ഒടുവില്‍ ഗതാഗത മന്ത്രിയും പറഞ്ഞു; കാറുകളില്‍ കൂളിങ്ങ് സ്റ്റിക്കര്‍ ഒട്ടിക്കുന്നത് നിയമവിരുദ്ധം

വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ ഫിലിം (കൂളിങ്ങ് സ്റ്റിക്കര്‍) പതിപ്പിക്കുന്നത് നിയമവിരുദ്ധമെന്ന് ഉറപ്പിച്ച് പറഞ്ഞ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ആശയം കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാഹനങ്ങളില്‍ സണ്‍ ഫിലിം പതിപ്പിക്കാന്‍ നിലവില്‍ അനുമതിയില്ല. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വാഹനങ്ങളില്‍ കൂളിങ്ങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ ഒട്ടിക്കരുതെന്ന് കോടതി വിധിയും നിലവിലുണ്ടെന്നാണ് മന്ത്രി ആന്റണി രാജു അറിയിച്ചിരിക്കുന്നത്.
എന്നാല്‍, കാറുകളുടെയും മറ്റും ഗ്ലാസുകളില്‍ ഗ്ലെയിസിങ്ങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടാനും ആലോചനയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകളും കൂളിങ്ങ് പതിപ്പിക്കുന്നത് നിയമം അനുവദിക്കാത്തതിനാലാണ് ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ അറിയിച്ചിരിക്കുന്നത്.
കാറിന്റെ ചില്ലില്‍ കളര്‍ഫിലിം ഒട്ടിക്കുന്നത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. 2020 ജൂലായിലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം ബി.ഐ.എസ്. നിഷ്കര്‍ഷിക്കുന്ന ഗ്ലാസുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടത്. മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ക്ക് 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത വേണം. ഇത് വാഹനത്തിന്റെ നിര്‍മാണ വേളയില്‍ത്തന്നെ ഉറപ്പാക്കണമെന്ന് ഭേദഗതി നിഷ്കര്‍ഷിക്കുന്നു.
പ്ലാസ്റ്റിക് പാളി ചേര്‍ത്ത ഗ്ലാസുകളുടെ നിര്‍വചനമാണ് ബി.ഐ.എസില്‍ പുതുതായി വന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്ലാസുകള്‍ (സേഫ്റ്റി ഗ്ളേസിങ്) നിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാം. ഓട്ടോമൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്, ഇന്ത്യ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് പുതിയ വാഹന മോഡലുകള്‍ക്ക് വില്‍പ്പനാനുമതി നല്‍കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.
അതേസമയം, വാഹനങ്ങളില്‍ സണ്‍ കണ്ട്രോള് ഫിലിം അഥവ പ്ലാസ്റ്റിക് ലെയര്‍ പതിപ്പിക്കുന്നതിന് നിയമപരമായി അനുമതിയുണ്ടെന്നും 2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020-ലെ ഏഴാം ഭേദഗതി പ്രകാരമാണ് സണ്‍ കണ്ട്രോള് ഫിലിം വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നതെന്നും അതുകൊണ്ട് വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കാര്‍ ആക്സസറീസ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷനും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Sun film or cooling sticker in cars are illegal says kerala transport minister Antony Raju