എന്റെ ജീവിതത്തിൽ വഴിത്തിരിവായ ആനവണ്ടി യാത്ര; KSRTC-യുടെ പരസ്യവുമായി മോഹൻലാൽ, ഇത് രാജ്യത്ത് ആദ്യം

#Auto Desk
കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രത്തില്‍ നിന്ന്‌
കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രത്തില്‍ നിന്ന്‌

ലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ പരസ്യചിത്രം പുറത്തിറങ്ങി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ആണ് പരസ്യചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രകാശന ചടങ്ങിൽ സിനിമ നിർമാതാവായ ആന്റണി പെരുമ്പാവൂർ, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി തുടങ്ങിയവർ പങ്കെടുത്തു.

ആദ്യമായാണ് ഇന്ത്യയിലെ ഒരു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഒരു പരസ്യ ചിത്രം ഒരുക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുള്ള ഈ പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകനായ പ്രിയദർശനാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചത്.

മോഹൻലാലിന്റെ സിനിമ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ളതാണ് പരസ്യത്തിന്റെ പ്രമേയം. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ മഞ്ഞിൽവരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെയാണ് കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി, ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിക്കുന്നു.

ഗുഡ്‌വിൽ അംബാസഡർ സ്ഥാനത്ത് മോഹൻലാൽ എത്തുന്നതോടെ അദ്ദേഹത്തെ വെച്ച് കെഎസ്ആർടിസിയുടെ പരസ്യം എടുക്കാൻ സാധിക്കുമെന്ന് ഗണേഷ് കുമാർ മുമ്പുതന്നെ അറിയിച്ചിരുന്നു. പണമൊന്നും വാങ്ങാതെയാണ് മോഹൻലാൽ കെഎസ്ആർടിസിയുമായി സഹകരിക്കുന്നതെന്നാണ് ഗണേഷ് കുമാർ ഉറപ്പുനൽകിയിരുന്നത്. കെഎസ്ആർടിസി റീബ്രാൻഡിങ്ങിന്റെ ഭാഗമായി 2025-ൽ സംഘടിപ്പിച്ച പരിപാടിയിലും മോഹൻലാൽ മുമ്പ് പങ്കെടുത്തിരുന്നു.

ഓർമ എക്സ്പ്രസ് എന്ന പേരിൽ ഒരുക്കിയ കെഎസ്ആർട്സി ബസിൽ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തിരുന്നു. കെഎസ്ആർടിസിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഓർമ്മകളിലേക്കുള്ള യാത്രകൾക്കായി 'ഓർമ എക്സ്പ്രസ്' കെഎസ്ആർടിസി അവതരിപ്പിച്ചത്. കേരളത്തിലെ ഗതാഗതസംവിധാനം ഗംഭീരമായി മാറുകയാണെന്നായിരുന്നു കെഎസ്ആർടിസിക്കായി എത്തിയ പുതിയ ബസുകൾ സന്ദർശിച്ച ശേഷം മോഹൻലാൽ അഭിപ്രായപ്പെട്ടത്.

Content Highlights: Superstar Mohanlal stars in a new advertisement for KSRTC., The ad film is directed by renowned filmmaker Priyadarshan., Mohanlal is serving as KSRTC's Goodwill Ambassador free of charge., The ad's theme connects KSRTC with Mohanlal's nostalgic journey for his debut film.