KSRTC-യിൽ മൈലേജ് 'ടെസ്റ്റ്' വരുന്നു; മികച്ച മൈലേജിൽ ബസോടിക്കുന്ന 3 ഡ്രൈവർമാരെ എല്ലാ മാസവും ആദരിക്കും

കൊച്ചി: വനിതാ സൗജന്യയാത്രയും ആസന്നമായ ഇന്ധനവിലവർധനയും കെ.എസ്.ആർ.ടി.സി.യെ 'മൈലേജ് ' പരീക്ഷയിലേക്ക് നയിക്കുന്നു. ഓരോ ബസിന്റെയും ഇന്ധനക്ഷമത വർധിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ യൂണിറ്റുകൾക്ക് നിർദേശം ലഭിച്ചു. മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന ഡ്രൈവർമാരെ ആദരിക്കാനും അല്ലാത്തവരെ പരിശീലന ക്ലാസുകളിലേക്ക് വിടാനുമാണ് മാനേജിങ് ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്. ഓഡോമീറ്ററോ സ്പീഡോമീറ്ററോ ഇല്ലാത്ത ബസുകളിലും 15 വർഷമെന്ന കാലാവധി കഴിഞ്ഞിട്ടും സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നിരത്തിലോടുന്ന ബസുകളിലും മൈലേജ് ഒരു ചോദ്യചിഹ്നമായി മാറും. ഡ്രൈവർമാരെ കൂട്ടത്തോടെ ക്ലാസുകൾക്ക് വിട്ടാൽ ബസോടിക്കാൻ ആളുണ്ടാകില്ലെന്ന പ്രതിസന്ധി വേറെയും.
ഓരോ കെ.എസ്.ആർ.ടി.സി. യൂണിറ്റിലും മികച്ച മൈലേജിൽ ബസോടിക്കുന്ന ഡ്രൈവർമാരെ എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് തിരഞ്ഞെടുക്കണം. മൈലേജിനൊപ്പം അപകടരഹിത ഡ്രൈവിങ്, കളക്ഷൻ എന്നിവ കൂടി അടിസ്ഥാനപ്പെടുത്തണം. മികച്ച മൂന്ന് ഡ്രൈവർമാരുടെ പേര് പ്രദർശിപ്പിക്കുകയും അവരെ ആദരിക്കുകയും വേണം. പട്ടികയിൽ ഏറ്റവും കുറവ് മൈലേജ് കാണിക്കുന്ന 10 ഡ്രൈവർമാരുടെ പട്ടികയും പ്രദർശിപ്പിക്കണം. മൈലേജ് മെച്ചപ്പെടുത്താനായി ഇവരെ എടപ്പാളിലും തിരുവനന്തപുരത്തുമുള്ള തിരുത്തൽ പരിശീലന കേന്ദ്രങ്ങളിലേക്ക് ക്ലാസിനായി അയക്കണം.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, എ.സി. സർവീസുകൾ എന്നിവയിലാണ് ഡ്രൈവർമാർക്ക് മൈലേജ് 'പരീക്ഷണം'. മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കൽ, മൈലേജ് വർധന, ഇന്ധന-മെക്കാനിക്കൽ അറ്റകുറ്റപ്പണികൾ, പരിശീലനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ദിവസവും കെ.എസ്.ആർ.ടി.സി.യുടെ ഫ്യൂവൽ സെല്ലിലേക്ക് അയക്കുകയും വേണം.
കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോകളും സബ് ഡിപ്പോകളുമടക്കം 93 യൂണിറ്റുകളുണ്ട്. ഓരോ മാസവും 10 വീതം ഡ്രൈവർമാരെ തിരഞ്ഞെടുത്ത് പരിശീലനത്തിനയച്ചാൽ സംസ്ഥാനത്ത് 930 ഡ്രൈവർമാരുടെ കുറവാണ് ഉണ്ടാവുക. മൈലേജ് പഠിക്കാൻ ഇവരെ വിടാൻ തുടങ്ങിയാൽ പല യൂണിറ്റിലും സർവീസുകൾ നടത്താൻ ആളില്ലാതെ വരും. ഓർഡിനറി ബസുകളിൽ ഭൂരിഭാഗത്തിനും ഓഡോമീറ്ററില്ല. 15 വർഷം കഴിഞ്ഞ ബസുകൾ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി ഓടുന്നുമുണ്ട്. ഇത്തരം ബസുകൾക്ക് എങ്ങനെ ഇന്ധനക്ഷമത ഒരുപോലെ കണക്കാക്കും എന്നതിനെ കുറിച്ച് കെ.എസ്.ആർ.ടി.സി. ഉത്തരവിൽ പറയുന്നുമില്ല. ബസിൽ രാവിലെ നിറച്ച ഡീസലിന്റെ അളവിനെ ഓടിയ ദൂരവുമായി താരതമ്യപ്പെടുത്തിയാണ് ഇന്ധനക്ഷമത അളക്കുന്നത്. ഓഡോമീറ്ററില്ലാത്ത ബസുകളിൽ ഡ്രൈവർമാർ പറയുന്ന ദൂരമോ ഗൂഗിൾമാപ്പിലെ ദൂരമോ നോക്കേണ്ടി വരും. മാത്രമല്ല സ്വന്തമായി ഡീസൽ പമ്പില്ലാത്ത യൂണിറ്റുകൾ സർവീസിനിടയിൽ മറ്റ് യൂണിറ്റുകളിൽ നിന്നാണ് ഡീസൽ നിറയ്ക്കുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ മൈലേജ് പരിശോധിക്കണമെന്നതിനെക്കുറിച്ചും ഉത്തരവിൽ പരാമർശമില്ല.
Content Highlights: KSRTC mandates monthly mileage testing for all bus categories., Top 3 drivers per unit will be rewarded for fuel efficiency and safety., Drivers with the lowest mileage will undergo mandatory training at Edappal or Thiruvananthapuram., Operational challenges include lack of odometers and potential driver shortages due to training requirements.