കെഎസ്ആര്‍ടിസിയുമായി സഹകരിക്കാനില്ലെന്ന് ബ്രെയ്ത്ത് വെയ്റ്റ്; വാഹന പൊളിക്കല്‍ കേന്ദ്രം തുടങ്ങാനുള്ള നീക്കം പാളി

പാലക്കാട്: മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രം തുറക്കാനുള്ള കെഎസ്ആര്‍ടിസി നീക്കത്തിന് തിരിച്ചടി. ഒരുവര്‍ഷംമുന്‍പ് കരാറേറ്റെടുത്ത റെയില്‍വേ കമ്പനി 'ബ്രെയ്ത്ത് വെയ്റ്റ്' പിന്മാറിയതാണ് പ്രതിസന്ധിയായത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കായി മലപ്പുറത്തെ എടപ്പാളില്‍ സ്ഥലമടക്കം ഒരുക്കിയിട്ടും വാഹനം പൊളിക്കല്‍ കേന്ദ്രം തുറക്കുന്നത് ഇതോടെ അനിശ്ചിതത്വത്തിലായി.
കെഎസ്ആര്‍ടിസിയുമായി സഹകരിച്ചുള്ള വാഹനം പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നതിന് കരാര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതാണ് കാരണം. കരാറില്‍നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ച് കമ്പനി അധികൃതര്‍ കെഎസ്ആര്‍ടിസി എംഡിക്ക് കത്ത് നല്‍കി. റെയില്‍ വാഗണുകളും കോച്ചുകളും നിര്‍മിക്കുന്ന സാങ്കേതിക സ്ഥാപനമാണ് ബ്രെയ്ത്ത് വെയ്റ്റ്.
സംസ്ഥാനത്ത് വടക്ക്, തെക്ക്, മധ്യ മേഖലകളിലെ ജില്ലകള്‍ക്കായി മൂന്ന് വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ വടക്ക്, തെക്ക് ജില്ലകള്‍ക്കായുള്ള രണ്ട് കേന്ദ്രങ്ങള്‍ തുറക്കുന്ന ചുമതല പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) നല്‍കിയിട്ടുള്ളത്. പുതിയ പങ്കാളിയെ കണ്ടെത്താന്‍ ഉടന്‍ ദര്‍ഘാസ് വിളിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
15 വര്‍ഷം പിന്നിട്ട വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാര്‍ഗരേഖ പ്രകാരമാണ് രജിസ്‌ട്രേഡ് സ്‌ക്രാപ് വെഹിക്കിള്‍ ഫെസിലിറ്റി (ആര്എസ്വിഎഫ്) എന്നറിയപ്പെടുന്ന വാഹനം പൊളിക്കല്‍ കേന്ദ്രം തുറക്കുന്നത്. കണ്ണൂര്‍ അഴീക്കലിലെ പ്ലാന്റിലടക്കം സില്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്‍പോട്ടുപോയിട്ടുണ്ട്.
കാലാവധി പിന്നിട്ട് 4,136 സര്‍ക്കാര്‍ വാഹനങ്ങളും 30 ലക്ഷം സ്വകാര്യ വാഹനങ്ങളും
സംസ്ഥാനത്ത് കാലാവധി പിന്നിട്ട 4,136 സര്‍ക്കാര്‍ വാഹനങ്ങളുണ്ട്. ഇതില്‍ 1,820 വണ്ടികള്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റേതുമാണ്. 1,652 കെഎസ്ആര്‍ടിസി ബസുകളും പട്ടികയിലുണ്ട്. കാലാവധി കഴിഞ്ഞ 30 ലക്ഷം സ്വകാര്യവാഹനങ്ങളും സംസ്ഥാനത്തുണ്ട്. പഴയവണ്ടി പൊളിച്ച സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് വാഹന നിര്‍മാതാക്കള്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: KSRTC`s plan to set up a vehicle scrapping center in central Kerala faces a setback as partner Breithwaite withdraws. New tender to be issued.