്കാൻ കൊണ്ടുവന്നാൽ ഫോം നമ്പർ (സി) യിൽ രജിസ്റ്ററിങ് അതോറിട്ടിക്ക് ഓൺലൈനായി അപേക്ഷിക്കണം. ഇതിൽ വാഹനമുടമയും ഷോറൂം ഉടമയും ഒപ്പിടണം. കൈമാറിക്കഴിഞ്ഞാൽ ഒരു രസീതി വാഹനമുടമയ്ക്ക് നൽകണം. അതോടെ ഈ വാഹനത്തിൽ ഷോറൂമിന് ഉത്തരവാദിത്തമായി. വിൽക്കാൻ കൊണ്ടുവന്നയാൾക്ക് നിയമപരിരക്ഷയുമായി.
വാഹനം പുറത്തുകൊണ്ടുപോകാനും നിയന്ത്രണം...
ഇത്രയുംകഴിഞ്ഞാൽ പിന്നെ രജിസ്‌ട്രേഷൻ ഫീ പുതുക്കുക, ഡ്യൂപ്ലിക്കറ്റ് ആർസി, എൻഒസി എന്നിവയ്ക്ക് അപേക്ഷിക്കുക, പുകപരിശോധന നടത്തുക, ഉടമസ്ഥാവകാശം കൈമാറുക തുടങ്ങിയ കാര്യങ്ങൾക്കേ ഡീലർക്ക് വാഹനം ഓടിക്കാൻ അവകാശമുള്ളൂ. ഇങ്ങനെ കൊണ്ടുപോകുമ്പോൾ മോട്ടോർവാഹനവകുപ്പ് നൽകുന്ന ലൈസൻസ് പ്രദർശിപ്പിക്കണം. ട്രയൽ റൺ, ഡമോൺസ്‌ട്രേഷൻ ആവശ്യങ്ങൾക്കും പെയിന്റിങ്, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുമായി വർക്ക്‌ഷോപ്പിൽ കൊണ്ടുപോകാൻ അനുമതിയുണ്ട്. ഫോം (29) എയിൽ ഒരു രജിസ്റ്റർ സൂക്ഷിക്കണം. എത്രവണ്ടി വന്നൂവെന്നും എത്രയെണ്ണം പോയെന്നും അതിൽ കാണിക്കണം.
സ്ഥാപനങ്ങൾക്കുമുണ്ട് കഷ്ടപ്പാടുകൾ...
ഉപഭോക്താക്കളുടെ അവകാശങ്ങളും കടമകളും പറയുമ്പോൾ യൂസ്ഡ് വെഹിക്കിൾ ഷോറൂമുകാരുടെ പ്രയാസങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്‌സ് ആൻഡ് ബ്രേക്കേഴ്‌സ് അസോസിയേഷൻ സംഘടന ആവശ്യപ്പെട്ടതുപ്രകാരമാണ് 2023 ൽ മോട്ടോർവാഹന ഭേദഗതി ബില്ലിൽ ഓതറൈസേഷൻ, രജിസ്‌ട്രേഷൻ തുടങ്ങിയ നിയമങ്ങൾ വന്നതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് യൂസുഫ് മാളിയേക്കൽ പറയുന്നു.
എന്നാൽ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വ്യവസ്ഥകളും അതിൽവന്നു. ഇതിനെതിരേ സംഘടന ഹൈക്കോടതിയിൽ പോയി. സംഘടനയെക്കൂടി കേട്ടതിനുശേഷമേ നിയമം നടപ്പാക്കാവൂ എന്ന് ഹൈക്കോടതി പറഞ്ഞു. എന്നിട്ടും സർക്കാർ ആ നിയമവുമായി മുന്നോട്ടുപോയപ്പോൾ അതിനെതിരേയും സംഘടന കോടതിയിൽ പോയി. അങ്ങനെയാണ് അവരെക്കൂടി കേൾക്കാൻ സർക്കാർ തയ്യാറായത്. അങ്ങനെ ഈ മാസം 30 വരെയാണ് ഓതറൈസേഷനും രജിസ്‌ട്രേഷനും സമയം നൽകിയിട്ടുള്ളത്.
രജിസ്‌ട്രേഷൻഫീസ് കുറയ്ക്കണം
ഈ മേഖലയിൽ സംസ്ഥാനത്ത് സംഘടനയ്ക്കുകീഴിൽ 2,800-ഓളം ഷോറൂമുകളുള്ളതിൽ അധികവും സാധാരണക്കാരാണെന്ന് യൂസുഫ് മാളിയേക്കൽ പറയുന്നു. ചെറുകിട വാഹനക്കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഫീസായി 25,000 രൂപ നൽകുക എന്നത് വലിയ തിരിച്ചടിയാണ്. അത് സ്ളാബ് വെച്ച് നിയന്ത്രിക്കുകയോ ഗഡുക്കളായി അടക്കാൻ സാവകാശം നൽകുകയോ വേണം.
ഈ മാസം 30 വരെയാണ് ലൈസൻസെടുക്കാൻ സർക്കാർ സമയം നൽകിയിട്ടുള്ളത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് ലഭിക്കുക എളുപ്പമല്ല. സാമ്പത്തിക വർഷാവസാനമായതിനാൽ ഈ സമയത്ത് അവർ ലൈസൻസ് നൽകില്ല. പിന്നെ ജിഎസ്ടി വേണം, ബാങ്കിൽ കറണ്ട് അക്കൗണ്ട് വേണം, പാർക്കിങ് സൗകര്യമൊരുക്കണം. ഇതിനെല്ലാം അല്പംകൂടി സമയം നീട്ടിനൽകണമെന്നാണ് സംഘടനയുടെ ആവശ്യം.
സ്ഥാപനങ്ങളെ കരിമ്പട്ടികയിലാക്കിയാൽ വാഹനങ്ങൾ ചുളുവിലയ്ക്ക് ആരെങ്കിലും കൊണ്ടുപോകും. അത് ദുരുപയോഗപ്പെടുത്തുകയും ചെയ്യും. വർഷാവർഷം കോടിക്കണക്കിന് രൂപ സർക്കാരിന് നികുതിനൽകുന്ന സംവിധാനമാണ് കേരളത്തിലെ ഉപയോഗിച്ചവാഹനങ്ങളുടെ വിപണി. ആയിരക്കണക്കിനു പേർക്ക് കുറഞ്ഞവിലയ്ക്ക് വാഹനങ്ങൾ ലഭ്യമാകുന്നതിനപ്പുറം ആയിരക്കണക്കണക്കിന് കുടുംബങ്ങൾ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.
കെഎസ്‌യുവിഡിബിഎ എന്ന സംഘടനയ്ക്കു കീഴിൽത്തന്നെ പതിനായിരത്തോളം അംഗങ്ങൾ കേരളത്തിലുണ്ട്. സർക്കാരിന്റെ നിയന്ത്രണത്തോടെ പ്രവർത്തിക്കാൻ അവർക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. അതിന് മാനുഷികമായ പരിഗണനയോടെ വിട്ടുവീഴ്ചകൾ ചെയ്യണം. അവർക്കിടയിലെ കള്ളനാണയങ്ങളെ മാത്രമായിരിക്കണം നിയമങ്ങൾ ലക്ഷ്യം വെയ്ക്കേണ്ടത്.
Content Highlights: Used vehicle showrooms rules