ഇതെന്റെ KSRTC അല്ല, എന്റെ KSRTC ഇങ്ങനെയല്ല; പുതിയ ഡിസൈനില്‍ ആനവണ്ടി ഫാന്‍സ്

കെഎസ്ആര്‍ടിസിക്ക് പുതിയ ബസ്സുകള്‍ വരുമെന്ന് കേരളത്തിന്റെ ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞ് തീരുന്നതിന് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ ചില ബസുകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകളില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഡിസൈനിലും ബോഡി കോഡിലും ഒരുങ്ങിയിട്ടുള്ള ബസ്സുകളാണ് ഇവ. ടീം ആനവണ്ടി-കെഎസ്ആര്‍ടിസി ബ്ലോഗ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഈ ബസ്സിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേരളത്തിന് പുറത്തുനിന്ന് ബോഡി ചെയ്തിട്ടുള്ള ബസ്സുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍. ബസ്സിൽ പതിപ്പിച്ചിരിക്കുന്ന താത്കാലിക നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ഗോവ രജിസ്‌ട്രേഷന്‍ സീരീസിലുള്ള നമ്പറാണ് നല്‍കിയിരിക്കുന്നത്. ടാറ്റയുടെ ബസുകളാണ് ചിത്രത്തിലുള്ളത് അത്രയും. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിങ്ങനെ വാഹനത്തില്‍ ഏഴുതിയിരിക്കുന്നത്. സ്വിഫ്റ്റ് എന്നുള്ള എഴുത്ത് ഈ ബസ്സുകളില്‍ നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, കെഎസ്ആര്‍ടിസി ആരാധകര്‍ക്ക് ബസ്സിന്റെ ഡിസൈന്‍ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടമായിട്ടില്ലെന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാന്‍ വണ്ടി പോലെയുണ്ട്, ഫോട്ടോ കണ്ടിട്ട് എഡിറ്റിങ് ആണെന്ന് തോന്നുന്നു, മേസ്തിരി കൈവെക്കുമ്പോള്‍ ശരിയായിക്കോളും എന്നെല്ലാമാണ് കമന്റുകള്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പിലാത്തറയില്‍ വെച്ച് പകര്‍ത്തിയ ഫോട്ടോയാണെന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ആധുനിക സംവിധാനങ്ങളുള്ള ബസുകള്‍ മുതല്‍ ഗ്രാമത്തിലേക്കുള്ള ചെറുബസുകള്‍ വരെ ഒരു മാസത്തിനകം എത്തുമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ നവീകരിച്ച് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി ഗണേഷ് കുമാര്‍ നല്‍കിയ ഉറപ്പ്. മൈസൂരു, ബെംഗളൂരു തുടങ്ങിയ അന്തസംസ്ഥാന റൂട്ടുകളില്‍ ന്യായമായ നിരക്കില്‍ പുതിയ ഹൈടെക് ബസുകള്‍ ഓടിക്കുമെന്നും ആളുകള്‍ കുറഞ്ഞ റൂട്ടുകളില്‍ ചെറിയ ബസുകളും ഓടിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായി കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്. ആദ്യഘട്ടമായി 80 ബസുകളും മൂന്ന് മാസത്തിനുള്ളില്‍ 63 ബസുകളും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ടാറ്റാ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനുള്ള അഡ്വാന്‍സായി തുകയായി 22.9 കോടി രൂപ നല്‍കി. പുതിയ ബസുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ 107കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ 62 കോടി ധനവകുപ്പ് അനുവദിച്ചു.
ആദ്യം എത്തുന്നത് ടാറ്റയുടെ ബസുകളാണ്. 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. പ്രിമിയം ബസ്സുകള്‍ക്കാണ് അശോക് ലെയ്‌ലാന്‍ഡിന് ഓര്‍ഡര്‍ നല്‍കിയത്. എട്ട് എ.സി സ്ലീപ്പറുകള്‍, 10 എ.സി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എ.സി സെമി സ്ലീപ്പറുകള്‍ എന്നിവയാണവ. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ വാങ്ങും. എല്ലാ ബസുകളും ഓണത്തിനു മുമ്പ് സര്‍വീസിനയ്ക്കാനാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.
Content Highlights: KSRTC New Bus Design Unveiled- A Mixed Reaction from Anavandi Fans