ചെറിയ സീറ്റ്, യാത്രാസുഖം തീരെയില്ല; കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം വരുമാനത്തിൽ വൻ ഇടിവ്

#നവീന്‍ മോഹന്‍
പ്രതീകാത്മക ചിത്രം | Photo: Facebook/KB Ganesh Kumar
പ്രതീകാത്മക ചിത്രം | Photo: Facebook/KB Ganesh Kumar

കല്പറ്റ: പുതിയ ബസുകൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സി. തുടങ്ങിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകളുടെ വരുമാനം പ്രതീക്ഷിച്ചത്ര ഉയർന്നില്ല. നേരത്തേയുണ്ടായിരുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾ മാറ്റിയാണ് പുതിയ ബസുകളെത്തിച്ച് സർവീസ് സൂപ്പർ ഫാസ്റ്റ് പ്രീമിയമാക്കിയത്.

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടും വരുമാനത്തിൽ വലിയ ഇടിവാണ് സർവീസുകൾ നേരിടുന്നത്. നേരത്തേ സൂപ്പർ ഫാസ്റ്റ് സർവീസുകൾക്ക് ലഭിച്ചിരുന്ന വരുമാനത്തെക്കാൾ കുറവാണ് ഇപ്പോൾ ലഭിക്കുന്ന വരുമാനം. സ്റ്റോപ്പുകളുടെ എണ്ണം കുറച്ചതും പുതിയ ബസിൽ യാത്രാസുഖം കുറവായതുമൊക്കെയാണ് വരുമാനത്തിൽ കുറവുണ്ടാവാൻ കാരണമായത്.

ജില്ലയിൽനിന്ന് ഒൻപത് സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകളാണുള്ളത്. കല്പറ്റ ഡിപ്പോയുടെ കല്പറ്റ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസ് 10,000 രൂപമുതൽ 15,000 രൂപവരെയാണ് നഷ്ടം നേരിടുന്നത്. നേരത്തേ സൂപ്പർ ഫാസ്റ്റായി ഓടിയിരുന്ന സമയത്ത് 40,000 രൂപമുതൽ 45,000 രൂപവരെയായിരുന്നു വരുമാനം. ഇപ്പോൾ ഇത് 30,000 രൂപ മുതൽ 35,000 രൂപവരെയായി കുറഞ്ഞു.

അവധിദിവസങ്ങളിൽ 60,000 രൂപമുതൽ 70,000 രൂപവരെ വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ 55,000 രൂപയിൽ താഴെയുമായി. 11 ജില്ലകളിലൂടെ കടന്നുപോകുന്നതാണ് കല്പറ്റ-തിരുവനന്തപുരം സർവീസ്. സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസാക്കിയതോടെ സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കി. മലയോര മേഖലകളിലൂടെയടക്കം പോയിരുന്ന സർവീസിന്റെ സ്റ്റോപ്പുകൾ കുറച്ചത് യാത്രക്കാർ നഷ്ടപ്പെടാനും കാരണമായി.

സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്നുള്ള രണ്ട് തിരുവനന്തപുരം, രണ്ട് പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകളുടെയും വരുമാനവും കുറഞ്ഞു. നേരത്തേ 60,000 രൂപവരെ വരുമാനം കിട്ടിയിരുന്ന തിരുവനന്തപുരം സർവീസുകൾക്ക് ഇപ്പോൾ വരുമാനം 50,000 രൂപയിൽ താഴെയായി. നേരത്തേ 40,000 രൂപയ്ക്കു മുകളിൽ വരുമാനം ലഭിച്ചിരുന്ന പത്തനംതിട്ട സർവീസുകൾക്ക് ഇപ്പോൾ വരുമാനം 30,000 രൂപയിൽ താഴെയുമായി.

ബത്തേരിയിൽനിന്നും മാനന്തവാടിയിൽനിന്നുമുള്ള രണ്ടു വീതം കോയമ്പത്തൂർ സർവീസുകളും സൂപ്പർ ഫാസ്റ്റ് പ്രീമിയമാണ്. കോയമ്പത്തൂരിലേക്ക് മറ്റു ബസുകൾ കുറവായതിനാൽ കോയമ്പത്തൂർ സർവീസുകൾക്ക് കാര്യമായ വരുമാനനഷ്ടം ഉണ്ടായിട്ടില്ല.

പുതിയ ബസിൽ യാത്രാസുഖമില്ല

പഴയ സൂപ്പർ ഫാസ്റ്റ് ബസിനെ അപേക്ഷിച്ച് പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിൽ യാത്രാസുഖമില്ലാത്തതും സർവീസിനോടുള്ള അപ്രിയമായി. കാലുനീട്ടിവെച്ച് ഇരിക്കാനുള്ള സൗകര്യക്കുറവാണ് പ്രധാന പ്രശ്‌നം. ഇരുന്നാൽ മുന്നിലെ സീറ്റിൽ കാലുകൾ മുട്ടുന്ന അവസ്ഥയാണ്. ചായ്‌വ് കുറവുള്ള സീറ്റായതിനാൽ ഇരുന്നുള്ള യാത്രയും സുഖകരമല്ല. ബാഗ് ഉൾപ്പെടെയുള്ളവ വെക്കാനും സൗകര്യക്കുറവുണ്ട്.

ഷട്ടറിനു പകരം സൈഡ് ഗ്ലാസുകളുള്ള ബസിൽ എയർ കണ്ടീഷൻ ഇല്ലാത്തിനാൽ വേനൽക്കാലത്ത് ചൂടുകാരണം യാത്രചെയ്യാൻ ബുദ്ധിമുട്ട് കൂടും. ബസിന് വീതി കുറവായതിനാൽ പഴയ ബസുകളിലെപ്പോലെ കൂടുതൽ പേർക്ക് നിന്ന് യാത്രചെയ്യാനും സാധിക്കില്ല. ദീർഘദൂരയാത്ര ചെയ്യുമ്പോൾ ക്ഷീണിതരാവുകയാണെന്നും പുതിയ ബസുകൾ ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമല്ലെന്നുമാണ് യാത്രക്കാർ പറയുന്നത്. ഇതുകാരണം ബസിൽ സീറ്റ് റിസർവ്‌ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടാവുന്നുണ്ട്.

പലരും സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ഒഴിവാക്കി പഴയ സൂപ്പർ ഫാസ്റ്റ് ബസുകളും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റും റിസർവ് ചെയ്യുന്ന സാഹചര്യവുമുണ്ട്. സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസിൽ ജീവനക്കാർക്കും പ്രയോജനമില്ലെന്നാണ് അഭിപ്രായം. സൂപ്പർ ഫാസ്റ്റ് സർവീസിൽ ജീവനക്കാർക്ക് നാലു ഡ്യൂട്ടിയാണ് നൽകിയിരുന്നത്. എന്നാൽ, സൂപ്പർ ഫാസ്റ്റ് പ്രീമിയത്തിൽ മൂന്നര ഡ്യൂട്ടിയായി കുറച്ചു.

Content Highlights: KSRTC Super Fast Premium services are reporting significant revenue losses compared to standard Super Fast services., Reduction in the number of stops has led to a loss of regular commuters in hilly regions., New bus design features, such as limited legroom and lack of ventilation, have decreased passenger comfort., Staff are reporting reduced duty hours, impacting overall service efficiency., Coimbatore routes remain stable due to low competition, while long-distance routes like Thiruvananthapuram are struggling.