ലോക്ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദേശം, പിഴ പിന്നാലെ വരും

ലോക്ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതിവാങ്ങിയാകും വിട്ടുനല്‍കുക.
ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും മടക്കിനല്‍കല്‍. ഇപ്പോള്‍ പിഴ ഈടാക്കില്ല. അഡ്വക്കേറ്റ് ജനറലില്‍നിന്ന് നിയമോപദേശം ലഭിച്ചശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചായിരുന്നു കേസ്. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് വന്നശേഷം അതിലെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.
ഈ വകുപ്പുകള്‍ ചേര്‍ത്ത കേസുകളില്‍ പിഴയീടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള തടസ്സം ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്നാണ് നിയമോപദേശം തേടിയത്. ഓര്‍ഡിനന്‍സില്‍ ചില ഭേദഗതികള്‍ വരുത്തിയാല്‍ പോലീസിനുതന്നെ പിഴചുമത്തി വാഹനങ്ങള്‍ വിട്ടുനല്‍കാനുമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പി. സര്‍ക്കാരിന് കത്തുനല്‍കി.
പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് സത്യവാങ്മൂലം വാങ്ങി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. പിഴകാര്യത്തില്‍ തീരുമാനമായാല്‍ ഉടമകളെ വിളിച്ച് പിഴയീടാക്കി മറ്റ് നടപടികള്‍ സ്വീകരിക്കും.
Content Highlights: Lock Down Violation; Police Release The Seized Vehicles
Content Highlights: