ബാധ്യത 17,000 കോടിക്ക് മുകളിൽ; പച്ചപിടിച്ച് വരുമ്പോഴും KSRTC-ക്ക് കടക്കെണിയിൽ നിന്ന് മോചനമില്ല

#രതീഷ് രവി
Photo: Facebook/Sreenath K
Photo: Facebook/Sreenath K

കൊല്ലം: കെഎസ്ആർടിസിയുടെ കടബാധ്യത സൂപ്പർ ഫാസ്റ്റ് വേഗത്തിൽ പെരുകുന്നു. 2025 ഒക്ടോബർ 31 വരെയുള്ള കണക്കുപ്രകാരം 17,235.47 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ ബാധ്യത. ശമ്പളം, പെൻഷൻ എന്നിവ നൽകുന്നതിനടക്കം സർക്കാർ നൽകിയ സഹായവും 'കട'മായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് കെഎസ്ആർടിസി എടുത്ത വായ്പയിൽ 2,692.33 കോടി രൂപ തിരിച്ചടയ്ക്കാൻ ബാക്കിയുണ്ട്. 2039 മാർച്ച് 31 വരെയാണ് ഈ വായ്പയുടെ കാലാവധി.

കെഎസ്ആർടിസിയുടെ സ്ഥാവരജംഗമ വസ്തുക്കൾ ഈടായി നൽകിയാണ് ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 2018-ൽ 3,100 കോടി രൂപ വായ്പയെടുത്തത്. ഹഡ്‌കോ, എൽഐസി, കേരള സ്റ്റേറ്റ് പവർ ഫിനാൻസ് കോർപ്പറേഷൻ, ജീവനക്കാരുടെ സഹകരണസംഘം എന്നിവിടങ്ങളിൽ നിലവിലുണ്ടായിരുന്ന വായ്പക്കുടിശ്ശിക ഈ തുക ഉപയോഗിച്ച് അടച്ചുതീർക്കുകയായിരുന്നു. 2018 മുതൽ തിരിച്ചടവ് തുടങ്ങിയെങ്കിലും 407.67 കോടി രൂപ മാത്രമേ മുതലിലേക്ക് ഇതുവരെ അടച്ചിട്ടുള്ളൂ.

പലയിനങ്ങളിലായി ജീവനക്കാർക്ക് 849.44 കോടി കെഎസ്ആർടിസി നൽകാനുണ്ട്. ജീവനക്കാരിൽനിന്നു പിടിച്ചശേഷം ധനകാര്യസ്ഥാപനങ്ങളിലേക്ക് അടയ്ക്കാനുള്ള തുകയടക്കമുള്ള കണക്കാണിത്. നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്) പ്രകാരം ജീവനക്കാരിൽനിന്നു പിരിച്ചെടുത്ത തുകയും മാനേജ്‌മെന്റ് വിഹിതവും ചേർത്ത് 443.94 കോടി രൂപ കെഎസ്ആർടിസിക്ക് ബാധ്യതയുണ്ട്.

പെൻഷൻ ആനുകൂല്യമായി കെഎസ്ആർടിസി നൽകാനുള്ളത് 110.53 കോടിയാണ്. ഗഡുക്കളായും മറ്റുമാണ് ഈ തുക നൽകിവരുന്നത്. 2022 ഒക്ടോബർമുതലുള്ള ഡ്രൈവർമാരുടെ അഡീഷണൽ അലവൻസ് ഇനത്തിൽ 35 കോടി നൽകാൻ ബാക്കിയാണ്. ലൈഫ് ഇൻഷുറൻസ് പ്രീമിയമായി ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത 8.94 കോടി രൂപ കെഎസ്ആർടിസി അടച്ചിട്ടില്ല.

ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കിനൽകാമെന്ന കരാർ (നോൺ ഡിപ്പാർട്ട്‌മെന്റൽ റിക്കവറി) ഒപ്പിട്ടശേഷം പണം പിടിക്കുകയും ഇത് ധനകാര്യസ്ഥാപനങ്ങളിൽ അടയ്ക്കാതിരിക്കുകയുമാണ് കോർപ്പറേഷൻ. ഇത്തരത്തിൽ ജീവനക്കാരിൽനിന്നു പിരിച്ചെടുത്ത 34.92 കോടി അടയ്ക്കാനുണ്ട്. ഇതിലെല്ലാം സുപ്രീംകോടതിമുതൽ വിവിധ കോടതികളിൽ കേസുകൾ നടന്നുവരികയാണ്. കേസ് നടത്തിപ്പ് വഴി വൻതുകയാണ് ഓരോ വർഷവും നഷ്ടമാകുന്നത്.

Content Highlights: Kerala RTC faces a massive Rs 17,235.47 crore debt. Explore the financial crisis, loan details, and employee dues impacting the state`s transport.