പെട്രോൾ CR-V ഇനി ഉണ്ടാകില്ല, അടുത്ത തലമുറ ഹൈബ്രിഡ് മാത്രം, സ്ഥിരീകരിച്ച് ഹോണ്ട

യു.എസിൽ പെട്രോൾ എൻജിൻ സിആർവി പൂർണമായും നിർത്തലാക്കാൻ ഹോണ്ട. സി.ആർ-വി (CR-V) യുടെ അടുത്ത തലമുറ ഹൈബ്രിഡ് വകഭേദം മാത്രമായിരിക്കുമെന്ന് ഹോണ്ട സ്ഥിരീകരിച്ചു. പുതിയ രണ്ട്-മോട്ടർ ഹൈബ്രിഡ് സിസ്റ്റം, പുതിയ പ്ലാറ്റ്ഫോം, നവീകരിച്ച എക്സ്റ്റീരിയർ എന്നിവയുമായി പുതിയ സി.ആർ-വി അമേരിക്കയിൽ എത്തും.
സി.ആർ-വി അതിന്റെ 30-ാം വാർഷികത്തിലേക്ക് കടക്കുന്ന വേളയിലാണ് ഹോണ്ടയുടെ പ്രഖ്യാപനം. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്.യു.വിയാണിത്. തുടർച്ചയായ മൂന്നാം വർഷവും വാർഷിക വിൽപ്പന 4 ലക്ഷം യൂണിറ്റ് കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസിൽ ഇതിന്റെ ആകെ വിൽപ്പന 75 ലക്ഷം യൂണിറ്റ് കടന്നിട്ടുണ്ട്.
പുതിയ ഹൈബ്രിഡ് സംവിധാനം വരും; ഇന്ധനക്ഷമത കൂടും
ഹോണ്ടയുടെ അഞ്ചാം തലമുറ രണ്ട്-മോട്ടർ ഹൈബ്രിഡ് സിസ്റ്റമായിരിക്കും 2028 സി.ആർ-വിയിൽ ഉപയോഗിക്കുക. ഇതിലൂടെ നിലവിലെ ഹൈബ്രഡിനെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ 10 ശതമാനത്തിലധികം വർധനവാണ് ഹോണ്ട ലക്ഷ്യമിടുന്നത്. പുതിയ ഹൈബ്രിഡ് സിആർവി ഇന്ത്യയിലേക്കും എത്തുമെന്ന സൂചനകളുണ്ട്.
നീക്കത്തിന് പിന്നിലെന്ത്?
യു.എസിൽ ഹൈബ്രിഡ് വകഭേദങ്ങൾക്കുള്ള ആവശ്യം കണക്കിലെടുക്കുമ്പോൾ സി.ആർ-വി പൂർണ്ണമായും ഹൈബ്രിഡ് മാത്രമുള്ള മോഡലാക്കി മാറ്റുന്നത് യുക്തിസഹമാണെന്ന് ഹോണ്ട കരുതുന്നു. 2020-ൽ അവതരിപ്പിച്ചതു മുതൽ ഹോണ്ട സി.ആർ-വി ഹൈബ്രിഡിന്റെ വാർഷിക വിൽപ്പന ഏകദേശം 10 മടങ്ങ് വർധിച്ചിട്ടുണ്ട്.
യു.എസ് വിപണിയിൽ 2024-ലും 2025-ലും ഹോണ്ട ഹൈബ്രിഡ് വിൽപ്പനയിൽ റെക്കോർഡ് നേടിയിട്ടുണ്ട്. സി.ആർ-വി ഹൈബ്രിഡ് വിൽപ്പനയുടെ കരുത്തിൽ 2026-ലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസിലെ ഹോണ്ടയുടെ മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ ഹൈബ്രിഡുകളുടെ സംഭാവന ഏകദേശം 30 ശതമാനമാണ്. 2030-ഓടെ വടക്കേ അമേരിക്കയിൽ പുറത്തിറക്കുന്ന നിരവധി ഹൈബ്രിഡ് മോഡലുകളിൽ ആദ്യത്തേതാണ് പുതിയ 2028 സി.ആർ-വി ഹൈബ്രിഡ്.
Content Highlights: Next-generation 2028 Honda CR-V will be sold exclusively as a hybrid in the US., Features a fifth-generation two-motor hybrid system and new electric AWD unit., Targeting over 10 percent improvement in fuel economy., Built on an all-new modular, lightweight platform.