‘കട്ട’ ഇളകി കട്ടപ്പുറത്ത്; കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളുടെ ടയർ കൂട്ടത്തോടെ കേടാകുന്നു

കൊല്ലം: കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളുടെ ടയറുകൾ കൂട്ടത്തോടെ കേടാകുന്നു. ടയർ കട്ട ചെയ്തതിൽ (റീട്രെഡിങ്) വന്ന പാളിച്ചയാണ് കാരണം. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്‌ട്രിക് ബസുകളുടെ ടയറുകളാണ് കൂട്ടത്തോടെ കേടായിക്കൊണ്ടിരിക്കുന്നത്. സാധാരണ പുതിയ ടയർ മുപ്പതിനായിരം കിലോമീറ്ററാണ് ഓടുക. റീട്രെഡ് ചെയ്താൽ 60,000 കിലോമീറ്റർ ഓടിക്കാം. റീട്രെഡിങ് ചെയ്ത് ലഭിച്ച ടയറുകളാണ് 5,000 കിലോമീറ്റർ പോലും ഓടാതെ ‘കട്ട’ ഇളകി കട്ടപ്പുറത്താകുന്നത്. ഇതുമൂലം പല ദിവസങ്ങളിലും സർവീസ് മുടങ്ങുന്നുണ്ട്.
തിരുവനന്തപുരം പാപ്പനംകോട്ടെ കെ.എസ്.ആർ.ടി.സി. കേന്ദ്ര വർക്‌ഷോപ്പിലാണ് ടയറുകൾ റീട്രെഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനുള്ള സാധനസാമഗ്രികൾ വാങ്ങിയതിലുണ്ടായ പാളിച്ചയാണോ ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ചെറിയ ടയർ, റീട്രെഡ് ചെയ്യുന്നതിൽ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.
തിരുവനന്തപുരം നഗരത്തിൽ 140 ഇലക്‌ട്രിക് ബസുകളാണ് കെ.എസ്.ആർ.ടി.സി. ഓടിക്കുന്നത്. ഇതിൽ നൂറെണ്ണം കേന്ദ്ര പദ്ധതിയായ ‘സ്മാർട്ട് സിറ്റി’ വഴി തിരുവനന്തപുരം കോർപ്പറേഷൻ നൽകിയവയാണ്. 40 എണ്ണം കെ.എസ്.ആർ.ടി.സി. സിഫ്റ്റ് വാങ്ങിയവയും. തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് ഡിപ്പോകളിലാണ് സൗജന്യമായി ലഭിച്ച ബസുകൾ സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി. വാങ്ങി നൽകിയവ ആറ്റിങ്ങൽ, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിൻകര ഡിപ്പോകളിൽ സർവീസിന് നൽകിയിട്ടുണ്ട്.
Content Highlights: KSRTC electric buses Tires damaged