സൗകര്യത്തിൽ വിമാനത്തിലെ ബിസിനസ് ക്ലാസിനൊപ്പം; നിരത്തിലൊഴുകുന്ന ആഡംബരമായി KSRTC ബിസിനസ് ക്ലാസ് ബസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പുത്തൻ ആഡംബര ബിസിനസ് ക്ലാസ് ബസ് പാപ്പനംകോട് സെൻട്രൽ വർക്ക്ഷോപ്പിലെത്തിച്ചു. തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ കോച്ച് നിർമാണ ഫാക്ടറിയിൽനിന്നു നിർമാണം പൂർത്തിയാക്കി ഇറക്കിയത്. വിമാനത്തിലെ ബിസിനസ് ക്ലാസിനു സമാനമായ യാത്രാസൗകര്യമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് ബിസിനസ് ക്ലാസ് ബസ് വരുന്നുവെന്ന് നേരത്തേ പ്രഖ്യാപിച്ചത്. ബസ് നിർമാണം വൈകിയതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽവന്നതിനു ശേഷമേ ബസ് ലഭിക്കുകയുള്ളൂവെന്നും ഉദ്ഘാടനമില്ലാതെ ബസ് ഓടിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
തിരുവനന്തപുരം-എറണാകുളം പാതയിൽ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 35 സീറ്റുകളുള്ള ബസിൽ പാൻട്രിയും ശൗചാലയവുമുണ്ട്. യാത്രക്കാർക്ക് ക്യാബിനുള്ളിൽ പ്രത്യേകം സ്‌ക്രീനുകളുണ്ടാകും. ഹെഡ്‌സെറ്റ് ഉപയോഗിച്ച് വീഡിയോയും പാട്ടുകളും ആസ്വദിക്കാം. ബസിനുള്ളിൽ മൂന്ന് വലിയ സ്‌ക്രീനുണ്ട്. ഇതിൽ യാത്രാവിവരങ്ങൾ പ്രദർശിപ്പിക്കും.
വന്ദേഭാരത് ട്രെയിനിനുപിന്നാലെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു യാത്ര പുറപ്പെടും. വെയിറ്റിങ് ലിസ്റ്റ് ഏറെയുള്ള വന്ദേഭാരതിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് ബിസിനസ് ക്ലാസ് ബസ് സൗകര്യപ്രദമാകും. രാവിലെ 10-നു മുൻപ് കൊച്ചിയിൽ എത്തുന്നവിധമാണ് ക്രമീകരണം. ഇതേസമയം കൊച്ചിയിൽനിന്ന് രാവിലെ 10-ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിൽ മറ്റൊരു ബസും ഉണ്ടാകും.
ദേശീയപാതയുടെ നിർമാണം പൂർത്തിയായാൽ മൂന്നരമണിക്കൂർകൊണ്ട് ഓടിയെത്തും. കണ്ടക്ടർക്കുപകരം ബസ് ഹോസ്റ്റസാകും ബസിൽ ഉണ്ടാകുക. പുറമേനിന്നു ഭക്ഷണം ഓർഡർ ചെയ്യാനും സൗകര്യമുണ്ടാകും. ബസ് എന്നുമുതൽ ഓടിത്തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ടാമത്തെ ബസിന്റെ നിർമാണം പൂർത്തിയാകുന്നുണ്ട്.
Content Highlights: Introduction of 35-seat luxury business class buses with pantry and toilet facilities., On-board entertainment features including personal screens and audio headsets., Strategic route planning between Thiruvananthapuram and Kochi to complement Vande Bharat train timings., Introduction of bus hostesses instead of traditional conductors., Targeted travel time of 3.5 hours upon completion of national highway infrastructure.