കെഎസ്ആർടിസിയുടെ അഭിമാന പദ്ധതി; ബിസിനസ് ക്ലാസ് ബസുകൾ എത്തി

കെഎസ്ആർടിസിയുടെ സ്വപ്‌ന പദ്ധതിയായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രഖ്യാപിച്ച ബിസിനസ് ക്ലാസ് ബസ് എത്തി. വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് സംവിധാനങ്ങളോടെയുള്ള പുതിയ ബസ് ഒരുങ്ങിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ ബസുകൾ എത്തിയതിന് പിന്നാലെയാണ് ബിസിനസ് ക്ലാസ് ബസ് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചത്.
ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം നൽകിയാണ് സീറ്റിങ് ലേഔട്ട് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിന് പിന്നിലും പ്രത്യേകം സ്‌ക്രീനുകളും നൽകിയിട്ടുണ്ട്. പൂർണമായും ചായിക്കാവുന്നതും ലെതർ ആവരണം നൽകിയിട്ടുള്ളതുമാണ് സീറ്റുകൾ. മൊബൈൽ ചാർജിങ്, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, ഹാർഡ് റെസ്റ്റ്, വിൻഡോ കർട്ടൺ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിലുള്ളത്. നീല നിറമാണ് എക്സ്റ്റീരിയറിന് നൽകിയിട്ടുള്ളത്.
കെഎസ്ആർടിസിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റ് പല സംവിധാനങ്ങളും ഈ ബസിനുള്ളിൽ ഒരുങ്ങുന്നുണ്ട്. വോൾവോയുടെ ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് ഒരുക്കിയിരിക്കുന്നതെങ്കിലും 35 സീറ്റുകൾ മാത്രമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഉയർന്ന സ്‌പേസാണ് ഓരോ യാത്രക്കാരനും ലഭിക്കുക. ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, ടോയ്ലറ്റ്, പാൻട്രി തുടങ്ങിയ സംവിധാനങ്ങൾ ബസിനുള്ളിൽ ഒരുക്കും.
2025 അവസാനത്തോടെയാണ് മന്ത്രി ബിസിനസ് ക്ലാസ് ബസ് പ്രഖ്യാപിച്ചത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു. ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക 'ബിസിനസ് ക്ലാസ്' ബസ് സർവീസ് ആരംഭിക്കും. ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുക. ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു 'ബസ് ഹോസ്റ്റസും' ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരുന്നു.
Content Highlights: Introduction of premium Business Class Volvo buses by KSRTC in 2026., Features include 35 spacious leather seats, individual entertainment screens, and Wi-Fi., Onboard amenities include a pantry, toilet, mobile charging, and dedicated bus hosts., Reduced travel time between Thiruvananthapuram and Kochi via NH development., Designed to match international airline standards for comfort and service.