400 മീറ്റർ യാത്രയ്ക്ക് ടാക്‌സിക്ക് 18,000 രൂപ; വീഡിയോയിട്ട് US വിനോദസഞ്ചാരി, ഡ്രൈവർ അറസ്റ്റിൽ

#Auto Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

മുംബൈ: നാനൂറ് മീറ്റർ സഞ്ചരിക്കാൻ അമേരിക്കൻ വിനോദസഞ്ചാരിയിൽനിന്ന് 18,000 രൂപ ഈടാക്കിയ ടാക്‌സി ഡ്രൈവറെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ഇറക്കിയതിനാണ് ഡ്രൈവറായ ദേശ്രാജ് യാദവ് 18,000 രൂപ വാങ്ങിയത്.

മുംബൈ നഗരത്തിലെ തന്റെ ചെലവേറിയ യാത്രയെക്കുറിച്ചുള്ള അനുഭവം സഞ്ചാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്തിടെ, മുംബൈയിൽ വിമാനമിറങ്ങിയശേഷം ഹോട്ടലിലേക്ക് ഒരു ടാക്‌സിപിടിച്ചു. ഡ്രൈവറും മറ്റൊരാളും 400 മീറ്റർ അകലെയുള്ള ഒരു ഹോട്ടലിനുമുന്നിൽ ഇറക്കിയശേഷം 200 ഡോളർ വാങ്ങുകയായിരുന്നു.

സോഷ്യൽമീഡിയ പോസ്റ്റിൽ പോലീസ് സ്വമേധയാ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും മൂന്നുമണിക്കൂറിനുള്ളിൽ ഡ്രൈവറെ അറസ്റ്റുചെയ്യുകയും ചെയ്തു. വിനോദസഞ്ചാരിയെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

പ്രതി സഞ്ചാരിയെ അന്ധേരി ഈസ്റ്റിൽ 20 മിനിറ്റ് ഡ്രൈവ്‌ചെയ്ത് കൊണ്ടുപോയി തുടർന്ന് ഹോട്ടലിൽ ഇറക്കിവിടുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. യാദവിന്റെ കൂട്ടാളിക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

യാദവിനെതിരേ കേസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്നും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlights: US tourist outrage as Mumbai taxi driver overcharges $200 for a 400m trip from the airport. Police arrest driver, launch search for accomplice.