നമ്പർ പ്ലേറ്റില്ലാതെ വെടിപൊട്ടിച്ച് പാഞ്ഞ് ബുള്ളറ്റ്; ഡ്രസിലെ ലോഗോ കുടുക്കി, 23,750 രൂപ പിഴ

കാക്കനാട്: ഹെൽമെറ്റില്ല, മുന്നിലും പിന്നിലും നമ്പർ പ്ലേറ്റില്ല, പോരാത്തതിന് ഇൻഷുറൻസുമില്ല! സൈലൻസറിൽനിന്ന് വെടിപൊട്ടുന്ന ശബ്ദവുമായി ദേശീയപാതയിലൂടെ പാഞ്ഞ ബുള്ളറ്റ് യാത്രക്കാരനെ പിടികൂടി മോട്ടോർ വാഹനവകുപ്പ്. വണ്ടിയുടെ നമ്പർ ഇല്ലെങ്കിലും യുവാവും യുവതിയും ധരിച്ചിരുന്ന വസ്ത്രത്തിലെ സ്ഥാപനത്തിന്റെ പേര് പിന്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് എറണാകുളം എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഒടുവിൽ ബുള്ളറ്റുകാരനെ വലയിലാക്കിയത്.
നിയമലംഘനങ്ങൾക്കെല്ലാം കൂടിയായി 23,750 രൂപ പിഴയും ചുമത്തി. കഴിഞ്ഞദിവസമായിരുന്നു സംഭവം. അങ്കമാലി ജങ്ഷനിൽ മഫ്തിയിൽ പരിശോധന നടത്തുകയായിരുന്ന വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിലേക്കാണ് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി യുവാവും യുവതിയും ബുള്ളറ്റിൽ എത്തിയത്. ബൈക്കിന് നമ്പർപ്ലേറ്റ് ഇല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് വണ്ടി തിരിച്ചറിയാൻ കഴിഞ്ഞില്ല.
എന്നാൽ ഇൻസ്‌പെക്ടറുടെ കണ്ണുടക്കിയത് ഇരുവരും ധരിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരെഴുതിയ വസ്ത്രത്തിലായിരുന്നു.
ഈ ബ്രാൻഡ് നെയിം ഉദ്യോഗസ്ഥർ കൃത്യമായി നോട്ട് ചെയ്തു. തുടർന്ന് ഈവസ്ത്രം നൽകുന്ന സ്ഥാപനം അങ്കമാലിയിൽ എവിടെയാണെന്ന് അന്വേഷിച്ചുകണ്ടെത്തി ഉദ്യോഗസ്ഥർ തൊട്ടടുത്ത നിമിഷം അവിടെയെത്തി. തങ്ങൾ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണെന്ന് സെക്യൂരിറ്റി ജീവനക്കാരെ ബോധ്യപ്പെടുത്തിയ ശേഷം, മൊബൈലിൽ പകർത്തിയ ബുള്ളറ്റ് യാത്രക്കാരുടെ ചിത്രം ഉദ്യോഗസ്ഥർ അവരെ കാണിച്ചു. ചിത്രം കണ്ടയുടൻ സെക്യൂരിറ്റി ജീവനക്കാർ 'പ്രതികളെ' തിരിച്ചറിയുകയും ഇവർ ഈ വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് കടയ്ക്കുള്ളിൽ കയറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ കെ. അശോക് കുമാർ, അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അജയ് മോഹൻദാസ്, സി.ജെ. ഷോൺ എന്നിവർ യുവാവിനെ പിടികൂടുകയായിരുന്നു.
വിശദമായ പരിശോധനയിലാണ് വാഹനത്തിൽ വരുത്തിയ രൂപമാറ്റങ്ങൾ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയത്. സൈലൻസർ ഉൾപ്പെടെ ബുള്ളറ്റിൽ വരുത്തിയ രൂപമാറ്റങ്ങളെല്ലാം അഴിച്ചുമാറ്റി, വാഹനം പഴയ നിലയിലാക്കി എത്രയുംവേഗം ആർ.ടി. ഓഫീസിൽ ഹാജരാക്കണമെന്ന കർശന നിർദേശത്തോടെയാണ് വാഹനം താത്കാലികമായി വിട്ടുകൊടുത്തത്.
Content Highlights: Bullet rider fined ₹23,750 for multiple rule violations., Offenses included no helmet, no number plates, and no insurance., MVD used brand logos on clothing to track the offender., Vehicle modifications were ordered to be removed immediately., Enforcement squad conducted the raid in Angamaly.