സ്വന്തം പുകപരിശോധന കേന്ദ്രത്തിൽ KSRTC യുടെ ഉഡായിപ്പ്; തിരിമറി നടത്തിയവരെ രക്ഷിക്കാൻ ഒത്തുകളി

തിരുവനന്തപുരം: കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ പുക പരിശോധനയിൽ ക്രമക്കേട് കാട്ടിയവരെ രക്ഷിക്കാൻ മോട്ടോർവാഹനവകുപ്പും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് നേടിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയോ, കേന്ദ്രത്തിന്റെ നടത്തിപ്പ് തടയുകയോ ചെയ്തിട്ടില്ല.
കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമായിട്ടും വകുപ്പുതല നടപടി സ്വീകരിക്കാൻ മാനേജ്മെന്റും തയ്യാറല്ല. മോട്ടോർവാഹനവകുപ്പ് അധികൃതർ സ്ഥാപനത്തിൽ പരിശോധന നടത്തിയിട്ടില്ല. കൃത്രിമത്വം നടന്ന വഴി കണ്ടെത്തുകയും ആവർത്തിക്കുന്നതു തടയാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് റിപ്പോർട്ട് നൽകുകയും വേണം.
സോഫ്റ്റ്വേറിലെ പിഴവാണ് ക്രമക്കേടിന് ഇടയാക്കിയത്. ഇതെങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഫിറ്റ്നസ് നേടേണ്ട ബസിനുപകരം മറ്റൊരു ബസ് ഹാജരാക്കിയാണ് സർട്ടിഫിക്കറ്റ് നേടിയത്. ഇടതുപക്ഷ സംഘടനാ പ്രവർത്തകനാണ് ക്രമക്കേടിനു പിന്നിലെന്ന് വ്യക്തമായതോടെ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമം സജീവമായി.
കെഎസ്ആർടിസി സിഎംഡിയുടെ പേരിലാണ് പുക പരിശോധനാ കേന്ദ്രത്തിന് ലൈസൻസ് നേടിയിട്ടുള്ളത്. ഈ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് മോട്ടോർവാഹനവകുപ്പിലെ ഉയർന്ന തസ്തികയായ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്തുമുള്ളത്. നടപടി എടുക്കേണ്ടവർ തന്നെയാണ് പ്രതിസ്ഥാനത്ത്.
തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുകപരിശോധനാ കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. മാനന്തവാടി-സുൽത്താൻബത്തേരി പാതയിലെ ഓർഡിനറി ബസാണ് തിരുവനന്തപുരത്ത് പുകപരിശോധനയ്ക്ക് ഹാജരായെന്നുകാണിച്ച് സർട്ടിഫിക്കറ്റ് നൽകിയത്.
മാനന്തവാടിയിൽ പകർത്തിയ ബസിന്റെ വീഡിയോദൃശ്യം സോഫ്‌റ്റ്വേറിൽ കൃത്രിമമായി ഉൾക്കൊള്ളിക്കുകയായിരുന്നു. പുകപരിശോധനാ കേന്ദ്രത്തിന്റെ ചുമതലയുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരാണ് ക്രമക്കേട് കാട്ടിയത്.
പൊതുമേഖലയിൽ വിശ്വാസ്യതയുള്ള പുകപരിശോധനാസംവിധാനം എന്ന പേരിലാണ് കെഎസ്ആർടിസി സ്വന്തമായി പൊലൂഷൻ ടെസ്റ്റിങ് സെന്റർ ആരംഭിച്ചത്. പൊതുജനങ്ങൾക്കും ഇവിടെ വാഹനപരിശോധന നടത്താൻ സൗകര്യമൊരുക്കി. നിരക്കിൽ ഇളവും നൽകിയിരുന്നു.
Content Highlights: Allegations of manipulation and cover-up in KSRTC`s pollution testing center at Vikas Bhavan, Thiruvananthapuram. Officials accused of shielding culprits and ignoring fake certificates.