അരകോടിയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ചീഫ് ജസ്റ്റിസ്; ആദ്യം കൗതുകം, പിന്നാലെ വിവാദം

-
-

പ്രഖ്യാപിത മോട്ടോർസൈക്കിൾ പ്രേമിയായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കഴിഞ്ഞദിവസം നാഗ്പുരിൽ ആഡംബര ബൈക്കായ ഹാർലി ഡേവിഡ്സണിൽ ഇരിക്കുന്ന ചിത്രം ആദ്യം കൗതുകമാണുയർത്തിയത്. എന്നാൽ, ഏറെ വൈകുംമുൻപ് വിവാദങ്ങളും തുടങ്ങി.

നാഗ്പുരിൽ വൃക്ഷത്തൈ നടൽ ചടങ്ങിനെത്തിയപ്പോഴാണ് ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് കയറിയിരുന്നത്. നാഗ്പുരിലെ ബി.ജെ.പി. നേതാവ് സോൻബ മുസലെയുടെ മകന്റേതാണ് അരക്കോടിയിലേറെ വിലവരുന്ന ഈ ബൈക്കെന്നാണ് റിപ്പോർട്ട്.

പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ ചീഫ് ജസ്റ്റിസിനെ വിമർശിച്ച് രംഗത്തെത്തി. ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നുവെന്നാണ് ഭൂഷൺ പ്രതികരിച്ചത്.

ചീഫ് ജസ്റ്റിസിനെ കാണിക്കാൻ ഡീലർ കൊണ്ടുവന്ന ബൈക്കാണിതെന്നും ഉടമ ആരാണെന്ന് അറിയില്ലായിരുന്നെന്നും ബോബ്ഡെയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. 64കാരനായ അദ്ദേഹത്തിന് വിരമിച്ചശേഷം ഹാർലി ഡേവിഡ്സൺ വാങ്ങാൻ പദ്ധതിയുണ്ടെന്ന് ഈ വൃത്തങ്ങൾ പറഞ്ഞു. ഇതുപ്രകാരം ഡീലർ കൊണ്ടുവന്നുകാണിച്ച ബൈക്കാണിതെന്നും പറയുന്നു.

ചീഫ് ജസ്റ്റിസ് ബൈക്ക് ഓടിച്ചുനോക്കിയില്ലെന്നും കയറിയിരിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. പത്തുലക്ഷംമുതൽ 60 ലക്ഷം രൂപവരെ വിലയുള്ള ആഡംബര ബൈക്കുകളാണ് ഹാർലി ഡേവിഡ്സൺ പുറത്തിറക്കുന്നത്.

നാഗ്പുരിൽ അഭിഭാഷകനായിരിക്കേ ബുള്ളറ്റ് ബൈക്കിലായിരുന്നു ജസ്റ്റിസ് ബോബ്ഡെയുടെ സഞ്ചാരം. സൂപ്പർ ബൈക്കുകളെ സ്നേഹിക്കുന്ന ബോബ്ഡെയ്ക്ക് കഴിഞ്ഞവർഷം മോട്ടോർസൈക്കിളിൽനിന്നു വീണ് കണങ്കാലിന് പരിക്കേറ്റിരുന്നു.

Content Highlights:Photo Went Viral Of Supreme Court Chief Justice Bobde In Harley Davidson Bike

Content Highlights: