വി.ഡി സതീശന്റെ പ്രതികരണം വൈറലായെങ്കിലും കാര്യം എളുപ്പമല്ല; വാഹനങ്ങളുടെ രൂപമാറ്റത്തിൽ നിയമം ഇടയും

കൊച്ചി: മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ രസകരമായ പ്രതികരണം രാജ്യമാകെ വൈറലായെങ്കിലും വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുക നിയമപരമായി വെല്ലുവിളിയാണ്. കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതിയും ഹൈക്കോടതിയുമൊന്നും ഇക്കാര്യത്തിൽ ചെറുപ്പക്കാരുടെ ആഗ്രഹങ്ങൾക്ക് ഒപ്പമല്ല. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഒരിളവും നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതിയടക്കം വ്യക്തമാക്കിയിട്ടുണ്ട്.
വാഹനനിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാനാകില്ലെന്നാണ് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ പറയുന്നത്. കേരള മോട്ടോർവാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതിനൽകിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് തള്ളി 2019-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യത്തിൽ നിർണായകം.
മൂന്നാറിൽ ടൂറിസ്റ്റുകൾക്കായി കെ.എസ്.ആർ.ടി.സി. നിരത്തിലിറക്കിയ ഡബിൾ ഡക്കർ ബസിൽ ഒരു ഹെഡ് ലൈറ്റ് അധികമായിവെച്ചത് നീക്കംചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതൊക്കെ മറികടന്ന് എങ്ങനെ മോഡിഫിക്കേഷൻ സാധ്യമാകും എന്നാണ് നിയമവിദഗ്ധർ ചോദിക്കുന്നത്. അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാനും മോഡിഫിക്കേഷൻ കാരണമാകാമെന്ന് ഹൈക്കോടതി അഭിഭാഷകനും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിങ് കോൺസലുമായ ദീപു തങ്കൻ പറയുന്നു.
മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ പറയുന്നത്
വാഹന നിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കരുത്. രൂപമാറ്റത്തിന് അനുവാദം നൽകുന്നതിൽ കേന്ദ്രസർക്കാരിനാണ് അധികാരം. സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരം.
2000-ത്തിലെ നിയമഭേദഗതിയിലും രൂപമാറ്റത്തിനപ്പുറം പരിഗണന നൽകിയത് റോഡ് സുരക്ഷയ്ക്കും മലിനീകരണം തടയുന്നതിനുമാണ്. ടയറിന്റെ മാറ്റം പോലും അനുവദിച്ചില്ല.
2019-ൽ സുപ്രീം കോടതി പറഞ്ഞത്
മോഡിഫിക്കേഷൻ തടഞ്ഞ 2006-ലെ കേരള ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് നൽകിയ അപ്പീലിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് രൂപമാറ്റത്തെ വിലക്കുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 മറികടയ്ക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോർട്ട്. തുടർന്ന് സുപ്രീം കോടതി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കി.
പ്രോട്ടോടൈപ്പ് ടെസ്റ്റ്
വിദേശത്ത് നിന്ന്് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ ഏജൻസികൾ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. പിന്നീട് ഈ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാനാകില്ലെന്നാണ് നിയമം.
Content Highlights: Section 52 of the Motor Vehicles Act 1988 prohibits unauthorized vehicle modifications., The 2019 Supreme Court ruling overrides state-level permissions for vehicle alterations., Modifications can lead to insurance claim rejection and legal penalties., Road safety and pollution control remain the primary drivers for strict enforcement., Vehicles must adhere to prototype test standards set by central agencies.