ഇന്ത്യ-യു.കെ. വ്യാപാരക്കരാർ: ബ്രിട്ടനിൽ നിർമിക്കുന്ന കാറുകൾക്ക് വൻതോതിൽ വില കുറയും

മുംബൈ: ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാരക്കരാർ നടപ്പാകുന്നതിനു മുന്നോടിയായി ബ്രിട്ടനിൽ നിർമിച്ച് ഇറക്കുമതിചെയ്യുന്ന ആഡംബര കാറുകളുടെ വില കുറയ്ക്കാൻ കമ്പനികൾ നീക്കം തുടങ്ങി. ആഡംബരകാർ ബ്രാൻഡുകളായ മക്ലാരൻ, ജഗ്വാർ ലാൻഡ്‌റോവർ എന്നിവയാണ് ഇതിനകം വിലകുറയ്ക്കാൻ തീരുമാനമെടുത്തത്. കരാർ ഔദ്യോഗികമായി നടപ്പാക്കുന്നതിനുമുൻപായി വിപണിയിൽ ഓർഡറുകൾ കണ്ടെത്തി സാന്നിധ്യം ശക്തമാക്കുന്നതിനാണ് കമ്പനികളുടെ ശ്രമം.
കരാർ നടപ്പാകുന്നതോടെ ഇന്ത്യയിലെ പ്രീമിയം വാഹനങ്ങളുടെ വിപണിയിലേക്ക് ബ്രിട്ടീഷ് കമ്പനികളിൽനിന്ന് അസാധാരണമായ രീതിയിൽ ആഡംബര വാഹനങ്ങളെത്താൻ സാധ്യത കൂടുതലാണ്. ഇപ്പോൾ ഉയർന്ന വിലയുള്ള പെട്രോൾ സൂപ്പർ കാറുകൾക്കും ലക്ഷ്വറി എസ്.യു.വി.കൾക്കും വലിയ അളവിൽ വിലകുറയാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.
മക്ലാരൻ 750 എസ് സ്‌പൈഡറിന് എക്‌സ്‌ഷോറൂം വില നിലവിലെ 8.78 കോടിയിൽനിന്ന് 5.46 കോടിയായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.32 കോടി രൂപയാണ് കുറവുവരുക. മക്ലാരൻ 750 എസ് കൂപ്പെയ്ക്ക് മൂന്നുകോടി രൂപ കുറഞ്ഞ് 4.94 കോടി രൂപയായും താഴും. മക്ലാരൻ ജി.ടി.എസ്.മോഡലിന് 2.32 കോടിയുടെ കുറവാണ് കണക്കാക്കുന്നത്. ജഗ്വാർ ലാൻഡ്‌റോവറിന്റെ റേഞ്ച് റോവർ എസ്.വിക്ക് 75 ലക്ഷം രൂപയും റേഞ്ച് റോവർ എസ്.വി.ക്ക് 40 ലക്ഷം രൂപയുമാണ് കുറയാൻ സാധ്യത. ബി.എം.ഡബ്ല്യുവിന്റെ മിനി കൂപ്പർ എസിന് എട്ടുലക്ഷംമുതൽ 12 ലക്ഷംവരെ വിലകുറയുമെന്നാണ് പ്രതീക്ഷ. കൂടാതെ ബെന്റ്ലി, ആസ്റ്റൺ മാർട്ടിൻ, റോൾസ് റോയ്‌സ് തുടങ്ങിയ കമ്പനികൾക്ക് എൻജിൻശേഷിയനുസരിച്ച് വിവിധ മോഡലുകൾക്ക് ഒരുകോടി രൂപമുതൽ മൂന്നു കോടി രൂപവരെ കുറഞ്ഞേക്കും.
Content Highlights: Impact of India-UK Free Trade Agreement on luxury vehicle pricing., Significant price reductions expected for McLaren, JLR, and Bentley models., Market positioning strategy for British luxury brands in India., Projected price drops ranging from 8 lakhs to 3.32 crore depending on the model.