റോഡിൽ ഓടുന്നത് 15 വർഷം കഴിഞ്ഞ 2000 KSRTC ബസുകൾ; അപകട സാധ്യതയേറെ

#ടി.ജി. ജയകുമാര്‍
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

പത്തനംതിട്ട: 15 വർഷംകഴിഞ്ഞ 2000 കെ.എസ്.ആർ.ടി.സി. ബസുകൾ റോഡിൽ ഓടുന്നു. മേയ് അവസാനത്തോടെ പഴയ ബസുകളുടെ എണ്ണം കൂടും. ഇത്രയും പഴക്കമുള്ള വാഹനങ്ങൾ സർവീസ് നടത്തരുതെന്നും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകരുതെന്നും കേന്ദ്ര മോട്ടോർവാഹന നിയമം ഉള്ളതാണ്. 2021-ലെ കേന്ദ്ര വാഹന പൊളിക്കൽ നയപ്രകാരവും, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ മാറ്റേണ്ടതാണ്.

ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കുമെന്നും മൂന്നുമാസംവരെ തടവിന് ശിക്ഷിക്കുമെന്നും കേരള മോട്ടോർ വാഹന നിയമത്തിലും ഉണ്ട്.15 വർഷം കഴിഞ്ഞ ബസിന്റെ ചേസിസ്, ബ്രേക്ക്, സസ്‌പെൻഷൻ എന്നിവയുടെ ബലം കുറയും എന്നതിനാലാണ് അവ മാറ്റാൻ കേന്ദ്രനിയമം അനുശാസിക്കുന്നത്. ഈ ബസുകൾക്ക് ബ്രേക്ക് തകരാർ, ടയർ പൊട്ടൽ, തീപിടിത്തം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.

ബസ് അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്കും കുടുംബത്തിനും നഷ്ടപരിഹാരവും കിട്ടില്ല. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനത്തിന് ഇൻഷുറൻസ് കമ്പനി ക്ലെയിം നൽകില്ല. ബാധ്യത സർക്കാരിന് മാത്രമാകും.അതേസമയം, പൊതുമേഖല ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇൻഷുറൻസ് ഇല്ലാതെയും വാഹനം നിരത്തിലിറക്കാൻ കേന്ദ്രനിയമത്തിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരം നൽകുന്നതിന് കരുതൽനിധി സൂക്ഷിക്കണമെന്നും അതിൽ പറയുന്നു.

പഴയബസ് ഓടിക്കുന്നത് സംസ്ഥാന അനുമതിയുടെ ബലത്തിൽ

15 വർഷം കഴിഞ്ഞബസുകൾ ഓടിക്കുന്നതിന് കെ.എസ്.ആർ.ടി.സി.ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ബലത്തിലാണ് പഴഞ്ചൻ ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. സ്റ്റേഷനുകളിലും ഇത്തരം വാഹനങ്ങളുണ്ട്. ഈ അനുമതി ഉള്ളതിനാൽ ഇവയ്ക്ക് പ്രത്യേക ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നൽകിവരുന്നു.

Content Highlights: Over 2000 KSRTC buses are older than the 15-year legal limit., Central Motor Vehicle rules mandate scrapping vehicles older than 15 years., Old buses pose high risks of brake failure, tire bursts, and fire hazards., KSRTC operates these buses under special state government exemptions., Insurance claims may be void for unfit vehicles, shifting liability to the government.