വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന് പാലിയേക്കരയില്‍ ടോള്‍; മൊത്തം നമ്പറിലെ കളിയല്ലേയെന്ന് ടോള്‍പ്ലാസ

#ടി.ജെ. ശ്രീജിത്ത്
പാലിയേക്കര ടോള്‍ പ്ലാസ | ഫോട്ടോ: മാതൃഭൂമി
പാലിയേക്കര ടോള്‍ പ്ലാസ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ''ഡബിളാ ഡബിള്‍...അവിടേം കണ്ടു ഇവിടേം കണ്ടു...ശരിയാ നാലിടത്ത് ഒരേസമയം കണ്ടിരിക്കണൂ ചിലര്..!''നന്ദനം സിനിമയിലെ ഇന്നസെന്റിന്റെയും കൂട്ടരുടെയും ഡയലോഗ് ഓര്‍മ്മവരും പാലിയേക്കരയിലെ വിചിത്രമായ 'ടോള്‍' പിരിവിന്റെ 'ഇടപ്പള്ളി' കഥ കേട്ടാല്‍....

ഓഗസ്റ്റ് മൂന്നിന് രാവിലെ 8.08-ന് KL42P0046 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള കാര്‍ പാലിയേക്കര ടോള്‍ പ്ലാസ കടന്നുപോയെന്നു ചൂണ്ടിക്കാട്ടി ഉടമയ്ക്ക് മെസേജ് വന്നു. ഒപ്പം ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് 90 രൂപയും ഈടാക്കി. മെസേജ് കണ്ട് കാറിന്റെ ഉടമയും മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുമായ പി.കെ. സജീവന്‍ ഇടപ്പള്ളിയിലെ വീടിന്റെ പോര്‍ച്ചില്‍ ഓടിയെത്തി നോക്കി... ''ഹാവൂ കാര്‍ അവിടെത്തന്നെ കിടപ്പുണ്ട്''

പാലിയേക്കരയിലെ ഈ മെസേജ് 'ജാലവിദ്യ' മുന്‍പും കേട്ടിട്ടുള്ളതിനാല്‍, പി.കെ. സജീവന്‍ സൈബര്‍ പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് എളമക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. പക്ഷേ, പിന്നീട് അനക്കമൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഫാസ്ടാഗ് പറ്റിക്കല്‍ മുന്‍പും

വീട്ടില്‍ കിടക്കുന്ന വാഹനം പാലിയേക്കര ടോള്‍ പ്ലാസ കടന്നുപോയെന്ന് ചൂണ്ടിക്കാട്ടി ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് പണം പോകുന്നത് ആദ്യമല്ല. 2023 ഡിസംബറില്‍ എറണാകുളം പറവൂര്‍ ചേന്ദമംഗലം സ്വദേശിയായ എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ. രാജ്കുമാറിന് സമാനമായ അനുഭവമുണ്ടായി. ഡിസംബര്‍ 15-ന് രാത്രി 11.19-നാണ് രാജ്കുമാറിന്റെ കാര്‍, പാലിയേക്കര ടോള്‍പ്ലാസ കടന്ന മെസേജ് വന്നത്. കാറിന്റെ നമ്പര്‍ ആരെങ്കിലും വ്യാജമായി ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തില്‍ പോലീസില്‍ പരാതിയും നല്‍കി. ടോള്‍പ്ലാസ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെ രണ്ടാഴ്ച കഴിഞ്ഞ് പണം തിരികെ അക്കൗണ്ടിലെത്തി.

വിശദീകരണവുമായി ടോള്‍ പ്ലാസ

പി.കെ. സജീവനുണ്ടായ അനുഭവം 'മാതൃഭൂമി' ഞായറാഴ്ച ടോള്‍പ്ലാസ അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെ അവര്‍ സംഭവത്തിന്റെ വിശദീകരണം നല്‍കി. ടോള്‍പ്ലാസ വഴി ആ സമയത്ത് കടന്നുപോയത് KL07CG0031 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ്. ഈ കാറിന്റെ ഫാസ്ടാഗ് ഐഡി 34161FA820328EE80760C080 എന്നാണ്. ഈ ഫാസ്ടാഗില്‍നിന്ന് പണം ഈടാക്കുന്നതിനുപകരം പി.കെ. സജീവന്റെ KL42P0046 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറിന്റെ ഫാസ്ടാഗ് ഐഡിയായ 34161FA820328EE80760C0C0 എന്നതില്‍നിന്നാണ് പണം ഈടാക്കിയത്. രണ്ട് ഐഡിയും തമ്മില്‍ ഒരേയൊരു വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ഒന്നില്‍ അവസാന അക്കത്തിന് തൊട്ടുമുന്‍പുള്ള അക്കം എട്ടും രണ്ടാമത്തേതില്‍ അവസാന അക്കത്തിനു മുന്‍പ് ഇംഗ്ലീഷ് അക്ഷരമാലയിലെ 'സി'യും. രണ്ട് ഫാസ്ടാഗും ഒരേ ബാങ്കിന്റേതുമാണ്.

ഫാസ്ടാഗ് ഇടപാടുകള്‍ ഓട്ടമാറ്റിക് ആണ്. വാഹനങ്ങളിലെ ഫാസ്ടാഗ് ഗുണനിലവാരം ഇല്ലാത്തതോ പഴക്കം ചെന്ന് മോശമോ ആകുമ്പോള്‍ റീഡ് ചെയ്യുന്നതില്‍ സംഭവിക്കുന്ന പിഴവാണിത്.

Content Highlights: Kochi resident was wrongly charged toll for Paliyekkara toll plaza while his car was parked at home