ഓപ്പറേഷന്‍ നുംഖോര്‍: ഇന്ത്യയിലേക്കുള്ള എസ്‍യുവി കള്ളക്കടത്തിന്റെ കേന്ദ്രം പശ്ചിമബംഗാളിലെ ജെയ്ഗോണ്‍

കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടിയ, ഭൂട്ടാനിൽ നിന്നെത്തിച്ചതെന്ന്‌ കരുതുന്ന വാഹനങ്ങൾ
കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടിയ, ഭൂട്ടാനിൽ നിന്നെത്തിച്ചതെന്ന്‌ കരുതുന്ന വാഹനങ്ങൾ

കൊച്ചി: ഭൂട്ടാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള എസ്‍യുവി കള്ളക്കടത്തിന്റെ കേന്ദ്രം പശ്ചിമബംഗാളിലെ ജെയ്ഗോണ്‍. ഭൂട്ടാന്‍ അതിര്‍ത്തിയോടുചേര്‍ന്ന നഗരമാണിത്. ഭൂട്ടാനില്‍ എത്തിക്കുന്ന എസ്‍യുവികള്‍ അതിര്‍ത്തിയിലെ ഫുന്റ്ഷോലിങ് നഗരം വഴിയാണ് പശ്ചിമബംഗാളിലൂടെ ഇന്ത്യയിലേക്ക് കടത്തുന്നത്. ഇവിടെവെച്ചാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ രജിസ്ട്രേഷനിലേക്ക് മാറ്റുന്നത്. ഇന്ത്യയിലേക്ക് സ്വര്‍ണവും മയക്കുമരുന്നുമുള്‍പ്പെടെ കടത്തുന്ന പ്രധാന കേന്ദ്രമാണ് ജെയ്ഗോണ്‍.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സംഘം നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ അന്താരാഷ്ട്ര വാഹനകള്ളക്കടത്ത് സംഘത്തിന്റെ ഓപ്പറേഷന്‍ ജെയ്ഗോണിലൂടെയാണെന്ന് വ്യക്തമായത്. വ്യാജരേഖകള്‍ ഉപയോഗിച്ച് ഹിമാചലിലും അസമിലും രണ്ടാം ഉടമയായി രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ കര്‍ണാടകത്തിലും കേരളത്തിലുമെത്തിച്ച് രൂപമാറ്റംവരുത്തി വില്‍പ്പന നടത്തുന്നു. ഇതില്‍ ചിലതുമാത്രമാണ് മൂന്നാം ഉടമയായോ നാലാം ഉടമയായോ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നത്. ജെയ്ഗോണിലും ഫുന്റ്ഷോലിങ്ങിലും ഇത്തരം വാഹനങ്ങള്‍ കടത്തുന്നതിനായി കള്ളക്കടത്ത് ഏജന്റുമാരുണ്ട്. ഇവര്‍ക്ക് കമ്മിഷന്‍ നല്‍കിയാണ് അതിര്‍ത്തി കടത്തുന്നത്. സ്വര്‍ണം, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, മദ്യം, ഇന്ധനം എന്നിവയും ജെയ്ഗോണ്‍ വഴിയാണ് ഇന്ത്യയിലേക്ക് കടത്തുന്നത്.

അമിത്തിനെ സംശയമുനയില്‍ നിര്‍ത്തി കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്കുവാഹനം കടത്തിയ സംഭവത്തില്‍ നടന്‍ അമിത് ചക്കാലയ്ക്കലിനെ സംശയനിഴലില്‍നിന്ന് മാറ്റാതെ കസ്റ്റംസ്. അന്താരാഷ്ട്ര വാഹനക്കടത്ത് സംഘവുമായി അമിത്തിന് ഇടപാടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയരുന്നു. സ്വന്തം ഉപയോഗത്തിനല്ലാതെ ഇത്തരം ആറ് വാഹനങ്ങള്‍ ഗാരേജില്‍ എത്തിച്ചതിന് അമിത് നല്‍കിയ വിശദീകരണം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ വാഹനങ്ങളുടെ രേഖകളുമായി 10 ദിവസത്തിനകം ഹാജരാകാനാണ് അമിത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അമിത് ഉപയോഗിക്കുന്ന എസ്‍യുവിയുടെ രേഖകള്‍ മാത്രമാണ് അദ്ദേഹത്തിന് ഇതുവരെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആറ് വാഹനങ്ങളും മറ്റ് പലരുടേതുമാണെന്നും അവരെയെല്ലാം ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടന്‍ പറയുന്നു. തന്റെ പരിചയത്തിലുള്ള ഗാരേജില്‍ ഇത്തരം വാഹനങ്ങള്‍ പുതുക്കിയെടുക്കാന്‍വേണ്ടിയാണ് പലരും സമീപിച്ചിരിക്കുന്നതെന്നാണ് അമിത് നല്‍കുന്ന വിശദീകരണം.

ഒരാള്‍ക്ക് സമന്‍സ്

എറണാകുളം കുണ്ടന്നൂരില്‍ നിന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ വാങ്ങിയ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിക്ക് സമന്‍സ് നല്‍കിയെന്നാണ് സൂചന. ഇയാളോട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പിടിച്ചെടുത്ത 1999 മോഡല്‍ ലാന്‍ഡ് ക്രൂസര്‍ 2012-ല്‍ ആണ് അരുണാചലില്‍ രജിസ്റ്റര്‍ ചെയ്തതായി കാണിച്ചിട്ടുള്ളത്.

Content Highlights: Border city Jeygone in West Bengal is the centre of SUV smuggling to India