ആരാധനയ്ക്ക് എന്ത് 'തടവ്' ജയിലിലെ ദര്‍ശന്റെ നമ്പറില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി ആരാധകന്‍

പ്രതീകാത്മക ചിത്രം | Photo: MBI
പ്രതീകാത്മക ചിത്രം | Photo: MBI

കൊലക്കേസില്‍പ്പെട്ട് ജയിലഴിക്കുള്ളിലായതൊന്നും കന്നഡ നടന്‍ ദര്‍ശനോടുള്ള ആരാധനയുടെ ആഴം ആരാധകര്‍ക്ക് കുറയുന്നില്ല. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ ദര്‍ശന്റെ നമ്പര്‍ തന്റെ കാറിന്റെ രജിസ്റ്റര്‍ നമ്പറാക്കിമാറ്റാനൊരുങ്ങുകയാണ് ആരാധകന്‍. മൈസൂരുവിലെ ബന്നൂര്‍ സ്വദേശി ധനുഷാണ് നടനോടുള്ള കണ്ണടച്ച ആരാധനയുമായി രംഗത്തെത്തിയത്. 

ജയിലിലെ ദര്‍ശന്റെ നമ്പറായ 6016 എന്ന നമ്പറില്‍ തന്റെ കാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ധനുഷ് നടത്തിക്കഴിഞ്ഞു. ഇതിനി ദര്‍ശന്റെ ജയില്‍നമ്പറല്ല, ആരാധകരുടെ ഭാഗ്യനമ്പറാണെന്ന് പറഞ്ഞ് സാമൂഹികമാധ്യത്തില്‍ വീഡിയോയും പോസ്റ്റ് ചെയ്തു. അതിനിടെ, കേസിലെ നാല് പ്രതികളെ തുമകൂരു ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ ബെംഗളൂരു കോടതി പോലീസിന് അനുമതി നല്‍കി.

ബാക്കി പ്രതികളുമായി ഏറ്റുമുട്ടലുണ്ടാകുമോയെന്ന ആശങ്കയില്‍ പോലീസ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണിത്. ദര്‍ശനും സുഹൃത്ത് പവിത്ര ഗൗഡയും ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ പരപ്പന ജയിലില്‍ത്തന്നെ തുടരും.

കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് നടനായ ദര്‍ശന്‍. ഒന്നാം പ്രതിയും ദര്‍ശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്‌. ഇയാളെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. 

സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്നവിധത്തിലായിരുന്നു കൊലപാതകം നടന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബെംഗളൂരു കാമാക്ഷിപാളയയിലെ ഒരു ഷെഡ്ഡിലേക്കാണ് രേണുകാസ്വാമിയെ എത്തിച്ചത്. ഇവിടെവെച്ച് രേണുകാസ്വാമിയെ ക്വട്ടേഷന്‍സംഘം ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് നടന്‍ ദര്‍ശനും ഇവിടേക്കെത്തി. അവശനായ രേണുകാസ്വാമിയെ ദര്‍ശനും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിച്ചു. പിന്നാലെ നടന്‍ ഇവിടെനിന്ന് മടങ്ങുകയും മറ്റുപ്രതികള്‍ മര്‍ദനം തുടരുകയുംചെയ്തു. 

യുവാവിനെ തട്ടിക്കൊണ്ടുവന്നത് മുതല്‍ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുന്നത് വരെയുള്ള ഓരോവിവരങ്ങളും കൊലയാളിസംഘം നടന്‍ ദര്‍ശനെ അറിയിച്ചിരുന്നു. വാട്സാപ്പ് വഴി ഓരോവിവരങ്ങളും കൈമാറി. സംഭവദിവസം രാത്രിമുഴുവന്‍ കൊലയാളിസംഘത്തില്‍പ്പെട്ടവര്‍ ദര്‍ശനുമായി ഫോണില്‍ സംസാരിച്ചതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ രേണുകാസ്വാമിയുടെ മരണം ഉറപ്പാക്കിയശേഷം ഈ വിവരവും ദര്‍ശനെ അറിയിച്ചു. 30 ലക്ഷം രൂപയാണ് കൊലയാളിസംഘം നടനോട് ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ പ്രദോഷ് വഴിയാണ് പണം കൈമാറിയത്.

Content Highlights: The fan is about to register the car with actor Darshans jail record number